Monday, November 19, 2018 Last Updated 2 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 08.23 AM

കുത്തൊഴുക്കില്‍ തോണി മറിഞ്ഞപ്പോള്‍ മുറിഞ്ഞ കവുങ്ങ് വയറ്റില്‍ കുത്തിക്കയറി; ഉടുമുണ്ടഴിച്ച് വയറ്റില്‍ അമര്‍ത്തിക്കെട്ടി രത്‌നകുമാര്‍ തോണി നിയന്ത്രിച്ചു, കിടപ്പരോഗിയായ സന്തോഷിനെയും ഭാര്യയെയും രക്ഷപ്പെടുത്തി

uploads/news/2018/08/243132/rescue-oparation.jpg

ആലപ്പുഴ: കേരളം കണ്ട ഏറ്റവും വലിയ ജലപ്രളയങ്ങളില്‍ ഒന്നില്‍ സ്വന്തം ജീവന്‍ അവഗണിച്ച് പ്രളയബാധിതനെയും ഭാര്യയെയും രക്ഷപ്പെടുത്തിയ യുവാവ് അപകടത്തില്‍ കനിവ് തേടുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ യന്ത്രവത്കൃത തോണി മറിഞ്ഞു പരുക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവന്‍ െകെയില്‍ താങ്ങിയ രത്‌നകുമാറാണ് കാരുണ്യം തേടുന്നത്. പ്രളയത്തിന്റെ കുത്തൊഴുക്കില്‍ സാരമായി പരുക്കേറ്റിട്ടും തോണി നേരേയാക്കി അബോധാവസ്ഥയില്‍ കിടക്കുന്ന സന്തോഷിനെ രക്ഷിക്കാന്‍ രത്‌നകുമാര്‍ ധീരത കാട്ടുകയായിരുന്നു.

പരുമല കിഴക്ക് ഇല്ലിമലപ്പാലത്തിനപ്പുറത്തെ വീട്ടില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് കിടപ്പുരോഗിയായി മാറിയ സന്തോഷിനെ രക്ഷിക്കാനുള്ള യാത്രയിലാണ് ഓര്‍ക്കാപ്പുറത്ത് അപകടം നേരിട്ടത്. സന്തോഷും ഭാര്യയും പ്രളയജലത്തില്‍ ഒറ്റപ്പെട്ടിരുന്നു. വള്ളത്തില്‍ അജിത്ത്, അതുല്‍, ബിജു, മധുപ്രസാദ് എന്നിവരുമുണ്ടായിരുന്നു. ശക്തമായ കുത്തൊഴുക്കില്‍ നിയന്ത്രണം തകര്‍ന്നു തോണി മറിഞ്ഞപ്പോള്‍ മുറിഞ്ഞ കവുങ്ങിന്റെ കഷണം രത്‌നകുമാറിന്റെ വയറ്റില്‍ കുത്തിക്കയറി. അതുവരെ മനസാന്നിധ്യത്തോടെ തോണി നിയന്ത്രിച്ചിരുന്ന രത്‌നകുമാറിന്റെ വയറ്റില്‍നിന്നു രക്തം ചീറ്റി.

മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍. സന്തോഷിന്റ വീടിന്റെ പത്തുമീറ്റര്‍ അകലത്തില്‍വച്ചുണ്ടായ അപകടം എല്ലാവരെയും തളര്‍ത്തി. തിരികെ പോകാമെന്നായിരുന്നു എല്ലാവരുടെയും തീരുമാനം. എന്നാല്‍, തന്നെ നോക്കേണ്ടെന്നും സന്തോഷിനെ രക്ഷിക്കാനും രത്‌നകുമാര്‍ പറഞ്ഞു. ഒരാള്‍ ഉടുത്തിരുന്ന മുണ്ടഴിച്ച് രത്‌നകുമാറിന്റെ വയറ്റില്‍ അമര്‍ത്തിക്കെട്ടി. സന്തോഷിനെയും ഭാര്യയെയും കയറ്റി. വള്ളം നിയന്ത്രിക്കാനായില്ല. തെങ്ങിന്റെ മുകളറ്റം വരെ ഉയര്‍ന്നു നില്‍ക്കുന്ന പ്രളയജലം. അബോധാവസ്ഥയില്‍ ബോട്ടില്‍ സന്തോഷ് കിടക്കുന്നു. അലമുറയിട്ട് കരഞ്ഞുകൊണ്ട് ഭാര്യയും. വള്ളം തുഴയാന്‍ കഴിയുന്നില്ല. ഒരുവിധം തെങ്ങിനോട് ചേര്‍ത്ത് ഇതു കെട്ടി.

അവസാന പരിശ്രമം എന്ന നിലയില്‍ മധു സ്റ്റാര്‍ട്ട് ചെയ്യാന്‍ നടത്തിയ ശ്രമം വിജയിച്ചു. എന്നാല്‍, ഓടിക്കാന്‍ ആരുമില്ലെന്നായപ്പോള്‍ രത്‌നകുമാര്‍ മനസാന്നിധ്യത്തോടെ വേദനകടിച്ചു പിടിച്ച് അതും ഏറ്റെടുത്തു. കുത്തൊഴുക്കിനെ അവഗണിച്ച് രത്‌നകുമാര്‍ സന്തോഷിനെയും മറ്റുള്ളവരെയും ഒരുവിധം സുരക്ഷിത സ്ഥാനത്തെത്തിച്ചു. ഗുരുതരമായി പരുക്കേറ്റ രത്‌നകുമാറിനെ ആദ്യം പരുമലയിലെ സ്വകാര്യ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. വയറ്റില്‍ 45 തുന്നുകളുമായി രത്‌നകുമാര്‍ മരണത്തോട് മല്ലിട്ടു. ഇപ്പോള്‍ ഒരുവിധം ഭേദമായി വരുന്നു. ആശുപത്രിയില്‍നിന്ന് ഇക്കഴിഞ്ഞ ദിവസമാണു ഡിസ്ചാര്‍ജ് ചെയ്തത്.

ഭാര്യയും രണ്ടു കുട്ടികളുമുള്ള രത്‌നകുമാര്‍ ദാരിദ്ര്യത്തോടും കഷ്ടപ്പാടിനോടും മല്ലിട്ടാണു ജീവിതം മുന്നോട്ടു നീക്കിക്കൊണ്ടിരുന്നത്. എന്നാല്‍, കടല്‍ത്തിരമാലകളോടു പൊരുതി മുന്നേറി നേടിയ മനസാന്നിധ്യം പ്രളയജലത്തെ മറികടക്കാനുള്ള കരുത്തായി. ശസ്ത്രക്രിയയും ശേഷമുള്ള തുടര്‍ ചികിത്സയും പരിചരണവും ഇദ്ദേഹത്തിന് ആവശ്യമാണ്. മുറിവു പൂര്‍ണമായി ഉണങ്ങിയാലേ തൊഴിലെടുക്കാനാവൂ. ജീവിതത്തില്‍ ഒരാളെയെങ്കിലും രക്ഷിക്കാനായതിന്റെ ചാരിതാര്‍ഥ്യമാണ് അദ്ദേഹത്തിനുളളത്. എങ്കിലും സര്‍ക്കാരിന്റ സഹായമില്ലാതെ രത്‌നകുമാറിന്റെ കുടുംബത്തിനു പിടിച്ചുനില്‍ക്കാനാകില്ല.

Ads by Google
Friday 24 Aug 2018 08.23 AM
Ads by Google
Loading...
TRENDING NOW