Friday, September 21, 2018 Last Updated 59 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.35 AM

ശ്രദ്ധയോടെ നീങ്ങേണ്ട ദിവസങ്ങള്‍

uploads/news/2018/08/243118/editorial.jpg

അസാധാരണമായ പ്രളയത്തിനുശേഷം സാധാരണ ജീവിതത്തിലേക്കു മടങ്ങുന്ന കേരളത്തിന്‌ ഇനി നേരിടാനുള്ളത്‌ രണ്ട്‌ അതിപ്രധാന സംഗതികളാണ്‌. പ്രളയം ബാക്കിവച്ചുപോയ മാലിന്യങ്ങള്‍ നീക്കംചെയ്യുക, ഇനി ഉണ്ടാകാനിടയുള്ള പകര്‍ച്ചവ്യാധികളെ തടയുക എന്നീ രണ്ടു കാര്യങ്ങളും ഏറെ ശ്രദ്ധിക്കാനുള്ളതാണ്‌.

പല തരത്തിലുള്ള മാലിന്യങ്ങളാണ്‌ പ്രളയത്തിനുശേഷം ഉണ്ടായിരിക്കുന്നത്‌. ധാരാളം വീടുകള്‍ വാസയോഗ്യമല്ലാതായി. ഒഴുകിയെത്തിയ ചെളി നിറഞ്ഞ അവസ്‌ഥയിലാണു വീടുകള്‍. ഇതു നീക്കാന്‍ തന്നെ ഏവരും പണിപ്പെടുകയാണ്‌. ഉപയോഗയോഗ്യമായ വെള്ളം ഭക്ഷണമുണ്ടാക്കാനും കുടിക്കാനും പോലും തികയുന്നില്ല. ഈ സാഹചര്യത്തില്‍ ശുദ്ധജലം കിട്ടാനുള്ള സൗകര്യമൊരുക്കേണ്ടത്‌ അത്യാവശ്യമാണ്‌. അധികൃതരും സന്നദ്ധപ്രവര്‍ത്തകരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌.

പ്രളയം സൃഷ്‌ടിച്ച മാലിന്യങ്ങളാണ്‌ മറ്റൊരു പ്രതിസന്ധി. വെള്ളത്തില്‍ മുങ്ങിയ വീടുകളിലെ ഒട്ടുമിക്ക സാധനങ്ങളും ഉപയോഗശൂന്യമായിരിക്കുന്നു. കിടക്കകള്‍, ടെലിവിഷന്‍, വാഷിങ്‌ മെഷീന്‍, ഫ്രിഡ്‌ജ്‌, കമ്പ്യൂട്ടര്‍ എന്നിങ്ങനെ ധാരാളം വസ്‌തുക്കള്‍ വെള്ളത്തില്‍ മുങ്ങി. ഇവയില്‍ നല്ലൊരുപങ്കും ഇനി ഉപയോഗിക്കാനാവില്ല. അവയൊക്കെ ഇലക്‌്രേടാണിക്‌ മാലിന്യങ്ങളായി മാറുകയാണ്‌. ഇവ നശിപ്പിച്ചുകളയാതെ മാര്‍ഗമില്ല. അതിനു പക്ഷേ, ആവശ്യത്തിനു സൗകര്യം കേരളത്തില്‍ മിക്കയിടത്തുമില്ല. ഏറെ ഉപദ്രവകരമായ വിഷവസ്‌തുക്കള്‍ ഈ മാലിന്യങ്ങളില്‍ ഉണ്ട്‌. അവ ജനങ്ങള്‍ക്ക്‌ ഉപദ്രവം ആകാതെ നശിപ്പിക്കുക വളരെ പ്രാധാന്യമുള്ള കാര്യമാണ്‌. ഈ വസ്‌തുക്കള്‍ എങ്ങനെ നീക്കംചെയ്യണമെന്നും അവ എങ്ങനെ നശിപ്പിക്കണമെന്നും ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഗൗരവതരമായ ശ്രമം വേണം. പ്രളയ മേഖലയില്‍ നേരിടുന്ന മറ്റൊരു വിപത്ത്‌ മൃഗങ്ങളുടെ ജഡങ്ങളാണ്‌. അവയെല്ലാം അഴുകിയ അവസ്‌ഥയിലുമാണ്‌. ഇവയില്‍നിന്നു രോഗം പടര്‍ന്നു പിടിക്കാന്‍ എല്ലാ സാധ്യതകളുമുണ്ട്‌. ഏറെ ശ്രദ്ധയോടെ വേണം ഈ ജഡങ്ങള്‍ നീക്കാന്‍. ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ഓടിയെത്തിയ ആയിരങ്ങളെപ്പോലെ, പ്രളയത്തിനു ശേഷവും സന്നദ്ധപ്രവര്‍ത്തകര്‍ നിരവധിയുണ്ടെന്നത്‌ ഏറെ ആശ്വാസകരമാണ്‌. ഇവരെ ഫലപ്രദമായി വിന്യസിച്ച്‌ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ്‌ ഇനി ചെയ്യേണ്ടത്‌.

വൃത്തിയാക്കുന്നത്‌ സംബന്ധിച്ച്‌ വിശദമായ മാര്‍ദനിര്‍ദേശങ്ങള്‍ തയാറാക്കി അതിനനുസൃതമായി ശുചീകരണം നടത്തുക എന്നുള്ളതാണ്‌ ഫലപ്രദമായ മാര്‍ഗം. ഇനിയുള്ള ദിവസങ്ങള്‍ പ്രധാനപ്പെട്ടതാണ്‌. ഈ ദിവസങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പോലും ഉണ്ടായേക്കാം. അതു മുന്നില്‍ക്കണ്ടു വേണം ഓരോ ചുവടുവയ്‌പും.

Ads by Google
Friday 24 Aug 2018 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW