Wednesday, June 26, 2019 Last Updated 21 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.13 AM

ഗാന്ധിജി പറഞ്ഞു, ഞാന്‍ ആവര്‍ത്തിക്കുന്നു...ഇന്ത്യയുടെ കണ്ണുകള്‍ നനയരുത്‌

uploads/news/2018/08/243054/d4.jpg

"പഴയ ഡല്‍ഹിയില്‍നിന്നിറങ്ങിയിരുന്ന അന്‍ജാം എന്ന ഉര്‍ദു പത്രത്തിലാണ്‌ എനിക്ക്‌ ആദ്യമായി ജോലി കിട്ടിയത്‌. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഒരു പരിചയവും ഇല്ലാതിരുന്നിട്ടും റിപ്പോര്‍ട്ടര്‍ കം-സബ്‌ എഡിറ്റര്‍ തസ്‌തിക ലഭിച്ചു. അതു തന്നെ പ്രതീക്ഷിച്ചതിനുമപ്പുറം. പാകിസ്‌താനില്‍നിന്നു ലഭിച്ച നിയമ ബിരുദമായിരുന്നു കൈവശമുണ്ടായിരുന്നത്‌. ജോലിക്കു കയറിയിട്ട്‌ മൂന്ന്‌ മാസമായിക്കാണും. കൃത്യമായി പറഞ്ഞതാല്‍ 1948 ജനുവരി 30. പെട്ടെന്ന്‌ ടെലിപ്രിന്റററിന്റെ മണിമുഴങ്ങി- ഗാന്ധിജിക്ക്‌ വെടിയേറ്റു . ആ വാക്കുകള്‍ കണ്ണില്‍പ്പെട്ടപ്പോള്‍ ഹൃദയംനിലച്ചതുപോലെ തോന്നി. ബിര്‍ലഹൗസില്‍ ചിതറിക്കിടന്ന ഏതാനും തുള്ളി രക്‌തം വലിയൊരുദുരന്തത്തിന്റെ കഥയാണ്‌ എന്നോട്‌ പറഞ്ഞത്‌". പത്രപ്രവര്‍ത്തന രംഗത്തെ തുടക്കത്തെക്കുറിച്ചു കുല്‍ദീപ്‌ നയ്യാര്‍ കുറിച്ചത്‌ ഇങ്ങനെ.
"മനസിനെ നിയന്ത്രിച്ച്‌ ഓഫീസില്‍ മടങ്ങിയെത്തി. വാര്‍ത്തയെഴുതാന്‍ തുടങ്ങിയപ്പോള്‍ ആരും ശല്യപ്പെടുത്തിയില്ല. പക്ഷേ, പേന പിടിക്കുന്നതുപോയിട്ട്‌ കൈകള്‍ മേശപ്പുറത്ത്‌ വയ്‌ക്കാന്‍പോലും കഴിഞ്ഞില്ല. കണ്ണുകള്‍ നനഞ്ഞ്‌ കുതിര്‍ന്നു. എഴുതിയ പല വാക്കുകളും വായിക്കാന്‍ കഴിയാത്ത അവസ്‌ഥ"- അവിടെനിന്നായിരുന്നു കുല്‍ദീപ്‌ നയ്യാര്‍ എന്ന പത്രപ്രവര്‍ത്തകന്റെ യഥാര്‍ഥ തുടക്കം.
അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ആദ്യം ജയിലിലടയ്‌ക്കപ്പെട്ട പത്രപ്രവര്‍ത്തകരിലൊരാള്‍ അദ്ദേഹമായിരുന്നു. "അടിയന്തരാവസ്‌ഥ ഒരു ശാപമായിരുന്നു. ഈ രാജ്യത്തെ പൗരന്മാര്‍ കൊല്ലപ്പെട്ടു. അവരുടെ ആശ്രിതര്‍ക്ക്‌ എന്ത്‌ ലഭിച്ചു? അവരെക്കുറിച്ച്‌ ആരും സംസാരിച്ചില്ല". 2015 ല്‍ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. മാറിമാറി വന്ന സര്‍ക്കാരുകളും അടിയന്തരാവസ്‌ഥയുടെ ഇരകളെ മറന്നെന്ന വേദന അപ്പോഴും അദ്ദേഹത്തെ വിട്ടുമാറിയില്ല.
വിവാദങ്ങള്‍ തിരിച്ചടിയായാല്‍ മാപ്പു പറയാനും അദ്ദേഹം തയാറായിരുന്നു. ആത്മകഥയായ "ബിയോന്‍ഡ്‌ ദ്‌ ലൈന്‍സ്‌: ആന്‍ ഓട്ടോബയോഗ്രഫി"യിലെ ചില പരാമര്‍ശങ്ങള്‍ വിവാദമായപ്പോഴായിരുന്നു അത്‌. പഞ്ചാബികളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം എണ്ണിയെണ്ണി പറഞ്ഞായിരുന്നു വിശദീകരണം. എന്നാല്‍, ഭിന്ദ്രന്‍വാല കോണ്‍ഗ്രസിന്റെ സൃഷ്‌ടിയാണെന്ന വാദത്തില്‍ അദ്ദേഹം ഉറച്ചുനിന്നു.
വര്‍ഗീയ കലാപങ്ങള്‍ എന്നും കുല്‍ദീപ്‌ നയ്യാര്‍ക്കു വേദനയായിരുന്നു. ഓരോ കലാപവും ഗാന്ധിവധ സ്‌മരണകള്‍ അദ്ദേഹത്തില്‍ ഉയര്‍ത്തി. "ഓരോ തവണയും കലാപം റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ എന്റെ മനസില്‍നിറഞ്ഞത്‌ ഗാന്ധിവചനങ്ങളാണ്‌. ഹിന്ദുക്കളും മുസ്ലിംകളും എന്റെ രണ്ടു കണ്ണുകളാണെന്നത്‌".
കുല്‍ദീപ്‌ നയ്യാരുടെ അഭിപ്രായത്തില്‍ അദ്ദേഹം പത്രപ്രവര്‍ത്തനത്തിലേക്കു പതിക്കുകയായിരുന്നു. അഭിഭാഷകനാകുകയായിരുന്നു ലക്ഷ്യം. ലാഹോര്‍ സര്‍വകലാശാലയില്‍നിന്നു നിയമ ബിരുദവുംനേടി. പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമാ കോഴ്‌സ്‌ ചെയ്‌തെങ്കിലും പരാജയപ്പെട്ടു. സിവില്‍ സര്‍വീസിനും ശ്രമിച്ചു. ഇതിനിടയിലാണ്‌ രാജ്യം വിഭജിക്കപ്പെട്ടത്‌. നിയമപഠനം കഴിഞ്ഞ്‌ എന്റ്‌റോള്‍ ചെയ്യുന്നതിന്‌ മുമ്പ്‌ രാജ്യം വെട്ടിമുറിക്കപ്പെട്ടു.
"രാജ്യം വിഭജിക്കപ്പെടുന്നതുവരെ ഞങ്ങള്‍ സിയാല്‍കോട്ടില്‍ സമാധാനജീവിതമാണ്‌ നയിച്ചത്‌. എനിക്ക്‌ 24 വയസ്‌ പ്രായം. വര്‍ഗീയ തീജ്വാല സിയാല്‍കോട്ടിലേക്കും പടര്‍ന്നു. ഒരു പട്ടാള മേജറുടെ വാഹനത്തില്‍ ഇന്ത്യയിലെത്തി. പിന്നീടാണ്‌ ഞെട്ടിക്കുന്ന ഒരു യാഥാര്‍ഥ്യം മുന്നിലെത്തിയത്‌. ഇനി എങ്ങനെ ജീവിക്കും?"
പാകിസ്‌താനിലേക്ക്‌ ഒരു തിരിച്ചുപോക്ക്‌ പ്രതീക്ഷിച്ചായിരുന്നു യാത്രപുറപ്പെട്ടത്‌. പിന്നീട്‌ അദ്ദേഹത്തിനു തൊഴില്‍ അന്വേഷണ കാലമായിരുന്നു. "ഗുമസ്‌തപ്പണി ലഭിക്കാന്‍ അത്രപ്രയാസമായിരുന്നില്ല. കമ്യൂണിസ്‌റ്റ്‌ രാഷ്‌ട്രീയത്തില്‍ സജീവമായിരുന്ന എനിക്ക്‌ അതിനോട്‌ താല്‍പര്യം തോന്നിയില്ല. ജുമാ മസ്‌ജിദിനടുത്തുള്ള സി.പി.ഐ. ഓഫീസിലേക്കാണ്‌ ആദ്യം പോയത്‌. അവിടെ സഖാവ്‌ മുഹമ്മദ്‌ ഫാറൂക്കി ഉണ്ടായിരുന്നു. അദ്ദേഹമാണ്‌ അന്‍ജാമില്‍ ജോലികിട്ടാന്‍ സഹായിച്ചത്‌. അന്ന്‌ പാകിസ്‌താനോടും മുസ്ലിംലീഗിനോടും താല്‍പര്യമുള്ള പത്രമായിരുന്നു അന്‍ജാമെന്നത്‌ മറ്റൊരു കാര്യം."
100 രൂപയായിരുന്നു അന്നു ശമ്പളം. പിന്നീട്‌ ഉറുദു കവി മൗലാന ഹസ്രത്ത്‌ മൊഹാനിയുടെ നേതൃത്വത്തിലിറങ്ങുന്ന "വഹാദത്ത്‌"എന്ന പത്രത്തില്‍ ജോലിക്ക്‌ ചേര്‍ന്നു. ഇതിനിടെ അമേരിക്കയില്‍ പോയി എം.എസ്‌സി ജേണലിസം നേടി. "ഡിപ്ലോമ എടുക്കാന്‍ പ്രയാസപ്പെട്ട വിദ്യാര്‍ഥിയെ ബിരുദാന്തര ബിരുദം നേടാന്‍ സഹായിച്ചത്‌ ജീവിത പാഠങ്ങളായിരുന്നു".
അടിയന്തരാവസ്‌ഥയ്‌ക്കെതിരായ പോരാട്ടമായിരുന്നു പിന്നീട്‌. എന്നാല്‍, അടിയന്തരാവസ്‌ഥയെ എതിര്‍ത്തത്‌ താന്‍ മാത്രമല്ലെന്നായിരുന്നു കുല്‍ദീപ്‌ നയ്യാരുടെ നിലപാട്‌.
"ഇന്ദിരയുടെ നടപടിയെ നെഹ്‌റുവിന്റെ സഹോദരി വിജയലക്ഷ്‌മി പണ്ഡിറ്റ്‌ തുറന്നെതിര്‍ത്തു. രാജീവ്‌ ഗാന്ധിയും സോണിയാ ഗാന്ധിയും അടിയന്തരാവസ്‌ഥയോട്‌ താല്‍പര്യം കാണിച്ചില്ല എന്നാണറിവ്‌. എന്നാല്‍ സഞ്‌ജയ്‌ ഗാന്ധിയും ചില സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്‌ഥരും ശക്‌തമായി പിന്തുണച്ചു."
ഇന്ത്യന്‍ എക്‌സ്പ്രസിലായിരുന്നു അക്കാലത്ത്‌ ജോലി. ഇന്ദിരാ ഗാന്ധി അധികാരത്തില്‍ തിരിച്ചെത്തിയതോടെ ജോലി രാജിവയ്‌ക്കേണ്ടിവന്നു. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ അടുത്ത വഴിത്തിരിവ്‌ ആ രാജിയായിരുന്നു. പിന്നീട്‌, കോളമിസ്‌റ്റെന്ന നിലയിലായി പ്രവര്‍ത്തനം. ആധുനിക പത്രപ്രവര്‍ത്തകരോട്‌ പരിഭവം നിറഞ്ഞ വാക്കുകള്‍ പറഞ്ഞിട്ടാണ്‌ അദ്ദേഹം വിടപറയുന്നത്‌."ഇന്ന്‌ വാര്‍ത്ത ചെയ്യാന്‍ സൗകര്യമേറെയുണ്ട്‌. പക്ഷേ, പലരും ആഴത്തില്‍ വാര്‍ത്ത ചെയ്യുന്നില്ല. ഒരു വലിയ മാധ്യമ സ്‌ഥാപനം വിചാരിച്ചാല്‍ ഒരു സര്‍ക്കാരില്‍ കളങ്കം ചാര്‍ത്താം. സ്‌തുതിക്കുകയുമാകാം. ജനങ്ങളെ മറന്നുകൊണ്ടുള്ള പത്രപ്രവര്‍ത്തനം അപകടമാണ്‌".

Ads by Google
Friday 24 Aug 2018 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW