ന്യൂയോര്‍ക്ക്: മാരകമായ റേഡിയേഷനുകളില്നിന്നു ഭൂമിയെ രക്ഷിക്കുന്ന കാന്തിക ക്ഷേത്രം അതിവേഗം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണെന്നു റിപ്പോര്‍ട്ട്.
കാന്തിക ധ്രുവങ്ങള്‍ മാറുന്നതിന്റെ ഭാഗമായാണു കാന്തികക്ഷേത്രം ദുര്‍ബലമാകുന്നത്. രണ്ട് നൂറ്റാണ്ട് മുമ്പ് വരെ കാന്തിക ധ്രുവങ്ങളുടെ മാറ്റം മനുഷ്യനു കാര്യമായ ഭീഷണിയല്ലായിരുന്നു. എന്നാല്‍, പവര്‍ഗ്രിഡ് അടക്കമുള്ള സംവിധാനങ്ങളെ കാന്തിക ക്ഷേത്രത്തിലെ മാറ്റം പ്രതികൂലമായി ബാധിക്കും. ലോകരാജ്യങ്ങള്‍ക്ക് സഹസ്രകോടികളുടെ നഷ്ടവുമുണ്ടാകും.
7.8 ലക്ഷം വര്‍ഷം മുമ്പായിരുന്നു അവസാനമായി കാന്തികക്ഷേത്രത്തില്‍ മാറ്റമുണ്ടായത്. കാന്തിക ധ്രുവങ്ങളുടെ മാറ്റം 90 ശതമാനത്തോളം പൂര്‍ത്തിയായതായി ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ അറിയിച്ചു. മാറ്റം രണ്ട് നൂറ്റാണ്ടിനുള്ളിലാകും പൂര്‍ത്തിയാകുക. ഇക്കാലയളവില്‍ കാന്തികക്ഷേത്രം ദുര്ബലമാകുന്നതുമൂലം ഭൂമിയില്‍ കൂടുതലായി സോളാര്‍ റേഡിയേഷന് പതിക്കും. ഇതു ജീവനുകള്‍ക്കു ഭീഷണിയാകും. കാലാവസ്ഥയിലും മാറ്റവുമുണ്ടാകും. മേഘങ്ങള്‍ കുറയാനും സാധ്യതയുണ്ടെന്നു ഡാനിഷ് നാഷണല്‍ സ്പേസ് സെന്ററിലെ ഹെന്റിക് വെന്സ്മാര്ക്ക് അറിയിച്ചു.
കാന്തികക്ഷേത്രം
കാന്തങ്ങള്‍, വൈദ്യുതധാര എന്നിവയുടെ ചുറ്റുമുണ്ടാകുന്നതും, കാന്തിക വസ്തുക്കളിലും ചലിക്കുന്ന വൈദ്യുതചാര്ജുകളിലും ബലം ചെലുത്താനാകുന്നതുമായ ഭൗതിക ഗുണമാണു കാന്തികക്ഷേത്രം. ഇത് ഒരു സദിശമാണ് എന്നതിനാല്‍ സ്ഥലത്ത് എല്ലായിടത്തും ഇതിന് ഒരു പരിമാണവും ഒരു ദിശയുമുണ്ടാകും.