Saturday, September 08, 2018 Last Updated 4 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 03.59 PM

ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവര്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം

uploads/news/2018/08/242896/camp1.jpg

കണ്ണൂര്‍: സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയവര്‍ തിരിച്ച് വീടുകളിലേക്ക് പോകുമ്പോള്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. രോഗങ്ങള്‍ പകരുന്നത് തടയാനായി ആരോഗ്യ വകുപ്പില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

വെള്ളപ്പൊക്കം ബാധിച്ച സ്ഥലങ്ങളിലെ വീടുകളും സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം വേണം കഴുകി വൃത്തിയാക്കാന്‍. കിണറുകളും ടാങ്കുകളും ഉള്‍പ്പെടെയുള്ള കുടിവെള്ള സ്രോതസ്സുകള്‍ അണുവിമുക്തമാക്കിയ ശേഷമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
വീട് വൃത്തിയാക്കുന്നതിന് ഉചിതമായ അണുനശീകരണി ബ്ലീച്ചിംഗ് ലായനിയാണ്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 35 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ ലയിപ്പിച്ച് ഉണ്ടാക്കുന്ന ലായനി ഉപയോഗിക്കണം. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ വീടുകളും, സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം കഴുകി വൃത്തിയാക്കുക. വൃത്തിയാക്കിയ വീടുകളിലും സ്ഥാപനങ്ങളിലും ബ്ലീച്ചിംഗ് പൗഡര്‍ കലക്കിയ ലായനി ഒഴിച്ച് അണുനശീകരണം നടത്തുക.

വെള്ളക്കെട്ടുമൂലം മലിനപ്പെട്ട കിണറുകള്‍, ടാങ്കുകള്‍, കുടിവെള്ള സ്രോതസ്സുകള്‍ എന്നിവ അണുവിമുക്തമാക്കുക. ഭക്ഷണപാനീയങ്ങള്‍ സംഭരിക്കാനും പാചകം ചെയ്യാനും ഉപയോഗിക്കുന്ന സാധന സാമഗ്രികള്‍ ശുദ്ധമാക്കുന്നതിന് ക്​ളോറിനേറ്റ് ചെയ്ത ശുദ്ധജലം ഉപയോഗിക്കുക. കൈകാലുകള്‍ കഴുകുന്നതിനും മറ്റും ക്​ളോറിനേറ്റ് ചെയ്ത ജലംമാത്രം ഉപയോഗിക്കുക.

വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം മുതലായ രോഗങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയുള്ളതിനാല്‍ നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വെള്ളം ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് സൂപ്പര്‍ക്​ളോറിനേറ്റ് ചെയ്ത് ഉപയോഗിക്കുക.

ഭക്ഷണം പാചകം ചെയ്യുന്നതിനുമുമ്പും, കഴിക്കുന്നതിനുമുമ്പും മലമൂത്ര വിസര്‍ജനത്തിനുശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. വയറിളക്കം പിടിപെട്ടാല്‍ ഒ.ആര്‍.എസ്. ലായനി ആവശ്യാനുസരണം നല്‍കുകയും ഭക്ഷണവും വെള്ളവും കൂടുതലായി നല്‍കുകയും ചെയ്യുക. നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ (വര്‍ദ്ധിച്ച ദാഹം, വരണ്ട നാവും ചുണ്ടുകളും, ചര്‍മ്മവും, മയക്കം, മൂത്രക്കുറവ്, കടുത്ത മഞ്ഞനിറത്തില്‍ മൂത്രം മുതലായവ) കണ്ടാല്‍ ഉടനെ ആശുപത്രിയില്‍ ചികിത്സ തേടണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ കൈയുറകളും പാദരക്ഷകളും നിര്‍ബന്ധമായും ഉപയോഗിക്കുക. മുറിവുകള്‍ ഉള്ളവര്‍ നന്നായി കഴുകി ആന്റീബയോട്ടിക് ഓയിന്റ്‌മെന്റ് പുരട്ടണം.
കഴിയുന്നതും മുറിവുകളില്‍ ചെളിപുരളാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രവര്‍ത്തനത്തിനുശേഷം വീണ്ടും നന്നായി സോപ്പുപയോഗിച്ച് കഴുകി ആന്റിബയോട്ടിക്ക് ഓയിന്റ്‌മെന്റ് പുരട്ടണം.

ശുചീകരണ പ്രവര്‍ത്തനത്തിനിറങ്ങുന്നവരെല്ലാം തലേ ദിവസം തന്നെ ഡോക്‌സിസൈക്ളിന്‍ (200 മില്ലിഗ്രാം) ഗുളിക കഴിക്കണം, ഇത് ആഴ്ചയില്‍ ഒരു ദിവസമെന്ന നിലയില്‍ ആവര്‍ത്തിക്കേണ്ടതാണ്.സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങുവര്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം. മലിനജലവുമായി സമ്പര്‍ക്കത്തിലാകുന്നവര്‍ വ്യക്തിഗത സുരക്ഷ ഉപാധികള്‍ സ്വീകരിക്കേണ്ടതും എലിപ്പനിക്കെതിരെ പ്രതിരോധ മരുന്ന് കഴിക്കേണ്ടതുമാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന വീടുകള്‍, അങ്കണവാടികള്‍, സ്‌കൂളുകള്‍, റേഷന്‍കടകള്‍ തുടങ്ങി മറ്റു ഭക്ഷ്യസംഭരണ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന അസംസ്‌കൃത ഭക്ഷ്യ വസ്തുക്കളുടെ ഗുണ നിലവാരം ഉറപ്പാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

അടഞ്ഞ് കിടക്കുന്ന മുറികളില്‍ വായുമലിനീകരണം സംഭവിക്കാനിടയുള്ളതിനാല്‍ ഉപയോഗിക്കുന്നതിന് മുമ്പ് ജനലുകളും വാതിലുകളും തുറന്നിട്ട് വായു സഞ്ചാരയോഗ്യമാക്കുക.വീടുകളിലെ വൈദ്യുത ഉപകരണങ്ങളും മറ്റും ലൈസന്‍സുള്ള ഇലക്ട്രീഷ്യനെക്കൊണ്ട് പരിശോധിപ്പിക്കുക. വീടിനു പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ചെരുപ്പ് ഉപയോഗിക്കുകയും പാദങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല ഉപയോഗിച്ച് വായും മൂക്കും മറച്ച് പിടിക്കുക.

പനിയോ മറ്റ് രോഗലക്ഷണങ്ങളോ അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടുക. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ വിഷപ്പാമ്പുകളുടെ സാന്നിധ്യമുണ്ടാകാനിടയുള്ളതിനാല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതും കടിയേറ്റാല്‍ ഉടന്‍ ഡോക്ടറേ കാണേണ്ടതുമാണ. പ്രമേഹം, രക്താതിസമ്മര്‍ദ്ദം തുടങ്ങിയവയ്ക്ക് തുടര്‍ച്ചയായി മരുന്നുപയോഗിക്കുന്നവര്‍ മുടങ്ങാതെ മരുന്ന് കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW