Thursday, July 11, 2019 Last Updated 23 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 03.53 PM

ഇനിയും അസത്യം പ്രചരിപ്പിച്ചാല്‍ നിയമനടപടി നേരിടേണ്ടിവരും; റെസ്‌ക്യു മിഷനിടെ ഹെലികോപ്റ്ററില്‍ 'ജോയ് റൈഡ്' നടത്തിയ യുവാവിന് ഡിഫന്‍സ് പി.ആര്‍.ഒയുടെ മുന്നറിയിപ്പ്

kerala floods , Defense PRO

കോട്ടയം: പ്രളയക്കെടുതിക്കിടെ ഹെലികോപ്റ്ററില്‍ കയറാന്‍ വേണ്ടി മാത്രം വ്യോമസേനയെ വിളിച്ചു വരുത്തിയ ചെങ്ങന്നൂര്‍ സ്വദേശിയായ ജോബി ജോയ് എന്ന യുവാവിനെതിരെ പ്രതിരോധ വക്താവ്. താന്‍ ഹെലികോപ്റ്ററില്‍ കയറി ജോയ് റൈഡ് നടത്തിയ വാര്‍ത്ത വൈറലാവുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തതോടെ സ്വയം പ്രതിരോധം തീര്‍ത്ത് ജോബി രംഗത്ത് വന്നിരുന്നു. ഹെലികോപ്റ്ററില്‍ കയറാന്‍ മടിക്കുന്നവരെ ബോധവല്‍ക്കരിക്കുന്നതിന് വേണ്ടിയാണ് താന്‍ ഹെലികോപ്റ്ററില്‍ കയറിയതെന്നാണ് ജോബിയുടെ പുതിയ വാദം.

വാര്‍ത്ത വൈറലായതോടെ തന്റെ ഭാഗം ന്യായീകരിക്കാന്‍ ഇയാള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുകളും എഫ്ബി ലൈവുമായി നിരന്തരം രംഗത്തുണ്ട്. എന്നാല്‍ ഇയാളുടെ വാദങ്ങളെല്ലാം തള്ളിക്കളയുകയാണ് പ്രതിരോധ വക്താവ് ധന്യ സനല്‍. ദുരന്തമുഖത്ത് ഹെലികോപ്റ്റര്‍ താഴ്ന്നു പറക്കും. ദുരന്തബാധിതരോട് എന്താണ് ആവശ്യമെന്ന് ആംഗ്യ ഭാഷയില്‍ ചോദിക്കും. ഭക്ഷണമാണ് ആവശ്യമെങ്കില്‍ അത് നല്‍കും. രക്ഷിക്കണമെന്ന് മറുപടി ലഭിച്ചാല്‍ മാത്രമേ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ താഴേയ്ക്കിറങ്ങി ആ വ്യക്തിയെ ഹെലികോപ്റ്ററില്‍ കയറ്റൂ.

ജോബി ആവശ്യപ്പെട്ടത് പ്രകാരമാണ് അയാളെ ഹെലികോപ്റ്ററില്‍ കയറ്റിയതെന്നും എന്നാല്‍ ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തി വസ്തുതാ വിരുദ്ധമായ പ്രചരണം നടത്തുകയാണെന്നും ധന്യ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. രക്ഷാദൗത്യത്തിന് സാരമായ ബുദ്ധിബുട്ട് ഉണ്ടാക്കിയ ജോബിക്കെതിരെ യാതാരു നിയമനടപടിയും സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഇനിയും അസത്യപ്രചരണവുമായി ഇറങ്ങിയാല്‍ വ്യോമസേനയുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ജോബി മറുപടി പറയേണ്ടി വരികയും നിയമനടപടി നേരിടേണ്ടി വരികയും ചെയ്യുമെന്നും ധന്യ കൂട്ടിച്ചേര്‍ത്തു.

ധന്യ സനലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ജോബി ജോയ് എന്ന വെക്തി ചെങ്ങന്നൂർ ഭാഗത്തു നിന്നും ജോയ്റൈഡ് നടത്തി എന്ന പത്രവാർത്തയെ തുടർന്ന് ആ വെക്തിയും നാട്ടുകാരും ചേർന്ന് ഒരു വിശദീകരണ വീഡിയോ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു.

തിരക്കേറിയ രക്ഷാപ്രവർത്തനത്തിനിടയിൽ പ്രാധാന്യം അർഹിക്കുന്നതെങ്കിലും , ഇത്തരം ചെറിയ കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാം എന്നാണ് കരുതിയത്. പക്ഷേ, രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തും വിധം പെരുമാറിയ ജോബി ജോയ് നാട്ടിൽ തിരിച്ചെത്തി നല്ല പിള്ള ചമയുന്ന വീഡിയോ പ്രചരിപ്പിക്കുമ്പോൾ അതിന് മറുപടി പറയണമെന്നും , യാഥാർത്ഥത്തിൽ നടന്നത് എന്താണെന്ന് വിശദീകരിക്കണം എന്നും തോന്നിയതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.

#എങ്ങനെആണ് #വ്യോമസേനറെസ്ക്യൂ #ഓപറേഷൻസ്നടത്തുന്നത്?
1.ജില്ലാ ഭരണകൂടം സംസ്ഥാന ദുരന്തനിവരണ അഥോറിറ്റി മുഖേന ,ആളുകൾ കുടുങ്ങി കിടക്കുന്ന കോർഡിനേറ്റ്സ് എയർഫോഴ്സിന് ലഭ്യമാക്കുന്നു.

2. ആക്കുളത്തുള്ള ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തിന്റെ നിർദ്ദേശം അനുസരിച്ച് ശംഖുമുഖം എയർ ഫോഴ്സ് സ്റ്റേഷൻ ടെക്നിക്കൽ ഏരിയയിൽ നിന്നും എയർ ഓപ്പറേഷൻസ് നടത്തുകയും, ഏത് കോർഡിനേറ്റ്സിൽ ആണോ രക്ഷാപ്രവർത്തനം ആവശ്യമുള്ളത് ,ആ പ്രദേശത്തേയ്ക്ക് ഹെലികോപ്റ്റർ അയയ്ക്കുകയും ചെയ്യുന്നു.

3. തങ്ങൾക്കു ലഭിച്ച കോർഡിനേറ്റ്സ് അനുസരിച്ച് ദുരന്തമുഖത്ത് എത്തുന്ന ഹെലികോപ്റ്റർ താഴ്ന്ന് പറന്ന് നിരീക്ഷണം നടത്തുന്നു.ഏറ്റവും പ്രധാന്യം അർഹിക്കുന്ന പ്രായമായവർ,രോഗികൾ, കുട്ടികൾ,ഗർഭിണികൾ എന്നീ വിഭാഗങ്ങളുടെ റസ്ക്യൂ അഭ്യർത്ഥനയ്ക്ക് ആണ് വ്യോമമാർഗത്തിലുള്ള റസ്ക്യൂ മിഷനിൽ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത്.

4.ദുരന്തമുഖത്ത് എത്തുന്ന ഹെലികോപ്റ്റർ താഴ്ന്ന് പറന്ന് എന്താണ് ആവശ്യം എന്ന് ദുരന്ത ബാധിതരോട് ആംഗ്യഭാഷയിൽ ചോദിക്കും. ഭക്ഷണം ആവശ്യപ്പെട്ടാൽ ഭക്ഷണ ചാക്ക് താഴേയ്ക്ക് എറിഞ്ഞു കൊടുക്കും. "കൂടെ പോരുന്നോ " എന്ന് ആംഗ്യ ഭാഷയിൽ ചോദിക്കും. "പോരുന്നു" എന്ന് ആംഗ്യഭാഷയിൽ മറുപടി കിട്ടിയാൽ മാത്രമേ കമാന്റോ താഴേയ്ക്ക് ഇറങ്ങി അയാളെ ഹെലികോപ്റ്ററിൽ കേറ്റുകയുള്ളൂ.

ജീവൻ രക്ഷിക്കാൻ പെടാപാട് പെട്ട് ഓടുന്ന ഹെലികോപ്റ്റർ സംഘത്തിനും , ദുരന്തമുഖത്ത് കുടുങ്ങി കിടക്കുന്നവർക്കും ആംഗ്യ ഭാഷ മനസ്സിലായി. 28 വയസുള്ള ജോബി ജോയ്ക്ക് മാത്രം " ഭക്ഷണം വേണോ " ," കൂടെ പോരുന്നോ " എന്നീ രണ്ട് ആംഗ്യ ഭാഷ മനസ്സിലായില്ല എന്ന് സ്ഥാപിക്കുവാൻ നാട്ടിൽ തിരിച്ചെത്തി വീഡിയോ എടുത്ത് പ്രചരിപ്പിക്കേണ്ടി വന്നു!!

#ജോബിജോയ്ടെകാര്യത്തിൽസംഭവിച്ചത്എന്താണ്?
ഞാറാഴ്ച്ച ഉച്ചതിരിഞ്ഞ് നടന്ന രക്ഷാപ്രവർത്തനം കവർ ചെയ്യാൻ ടൈംസ് ഓഫ് ഇന്ത്യയിലെ രാകേഷും, UNAയിലെ സുനീഷും വ്യോമസേനയുടെ Mi17V5 ഹെലികോപ്റ്ററിൽ സഞ്ചരിച്ചിരുന്നു. അതേ ഹെലികോപ്റ്ററിലെ സംഘത്തെ വിളിച്ച് വരുത്തി ആണ് മേൽ പറഞ്ഞ ജോബി ജോയ് തന്റെ ഹെലികോപ്റ്റർ യാത്ര എന്ന സ്വപ്നം നിറവേറ്റിയത്.

ടൈംസ് ഓഫ് ഇന്ത്യ ലേഖകൻ രാകേഷ് തന്റെ ലേഖനത്തിൽ പറഞ്ഞ ഓരോ കാര്യങ്ങളും അദ്ധേഹം നേരിട്ട് കണ്ട് അനുഭവിച്ചതാണ്.

അത്യന്തം കോംപ്ലക്സായ റസ്ക്യൂ മിഷന്റെ ഇടയ്ക്ക് ഹെലികോപ്റ്റർ കാണാനും ഫോട്ടോ എടുക്കാനും ആളുകൾ ശ്രമിക്കുന്നത് റസ്ക്യൂ മിഷന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ജോബി ജോയ് വിഷയത്തിന് മുന്നേ തന്നെ വ്യോമസേനാ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞതിന്റെ വീഡിയോ താഴെ ചേർക്കുന്നു.

വ്യോമസേനയുടെ രക്ഷാ ദൗത്യത്തിന് സാരമായ ബുദ്ധിമുട്ട് ഉണ്ടാക്കിയ ജോബി ജോയ് എന്ന ചെറുപ്പക്കാരനെ ഒരു നിയമ നടപടിക്കും മുതിരാതെ ,സംസ്ഥാന സർക്കാർ നടത്തുന്ന റിലീഫ് ക്യാംബിലേയ്ക്ക് വിടുകയാണ് വ്യോമസേന ചെയ്തത്.

എന്നാൽ ഇനിയും അസത്യം പ്രചരിപ്പിക്കുന്ന വീഡിയോയും കൊണ്ട് ഇറങ്ങിയാൽ ,വ്യോമസേന മാത്രമല്ല, അന്ന് ആ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകരും ജോബി ജോയ്ക്കും പൊതുജനത്തിനും മുന്നിൽ സത്യം വിളിച്ചു പറയും.അങ്ങനെയായാൽ ,വ്യോമ സേനയുടെ കൃത്യനിർവഹണത്തിന് ബുദ്ധിമുട്ടുണ്ടാക്കിയതിന് ജോബി ജോയ് മറുപടി പറയുന്നതോടൊപ്പം നിയമനടപടി നേരിടേണ്ടി വരികയും ചെയ്തേക്കാം എന്ന് കൂടി ഓർമ്മിപ്പിക്കുന്നു.

ആയതിനാൽ ഇനിയെങ്കിലും ചെയ്ത തെറ്റ് മൂടി വെയ്ക്കാൻ അസത്യം പ്രചരിപ്പിക്കുന്ന വീഡിയോയുമായി ഈ വഴി വരല്ലേ എന്ന് അപേക്ഷിക്കുക കൂടി ചെയ്യുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW