Friday, September 21, 2018 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 02.19 PM

സൗദി അറേബ്യയിൽ വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിച്ചു

uploads/news/2018/08/242869/Gulf230818c.jpg

ജിദ്ദ : സൗദി അറേബ്യയിൽ വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിച്ചു .ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് എത്തിയ വിശ്വാസികൾ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കുകൊണ്ടും ബലി കർമം നടത്തിയും ബലി പെരുന്നാൾ ആഘോഷത്തിൽ പ്രാർത്ഥനയോടെ ഒത്തുചേർന്നു . തിങ്കളാഴ്ച രാത്രി മുസ്ദലിഫയിൽ രാപ്പാർത്ത തീർഥാടകർ ഇന്നലെ പുലർച്ചെ തന്നെ ജംറത്തുൽ അഖബയിൽ കല്ലേറ് കർമം നടത്തി പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുക്കുന്നതിന് വിശുദ്ധ ഹറമിലേക്ക് തർഥാടകരുടെ പ്രവാഹമായിരുന്നു .

ചിലർ തല മുണ്ഡനം ചെയ്തും ചിലർ മുണ്ഡനം ചെയ്യാൻ കാത്തു നിൽക്കാതെയും വാഹനങ്ങളിലും കാൽനടയായും ഹറമിലേക്ക് പ്രവഹിച്ചു. മക്കാ നിവാസികളും ഹജ് തീർഥാടകരും ഒഴുകിയെത്തിയതോടെ പെരുന്നാൾ നമസ്‌കാരത്തിന് ഏറെ മുമ്പു തന്നെ ഹറം പരിസരം നിറഞ്ഞുകവിഞ്ഞിരുന്നു. ഹറമിൽ ഇമാം ശൈഖ് ഫൈസൽ ഗസ്സാവി പെരുന്നാൾ നമസ്‌കാരത്തിന് നേതൃത്വം നൽകി.

ഏറ്റവും ഉദാത്തമായ ഐക്യത്തിന്റെ മാതൃകയാണ് വിശുദ്ധ ഹജ് കർമം ലോകത്തിനു മുന്നിൽ സമർപ്പിക്കുന്നതെന്ന് ഹറം ഇമാം പെരുന്നാൾ നമസ്‌കാരത്തോടനുബന്ധിച്ച് നടത്തിയ ഉദ്‌ബോധന പ്രസംഗത്തിൽ പറഞ്ഞു. ഏകദൈവത്വമാണ് ഹജ് ഉദ്‌ഘോഷിക്കുന്നത്. ബലി കർമത്തിലൂടെ അല്ലാഹുവിലേക്ക് അടുക്കുകയാണ് വിശ്വാസികൾ ചെയ്യുന്നത്. ബലി മൃഗത്തിന്റെ മാംസമോ രക്തമോ അല്ലാഹുവിന് ആവശ്യമില്ല.

ബലി കർമം നടത്തുന്നവന്റെ ഭക്തിയും ഹൃദയ, ഉദ്ദേശ്യ വിശുദ്ധിയുമാണ് അല്ലാഹു പരിഗണിക്കുക. ആളുകളെ കാണിക്കാനും മേനി നടിക്കാനും വേണ്ടിയാകരുത് ബലി കർമം. വീണ്ടും പാപങ്ങളുടെ ലോകത്തേക്ക് തിരിച്ചു പോകരുത്. ലോകത്ത് കൊടിയ പീഡനങ്ങൾക്കും ദുരിതങ്ങൾക്കും അടിച്ചമർത്തലുകൾക്കും കൂട്ടക്കുരുതികൾക്കും വിധേയരാകുന്ന മുസ്‌ലിം സഹോദരങ്ങളെയും ഈ ആഘോഷ ദിനത്തിൽ വിശ്വാസികൾ സ്മരിക്കണമെന്നും അവർക്കു വേണ്ടി എല്ലാമറിയുന്ന ദൈവത്തോട് പ്രാർഥിക്കണമെന്നും ശൈഖ് ഫൈസൽ ഗസ്സാവി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി .

മസ്ജിദുന്നബവിയിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിൽ ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ അടക്കം ലക്ഷകണക്കിന് വിശ്വാസികൾ പങ്കെടുത്തു . ശൈഖ് സ്വലാഹ് അൽ ബുദൈർ നമസ്‌കാരത്തിന് നേതൃത്വം നൽകി.

റിയാദിൽ ഇമാം തുർക്കി ബിൻ അബ്ദുല്ല ജുമാമസ്ജിദിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിൽ ആക്ടിംഗ് ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ പങ്കെടുത്തു. സുപ്രീം ജുഡീഷ്യൽ ഇൻസ്റ്റിറ്റിയൂട്ട് പ്രൊഫസർ ശൈഖ് അബ്ദുല്ല ആലുശൈഖ് നമസ്‌കാരത്തിന് നേതൃത്വം നൽകി.സൗദിയിലെ പ്രധാന മസ്ജിദുകളിലും ആയിരക്കണക്കിന് ഈദു ഗാഹുകളിലും നടന്ന പെരുന്നാൾ നമസ്‌കാരങ്ങളിലേക്ക് വിശ്വാസികൾ കൂട്ടത്തോടെ ഒഴുകിയെത്തിയത് .

മിക്ക മലയാളികളും തങ്ങളുടെ നാട്ടിൽ നടന്ന പ്രളയ ദുരന്തം കാരണം പെരുന്നാൾ ആഘോഷങ്ങൾ പ്രാർത്ഥനയിൽ ഒതുക്കി. സംഘടനകളും ഈദ് ആഘോഷങ്ങൾ ഉപേക്ഷിച്ചു തങ്ങളാൽ കഴിയും വിധം കാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് .

ചെറിയാൻ കിടങ്ങന്നൂർ .

Ads by Google
Thursday 23 Aug 2018 02.19 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW