Tuesday, April 23, 2019 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 12.48 AM

മനുഷ്യനന്മയ്‌ക്ക് മാറ്റിയെഴുതാം ഈ നയങ്ങളെ

uploads/news/2018/08/242694/editorial.jpg

മാറ്റാനാവാത്ത നിയമങ്ങളും നയങ്ങളില്ല. നിയമങ്ങളും നയങ്ങളും ഉണ്ടാക്കിയിരിക്കുന്നതുതന്നെ മനുഷ്യനന്മയെ ലക്ഷ്യമാക്കിയാണ്‌. ആ മനുഷ്യനന്മയ്‌ക്കുതകുന്ന എന്തെങ്കിലും ആ നയങ്ങള്‍ മാറ്റുന്നതുകൊണ്ടുണ്ടാകുമെങ്കില്‍ അവ മാറ്റുക തന്നെവേണം. പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനസൃഷ്‌ടിക്ക്‌ രാജ്യത്തിനകത്തുനിന്നെന്നതുപോലെ പുറത്തുനിന്നും സഹായ വാഗ്‌ദാനങ്ങളുടെ പ്രവാഹമാണ്‌. പ്രധാനമായും ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന്‌ കോടികളുടെ സഹായവാഗ്‌ദാനമാണ്‌ കേരളത്തിനു ലഭിച്ചിരിക്കുന്നത്‌. എന്നാല്‍ വിദേശത്തുനിന്നു സഹായം സ്വീകരിക്കുന്നതിന്‌ നിലവിലുള്ള നയങ്ങള്‍ തടസമാകുമെന്നാണ്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേരളത്തിന്റെ പുനസൃഷ്‌ടിക്ക്‌ ഇരുപതിനായിരം കോടിയിലധികം രൂപ കണ്ടെത്തേണ്ടി വരുമെന്ന്‌ പ്രാഥമികമായി സംസ്‌ഥാനസര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. വ്യക്‌തികളുടെ നഷ്‌ടങ്ങളും പൊതുമുതലിന്റെ നഷ്‌ടങ്ങളുമെല്ലാം കൂടിച്ചേരുമ്പോള്‍ ഈ നഷ്‌ടക്കണക്കിന്റെ വ്യാപ്‌തി അതിനപ്പുറം പോകും.

രണ്ടുലക്ഷത്തി നാല്‌പതിനായിരത്തോളം കുടുംബങ്ങള്‍ ദുരിതാശ്വാസക്യാമ്പുകളിലെത്തിയെന്നത്‌ പ്രളയദുരന്തത്തിന്റെ വ്യാപ്‌തി തുറന്നു കാട്ടുന്നു. ഈ കുടുംബങ്ങള്‍ സര്‍വ്വവും നഷ്‌ടപ്പെട്ട സ്‌ഥിതിയിലാണ്‌. ഒരായുസുകൊണ്ട്‌ സമ്പാദിച്ചതൊക്കെ പ്രളയം കവര്‍ന്നെടുത്തപ്പോള്‍ അവരെ സഹായിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്‌. ഈ ദുരന്തത്തില്‍ ഇവര്‍ക്കു കൈത്താങ്ങാകുവാന്‍ സംസ്‌ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക്‌ ബാധ്യതയുണ്ട്‌. വാക്കുകള്‍കൊണ്ടുള്ള കൈത്താങ്ങിനപ്പുറം സാമ്പത്തിക സ്‌ഥിരതയിലേക്കും, മുമ്പുണ്ടായിരുന്ന സ്‌ഥിതിയിലേക്കും അവരെ കൈപിടിച്ചു നടത്തുന്നതിന്‌ വന്‍ സാമ്പത്തിക ബാധ്യതയാണ്‌ സര്‍ക്കാരിനെ കാത്തിരിക്കുന്നത്‌. അതോടൊപ്പം അത്താണി നഷ്‌ടപ്പെട്ട കുടുംബങ്ങള്‍ക്ക്‌ വരുമാനമാര്‍ഗം ഒരുക്കിക്കൊടുക്കേണ്ട കടമയുമുണ്ട്‌.

ഈ സാഹചര്യത്തിലാണ്‌ വിദേശത്തുനിന്ന്‌ സംസ്‌ഥാനത്തേയ്‌ക്കെത്താവുന്ന കോടികള്‍ തിരസ്‌കരിക്കുന്ന സാഹചര്യമുണ്ടാകുന്നത്‌. നഷ്‌ടത്തിന്റെ കണക്കുകള്‍ തന്നാല്‍ സഹായിക്കാം എന്ന നിലപാടാണ്‌ കേന്ദ്രസര്‍ക്കാരിന്റേത്‌. ആദ്യ ഗഡുവായി അറുനൂറുകോടി രൂപ കൈമാറുകയും ചെയ്‌തു. കേരളമാകട്ടെ അയ്യായിരം കോടിയോളം രുപ കടമെടുക്കാനുള്ള പ്രയത്‌നത്തിലാണ്‌. ഈ അയ്യായിരം കോടിയുടെ പരിധിയുയര്‍ത്താന്‍ കേന്ദ്രത്തോട്‌ ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ നീക്കമുണ്ട്‌. കാരണം ആ അയ്യായിരം കോടിയില്‍ ഒതുങ്ങുന്നതല്ല സംസ്‌ഥാനത്തിന്റെ ബാധ്യത. അതുകൊണ്ട്‌ ജി.എസ്‌.ടി.യുടെ സംസ്‌ഥാന വിഹിതത്തില്‍ പത്തു ശതമാനം സര്‍ച്ചാര്‍ജ്‌ ഏര്‍പ്പെടുത്തി അധിക വിഭവസമാഹരണം നടത്താനുള്ള നീക്കവും സര്‍ക്കാര്‍ നടത്തുന്നുണ്ട്‌.

ഈ വായ്‌പകളുടെ ഭാരവും അധികവിഭവസമാഹരണത്തിന്റെ ഭാരവും പ്രളയക്കെടുതിയിലായ ജനങ്ങളുടെ ചുമലിലേക്കു തന്നെയാണ്‌ പരോക്ഷമായി വരുന്നതെന്ന യാഥാര്‍ഥ്യം സര്‍ക്കാരുകള്‍ മറന്നുകൂട. പ്രളയക്കെടുതിയിലായവരെ സഹായിക്കാന്‍ ഏത്‌ അധികവിഭവസമാഹരണത്തോടും കേരള ജനത ഒറ്റക്കെട്ടായി സഹകരിക്കുമെന്ന്‌ സമാനസാഹചര്യങ്ങളിലൊക്കെ തെളിയിച്ചിട്ടുള്ളതാണ്‌. എന്നാല്‍ ദുരിതസാഹചര്യങ്ങളില്‍ ഹൃദയപൂര്‍വ്വം കൂട്ടായ്‌മയാകാനുളള മറ്റുരാഷ്‌ട്രങ്ങളുടെ സൗമനസ്യത്തെ നിഷേധിച്ചശേഷം പൗരന്മാരുടെ ചുമലിലേക്ക്‌ ഭാരം ചുമത്തുന്നത്‌ ന്യായീകരിക്കത്തക്കതാണോയെന്ന്‌ വിഘടിച്ചു നില്‍ക്കുന്നവര്‍ ചിന്തിക്കണം.

കേരളത്തിനുണ്ടായ ദുരന്തത്തിലും മുതലെടുപ്പു നടത്തുന്ന വിലകെട്ട രാഷ്‌ട്രീയത്തെയും കേരളം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇത്‌ ഭരണകൂടത്തെ പരമാവധി ആക്രമിക്കാനുള്ള അവസരമാണെന്നും ആക്രമിക്കാന്‍ കിട്ടുന്ന സാഹചര്യങ്ങളൊന്നും കളയരുതെന്നും യോഗം ചേര്‍ന്നു തീരുമാനിക്കുന്നയിടം വരെ നമ്മുടെ രാഷ്‌ട്രീയമണ്ഡലം അധപ്പതിക്കുന്നതിനും നാം സാക്ഷിയാകുന്നു. ആ തീരുമാനത്തിലൂന്നിനിന്നുള്ള വിലകെട്ട പ്രസ്‌താവനകളെ ജനങ്ങള്‍ തള്ളിക്കളയുക തന്നെ ചെയ്യും.

Ads by Google
Thursday 23 Aug 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW