Tuesday, April 23, 2019 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 12.47 AM

പ്രളയത്തിന്‌ വഴിവച്ചതെന്ത്‌? സര്‍ക്കാര്‍ പ്രതിരോധത്തില്‍

uploads/news/2018/08/242692/bft2.jpg

പ്രളയജലം ഇറങ്ങിത്തുടങ്ങിയതോടെ സംസ്‌ഥാന സര്‍ക്കാര്‍ പ്രതിരോധത്തില്‍. ജല സംഭരണികളില്‍ വെള്ളം നിറഞ്ഞു കിടക്കവേ എത്തിയ അതിതീവ്ര മഴയേക്കുറിച്ചുള്ള മുന്നറിവ്‌ സര്‍ക്കാര്‍ ഗൗരവമായി എടുക്കാത്തതും ഡാമുകള്‍ ഒരേസമയം തുറന്നതുമാണ്‌ നാടിനെ വെള്ളത്തില്‍ മുക്കാന്‍ ഇടയാക്കിയതെന്നാണ്‌ വിലയിരുത്തല്‍. ജല-വൈദ്യുതി-റവന്യൂ വകുപ്പുകളുടെയും മന്ത്രിമാരുടെയും ഡാം സുരക്ഷാ അതോറിറ്റിയുടെയും ഏകോപനക്കുറവും ഗൗരവക്കുറവുമാണ്‌ സംസ്‌ഥാനത്തെ പ്രളയത്തില്‍ മുക്കിയതെന്ന ആരോപണവും ശക്‌തമാകുകയാണ്‌. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച്‌ റാന്നിയിലെ എം.എല്‍.എയുടെയും ചീഫ്‌ സെക്രട്ടറി ടോം ജോസിന്റെയും അഭിപ്രായങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്‌.
പമ്പയില്‍ ഒമ്പത്‌ ഡാമുകളാണ്‌ തുറന്നത്‌. മൂഴിയാര്‍, കൊച്ചുപമ്പ, സീതത്തോട്‌, കക്കി, മണിയാര്‍ പെരുന്തേനരുവി തുടങ്ങിയവയും, സീതത്തോട്‌ പ്രദേശത്തെ ചെറിയ ഡാമുകളും തുറന്നു. ഇടുക്കി എറണാകുളം ജില്ലകളെ 11 ഡാമുകളും ചാലക്കുടി പുഴയിലെ ആറ്‌ ഡാമുകളും തുറന്നു. ഈ ഡാമുകള്‍ തുറക്കുമ്പോള്‍ എവിടെയൊക്കെ വെളളപ്പൊക്കമുണ്ടാകുമെന്നും, ഏതൊക്കെ ഭാഗങ്ങള്‍ മുങ്ങുമെന്നും സര്‍ക്കാരിന്‌ ഒരു രൂപവുമുണ്ടായില്ല.
എറണാകുളം ജില്ലയിലെ കാലടി, പെരുമ്പാവൂര്‍, പറവൂര്‍, വക്കം, പന്തളം തുടുങ്ങി അതി രൂക്ഷമായ പ്രളയം ഉണ്ടായ ഒരിടത്തും ഒരു മുന്നറിയിപ്പും ഉണ്ടായില്ല. ചെറുതോണിക്ക്‌ പുറമേ ഇടമലയാര്‍, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ഭൂതത്താന്‍ കെട്ട്‌, പൊന്‍മുടി, മാട്ടുപ്പെട്ടി, ചെങ്കുളം തുടങ്ങിയ എല്ലാ ഡാമുകളും ഒന്നിച്ച്‌ തുറക്കേണ്ടി വന്നു.
ജില്ലാ ഭരണകൂടം പോലും അറിയാതെയാണ്‌ വയനാട്‌ ബാണാസുര സാഗറിന്റെ ഷട്ടര്‍ ഉയര്‍ത്തിയതെന്ന്‌ നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇന്നലെ ഇടുക്കി സന്ദര്‍ശനവേളയില്‍ ചീഫ്‌ സെക്രട്ടറി ടോം ജോസ്‌ ഇത്‌ സമ്മതിക്കുകയും ചെയ്‌തതോടെ സര്‍ക്കാര്‍ കുടുതല്‍ പ്രതിസന്ധിയിലായി. അതേപോലെ തന്നെ ആവശ്യത്തിനു സുരക്ഷാ മുന്നറിയിപ്പുകള്‍ ഉണ്ടാകാത്തതാണ്‌ റാന്നിയെ വെള്ളത്തില്‍ മുക്കിയതെന്ന്‌ എം.എല്‍.എ രാജു ഏബ്രാഹാമിന്റെ ആരോപണവും സര്‍ക്കാരിനെ തിരിഞ്ഞു കുത്തുകയാണ്‌. പ്രതിപക്ഷവും സര്‍ക്കാരിനെതിരെ രംഗത്ത്‌ വന്നതോടെ വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകും.
ഇടുക്കിയില്‍ ജലനിരപ്പ്‌ ഉയര്‍ന്നിട്ടും നേരത്തെ ഷട്ടര്‍ തുറക്കാത്തത്‌ വന്‍വീഴ്‌ച്ചയായാണ്‌ കണക്കാക്കുന്നത്‌. ഇതു സംബന്ധിച്ച്‌ മന്ത്രിമാരായ എം.എം മണിയും മാത്യൂ ടി.തേമസും തമ്മിലുള്ള ഭിന്നത നേരത്തെപുറത്തുവന്നതാണ്‌. കുടിയാലോചന ഇല്ലാതെ മന്ത്രിമാര്‍ പരസ്യപ്രതികരണം നടത്തിയത്‌ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായ കാര്യം മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഷോളയാര്‍, പറമ്പിക്കുളം അണക്കെട്ട്‌ തുറക്കുന്ന വിവരവും ആരും അറിഞ്ഞില്ല; പത്തനംതിട്ടയില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിക്കും മുമ്പ്‌ പ്രളയജലം കുതിച്ചെത്തിയതാണ്‌ ദുരന്തത്തിനിടയാക്കിയത്‌. ഇത്‌ ഗുരുതര വീഴ്‌ച്ചയാണ്‌.
ജലനിരപ്പ്‌ ഉയര്‍ന്നതിനെ തുടര്‍ന്ന്‌ തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള അപ്പര്‍ ഷോളയാര്‍, പറമ്പിക്കുളം ഡാമുകളിലെ ഷട്ടര്‍ തുറക്കുന്ന വിവരം യഥാസമയം അറിയാതെ പോയതും വീഴ്‌ചയായി. പറമ്പിക്കുളത്തെയും അപ്പര്‍ ഷോളയാറിലെയും വെള്ളം എത്തിയതോടെ പെരിങ്ങല്‍ക്കുത്ത്‌ ഡാം നിറഞ്ഞു. ചാലക്കുടിപ്പുഴ കരകവിഞ്ഞു ചാലക്കുടി നഗരമടക്കം വെള്ളത്തിലായി. പെരിങ്ങല്‍ക്കുത്ത്‌ ഡാം നിറഞ്ഞു കവിഞ്ഞ്‌ ഒഴുകാന്‍ ഇടയാക്കിയത്‌ ഗുരുതരവീഴ്‌ചയാണ്‌.
കാലവര്‍ഷത്തില്‍ മുന്‍പൊങ്ങും കിട്ടാത്ത മഴയാണ്‌ സംസ്‌ഥാനത്ത്‌ ലഭിച്ചത്‌. ജൂണില്‍ തന്നെ ഒട്ടുമിക്ക ഡാമുകളും പരമാവധി സംഭരണശേഷിയോട്‌ അടുത്തിരുന്നു. എന്നിട്ടും അതിതീവ്രമഴയേക്കുറിച്ചുള്ള മുന്നറിപ്പ്‌ സര്‍ക്കാര്‍ കാര്യമായി എടുത്തില്ല. നോക്കിയിരുന്ന നേരംകൊണ്ട്‌ ഡാമുകളില്‍ വെള്ളം കുതിച്ചെത്തിയതോടെ ഭൂരിപക്ഷം ഡാമുകളുടെയുംഷട്ടറുകള്‍ ഒന്നിച്ച തുറന്നതാണ്‌ വന്‍പ്രളയത്തിന്‌ ഇടയാക്കിയത്‌. പലയിടത്തും ഷട്ടറുകള്‍ തുറക്കുമ്പോള്‍ കൈക്കൊള്ളേണ്ടുന്ന മുന്‍കരുതല്‍ നടപടികള്‍ എടുക്കാന്‍ സമയം ലഭിച്ചില്ല.
ബാണാസുര സാഗര്‍ അണക്കെട്ട്‌ തുറന്നതോടെ പനമരം, വെണ്ണിയോട്‌, കോട്ടത്തറ, കുറുമണി, വെള്ളമുണ്ട, പടിഞ്ഞാറത്തറ തുടങ്ങി ഏഴ്‌ പഞ്ചായത്തിലേക്ക്‌ ദുരിതം ഇരച്ചെത്തി. ജൂണില്‍ തന്നെ പരമാവധി സംഭരണശേഷിയോട്‌ അടുത്ത ഡാമിന്റെ നാലു ഷട്ടറുകളില്‍ മൂന്നെണ്ണം ജൂലൈ 15-ന്‌ ആണു ആദ്യമായി തുറന്നത്‌. ഷട്ടര്‍ ആദ്യം തുറക്കുന്നതിനു മുന്‍പു മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും പിന്നീടു പടിപടിയായി 290 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തിയതും നാലാമത്തെ ഷട്ടര്‍ തുറന്നതും പ്രദേശവാസികളെ മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു. ശക്‌തമായ മഴയുടെ സമയത്ത്‌ അറിയിപ്പുകളൊന്നുമില്ലാതെ ഷട്ടര്‍ തുറന്നതോടെ വെള്ളം കുതിച്ചെത്തി. ഒട്ടേറെ വീടുകള്‍ വെള്ളത്തിലായ അവസ്‌ഥയും ഉണ്ടായി. മഴ കുറഞ്ഞപ്പോള്‍ ഷട്ടറുകള്‍ 80 സെന്റിമീറ്ററിലേക്കു താഴ്‌ത്തിയെങ്കിലും രാത്രി മുന്നറിയിപ്പില്ലാതെ വീണ്ടും 90 സെന്റിമീറ്ററാക്കി ഉയര്‍ത്തി.
ഇതോടെ പ്രദേശം പ്രളയത്തില്‍ മുങ്ങുകയായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന്‌ ദുരന്തനിവാരണ അതോറിറ്റിയുടെ വാട്‌സാപ്‌ ഗ്രൂപ്പില്‍ വിവരം അറിയിച്ചിരുന്നുവെന്നാണു കെ.എസ്‌.ഇ.ബി അധികൃതരുടെ വിശദീകരണം. ഷട്ടറുകളുടെ ഉയരം വര്‍ധിപ്പിക്കുമ്പോള്‍ വില്ലേജ്‌ ഓഫിസറെയോ കലക്‌ടറെയോ അറിയിക്കണമെന്ന്‌ പ്രാഥമിക നടപടികള്‍ പോലും ഉണ്ടാകാത്തത്‌ ഗുരുതരമായ വീഴ്‌ചയായി.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ പ്രളയം വിഴുങ്ങാന്‍ ഇടയാക്കിയത്‌ ശബരിഗിരി പദ്ധതിയിലെ അണക്കെട്ടുകള്‍ വ്യക്‌തമായ അറിയിപ്പുകളില്ലാതെ തുറന്നതു മൂലമാണ്‌. പമ്പാതീരത്തു പ്രളയമുണ്ടായ 14-നു രാത്രിയിലും 15-നു പുലര്‍ച്ചെയും പത്തനംതിട്ട ജില്ലയില്‍ റെഡ്‌ അലര്‍ട്ട്‌ നല്‍കാന്‍ അധികൃതര്‍ക്ക്‌ ആയില്ല. 15-നു വൈകി റെഡ്‌ അലര്‍ട്ട്‌ വ്രന്നപ്പോഴേക്കും വെള്ളയത്തില്‍ ജില്ല മുങ്ങിയിരുന്നു. റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിക്കുന്നതിന്‌ 24 മണിക്കൂര്‍ മുന്‍പ്‌ അറിയിപ്പു നല്‍കി ഒഴിഞ്ഞുപോകാന്‍ സമയം നല്‍കണമെന്ന ചട്ടം അതുകൊണ്ടു തന്നെ ഇവിടെ ഉണ്ടായില്ല. ചെങ്ങന്നൂര്‍, കുട്ടനാട്‌ അടക്കമുള്ള സ്‌ഥലങ്ങളെ ദുരിതത്തിലാക്കിയത്‌ ജില്ലാ കലക്‌ടര്‍ അടക്കം ഇക്കാര്യത്തില്‍ വരുത്തിയ വീഴ്‌ച മൂലമാണെന്നാണ്‌ രാജു ഏബ്രാഹം എല്‍.എ.എ തന്നെ ആരോപിക്കുന്നത്‌.
മുല്ലപ്പെരിയാര്‍, ഇടുക്കി ഒഴികെയുള്ള അണക്കെട്ടുകള്‍ തുറക്കാന്‍ ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ മേധാവിയായ കലക്‌ടറുടെ അനുമതി വേണം. എന്നാല്‍ പല ഡാമുകളും തുറന്നത്‌ അനുമതി കൂടാതെയാണ്‌. അണക്കെട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്‌ഥന്‍ സാഹചര്യവും ആവശ്യവും അറിയിക്കുന്നതിന്റെ അടിസ്‌ഥാനത്തിലാണ്‌ അനുമതി നല്‍കേണ്ടത്‌. ജില്ലാ പൊലീസ്‌ മേധാവിയെയും വിവരമറിയിക്കണം. അണക്കെട്ടുകളിലെ വെള്ളം തുറന്നുവിടാന്‍ ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്‌ഥാനത്തില്‍ മാര്‍ഗരേഖയുമുള്ളപ്പോഴാണ്‌ ജാഗ്രതക്കുറവ്‌ ഉണ്ടായത്‌. എന്നാല്‍ മുന്നൊരുക്കങ്ങളെല്ലാം നടത്തിയാണ്‌ ഡാമുകള്‍ തുറന്നതെന്ന്‌ ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ജസ്‌റ്റീസ്‌ എന്‍. രാമചന്ദ്രന്‍ നായരും കെ.എസ്‌.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്‌ പിള്ളയും പറയുന്നു.

ജി. അരുണ്‍

Ads by Google
Thursday 23 Aug 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW