Friday, September 14, 2018 Last Updated 2 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 12.28 AM

ഏഴു സംസ്‌ഥാനങ്ങള്‍ക്ക്‌ പുതിയ ഗവര്‍ണര്‍മാര്‍ , ജമ്മു കശ്‌മീരില്‍ സത്യപാല്‍ മാലിക്‌

uploads/news/2018/08/242621/d2.jpg

ന്യൂഡല്‍ഹി/ശ്രീനഗര്‍: ജമ്മു കശ്‌മീരിന്റെ ഭരണസാരഥ്യം ഇനി സത്യപാല്‍ മാലിക്കിന്റെ കരങ്ങളില്‍. കഴിഞ്ഞ സെപ്‌റ്റംബര്‍ മുതല്‍ ബിഹാര്‍ ഗവര്‍ണറായ സത്യപാലിനെ ജമ്മു കശ്‌മീര്‍ ഗവര്‍ണറായി രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ നിയമിച്ചു.
എന്‍.എന്‍. വോറയുടെ പിന്‍ഗാമിയായാണു സത്യപാലിന്റെ പുതിയ നിയോഗം. പി.ഡി.പി. സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി. പിന്‍വലിച്ചതിനേത്തുടര്‍ന്നു ജമ്മു കശ്‌മീര്‍ ഗവര്‍ണര്‍ ഭരണത്തിലാണ്‌. സത്യപാല്‍ മാലിക്ക്‌ ഇന്ന്‌ അധികാരമേല്‍ക്കുന്നാണ്‌ ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം.
ഉത്തര്‍പ്രദേശിലെ സോഷ്യലിസ്‌റ്റ്‌ നേതാവായിരുന്ന സത്യപാല്‍ മാലിക്‌ എണ്‍പതുകളില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2004-ല്‍ ബി.ജെ.പിയിലെത്തി. അരനൂറ്റാണ്ടിനുശേഷം ആദ്യമായാണു ജമ്മു കശ്‌മീര്‍ ഗവര്‍ണറായി രാഷ്‌ട്രീയക്കാരനായ ഒരാള്‍ നിയോഗിക്കപ്പെടുന്നത്‌. ഇതിനു മുമ്പ്‌ 1965-67 വരെ കരണ്‍ സിങ്ങാണ്‌ ഈ സ്‌ഥാനം അലങ്കരിച്ച രാഷ്‌ട്രീയക്കാരന്‍. കശ്‌മീരിന്റെ അവസാനത്തെ രാജാവായ ഹരി സിങ്ങിന്റെ മകനാണു കരണ്‍ സിങ്‌. ജമ്മു കശ്‌മീര്‍ ഉള്‍പ്പെടെ ഏഴു സംസ്‌ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു.
ബിഹാറില്‍ മുതിര്‍ന്ന ബി.ജെ.പി. നേതാവ്‌ ലാല്‍ജി ഠണ്ഡനാണു പുതിയ ഗവര്‍ണര്‍. അന്തരിച്ച മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി സജീവരാഷ്‌ട്രീയത്തില്‍നിന്നു വിരമിച്ചശേഷം അദ്ദേഹത്തിന്റെ മണ്ഡലമായ ലഖ്‌നൗവിനെ പ്രതിനിധീകരിച്ചിരുന്നതു ഠണ്ഡനാണ്‌. യു.പിയില്‍ മന്ത്രിയുമായിരുന്നു. ഉത്തരാഖണ്ഡ്‌ ഗവര്‍ണറായി ആഗ്ര മുന്‍ മേയര്‍ ബേബി റാണി മൗര്യയെ നിയമിച്ചു. ബി.ജെ.പി. നേതാവ്‌ സത്യദേവ്‌ നാരായണ്‍ ആര്യയാണു പുതിയ ഹരിയാന ഗവര്‍ണര്‍. 10 തവണ ബിഹാര്‍ എം.എല്‍.എയായിരുന്ന ആര്യ, 2010-ല്‍ നിതീഷ്‌കുമാര്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. ആര്യയേയും മൗര്യയേയും ഗവര്‍ണര്‍മാരാക്കിയതിലൂടെ ദളിത്‌ വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനമുറപ്പിക്കുകയാണു ബി.ജെ.പിയുടെ ലക്ഷ്യം.
ഹരിയാന ഗവര്‍ണറായിരുന്ന കെ.എസ്‌. സോളങ്കിയെ ത്രിപുരയിലേക്കു മാറ്റി. ത്രിപുര ഗവര്‍ണറായിരുന്ന തഥാഗത റോയിയെ മേഘാലയ ഗവര്‍ണറാക്കി.
സോളങ്കി ആര്‍.എസ്‌.എസ്‌. മുന്‍നേതാവും റോയ്‌ ബി.ജെ.പി. പശ്‌ചിമബംഗാള്‍ ഘടകത്തിന്റെ മുന്‍അധ്യക്ഷനുമാണ്‌. മേഘാലയ ഗവര്‍ണറായിരുന്ന ഗംഗാപ്രസാദിനെ സിക്കിം ഗവര്‍ണറാക്കി. വോറയേയും കെ.കെ. പോളിനെയും (ഉത്തരാഖണ്ഡ്‌) മാറ്റിയതോടെ, മുന്‍ യു.പി.എ. സര്‍ക്കാര്‍ നിയോഗിച്ച ഗവര്‍ണര്‍മാരില്‍ ഇ.എസ്‌.എല്‍. നരസിംഹന്‍ (ആധ്രാപ്രദേശ്‌, തെലങ്കാന) മാത്രമാണ്‌ ഇനി ശേഷിക്കുന്നത്‌.

Ads by Google
Thursday 23 Aug 2018 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW