Tuesday, July 23, 2019 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 12.28 AM

നയം: സഹായവും വെള്ളത്തിലാക്കും ? യു.എ.ഇയുടെ 700 കോടി കേരളത്തിന്‌ നഷ്‌ടമായേക്കും

uploads/news/2018/08/242620/d1.jpg

ന്യൂഡല്‍ഹി: വിദേശസഹായം വേണ്ടെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതോടെ യു.എ.ഇ. അടക്കമുള്ള രാജ്യങ്ങള്‍ കേരളത്തിനു പ്രഖ്യാപിച്ച ശതകോടികള്‍ വെള്ളത്തിലാകും. യു.എ.ഇ. 700 കോടി രൂപയും ഖത്തര്‍ 35 കോടി രൂപയുമാണ്‌ വാഗ്‌ദാനം ചെയ്‌തിരുന്നത്‌. ദുരന്തങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ വിദേശസഹായം വേണ്ട എന്നത്‌ 15 വര്‍ഷമായി തുടരുന്ന നിലപാടാണെന്നും കേരളത്തിനു മാത്രമായി അതു മാറ്റാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാട്‌ എടുത്തതായാണ്‌ സൂചന. മാലി, റഷ്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളും കേരളത്തിന്‌ സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.
2004- നു ശേഷം വിദേശ രാജ്യങ്ങളില്‍നിന്നോ ഏജന്‍സികളില്‍നിന്നോ സാമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്ന്‌ വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്‌ വാഗ്‌ദാനം ചെയ്‌ത സഹായധനത്തിന്റെ പേരില്‍ അതത്‌ രാജ്യങ്ങളെ നന്ദി അറിയിച്ചിട്ടുണ്ട്‌. 15 വര്‍ഷമായി രാജ്യം പിന്‍തുടരുന്ന നിലപാട്‌ മാറ്റേണ്ടതില്ല. വിദേശത്തുനിന്നുള്ള ഭരണാധികാരികള്‍ക്കും പൗരന്‍മാര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യാമെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു. എന്നാല്‍ രജിസ്‌റ്റേര്‍ഡ്‌ അല്ലാത്ത സംഘടനകള്‍ നല്‍കുന്ന സഹായത്തിന്‌ നികുതി നല്‍കേണ്ടിവരുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്‌തമാക്കി.
പ്രളയക്കെടുതി ബാധിച്ച കേരളത്തിന്‌ നല്‍കാമെന്ന്‌ പറഞ്ഞ സഹായം സ്വീകരിക്കാനാകില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കിയതായി ഇന്ത്യയിലെ തായ്‌ലന്‍ഡ്‌ അംബാസിഡര്‍ കുടിന്‍ടോണ്‍ സാം ഗോംഗ്‌സാക്‌ദി പറഞ്ഞു. ഐക്യരാഷ്‌ട്രസംഘടന, റെഡ്‌ക്രോസ്‌ സഹായ വാഗ്‌ദാനങ്ങളും കേന്ദ്ര നിലപാടില്‍ തട്ടി കേരളത്തിന്‌ നഷ്‌ട്‌മായേക്കും.
അതേസമയം സാഹചര്യം കണക്കിലെടുത്തു നയത്തില്‍ മാറ്റം വരുത്തണമെന്ന്‌ സി.പി.എം. പോളിറ്റ്‌ ബ്യൂറോ ആവശ്യപ്പെട്ടു. നയം പൊളിച്ചെഴുതണമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ എ.കെ. ആന്റണിയും ആവശ്യപ്പെട്ടു. സുനാമി ദുരന്തം ഉണ്ടായപ്പോള്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള സഹായം സ്വീകരിക്കേണ്ടതില്ലെന്നാണ്‌ അന്നു സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ സമിതി കൂടിയാലോചിച്ചു തീരുമാനം എടുത്തത്‌. പ്രതിസന്ധി ഇന്ത്യക്കു കൈകാര്യം ചെയ്യാനുള്ള പ്രാപ്‌തിയുണ്ടെന്നും ആവശ്യം വന്നാല്‍ മാത്രമേ വിദേശസഹായം സ്വീകരിക്കേണ്ടതുള്ളൂവെന്നും അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ വ്യക്‌തമാക്കിയിരുന്നു. യു.പി.എ. സര്‍ക്കാര്‍ സ്വീകരിച്ച ആ നയം തന്നെയാണ്‌ ഇക്കാര്യത്തില്‍ പിന്തുടരുന്നതെന്ന്‌ കേന്ദ്രം വിശദീകരിക്കുന്നു.
സുനാമി ദുരന്തം ഉണ്ടായപ്പോഴും ഉത്തരാഖണ്ഡിലും ജമ്മു കാഷ്‌്മീരിലും അസമിലും ആന്ധ്രയിലും വെള്ളപ്പൊക്കം ഉണ്ടായപ്പോഴൊക്കെ വിദേശ സഹായം ഇന്ത്യ നിരാകരിക്കുകയായിരുന്നു. അതേസമയം ശ്രീലങ്ക, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്‌, അമേരിക്ക, പാകിസ്‌താന്‍, ചൈന, മ്യാന്‍മാര്‍, ചൈന എന്നീ രാജ്യങ്ങള്‍ക്ക്‌ ഇന്ത്യ സഹായം നല്‍കിയിട്ടുണ്ട്‌. അതേസമയം കീഴ്‌വഴക്കം ലംഘിക്കാനാകില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ വാദിക്കുമ്പോഴും പ്രതിസന്ധിഘട്ടത്തില്‍ ഏതെങ്കിലും വിദേശരാജ്യം സഹായത്തിന്‌ സന്നദ്ധമായാല്‍ സ്വീകരിക്കാമെന്നാണ്‌ 2016ലെ ദുരന്ത നിവാരണ നിയമത്തില്‍ വ്യക്‌തമാക്കുന്നത്‌.

''പ്രധാനമന്ത്രിയെ സമീപിക്കും''
തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എ.ഇ. വാഗ്‌ദാനം ചെയ്‌ത 700 കോടി രൂപ നേടിയെടുക്കാന്‍ ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ സമീപിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
2016-ല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ദേശീയ ദുരന്ത നിവാരണനയത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റു രാജ്യങ്ങളില്‍ നിന്നു സാമ്പത്തികസഹായം കൈപ്പറ്റാമെന്നു വ്യക്‌തമാക്കിയിരുന്നു. അതിനാല്‍ സാങ്കേതിക തടസമുണ്ടാകുമെന്നു കരുതുന്നില്ല. യു.എ.ഇ. സഹായം പ്രഖ്യാപിച്ച ഉടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററില്‍ ഇതിനെ സ്വാഗതം ചെയ്യുകയും ചെയ്‌തിരുന്നു- മുഖ്യമന്ത്രി പറഞ്ഞു.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Thursday 23 Aug 2018 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW