ബംഗളുരു: കനത്ത മഴ നാശം വിതച്ച കര്‍ണാടകയിലെ കുടകില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇതുവരെ 12 പേരാണു പ്രളയക്കെടുതിയില്‍ മരിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 25 കോടി രൂപയാണു സാമൂഹിക ക്ഷേമ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പ്രഖ്യാപിച്ചത്.
ഭവനരഹിതരായ ആയിരങ്ങളാണു താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഒറ്റപ്പെട്ടു പോയവരെ കണ്ടെത്തി രക്ഷിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേന അഹോരാത്രം പണിയെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ദക്ഷിണ കന്നഡ, കുടക് ജില്ലകളെ ബന്ധിപ്പിക്കുന്ന ജോദുപാലയില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കുന്ന ജോലി അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ജോദുപാലയിലെ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പോലീസ്, ഫയര്‍ഫോഴ്സ്, വനംവകുപ്പ് ഉദ്യോഗസ്ഥരും വളയിന്റയര്മാരും രംഗത്തുണ്ട്.