Friday, November 16, 2018 Last Updated 45 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 10.41 PM

ഇനി വേണ്ടത്‌ ഒന്നിച്ചുള്ള മുന്നേറ്റം

uploads/news/2018/08/242515/editorial.jpg

ദുരന്തത്തിന്‌ രാഷ്‌ട്രീയമില്ല, മതമില്ല, നാടിന്റെ അതിരുകളില്ല, സാമ്പത്തികവ്യതിയാനങ്ങളില്ല. അവിടെ ഇരകള്‍ മാത്രമേയുള്ളൂ. പ്രകൃതിക്കുമുന്നില്‍ മനുഷ്യന്‍ നിസാരനായ പ്രാണി മാത്രമാകുന്ന അവസ്‌ഥയിലൂടെയാണ്‌ കേരളം കഴിഞ്ഞ ദിവസങ്ങളിലൂടെ കടന്നുപോയത്‌. അതിന്റെ അലയൊലികള്‍ അവസാനിച്ചിട്ടുമില്ല.

പ്രകൃതിക്ഷോഭത്തിന്‌ ഇരകളായവര്‍ രക്ഷയുടെ തുരുത്തു തേടി പരക്കം പായുകയായിരുന്നു. അവര്‍ ജാതിയും മതവും രാഷ്‌ട്രീയഭിന്നതകളും മൂലം സ്വയം സൃഷ്‌ടിച്ച പുറംതോടുകള്‍ക്കുള്ളില്‍ നിന്ന്‌ തല്‍ക്കാലത്തേയ്‌ക്കെങ്കിലും പുറത്തുകടന്നു. ദുരന്തങ്ങളുണ്ടാകുമ്പോള്‍ ഭരണസംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിലൂടെ ദുരന്തത്തിന്റെ തീവ്രത കുറയ്‌ക്കാനാകും. അപ്രതീക്ഷിതമായി പെയ്‌ത പെരുമഴയും അതുമൂലം ജലസംഭരണികള്‍ തുറന്നു വിടേണ്ടിവന്നതും കേരളത്തെ ശ്വാസംമുട്ടിച്ചപ്പോള്‍ അവസരത്തിനൊത്തുയര്‍ന്നു പ്രവര്‍ത്തിക്കാന്‍ സംസ്‌ഥാനത്തിനായതുകൊണ്ട്‌ വിലപ്പെട്ട നിരവധി ജീവന്‍ രക്ഷിക്കാനായി. ഭരണ, രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്കൊപ്പം ഉദ്യോഗസ്‌ഥരും രാപകല്‍ ഭേദമെന്യേ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒന്നിച്ചു.

രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും സംസ്‌ഥാനത്തെ സംബന്ധിച്ച്‌ നിസാരമായ ഒന്നായിരുന്നില്ല. സഹായാഭ്യര്‍ഥനയുമായി കേരളമൊന്നാകെ അലമുറയിട്ടപ്പോള്‍ സഹജീവികളായ നാട്ടുകാര്‍ തന്നെയാണ്‌ കരം നീട്ടിക്കൊടുത്തത്‌. അവര്‍ക്കൊപ്പം പോലീസ്‌, ഫയര്‍ഫോഴ്‌സ്‌ എന്നുവേണ്ട സര്‍ക്കാരിന്റെ എല്ലാവകുപ്പുകളും ഒത്തുചേര്‍ന്നപ്പോള്‍ അത്‌ വലിയൊരു കൂട്ടായ്‌മയായി. രക്ഷാപ്രവര്‍ത്തനത്തിന്‌ ഔദ്യോഗിക റാങ്കുകളുടെ വലിപ്പച്ചെറുപ്പമോ സ്‌ഥാനമഹിമകളോ തടസമായില്ല. കഴുത്തൊപ്പം വെള്ളത്തില്‍ മുങ്ങിനിന്ന്‌ മത്സ്യത്തൊഴിലാളിയും പോലീസുദ്യോഗസ്‌ഥരും ഫയര്‍ഫോഴ്‌സ്‌ ജീവനക്കാരും നാട്ടുകാരും എന്നുവേണ്ട കേരളമൊന്നാകെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നത്‌ മഹനീയമാതൃകയായി. അതിനൊപ്പം പട്ടാളത്തിന്റെ ഇടപെടല്‍ കൂടിയായതോടെ വീടുകളില്‍ കുടുങ്ങിക്കിടന്ന നിരവധിപേരെ രക്ഷിക്കാനായി.

രക്ഷാപ്രവര്‍ത്തനത്തിനു പിന്നാലെ ദുരിതാശ്വാസത്തിനും നാട്‌ ഒന്നായിമാറുന്ന കാഴ്‌ചയാണ്‌ നമുക്കുചുറ്റും. പണമായും ഭക്ഷ്യവസ്‌തുക്കളായും മറ്റ്‌ അവശ്യവസ്‌തുക്കളായും സഹായപ്രവാഹമാണ്‌ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ ഉണ്ടാകുന്നത്‌. അതിനൊപ്പം വിവിധ സേവനങ്ങളും സൗജന്യമായി ചെയ്‌തു കൊടുക്കാന്‍ സന്നദ്ധരായി നിരവധി വ്യക്‌തികള്‍ മുന്നിട്ടിറങ്ങുകയാണ്‌. അതുകൊണ്ടുതന്നെ ക്യാമ്പുകളില്‍ ദുരിതക്കാഴ്‌ചകളുടെ തീവ്രത വളരെയധികം അകന്നു നിന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അവശ്യവസ്‌തുക്കളുടെ കുറവുണ്ടായെങ്കിലും അവ വളരെപ്പെട്ടെന്നു തന്നെ പരിഹരിക്കാന്‍ കഴിഞ്ഞു. അഞ്ചുലക്ഷത്തോളം വ്യക്‌തികള്‍ ക്യാമ്പുകളിലെത്തിയപ്പോള്‍ അതിനെ നേരിടാനായത്‌ കേരളത്തിന്റെ കൂട്ടായശ്രമം കൊണ്ടാണ്‌.

കൂട്ടായ ഈ പരിശ്രമങ്ങള്‍ക്കിടെ ഒറ്റപ്പെട്ട ചില അപസ്വരങ്ങള്‍ ഉണ്ടായത്‌ കേരളം പുഛിച്ചു തള്ളുന്ന കാഴ്‌ചയാണ്‌ ലോകം കണ്ടത്‌. ദുരിതങ്ങള്‍ക്കിടയില്‍ രാഷ്‌ട്രീയം പറയുന്നവരെയും ജാതി-മത വിഷം കലക്കുന്നവരെയും മനുഷ്യര്‍ ആട്ടിയോടിച്ചു. ദുരിതത്തില്‍ സഹജീവികള്‍ക്കൊപ്പം ഉണര്‍ന്നു പ്രവര്‍ത്തിച്ച മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിനൊപ്പം ഒന്നിച്ചു നിന്ന കേരളത്തിലെ നല്ലമനസുകളും പ്രത്യേക പ്രശംസയര്‍ഹിക്കുന്നു. ഇരുനൂറ്റമ്പതില്‍ പരം വിലപ്പെട്ട ജീവനുകളാണ്‌ കേരളത്തിന്‌ നഷ്‌ടപ്പെട്ടത്‌. അതിനൊപ്പം പതിനായിരക്കണക്കിന്‌ കോടി രൂപയുടെ വസ്‌തുക്കളുടെ നഷ്‌ടവും. അവയൊക്കെ പുനര്‍നിര്‍മിക്കുന്നതിന്‌ ഒന്നിച്ച്‌ പ്രവര്‍ത്തിക്കേണ്ട നാളുകളാണ്‌ കേരളത്തിനു മുന്നിലുള്ളത്‌. ദുരന്തമുഖത്ത്‌ ഒന്നായതുപോലെ ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ്‌ വരും നാളുകളിലും കേരളത്തിനു വേണ്ടത്‌. അതിനായി നമുക്ക്‌ ഒന്നിച്ച്‌ ലോകത്തിനു മാതൃകയായി മാറാം നമ്മുടെ കൊച്ചു സംസ്‌ഥാനത്തിന്‌.

Ads by Google
Tuesday 21 Aug 2018 10.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW