Monday, April 22, 2019 Last Updated 11 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 10.39 PM

വിധിയെ തോല്‍പ്പിക്കുന്ന കേരള കമ്യൂണിസം

uploads/news/2018/08/242513/k13.jpg

1961-ലെ വലിയ വെള്ളപ്പൊക്കം എന്റെ കൗമാരത്തിലെ വലിയ സംഭവമായിരുന്നു. നീന്താനും വഞ്ചി തുഴയാനും ചങ്ങാടം കൊണ്ടുപോകാനും നല്ല പരിചയമുള്ള ഞാന്‍ ഞങ്ങളുടെ അടുക്കള മലവെള്ളത്തില്‍ മുങ്ങിയപ്പോള്‍ വീട്ടില്‍ നില്‍ക്കാനാവാത്ത കുടുംബാംഗങ്ങളെ എല്ലാം കയറ്റി ചങ്ങാടം തുഴയാന്‍ ഊന്നുകോല്‍ എടുത്തു.
എന്റെ സകല നാഡിഞരമ്പുകളും തളര്‍ന്നുപോയി. ഞാന്‍ ചങ്ങാടത്തില്‍ വീണു. വിധിയേ നേരിടാന്‍ എനിക്കു ധീരതയില്ലതായി. എന്നില്‍ ഉറങ്ങുന്നവന്‍ ഉണര്‍ന്നില്ല. അമ്മയും മറ്റുള്ളവരും ചങ്ങാടം തുഴഞ്ഞുപോയി. എന്റെ സകലശക്‌തിയും ചോര്‍ന്നു. ഞാന്‍ ഭയന്നു വിറച്ചതു വെള്ളം കണ്ടതുകൊണ്ടല്ല. മലവെള്ളം എല്ലാ വീടുകളിലും കേറിയിരുന്നു. എല്ലാവരും വീടുവിട്ടിറങ്ങുന്നു. അപ്പോള്‍ നാട്ടിലെ പട്ടികള്‍ ഒന്നൊന്നായി ഒരു പ്രത്യേക ശബ്‌ദത്തില്‍ ഓരിയിടാന്‍ തുടങ്ങി. കാലികള്‍ കരയാന്‍ ആരംഭിച്ചു. ഇതൊക്കെ ഉണ്ടാക്കിയ ഭയപ്പാടും നടുക്കവും പറഞ്ഞറിയിക്കാനാവില്ല.
ഞങ്ങള്‍ അഭയം പ്രാപിച്ച അമ്മാവന്റെ വീട്ടിലായിരിക്കുമ്പോള്‍ വലിയ കാറ്റും പേമാരിയും തുടങ്ങി. അതിന്റെ മൂര്‍ദ്ധന്യത്തില്‍ പാടത്തു കുറുകേനിന്ന നീണ്ട കോണ്‍ക്രീറ്റ്‌ തോടിന്റെ മുകളിലേക്കു വെള്ളംപൊങ്ങി. നീണ്ട്‌ ഉയര്‍ന്ന ആ പാലത്തില്‍ വെള്ളം തടഞ്ഞു. ഭീകരശബ്‌ദത്തോടെ പാലം പൂര്‍ണമായി തകര്‍ന്നു വീണു. അത്‌ ഇന്നും എന്റെ ഓര്‍മയില്‍ നടുക്കമായി നില്‍ക്കുന്നു. അന്നു ഞാന്‍ ഒരു കാര്യം വ്യക്‌തമായി അറിഞ്ഞു. എന്റെ സ്വയംപര്യാപ്‌തതയുടെ ഹുങ്ക്‌ തകര്‍ന്നടിഞ്ഞു. അത്‌ ഒരു ഭൂമികുലുക്കമായിരുന്നു. മഴയും വെള്ളവും എന്റേതു നിന്റേതു എന്ന അതിരുകള്‍ പൂര്‍ണമായി തകര്‍ത്തു. എല്ലാ മതിലുകളും വേലികളും തകര്‍ന്നു. അതൊരു കമ്യൂണിസം എന്നില്‍ ഉണ്ടാക്കി. പക്ഷേ, അതു മാര്‍ക്‌സിസമായിരുന്നില്ല.
എന്റെ വീട്ടില്‍ മലവെള്ളം കയറിയത്‌ അതിനുശേഷം ഈ ഓഗസ്‌റ്റിലാണ്‌. അങ്ങനെ വെള്ളപ്പൊക്കവും ഇന്നത്തേതും തമ്മില്‍ അന്തരങ്ങളുണ്ട്‌. അന്നു ഞങ്ങളുടെ ലോകം ചെറുതായിരുന്നു. രണ്ടുമൂന്നു ഗ്രാമത്തില്‍ കൂടുതല്‍ അതിനു വികാസമുണ്ടായില്ല. ഞങ്ങളുടെ കാരണവന്മാര്‍ പരസ്‌പരം സഹകരിച്ച്‌ ഒരു വലിയ വള്ളം സംഘടിപ്പിച്ചു ഞങ്ങളെ കരകയറ്റി. ആ രക്ഷാപ്രവര്‍ത്തനത്തില്‍ ഞങ്ങള്‍ മാത്രം പങ്കുചേര്‍ന്നു. ഇന്നു നാട്ടിലെ വെള്ളപ്പൊക്കം വലിയ പ്രശ്‌നമായി, നാട്ടുകാരെ രക്ഷിക്കാന്‍ നാട്ടുകാര്‍ മാത്രമല്ല സര്‍ക്കാരും പങ്കുചേര്‍ന്നു. അന്നു സര്‍ക്കാര്‍ ഒരു കഥാപാത്രമായിരുന്നില്ല.
ഞങ്ങളുടെ കാരണവന്മാര്‍ക്ക്‌ അന്നു വെള്ളത്തില്‍ നല്ലപരിചയമുണ്ടായിരുന്നു. ഇന്നു പരിചയമുള്ളവര്‍ ഉണ്ടെങ്കിലും അത്തരക്കാര്‍ കുറഞ്ഞു. പക്ഷേ, അന്നത്തേതിനേക്കാള്‍ കേരളം ഒറ്റക്കെട്ടായി ഈ മലവെള്ളത്തെ നേരിട്ടു. കാരണം വലിയ കമ്യൂണിറ്റി ബോധവും കമ്യൂണിയന്‍ എന്ന കൂട്ടായ്‌മയും ഇന്നു പ്രകടമായിരുന്നു. ആരും ഇന്ന്‌ ആര്‍ക്കും അന്യനായില്ല. ആരും ഒറ്റപ്പെട്ടു പോകാന്‍്‌ അനുവദിക്കാതെ രക്ഷാപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി. ചെറുപ്പക്കാര്‍, കടലിന്റെ മക്കള്‍, രാഷ്‌ട്രീയക്കാര്‍ എല്ലാവരും ധീരതയും സാഹസവും അത്ഭുതകരമായി പ്രകടിപ്പിച്ചു. കൂട്ടി ബന്ധിപ്പിക്കുന്ന പാരസ്‌പര്യത്തിന്റെ പാലങ്ങള്‍ വെള്ളത്തില്‍ ഒലിച്ചുപോയപ്പോള്‍ നമ്മുടെ മൊബൈല്‍ഫോണുകള്‍ ആരും അന്യമാകാതിരിക്കാന്‍ നിരന്തരം പ്രവര്‍ത്തിച്ചു. ഒറ്റപ്പെട്ടവരുടെ കരച്ചില്‍ കേള്‍ക്കാനും കേള്‍പ്പിക്കാനും നാം പരസ്‌പരം കൈകോര്‍ത്തു. ഇതിന്‌ ഏറ്റവും മാതൃകാപരമായി പ്രവര്‍ത്തിച്ചതു മാധ്യമങ്ങളാണ്‌. അവര്‍ ധീരമായി ദുരന്തത്തോടു പൊരുതി. മനുഷ്യരുടെ ദൈന്യത എല്ലാവരെയും അറിയിച്ചുകൊണ്ടിരുന്നു. മാധ്യമക്കാരെ വളരെ മോശമായി ചിലര്‍ ചിത്രീകരിക്കുന്നതിന്റെ ഇടയിലാണ്‌ അവര്‍ മാനവികതയോടുള്ള അവരുടെ ജാഗ്രതയും സമര്‍പ്പണവും തെളിയിച്ചത്‌.
നമ്മുടെ സമൂഹത്തില്‍ മൗലികവാദങ്ങളും അവനവനിസവും വര്‍ധിച്ച കാലത്താണ്‌ ഈ ജലപ്രളയം വന്നത്‌. തന്‍ കാര്യം മാത്രം നോക്കുന്ന ദ്വീപുകളായി സമുദായങ്ങള്‍ മാറുന്ന പ്രതീതിയുണ്ടായിരുന്നു. പക്ഷേ, ഈ ദുഃഖദുരന്തം വലിയ നന്മയ്‌ക്കും കാരണമായി. മനുഷ്യരെ തമ്മില്‍ അടുപ്പിക്കുന്നതു ദുഃഖവും സങ്കടങ്ങളുമാണ്‌. സെര്‍വന്റസ്‌ ഡോം ക്വിക്‌സോട്ടിലൂടെ പറയുന്നതു സമൂഹം ശാപഗ്രസ്‌തമായ യുഗത്തിലാകും എന്നാണ്‌. പക്ഷേ, അദ്ദേഹം ഒരു സുവര്‍ണയുഗം സ്വപ്‌നം കാണുന്നു. സ്‌പാനീഷ്‌ ക്രിസ്‌തു എന്നു വിശേഷിപ്പിക്കപ്പെടുന്ന ക്വിക്‌സോട്ട്‌ സ്വപ്‌നം കണ്ട സുവര്‍ണയുഗം സ്വര്‍ണത്തിനു വില കുറഞ്ഞതും സുലഭമായി കിട്ടുന്നതുമായ യുഗമായിരുന്നില്ല. പിന്നെയോ, എന്റേത്‌, നിന്റേത്‌ എന്ന രണ്ടു വാക്കുകള്‍ അന്യമായ യുഗമായിരുന്നു.
ഈ ഭൂമിയും ആകാശവും അതിലെ മേഘങ്ങളും വെള്ളവും മഴയും കാറ്റും ആരുടെയും സ്വകാര്യസ്വത്തല്ല. വെള്ളം കുപ്പിയിലാക്കി വില്‍ക്കുന്ന ഒരു കാലത്തു വെള്ളം എല്ലായിടത്തും പെയ്‌തിറങ്ങി. വേലികളും മതിലുകളും പൊളിഞ്ഞുവീണു. ഭൂമികുലുക്കം എല്ലാവരെയും ഒന്നുപോലെ തുല്യരാക്കി. എല്ലാ നിമ്‌നോന്നതികളും നികത്തപ്പെട്ടു. എല്ലാവരും എല്ലാം മറന്നു ഒന്നായി; ഒന്നിച്ച്‌ ആഹാരം കഴിച്ചു, ഒന്നിച്ചുറങ്ങി. സ്വര്‍ണ കക്കൂസുള്ളവരും ഒന്നുമില്ലാത്തവരും പറമ്പില്‍ ഒന്നായി സാഹോദര്യം തിരികെ പിടിച്ചു. വിധിവിഹിതം തടുക്കാവുന്നതല്ല എന്ന ജപങ്ങള്‍ വെടിയാന്‍ നാം പഠിച്ചു. പ്രകൃതിയുടെ താളപ്പിഴകള്‍ ദുരന്തരങ്ങളായി വാ പിളര്‍ന്നു. അതിനു നാം കാരണം കൊടുക്കാതിരിക്കണം. ദുര്‍ഭൂതങ്ങളായി ഈ ദുരന്തങ്ങള്‍ മാറും. ഈഡിപ്പസിനെപ്പോലെ ധീരമായി തന്നെത്തന്നെ അറിയാനും നാം ശ്രദ്ധിക്കണം.
മനുഷ്യനില്‍ ഒരു നിഷേധി ഉറങ്ങുന്നു. വിധികളെ ധീരമായി നേരിടുന്ന നിഷേധി, അവിടെ ആരും വിധിയുടെ ദൈവശാസ്‌ത്രങ്ങള്‍ പറയാതിരിക്കട്ടെ. ധീരന്മാരുടെ സമൂഹമായി മനുഷ്യമഹത്ത്വത്തിന്റെ ഉന്നതതലങ്ങളിലേക്കു തല ഉയര്‍ന്നു നില്‍ക്കാന്‍ കഴിയട്ടെ.
മനയ്‌ക്കല്‍ ഉണ്ണികള്‍ വലിയ പപ്പടം കണ്ട്‌ ഓണം തിരിച്ചറിഞ്ഞിരുന്നു. ഓണത്തിനു മാത്രമേ വലിയ പപ്പടം വിളമ്പാവൂ എന്ന്‌ അഫന്‍ കല്‌പിച്ചിരുന്നു. പക്ഷേ, പടിക്കല്‍ കഴിഞ്ഞ കേശവനു മരം വെട്ടിക്കിട്ടിയ കാശിനു പപ്പടം മാത്രം വാങ്ങാനേ ഉണ്ടായുള്ളൂ. അവന്റെ കുട്ടികള്‍ക്ക്‌ ഓണാഘോഷം പപ്പടം മാത്രം കാച്ചി കഴിച്ചാ യിരുന്നു. വെള്ളപ്പൊക്കമുണ്ടായി, കൊടുങ്കാറ്റുണ്ടായി. എല്ലാവരും അഭയാര്‍ത്ഥികളായി. അഭയസ്‌ഥാനത്ത്‌ ഓണമുണ്ടായി. വലിയ പപ്പടം കണ്ട്‌ ഓണം തിരിച്ചറിഞ്ഞവരും പപ്പടം മാത്രം കഴിച്ച്‌ ഓണം ഉണ്ടവരും ഒന്നിച്ചിരുന്നു ഓണസദ്യ ഉണ്ണട്ടെ.

ഫാ. ഡോ. പോള്‍ തേലക്കാട്ട്‌

Ads by Google
Tuesday 21 Aug 2018 10.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW