കൊച്ചി: ഓണപൂജയ്ക്കുള്ള ശബരിമലയാത്രയ്ക്കു ഹൈക്കോടതി വിലക്ക്. പമ്പയിലെ വെള്ളപ്പൊക്കംമൂലമുള്ള അപകടസാധ്യത നിലനില്‍ക്കുന്നതിനാല്‍ ഭക്തര്‍ ശബരിമലയിലേക്കു പോകുന്നതു തടയണമെന്നു കോടതി നിര്‍ദേശം നല്കി. നിലയ്ക്കല്‍വരെ എത്താന്‍ ഭക്തര്‍ക്കു വിലക്കില്ല. അവിടെവച്ചു തടയും. ശബരിമലയിലേക്കുള്ള എല്ലാ വഴിയിലും പോലീസ് നിലയുറപ്പിക്കും. 23 മുതല്‍ 27 വരെയാണ് ഓണപൂജ.
തന്ത്രി, മേല്‍ശാന്തി, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിധാനത്തെത്തി പൂജാകര്‍മ്മം നിര്‍വഹിക്കും. പുറപ്പെടാ ശാന്തിയായതിനാല് മേല്‍ശാന്തി സന്നിധാനത്തുണ്ട്. നട നാളെ വൈകിട്ട് അഞ്ചു മണിക്ക് തുറക്കും. പ്രകൃതിക്ഷോഭം തുടരുന്നതിനാല്‍ ശബരിമലയാത്ര വിലക്കണമെന്നു ഹൈപവര്‍ കമ്മിറ്റിയും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
30 ന് കേസ് വീണ്ടും പരിഗണിക്കും. സാഹചര്യം മാറുന്നപക്ഷം നിയന്ത്രണത്തില്‍ ഇളവ് ഏര്‍പ്പെടുത്തും. ശബരിമല യാത്ര ഒഴിവാക്കണമെന്നു തമിഴ്നാട് സര്‍ക്കാര്‍ തീര്‍ഥാടകരോട് അഭ്യര്‍ഥിച്ചു. ഭക്തര്‍ ഹൈക്കോടതി ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ തയാറാകണമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. ക്ഷേത്ര നട 23 നു വൈകിട്ട് തുറന്നു പതിവ് പൂജകള്‍ക്കുശേഷം 28 നു രാത്രി ഹരിവരാസനം അടയ്ക്കും.