Thursday, November 15, 2018 Last Updated 13 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 10.45 PM

ഒരേ മനസോടെ നമ്മള്‍

uploads/news/2018/08/242255/editorial.jpg

കേരളത്തിന്റെ കെട്ടുറപ്പ്‌ വ്യക്‌തമാക്കിയ ഏതാനും ദിവസങ്ങളാണ്‌ കഴിഞ്ഞു പോയത്‌. പ്രളയത്തില്‍ എല്ലാം നഷ്‌ടപ്പെട്ട്‌ ജീവനു വേണ്ടി കേഴുന്നവരെ ജീവിതത്തിലേക്ക്‌ കൈപിടിച്ചുയര്‍ത്താന്‍ കേരള ജനത ഒരേ മനസോടെ തെരുവിലേക്ക്‌ ഇറങ്ങിയ കാഴ്‌ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ എവിടെയും. അപ്രതീക്ഷിതമായി വന്നുപെട്ട പ്രളയത്തിനു മുന്നില്‍ സഹജീവികള്‍ നിസ്സഹായരായി നിന്നപ്പോള്‍ നിങ്ങള്‍ക്ക്‌ ഞങ്ങളുണ്ട്‌ എന്ന്‌ വിളിച്ചോതി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ രക്ഷാകരങ്ങള്‍ നീട്ടി. ആയിരങ്ങള്‍ പ്രളയത്തിന്റെ ഇരകളായി ജീവന്‍ നഷ്‌ടപ്പെടാതെ കാത്തത്‌ ഈ കരുതലിന്റെ ബലമാണ്‌.

ഈ ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിനു മുന്നില്‍ നിന്ന ഏവരും അഭിനന്ദനമര്‍ഹിക്കുന്നു. ഇടനാട്ടിലെ സഹജീവികള്‍ മരണത്തോട്‌ മല്ലടിച്ചപ്പോള്‍ തൊഴിലെല്ലാം ഇട്ടെറിഞ്ഞ്‌ രക്ഷിക്കാനോടിയെത്തിയ തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ അനന്യമായ രക്ഷാപ്രവര്‍ത്തനം പ്രത്യേകം സ്‌മരണീയമാണ്‌. വലിയ മത്സ്യ ബന്ധന ബോട്ടുകളും ഔട്ട്‌ബോര്‍ഡ്‌ എന്‍ജിനുകളുമായാണ്‌ അവര്‍ എത്തിയത്‌. ചിലര്‍ കരുതലായി വേറെ എന്‍ജിനും കൊണ്ടുവന്നു. ട്രോളിങ്‌ നിരോധനം കഴിഞ്ഞ്‌ കടലില്‍ പോകുന്ന സമയമാണിത്‌. അതുപോലും അവഗണിച്ചാണ്‌ നൂറുകണക്കിന്‌ തൊഴിലാളികള്‍ ഓടിയെത്തിയത്‌. അവര്‍ ശ്രദ്ധകേന്ദ്രീകരിച്ച സ്‌ഥലങ്ങളിലൊക്കെ മരങ്ങളിലും വീടുകളിലും വൈദ്യുതി-ടെലഫോണ്‍ കമ്പികളിലും ഇടിച്ച്‌ ബോട്ടുകള്‍ക്ക്‌ കേടുപാടുണ്ടാവുമെന്ന്‌ അവര്‍ക്ക്‌ അവര്‍ക്കറിയാമായിരുന്നു. ധാരാളം ബോട്ടുകള്‍ക്ക്‌ കേടുപാട്‌ പറ്റിയിട്ടും അവര്‍ ലക്ഷ്യം കാണാതെ പിന്തിരിഞ്ഞില്ല. മത്സ്യത്തൊഴിലാളികളുടെ സേവനത്തിന്‌ മാനിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അവരെ കേരളത്തിന്റെ സൈന്യം എന്നാണ്‌ വിശേഷിപ്പിച്ചത്‌. മാത്രമല്ല, അവരുടെ നാശനഷ്‌ടങ്ങള്‍ പരിഹരിക്കുമെന്ന്‌ ഉറപ്പു നല്‍കുകയും ചെയ്‌തു. ധാരാളം പ്രശ്‌നങ്ങള്‍ നിറഞ്ഞതാണ്‌ മത്സ്യത്തൊഴിലാളികളുടെ ജീവിതം. സംസ്‌ഥാനത്തിന്‌ ഒരു പ്രതിസന്ധിയുണ്ടായപ്പോള്‍ മുന്‍പിന്‍ നോക്കാതെ സഹായത്തിനു ചാടിപ്പുറപ്പെട്ട അവര്‍ക്ക്‌ കരുതലൊരുക്കാനും കേരളത്തിനു ബാധ്യതയുണ്ട്‌.

കേരളത്തിലെ യുവജനത തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത തെളിയിച്ച നാളുകളായിരുന്നു കഴിഞ്ഞത്‌. പ്രളയത്തില്‍ വലഞ്ഞവര്‍ക്ക്‌ എല്ലാത്തരത്തിലുള്ള കരുതലേകാനും യുവതീയുവാക്കള്‍ മുന്നിട്ടിറങ്ങി. രക്ഷാപ്രവര്‍ത്തനത്തിലും ക്യാമ്പുകളുടെ നടത്തിപ്പിലും ക്യാമ്പുകളിലേക്ക്‌ സാധന സാമഗ്രികള്‍ ശേഖരിക്കുന്നതിലും അവ യഥാകേന്ദ്രങ്ങളില്‍ എത്തിക്കുന്നതിലും യുവാക്കള്‍ മുന്നിട്ടു നിന്നു. വിമാനത്താവളങ്ങളിലും മറ്റും വരുന്ന സാധന സാമഗ്രികള്‍ ഇനം തിരിക്കാനും അടുക്കി വിതരണം ചെയ്യാനും കേരളത്തിന്റെ ഈ യുവൈസന്യം എപ്പോഴും തയാറായിരുന്നു. ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച്‌ ചെയ്യേണ്ടിയിരുന്ന പ്രവര്‍ത്തനങ്ങളാണ്‌ ഇവര്‍ കാര്യക്ഷമമായി ചെയ്‌തത്‌. തിരുവനന്തപുരം ജില്ലാ കലക്‌ടര്‍ കെ. വാസുകി പറഞ്ഞതുപോലെ, കേരളത്തിലെ യുവജനങ്ങള്‍ ചരിത്രം സൃഷ്‌ടിക്കുകയായിരുന്നു. അനേകം സംഘടനകളും ക്ലബുകളും രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും മുന്നിട്ടിറങ്ങി. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ജനങ്ങളൊക്കെ സഹായവുമായി ദുരിതബാധിതരെ തേടിയെത്തി. അതേ, സ്‌നേഹത്തിലും സഹകരണത്തിലും അധിഷ്‌ഠിതമായ കേരളം യാഥാര്‍ഥ്യമാണെന്ന്‌ തെളിയിക്കുകയായിരുന്നു നമ്മള്‍ ഈ ദിനങ്ങളില്‍.

Ads by Google
Monday 20 Aug 2018 10.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW