Monday, August 20, 2018 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
ബീന സെബാസ്റ്റിയന്‍
Monday 20 Aug 2018 08.09 PM

പ്രളയ ദുരിതത്തിനിടെ ഹോര്‍ട്ടികോര്‍പ്പിന്റെ ഓണക്കച്ചവടം; ഓണച്ചന്ത തുറക്കാന്‍ കൃഷി ഓഫീസര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം; കോടികളുടെ കമ്മീഷന്‍ കിലുക്കത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ഹോര്‍ട്ടികോര്‍പ്

സംസ്ഥാനത്തെ മുഴുവന്‍ കൃഷി ഭവനുകള്‍ വഴി ഹോര്‍ട്ടികോര്‍പ്പിന്റെ ഓണച്ചന്ത തുടങ്ങാന്‍ കൃഷി ഓഫീസര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ റവന്യൂ വകുപ്പിലെയും മറ്റ് സര്‍ക്കാര്‍ വകുപ്പിലെയും ജീവനക്കാര്‍ക്കൊപ്പം സജീവമായി പ്രവര്‍ത്തിക്കുന്ന കൃഷി ഓഫീസരുടെ ചുമലില്‍ അധിക ഭാരം ഏല്‍പ്പിക്കുകയാണ് ഹോര്‍ട്ടിക്കോര്‍പ്പ്.
uploads/news/2018/08/242120/horti.jpg

കോട്ടയം: പ്രളയ ദുരന്തത്തില്‍ നിന്ന് കരകയറന്‍ നാടൊട്ടുക്ക് കൈകോര്‍ത്ത് തുഴയുമ്പോള്‍ ഓണക്കച്ചവടവുമായി കൃഷിവകുപ്പിനു കീഴിയുള്ള ഹോര്‍ട്ടികോര്‍പ്പ്. സംസ്ഥാനത്തെ മുഴുവന്‍ കൃഷി ഭവനുകള്‍ വഴി ഹോര്‍ട്ടികോര്‍പ്പിന്റെ ഓണച്ചന്ത തുടങ്ങാന്‍ കൃഷി ഓഫീസര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ റവന്യൂ വകുപ്പിലെയും മറ്റ് സര്‍ക്കാര്‍ വകുപ്പിലെയും ജീവനക്കാര്‍ക്കൊപ്പം സജീവമായി പ്രവര്‍ത്തിക്കുന്ന കൃഷി ഓഫീസരുടെ ചുമലില്‍ അധിക ഭാരം ഏല്‍പ്പിക്കുകയാണ് ഹോര്‍ട്ടിക്കോര്‍പ്പ്.

ദുരിത ബാധിത മേഖലയില്‍ കൃഷിവകുപ്പിന്റെ പ്രവര്‍ത്തനം അട്ടിമറിക്കുന്നതാണ് ഹോര്‍ട്ടിക്കോര്‍പ്പ് അധികൃതരുടെ ഈ പിടിവാശി. കൃഷി ഓഫീസിലെ ജീവനക്കാരില്‍ ഏറെയും മറ്റുള്ളവരെ പോലെ പ്രളയക്കെടുതിയുടെ ഇരകളാണ്. സ്വന്തം ദുരിതവും നാടിന്റെ ദുരിതവും നേരിടുന്നതിനിടെയാണ് ഹോര്‍ട്ടിക്കോര്‍പ്പിന്റെ വകയായി അധിക ഭാരം ഇവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. സര്‍ക്കാര്‍ തീരുമാനമല്ലേ, അനുസരിക്കാതെ തരമില്ലല്ലോ എന്ന ഗതികേടിയാണ് ഇവര്‍. തമിഴ്‌നാട്ടിലെ കുത്തക കര്‍ഷക ലോബിയെ സഹായിക്കുന്നതിനാണ് ഹോര്‍ട്ടിക്കോര്‍പ്പ് സര്‍ക്കാരില്‍ നിന്നും കോടികള്‍ പൊടിച്ച് ഈ നിര്‍ബന്ധിത ഓണച്ചന്തകള്‍ തുറക്കുന്നതെന്ന ആരോപണം ശക്തമാണ്.

ഹോര്‍ട്ടിക്കോര്‍പ്പ് ഓണച്ചന്ത തിങ്കളാഴ്ച മുതല്‍ ചില ജില്ലകളില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ പ്രളയക്കെടുതിയില്‍ സര്‍വ്വതും നഷ്ടമായ ആലപ്പുഴ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇതുവരെ ഓണച്ചന്തകള്‍ തുറന്നിരുന്നില്ല. ഈ ജില്ലകളില്‍ ചൊവ്വാഴ്ച തന്നെ ചന്തകള്‍ ആരംഭിക്കണമെന്നാണ് മുകളില്‍ നിന്നുള്ള നിര്‍ദേശം. നിലവില്‍ ദുരിതബാധിത മേഖലയില്‍ കാര്‍ഷിക നാശനഷ്ടത്തിന്റെ കണക്കെടുപ്പിലും ദുരിതാശ്വാസ ക്യാംപുകളുടെ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നും കൃഷിവകുപ്പ് ജീവനക്കാരും ദുരിതബാധിതര്‍ക്കൊപ്പമാണ്. പകല്‍ മുഴുവന്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ജീവനക്കാര്‍ രാത്രിയിലാണ് പലപ്പോഴും ഹോര്‍ട്ടിക്കോര്‍പ്പിന്റെ ഹോള്‍സെയില്‍ കേന്ദ്രങ്ങളില്‍ എത്തി പച്ചക്കറി വാങ്ങുന്നത്.

uploads/news/2018/08/242120/pr-176---agri-vipani.jpg

സംസ്ഥാനത്താകെ 2000 ഓളം ഓണച്ചന്തകള്‍ തുറക്കാനാണ് ഹോര്‍ട്ടിക്കോര്‍പ് തീരുമാനം. ഓരോ ചന്തയുടേയും പ്രവര്‍ത്തനത്തിന് 55,000 രൂപയാണ് നീക്കിവച്ചിരിക്കുന്നത്. 13,000 രൂപ മറ്റിനങ്ങളിലായും നീക്കിവയ്ക്കുന്നു. സംസ്ഥാനം പ്രളയക്കെടുതിയില്‍ കരകാണാന്‍ നീന്തുമ്പോഴാണ് 13 കോടിയോളം പൊടിച്ച് ഹോര്‍ട്ടിക്കോര്‍പ് ഓണച്ചന്ത നടത്തുന്നത്.

സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്നും ഓണക്കാലത്ത് ന്യായവില നല്‍കി എടുക്കുന്ന പച്ചക്കറികള്‍ കുറഞ്ഞവിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നതിനും അതുവഴി വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയുമാണ് ഓണച്ചന്തകളുടെ ലക്ഷ്യം. സംസ്ഥാനത്ത് ഉത്പാദിപ്പിക്കാത്ത ഉള്ളി പോലെയുള്ള ഇനങ്ങളാണ് പുറത്തുനിന്നും വാങ്ങുന്നത്. എന്നാല്‍ ഇത്തവണ പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ കൃഷി മുഴുവന്‍ നശിച്ച സാഹചര്യത്തില്‍ മുഴുവന്‍ പച്ചക്കറികളും അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയായിരിക്കും. കോടികണക്കിന് രൂപയാണ് ഈ ഇനത്തില്‍ തമിഴ്‌നാട് അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലെ കുത്തക കാര്‍ഷിക ലോബിയിലേക്ക് ഒഴുകുക.

സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഉപയോഗിക്കേണ്ട തുകയാണ് ഇത്തരത്തില്‍ ധൂര്‍ത്തടിക്കുന്നത്. മുന്‍കൂര്‍ അഡ്വാന്‍സ് നല്‍കി ബുക്ക് ചെയ്തതിനാല്‍ എടുക്കാതിരിക്കാനാവില്ല എന്ന ന്യായമാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാംപുകളില്‍ പച്ചക്കറി എത്തിക്കുന്നില്‍ നല്ലൊരു പങ്ക് ഹോര്‍ട്ടിക്കോര്‍പ്പിനുണ്ട്. മുന്‍കൂര്‍ ബുക്ക് ചെയ്ത പച്ചക്കറി ഇത്തരത്തില്‍ ചെലവഴിക്കാന്‍ മാര്‍ഗമുണ്ടായിരിക്കേയാണ് ഉന്നതരില്‍ ചിലരുടെ പ്രത്യേക താല്‍പര്യത്തില്‍ കൃഷിവകുപ്പും പച്ചക്കറി ചന്ത നടത്തുന്നത്.

സംസ്ഥാനത്ത് ആയിരക്കണക്കിന് വരുന്ന ദുരിതാശ്വാസ ക്യാംപുകളിലായി ഒമ്പത് ലക്ഷത്തോളം പേരാണ് കഴിയുന്നത്. നിരവധി പേര്‍ അയല്‍വീടുകളിലും ബന്ധുവീടുകളിലുമുണ്ട്. ഓണം ആഘോഷിക്കാന്‍ പറ്റിയ മാനസികാവസ്ഥയില്‍ അല്ല സംസ്ഥാനം. വീടും ഭൂമിയും അടക്കം സര്‍വ്വതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരില്‍ ബഹുഭൂരിപക്ഷവും ഓണത്തിനും അവിടെതന്നെയായിരിക്കും. ഈ അവസരത്തില്‍ ആര്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ ഓണച്ചന്ത നടത്തുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.

അയല്‍സംസ്ഥാനത്തെ പച്ചക്കറി ലോബിയോട് ഹോര്‍ട്ടിക്കോര്‍പ്പിനുള്ള സ്‌നേഹം മുന്‍വര്‍ഷങ്ങളിലും വിവാദമായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ കാന്തല്ലൂര്‍ അടക്കമുള്ള മേഖലയില്‍ വന്‍തോതില്‍ പച്ചക്കറി വിറ്റഴിക്കാനാവാതെ കെട്ടിക്കിടക്കുമ്പോഴും തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി എടുത്തത് വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. കമ്മീഷണ്‍ ഇനത്തില്‍ ലഭിക്കുന്ന കോടികളിലാണ് പല ഉന്നതരുടേയും കണ്ണ്.

-ബീന സെബാസ്റ്റിയന്‍

Ads by Google
ബീന സെബാസ്റ്റിയന്‍
Monday 20 Aug 2018 08.09 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW