ഉടുമ്പന്‍ചോല: കനത്ത മഴയില്‍ ഇടുക്കിയിലെ എല്ലാ വഴികളും തകര്‍ന്നിരുന്നു. ദിവസങ്ങളായി വൈദ്യുതിയില്ല. പുറംലോകവുമായി ബന്ധപ്പെടാന്‍ മൊബൈല്‍ നെറ്റ്വര്ക്കില്ല. പക്ഷേ ഇതൊന്നും ചെമ്മണ്ണാര്‍ സ്വദേശിയായ ബാജിയോ അഞ്ചേരിയുടെ നിശ്ചയദാര്‍ഡ്യത്തിന് മുന്നില്‍ തടസമായില്ല.
മലപിളര്‍ന്ന് എത്തിയ മലവെള്ളപാച്ചിലിന്റെയും പേമാരിയ്ക്കിടയിലൂടെയും അവന് ഐ.സി.എ.ആര്. (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസേര്‍ച്ച്) പ്രവേശന പരീക്ഷ എഴുതാന്‍ എറണാകുളം തേവര എസ്.എച്ച്. കോളേജിലെത്തി.
ഞാറാഴ്ച നടത്തേണ്ടിയിരുന്ന പ്രവേശന പരീക്ഷ മാറ്റിവെച്ചിട്ടുണ്ടാകുമെന്നായിരുന്നു ബാജിയോയും മാതാപിതാക്കളും കരുതിയത്. എന്നാല്‍ തമിഴ്നാട്ടില്‍ നിന്നുമുള്ള റോമിങ് നെറ്റ്വര്ക്കിലെത്തി പരീക്ഷാകേന്ദ്രത്തില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ പരീക്ഷക്ക് മാറ്റമില്ല എന്ന് അറിഞ്ഞു. തുടര്‍ന്ന് ഐ.സി.എ.ആര്. ഡല്‍ഹി ആസ്ഥാനത്തു വിളിച്ചപ്പോള്‍ രാജ്യമൊട്ടാകെ നടത്തുന്ന പരീക്ഷയായതിനാല്‍ കേരളത്തിലെ പ്രശ്നങ്ങളുടെ പേരില്‍ പരീക്ഷ മാറ്റിവെയ്ക്കാന്‍ സാധ്യമല്ലെന്ന് വ്യക്തമാക്കി.
തന്റെ ഒരു വര്‍ഷത്തെ അധ്വാനം വ്യര്ത്ഥമാകുമെന്നു മനസിലാക്കിയ ഒടുവില്‍ ബാജിയോ പരീക്ഷ എഴുതാന്‍ തീരുമാനിക്കുകയായിരുന്നു. പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതിരുന്ന ഹൈറേഞ്ചില്‍നിന്നു എങ്ങനെ പുറത്തുകടക്കാം എന്നായി അടുത്ത ചിന്ത. ഒടുവില്‍ ഒരു സ്കൂട്ടര്‍ സംഘടിപ്പിച് ചെമ്മണ്ണാറില്‍നിന്ന് എറണാകുളത്തേക്ക് ശനിയാഴ്ച്ച യാത്ര തുടങ്ങി. അത്യാവിശം വേണ്ട ഭക്ഷണവും വെള്ളവും ഒപ്പം കുപ്പികളില്‍ പെട്രോളും കരുതി.
നെടുങ്കണ്ടം, തോപ്രാംകുടി, കരിമ്പന്‍, കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ ഉണ്ടായിരുന്ന സന്നദ്ധപ്രവര്‍ത്തകര്‍ തടസമില്ലാതിരുന്ന വഴികള്‍ പറഞ്ഞു നല്കി. ഒടുവില്‍ നെടുംകണ്ടത്തെ മണ്ണിടിച്ചിലിനെയും ഉരപ്പുതൊട്ടിലെ ഉരുള്‍പൊട്ടലിനെയും വഴിനീളെ കൂടെയുണ്ടായിരുന്ന മാര്‍ഗതടസങ്ങളും അതിജീവിച്ച് പരീക്ഷയെഴുതിയ ബാജിയോ, ആല്‍പ്പാറയില്‍ വീണുകിടന്ന മരത്തിനു മുകളിലൂടെ സ്കൂട്ടര്‍ ഉയര്‍ത്തി തന്ന ചേട്ടന്മാരെയും നന്ദിയോടെ ഓര്‍ക്കുന്നു. ബാജിയോയുടെ മുഖത്തു ഇപ്പോള്‍ കാണാനാവുക പ്രതിബന്ധങ്ങളെ നെഞ്ഞുറപ്പോടെ നേരിടുന്ന ഹൈറേഞ്ചുകാരന്റെ നിശ്ചയദാര്‍ഡ്യം മാത്രം.