Monday, April 22, 2019 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
പി.എസ്.അഭയന്‍
Monday 20 Aug 2018 12.01 PM

ചുറ്റും വെള്ളം മാത്രം, ഭക്ഷണമോ കുടിവെള്ളമോ ഇല്ലാതെ രണ്ടു രാവും പകലും ദമ്പതികള്‍ കഴിഞ്ഞത് ഒരു കൊച്ചുവള്ളത്തില്‍; ആറാടുകളുമായി കൊടുംമഴയത്ത് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തില്‍ സജിയും തങ്കമണിയും സാഹസീക അതിജീവനം

uploads/news/2018/08/242073/saji.jpg

കോട്ടയം: കേരളത്തെ കൊടുംദുരന്തത്തിലാഴ്ത്തിയ പ്രളയക്കെടുതി നേരിട്ട് അനുഭവിക്കേണ്ടി വന്ന അനേകരാണ് ക്യാമ്പുകളില്‍ ഭീതിയൊഴിയാതെ കഴിയുന്നത്. ഉറ്റവരും ഉടയവരും പലരും ജീവിച്ചിരിപ്പുണ്ടെന്നും ഏതു ക്യാമ്പുകളിലാണെന്നും ഉറപ്പാക്കിക്കൊണ്ടുമിരിക്കുന്നു. മുങ്ങിമരണത്തെ മുഖാമുഖം കണ്ട ശേഷം ക്യാമ്പുകളില്‍ ജീവനോട് എത്തിച്ചേരാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ പലരും കഴിയുമ്പോള്‍ കുത്തൊഴുക്കില്‍ അതിവേഗത്തില്‍ ഉയരുന്ന ജലനിരപ്പില്‍ ഒരു വള്ളത്തില്‍ ആറാടുകളുമായി കഴിക്കാനോ കുടിക്കാനോപോലും ഒന്നുമില്ലാതെ രണ്ടു രാവും പകലും തള്ളി നീക്കിയ ശേഷം ജീവിതത്തിന്റെ തുരുത്തിലേക്ക് തുഴഞ്ഞുകയറിയതിന്റെ ആശ്വാസത്തിലാണ് ആലപ്പുഴ വടക്കന്‍ വെളിയനാട്ടെ എഴുതപില്‍ചിറ സജിയും തങ്കമണിയും.

കേരളം കണ്ട ഏറ്റവും വലിയ ജലപ്രളയങ്ങളില്‍ ഒന്നില്‍ അതിസാഹസികമായി പൊരുതിയ ഇവര്‍ തങ്ങളുടെ ആറ് ആടുകളെ പോലും പ്രളയത്തിന് വിട്ടുകൊടുത്തില്ല. രണ്ടു ദിവസം തോട്ടിലെ വെള്ളം തന്നെ കുടിച്ചും രാത്രി ഒരു കൊതുകുതിരി കത്തിച്ചു വെച്ചും രക്ഷപ്പെടാന്‍ ഉപയോഗിച്ച വള്ളത്തില പടുതാ മൂടി ഇരിക്കുകയായിരുന്നു ഇരുവരും. കേരളത്തെ മുക്കിയ വെള്ളപ്പൊക്കത്തിന്റെ ആദ്യ രണ്ടു ഘട്ടത്തിലും ക്യാമ്പിലേക്ക് മാറാതെ വീടുകളില്‍ തന്നെ കഴിഞ്ഞ സജിയും തങ്കമണിയും ഇതുപോലൊരു വെള്ളം വരവ് മുമ്പ് കണ്ടിട്ടേയില്ലെന്ന് പറയുന്നു. കഴിഞ്ഞ 15 ാം തീയതി മഴ തുടങ്ങിയ ശേഷം ജലനിരപ്പ് ഉയരാന്‍ തുടങ്ങിയപ്പോള്‍ 40 കുടുംബങ്ങളുള്ള ചിറയില്‍ അയല്‍ക്കാരെല്ലാം വീടു വിട്ടു പോയിട്ടും ഇവര്‍ മാറാന്‍ കൂട്ടാക്കിയിരുന്നില്ല. വീട്ടിലെ രണ്ടു മുറിയിലും വെള്ളം കയറിയപ്പോഴും വെള്ളം കയറാത്ത ഹാളില്‍ കഴിഞ്ഞു.

പിന്നീടുള്ള ദിവസം നോക്കി നില്‍ക്കേയാണ് ജലനിരപ്പ് വീടിനുള്ളില്‍ ഉയര്‍ന്നുയര്‍ന്ന് വന്നതെന്ന് സജി പറയുന്നു. ആദ്യം രണ്ടു തവണ കയറി ഇറങ്ങിപ്പോയ വെള്ളത്തിന്റെ ഓര്‍മ്മയിലും വെള്ളപ്പൊക്കം എത്ര കണ്ടതാണ് എന്ന കുട്ടനാട്ടുകാരന്റെ ആത്മവിശ്വാസത്തില്‍ വീണ്ടും പൊങ്ങിയിരുന്നു. ഓരോ ഒഴുക്ക് വരുന്നതിന് അനുസരിച്ച് വെള്ളം ഉയര്‍ന്നുകൊണ്ടിരുന്നു. മുട്ടിന് മുകളില്‍ വെള്ളമെത്തിയതോടെയാണ് പന്തിയല്ലെന്ന് തോന്നിയത്. സജിയും ഭാര്യയും ഇനി രക്ഷപ്പെടുകയാണ് നല്ലത് എന്ന് മനസ്സിലാക്കി. പല തവണ രക്ഷാപ്രവര്‍ത്തകര്‍ വന്നു പോയതിനാല്‍ 40 വീട്ടുകാര്‍ താമസിച്ചിരുന്ന ചിറ ശൂന്യമായിരുന്നു. തൊട്ടടുത്ത വീടുകളില്‍ ആരുമുണ്ടായിരുന്നില്ല. എല്ലാവരും ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോഴെല്ലാം വീട്ടിലുള്ള ആടുകളെ എങ്ങിനെ ഉപേക്ഷിക്കും എന്ന ചിന്തയായിരുന്നു സജിയെയും തങ്കമണിയെയും വിഷമിപ്പിച്ചത്.

സജിയും തങ്കമണിയും തൊട്ടപ്പുറത്തെ വീട്ടില്‍ സാധനങ്ങള്‍ ഉയര്‍ത്തി വെയ്ക്കാനായി എത്തിയ അഞ്ചു പേരും മാത്രമായിരുന്നു ഈ സമയത്ത് തുരുത്തില്‍ ആകെയുണ്ടായിരുന്നത്. കാര്യങ്ങള്‍ കൈവിട്ടതോടെ കിട്ടുന്ന വള്ളത്തില്‍ കയറി രക്ഷപ്പെടാന്‍ സജിയും തങ്കമണിയും ആഗ്രഹിച്ചെങ്കിലും വള്ളം എല്ലാം തന്നെ രക്ഷാപ്രവര്‍ത്തകര്‍ കൊണ്ടുപോയിരുന്നു. ജനല്‍ നിരപ്പിലേക്ക് വെള്ളം ഉയര്‍ന്നതോടെ സജി വീട്ടില്‍ നിന്നും വെളിയിലിറങ്ങി നെഞ്ചറ്റം വെള്ളത്തിലൂടെ മുതലാളിയുടെ വീട്ടിലേക്ക് വള്ളം ചോദിക്കാന്‍ പോയി. സമീപപ്രദേശങ്ങളെല്ലാം മുങ്ങിക്കഴിഞ്ഞിരുന്നു. കായലിന് സമാനമായി പ്രദേശങ്ങള്‍. കണ്ണെത്താദൂരത്തോളം വെള്ളം മാത്രം കാണുന്ന അവസ്ഥയില്‍ വെള്ളത്തിലൂടെ ഒന്നര കിലോമീറ്റര്‍ ഇറങ്ങിനടന്നു. പേരിന് മാത്രമുള്ള വരമ്പത്ത് കൂടിയായിരുന്നു സാഹസീകയാത്ര. ഒടുവില്‍ രക്ഷാപ്രവര്‍ത്തകരില്‍ നിന്നും മുതലാളിയുടെ എഞ്ചിന്‍ ഘടിപ്പിച്ച വള്ളം എടുത്തുകൊണ്ട് വീട്ടിലെത്തി.

ശക്തി ഒട്ടും കുറയ്ക്കാതെ മഴ തിമിര്‍ത്തു പെയ്യുകയായിരുന്നു. വള്ളത്തിന്റെ ഒരു ഭാഗം വീട്ടിലെ ഷെഡ്ഡിലേക്ക് കയറ്റി നിര്‍ത്തി. ആടുകളെയായിരുന്നു ആദ്യം വള്ളത്തില്‍ കയറ്റിയത്. അവയെ നനയാത്ത ഭാഗത്ത് നിര്‍ത്തി. വള്ളത്തിന്റെ മറുതലയ്ക്കല്‍ ഒരു പടുത തലയ്ക്ക് മുകളിലൂടെ മൂടി സജിയും ഭാര്യയും ഇരുന്നു. ആ രാത്രി ഒരു കൊതുകുതിരിയും കത്തിച്ചുവെച്ച് അവിടെയിരുന്ന് നേരം വെളുപ്പിച്ചു. ഇതിനിടയില്‍ ഫോണും നിശ്ചലമായി. പിറ്റേന്ന് അപ്പുറത്തെ വീട്ടിലുണ്ടായിരുന്നവരുടെ സഹായത്തോടെ ഇന്‍വെര്‍ട്ടറില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്തു. ഇതനകം ഇരുവരേയും കാണാതെ ഫോണിലേക്ക് ബന്ധുക്കള്‍ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരു വേള ഫോണ്‍ കിട്ടിയപ്പോള്‍ അവര്‍ കരഞ്ഞത് സജിയെയും പരിഭ്രാന്തനാക്കി. ഇതിനിടയില്‍ വള്ളത്തില്‍ പല തവണ വെള്ളം നിറയുകയും സജി കോരിക്കളയുകയും ചെയ്തുകൊണ്ടിരുന്നു.

പിറ്റേന്നും വീടു വിടാന്‍ കഴിഞ്ഞില്ല. ഒഴുക്ക് കൂടിയതും മഴയും യാത്ര അസാധ്യമാക്കി. സജിയുടെ കാലുകള്‍ തണുത്തു മരച്ച് നീരുവെച്ചിരുന്നു. തൈറോയ്ഡ് രോഗത്തിന് ഗുളിക കഴിച്ചിരുന്ന തങ്കമണിയ്ക്ക് നെഞ്ചുവേദന ഉണ്ടായെങ്കിലും ഭര്‍ത്താവിനെ അറിയിക്കാതെ അവര്‍ പിടിച്ചുനിന്നു. ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമാകുന്നു. തോട്ടിലെ വെള്ളം കുടിച്ച് ജീവന്‍ നിലനിര്‍ത്തി. വള്ളത്തില്‍ ഒരേയിരുപ്പില്‍ രണ്ടാമത്തെ രാത്രിയിലേക്ക് കൂടി പിന്നിട്ടതോടെ അതിജീവനം അസാധ്യമാണെന്ന് തോന്നിത്തുടങ്ങി. ജലനിരപ്പ് ഒരേ നിലയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ശക്തമായ ഒഴുക്കും രാത്രിയുടെ കനത്ത ഇരുട്ടില്‍ ഒരു വേള മരണം മുന്നില്‍ കണ്ടു. വള്ളം ചവുട്ടിമുക്കി വെള്ളത്തിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നതിനേക്കുറിച്ച് വരെ ചിന്തിച്ചു. ഒരു രാവ് കൂടി ഇരുണ്ടു വെളുത്തതോടെ ഒന്നു ശ്രമിച്ചു നോക്കാന്‍ വിപദിധൈര്യം കിട്ടി. ഒഴുക്കിനെയും വെള്ളത്തേയും അതിജീവിച്ച് വള്ളം സ്റ്റാര്‍ട്ടാക്കി ഇറങ്ങി. ഒടുവില്‍ തുരുത്തുതേടിയുള്ള യാത്രയും അതിജീവനത്തിന്റെ തുഴച്ചിലും സജിയെയും തങ്കമണിയെയും ചങ്ങനാശ്ശേരിയുടെ സമീപ പ്രദേശങ്ങളില്‍ എത്തിച്ചു.

ഇപ്പോള്‍ കുട്ടനാടിന്റെ ഒരു പ്രദേശത്തുള്ളവരെ പാര്‍പ്പിച്ചിരിക്കുന്ന ബന്ധുക്കള്‍ കൂടി താമസിക്കുന്ന കുറിച്ചിയിലെ മാളിയക്കടവ് ചൂരച്ചിറ ദുരിതാശ്വാസ ക്യാമ്പിലാണ് സജിയും തങ്കമണിയും കഴിയുന്നത്. വെള്ളമിറങ്ങി വീട്ടിലേക്ക് ചെല്ലുമ്പോള്‍ മൂന്ന് തവണ വെള്ളംപൊങ്ങി പൂര്‍ണ്ണമായും മുങ്ങിപ്പോയ വീട് ഇനി കാണുമോ എന്ന ആശങ്കയുണ്ടെങ്കിലും വീട്ടിലെ അംഗങ്ങളെപ്പോലെ തന്നെ മാറിയിരിക്കുന്ന ആടുകളെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞ സംതൃപ്തിയാണ് സജിക്കുള്ളത്. മലവെള്ളം കുത്തിയൊഴുകി വരുമ്പോള്‍ ജീവന്‍പോലും നോക്കാതെ ആടിന്റെ ആദായം നോക്കിയിരുന്നവന്‍ എന്ന പഴി കേള്‍ക്കേണ്ടി വരുന്നുണ്ടെങ്കിലും ആ മിണ്ടാപ്രാണികളുടെ ജീവനും നമ്മുടേത് പോലെതന്നെയല്ലേയെന്നാണ് സജി പറയുന്നത്. അവയെ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ തോന്നിയില്ല. അങ്ങിനെ ചെയ്താല്‍ ദൈവം പോലും പൊറുക്കുകേലെന്ന് സജി പറയുന്നു.

ഒപ്പം മറ്റൊരു രഹസ്യം കൂടി സജി പറഞ്ഞു. തന്റേത് നാല് ആടുകളാണ്. മറ്റു രണ്ടെണ്ണം കൂട്ടുകാരന്റേതായിരുന്നു. വെള്ളപ്പൊക്കത്തില്‍ അവയെ രക്ഷിക്കാന്‍ കഴിയാതെ ഉപേക്ഷിച്ച് പോകാന്‍ ഒരുങ്ങിയ കൂട്ടുകാരന് 500 രൂപ നല്‍കിയ ശേഷം ബാക്കി പിന്നീട് തരാമെന്ന് പറഞ്ഞ സജി വാങ്ങിയാണ് രക്ഷപ്പെടുത്തിയത്. ഇതിനിടയില്‍ ആടുകള്‍ പല തവണ വെള്ളത്തില്‍ വീഴുകയും സജി അവയെ രക്ഷപ്പെടുത്തിയുമാണ് കൊണ്ടു വന്നത്. ബന്ധുവായി രാജി ഭവനില്‍ ജോയിയുടെ വീട്ടില്‍ താല്‍ക്കാലിക കൂടുണ്ടാക്കി നിര്‍ത്തിയിരിക്കുകയാണ് സജി. ഇവരുടെ ഏകമകള്‍ സംഗീതയേയും വെള്ളപ്പൊക്കം ബാധിച്ചിരുന്നു. ആലുവയില്‍ എക്‌സ്‌റേ ജോലി ചെയ്യുന്ന അവര്‍ അവിടെ ദുരിതാശ്വാസ ക്യാമ്പില്‍ സുരക്ഷിതയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW