ഇടുക്കി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് തുണയുമായി അയല്‍ക്കാരായ തമിഴ്നാട് 11 ലോറി നിറയെ സാധനങ്ങള്‍ എത്തിച്ചു. ഉപമുഖ്യമന്ത്രി ഒ.പനീർ ശെൽവത്തിന്റെ നേതൃത്വത്തില്‍ 30 ലക്ഷം രൂപയുടെ സാധനങ്ങള്‍ അതിർത്തി ചെക്ക് പോസ്റ്റായ കമ്പംമെട്ടിലെത്തിച്ചു. തേനി ജില്ലയില്‍ നിന്നും ആറ് വാഹനങ്ങളിലും മധുരയില്‍ നിന്ന് നാല് ലോറികളിലും എത്തിച്ച സാധനങ്ങള്‍ ഇടുക്കി ആർ.ഡി.ഒ. എം.പി.വിനോദിന് കൈമാറി.
തമിഴ്നാട് സർക്കാരും, തേനി ജില്ലയിലെ എ.ഐ.എ.ഡി.എം.കെ. പ്രവർത്തകരും ചേർന്ന് ശേഖരിച്ച 11 ലോറി നിറയെ സാധനങ്ങളുമായാണ് പനീർ ശെൽവം എത്തിയത്. ഇത് കൂടാതെ തേനി തഹസിൽദാർ ആറ് വാഹനങ്ങൾ നിറയെ അവശ്യ സാധനങ്ങൾ ബോഡിമെട്ട് വഴി ഉടുമ്പൻചോല താലൂക്കോഫീസിലും എത്തിച്ചു. 15 ടൺ അരി, രണ്ട് ടൺ വീതം ആട്ട, മൈദ, ഒന്നര ടൺ വീതം പരിപ്പ്, പയർ, മൂന്ന് ടൺ പഞ്ചസാര, 1000 ലിറ്റർ വെളിച്ചെണ്ണ, രണ്ട് ടൺ വീതം പാൽപ്പൊടി, തേയില, അഞ്ച് ടൺ പച്ചക്കറികൾ തുടങ്ങിയവ കൈമാറിയവയിൽ ഉൾപ്പെടുന്നു.
അരി,പച്ചക്കറികള്‍, കുടിവെള്ളം, പലചരക്ക് സാധനങ്ങള്‍, ലുങ്കികള്‍, ബിസ്കറ്റ് പായ്ക്കറ്റുകള്‍ എന്നിവ അടക്കമുള്ള സാധനങ്ങളാണ് മധുരയില്‍ നിന്നും തമിഴ്നാട് ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എത്തിച്ചത്. ഒരു ലോറിയിലെ സാധനങ്ങള്‍ ദേവികുളത്തും മറ്റൊന്ന് നെടുങ്കണ്ടത്തും രണ്ടെണ്ണം കളക്ടറേറ്റിലും എത്തിച്ചു. ഭക്ഷ്യവസ്തുക്കൾ വിവിധ പ്രദേശങ്ങിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ റവന്യു വകുപ്പ് എത്തിക്കും.
മധുര ജില്ലാ കളക്ടര്‍ വീര രാഘവന്റെ നിര്‍ദേശ പ്രകാരമാണ് കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ സഹായമെത്തിച്ചത്. മധുരയില്‍ നിന്നും ഭക്ഷ്യ- അവശ്യ വസ്തുക്കളുമായി തമിഴ്നാട് സംഘം നെടുങ്കണ്ടത്ത് എത്തി. അഞ്ച് ലോറികളിലായാണ് സാധനങ്ങള്‍ എത്തിച്ചത് വലിയ ലോറികളില്‍ സാധനങ്ങള്‍ പൂപ്പാറയില്‍ എത്തിച്ച ശേഷം ഇവിടെ നിന്ന് മിനി ലോറികളിലാക്കി വിവിധ മേഖലകളിലേയ്ക്ക് എത്തിയ്ക്കുകയായിരുന്നു. മധുര ഡെപ്യൂട്ടി തഹസില്‍ദാര്‍ കാര്‍ത്തികേയന്റെ നേതൃത്വത്തിലാണ് സംഘം നെടുങ്കണ്ടത്ത് എത്തിയത്.
ആവശ്യാനുസരണം കൂടുതല്‍ ഭക്ഷ്യ വസ്തുക്കളും അവശ്യ സാധനങ്ങളും തമിഴ്നാട്ടില്‍ നിന്നും എത്തിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 'കേരളത്തിലെയും തമിഴ്നാട്ടിലേയും ജനനങ്ങൾ സഹോദരങ്ങളാണ്. തമിഴ്നാട്ടിൽ പ്രളയമുണ്ടായപ്പോൾ കേരളം തന്ന സഹായം സ്മമരിക്കുന്നു. പ്രളയം മൂലം ബുദ്ധിമുട്ടുന്ന മലയാളികളോടൊപ്പം തമിഴ്നാട് സർക്കാരും, എ.ഐ.എ.ഡി.എം.കെ.യും പങ്കു ചേരുന്നു. സഹായങ്ങൾ ഇനിയും തുടരും'- പനീർശെൽവം പറഞ്ഞു.