Sunday, April 21, 2019 Last Updated 9 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 19 Aug 2018 09.32 PM

പശ്‌ചിമഘട്ടത്തിന്റെ ശവക്കുഴി തോണ്ടിയവര്‍ കൂടെയുണ്ട്‌

uploads/news/2018/08/242048/bft2.jpg

ഇന്‍ഫാമിന്റെ ദേശീയ സെക്രട്ടറി ജനറല്‍ വി.സി. സെബാസ്‌റ്റ്യന്‍ എഴുതിയ പശ്‌ചിമഘട്ടം പരിസ്‌ഥിതി ലോലം: ശവക്കുഴി തോണ്ടിയവരെങ്ങനെ സംരക്ഷകരാകും എന്ന ലേഖനം വായിച്ചവരൊക്കെ മൂക്കത്തു വിരല്‍വച്ചിട്ടുണ്ടാവും. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്‌ഥിത ലോലമേഖലയില്‍ (ഇ.എസ്‌.എ) ഉള്‍പ്പെടുത്തിയിട്ടുള്ള കേരളത്തിലെ 123 വില്ലേജുകള്‍ മാത്രമല്ല കേരളമാകെ അതിഭീകരമായ പ്രകൃതിദുരന്തത്തില്‍ വിറങ്ങലിച്ചു നല്‍ക്കുമ്പോള്‍ ഇത്തരം ഒരു ലേഖനം എഴുതാന്‍ തോന്നിയതു വിചിത്രം തന്നെ.
ലേഖനം വായിച്ചാല്‍ തോന്നും ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടും കസ്‌തുരിരംഗന്‍ റിപ്പോര്‍ട്ടുമാണ്‌ പ്രകൃതിദുരന്തത്തിനു വഴിവച്ചതെന്ന്‌. കസ്‌തുരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഇ.എസ്‌.എയില്‍ ഉള്‍പ്പെടുത്തിയ കേരളത്തിലെ 123 വില്ലേജുകള്‍ മാത്രമല്ല കേരളത്തിലെ മറ്റ്‌ വില്ലേജുകളും പരിസ്‌ഥിതിലോലമാണെന്നാണു സമീപദിവസങ്ങളില്‍ ഉണ്ടായ പ്രകൃതിദുരന്തം തെളിയിച്ചിരിക്കുന്നത്‌.
എല്ലാ കുറ്റവും രാജ്യംഭരിച്ച കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ കെട്ടി വച്ച്‌ മറ്റെല്ലാവര്‍ക്കുംക്ല ീന്‍ചീറ്റ്‌ നല്‍കിയ ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ പരോക്ഷമായി രാഷ്‌ട്രീയം കളിക്കുകയാണ്‌. ഗാഡ്‌ഗില്‍ സമിതിയെയും കസ്‌തുരിരംഗന്‍ സമിതിയെയും നിയോഗിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ ശരിയും ശരികേടും പ്രകൃതി ദുരന്തത്തില്‍ കേരളം അന്ധാളിച്ചു നില്‍ക്കുമ്പോള്‍ ചിന്തിക്കുന്നതും പറയുന്നതും പുരകത്തുമ്പോള്‍ വാഴവെട്ടുന്നതു പോലെയാണ്‌.
കേരളം മാത്രമല്ല, രാജ്യവും ലോകവും ഒട്ടാകെ നേരിടുന്ന ഭയാനകമായ വെല്ലുവിളിയാണു പാരിസ്‌ഥിതികാഘാതം. ലോകത്തിന്റെയും മാനവരാശിയുടെയും നിലനില്‍പ്പുതന്നെ ഭീഷണിയുടെ നിഴലിലാണ്‌. പരിസ്‌ഥിതി ആഘാതത്തെക്കുറിച്ചു മനസിലാക്കാന്‍ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടും, ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടും ഒന്നും വായിച്ച്‌ മെനക്കെടേണ്ടതില്ല. നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകളിലേക്ക്‌ ഒന്നെത്തിനോക്കിയാല്‍ മതി.
പുഴകളും തോടുകളും കുളങ്ങളും കായലുകളും മലയോരങ്ങളും പാടങ്ങളും എല്ലാം പരിസ്‌ഥിതി ആഘാതത്തിന്റെ ദൃഷ്‌ടാന്തങ്ങളാണ്‌. തോടുകളും പുഴകളും കായലുകളും മാല്യന്യ നിക്ഷേപ കേന്ദ്രങ്ങളായിരിക്കുന്നു. പുഴകളുടെയും തോടുകളുടെയും കായലുകളുടെയും തീരങ്ങളില്‍ താമസിക്കുന്നവരൊക്കെ കൈയേറ്റം നടത്തിയിട്ടുണ്ട്‌. എവിടെയെങ്കിലും ഒരു കുളം കണ്ടാല്‍ അതു നികത്തിയാലെ ഉറക്കം വരികയുള്ളു എന്ന മട്ടിലാണ്‌ ആളുകളുടെ മനസ്‌. വീടുവയ്‌ക്കാന്‍ ഏറ്റവും ഉചിതമായ സ്‌ഥാനം നെല്‍പ്പാടമാണെന്നാണു പുതിയ കണ്ടെത്തല്‍. പാടങ്ങള്‍ നികത്തി വീടുകളും ഫ്‌ളാറ്റുകളും കെട്ടിപ്പൊക്കിയവരില്‍ രാഷ്‌ട്രീയനേതാക്കളും ജനപ്രതിനിധികളും ഭരണകര്‍ത്താക്കളും സാധാരണക്കാരുമുണ്ട്‌. മഴവെള്ളം കെട്ടിനിന്നു ഭൂഗര്‍ഭജലത്തിന്റെ അളവ്‌ വര്‍ധിപ്പിച്ചിരുന്ന നെല്‍പ്പാടങ്ങളുടെയും ചതുപ്പുകളുടെയും വീസ്‌തീര്‍ണം ഓരോനിമിഷവും കുറഞ്ഞുക്കൊണ്ടിരിക്കുന്നു.
മഴവെള്ളം സുഗമമായി ഒഴുകിക്കൊണ്ടിരുന്ന പുഴകളും തോടുകളും കാനകളും തൊണ്ടുകളും കുളങ്ങളും കൈയേറി നികത്തി കെട്ടിടങ്ങള്‍ പണിതാല്‍ പിന്നെ മഴവെള്ളം എങ്ങോട്ടൊഴുകും. സ്വാഭാവികമായി എല്ലായിടത്തും കൃത്രിമ വെള്ളപ്പൊക്കം ഓരോ മഴക്കാലത്തും സൃഷ്‌ടിക്കപ്പെടും. മലയോരങ്ങളില്‍ മണ്ണിടിയുന്നതും ഉരുള്‍പൊട്ടുന്നതും പതിവായിരിക്കുന്നു. എല്ലാ മലകളും മലയോരങ്ങളും അതീവദുര്‍ബലമാണ്‌ എന്നൊന്നും ആരും ഓര്‍ക്കാറില്ല. എല്ലാം കൈയേറാനും സ്വന്തമാക്കാനുമുള്ളതാണ്‌ എന്ന ആക്രാന്തമാണ്‌ എല്ലാ കുഴപ്പത്തിന്റെയും കാരണം.
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇടപെടലില്‍ ആരോഗ്യകരമായ ഒരു താളം നിലനിന്നിരുന്നു. ആ താളമാണ്‌ ഇപ്പോള്‍ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നത്‌. അതിനെ പരിസ്‌ഥിതി ആഘാതം എന്നൊക്കെ പുച്‌ഛത്തോടെ പറഞ്ഞ്‌ ആക്ഷേപിക്കുന്നതിനു പകരം പ്രകൃതിക്കിണങ്ങുന്നതു പോലെ ജീവിക്കുവാന്‍ മനുഷ്യര്‍ തയാറാകണം. ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍മാരെപോലെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവരെ പൊതുസമൂഹം കരുതലോടെ കൈകാര്യം ചെയ്യണം. ഉമ്മന്‍ വി. ഉമ്മന്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇ.എസ്‌.എയില്‍ നിലനിര്‍ത്തിയ വനേതര മേഖല പരിരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഇനിയെങ്കിലും തിരിച്ചറിയണം. വനേതര മേഖല എന്ന്‌ വിവക്ഷിക്കുന്നതു ചതുപ്പുകളും പാറക്കെട്ടുകളും മൊട്ടക്കുന്നുകളും കുളങ്ങളും തടാകങ്ങളുമടങ്ങുന്ന പ്രദേശങ്ങളെയാണ്‌. അതൊക്കെ പരിരക്ഷിക്കപ്പെടേണ്ടതു മാനവരാശിയുടെ നിലനില്‍പ്പിന്‌ അനിവാര്യമാണ്‌. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഇ.എസ്‌.എയില്‍ ഉള്‍പ്പെടുത്തിയ 123 വില്ലേജുകളില്‍ 32 വില്ലേജുകളെ ഇ.എസ്‌.എയില്‍നിന്നും പൂര്‍ണമായും ഒഴിവാക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ കണ്ടുപിടിച്ച സൂത്രപ്പണിയാണ്‌ വനേതര ഭൂമി ഇ.എസ്‌.എയില്‍നിന്നും ഒഴിവാക്കണമെന്ന ആവശ്യം. അവശേഷിക്കുന്ന 91 വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളുടെയും കൃഷിയിടങ്ങളുടെയും തോട്ടങ്ങളുടെയും കാര്യം എങ്ങനെയായാലും കുഴപ്പമില്ല എന്നാണു കരുതുന്നതെങ്കില്‍ ബഹുവിശേഷമായി!. യു.പി.എ. സര്‍ക്കാര്‍ പുറപ്പെടുവിച്ച കരടുവിജ്‌ഞാപനത്തിന്റെ അടിസ്‌ഥാനത്തില്‍ അന്തിമവിജ്‌ഞാപനം പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ടതാണു പ്രതിപക്ഷ നേതാവിനെതിരേയുള്ള പ്രധാന ആക്ഷേപം. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇ.എസ്‌.എയില്‍നിന്നും ഒഴിവാക്കി യു.പി.എ. സര്‍ക്കാര്‍ പുറപ്പെടുവിച്ച കരടു വിജ്‌ഞാപനത്തോട്‌ ഇത്രവലിയ ആക്ഷേപമെന്താണെന്ന്‌ എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും തോട്ടങ്ങളിലും പരിസ്‌ഥിതി ആഘാതം ഉണ്ടായിട്ടില്ലാത്തതുക്കൊണ്ടല്ല, മറിച്ച്‌ നൂറ്റാണ്ടുകളായി അവിടെ കൃഷിചെയ്‌തു ജീവിക്കുന്ന കര്‍ഷകരോടുള്ള പ്രതിബദ്ധത കൊണ്ടാണു യു.പി.എ. സര്‍ക്കാര്‍ അത്തരം പ്രദേശങ്ങളെ കരട്‌ വിജ്‌ഞാപനത്തിലൂടെ ഇ.എസ്‌.എയില്‍ നിന്നും ഓഴിവാക്കിയത്‌. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടും കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടും വന്നതുമൂലം മലയോര ജനതയെ ഒട്ടാകെ കുടിയിറക്കും എന്നു തെറ്റിദ്ധരിപ്പിച്ചു ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയവരുടെ കാപട്യമാണു പ്രകൃതി ദുരന്തത്തിലൂടെ വെളിവായത്‌. ആരും ഇറക്കി വിട്ടില്ലെങ്കിലും ഓടി രക്ഷപെടാന്‍ വെമ്പുന്ന ഹതഭാഗ്യരായ മലയോര ജനതയെ ഇനിയെങ്കിലും കേവലമായ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി മാത്രമായി ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തരുത്‌. പഞ്ചഭൂതങ്ങളെ ബഹുമാനിക്കണമെന്നാണു പഴമക്കാര്‍ പഠിപ്പിച്ചത്‌. പഴമക്കാര്‍ പഠിപ്പിച്ചതൊക്കെ കേവലമായ സ്വാര്‍ഥനേട്ടങ്ങള്‍ക്കുവേണ്ടി മറന്നതാണു പ്രകൃതി ദുരന്തങ്ങള്‍ക്ക്‌ വഴിയൊരുക്കിയത്‌.
ഏതെങ്കിലും പ്രദേശം പരിസ്‌ഥിതിലോലമാണോ അല്ലയോ എന്നതൊന്നുമല്ല കാര്യം. ഇത്തരം വിശേഷണങ്ങള്‍ ഒക്കെ നമ്മള്‍ മനുഷ്യര്‍ കണ്ടു പിടിച്ചതാണ്‌. പ്രകൃതിയുമായി മല്ലടിക്കുന്നതിനുപകരം പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുകയും പഠിപ്പിക്കുകയുമാണു രാജ്യധര്‍മ്മവും, മനുഷ്യധര്‍മ്മവും. അതുതന്നെയാണു കര്‍ഷക ധര്‍മ്മവും എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാല്‍ നന്ന്‌.
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ പ്രകാരം ഇ.എസ്‌.എയുടെ അടിസ്‌ഥാന യൂണിറ്റ്‌ വില്ലേജുകള്‍ ആകയാല്‍ വനേതര ഭൂമികൂടി ഇ.എസ്‌.എയില്‍നിന്നും ഒഴിവാക്കിയാലേ മലേയോര കര്‍ഷകരെ കസ്‌തൂരിരംഗന്‍ വിപത്തില്‍നിന്നും രക്ഷിക്കാന്‍ പറ്റു എന്ന മട്ടിലാണ്‌ ഇന്‍ഫാം ദേസീയ സെക്രട്ടറി ജനറലിന്റെ വാദം. കേരളത്തെ സംബന്ധിച്ചിടത്തോളം വില്ലേജ്‌ ഇ. എസ്‌.എയുടെ അടിസ്‌ഥാന യൂണിറ്റ്‌ ആയി നിശ്‌ചയിച്ചതു തീര്‍ത്തും അപ്രായോഗികമാണെന്ന്‌ ഉമ്മന്‍ സമിതി റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടുണ്ട്‌.
ഇ.എസ്‌.എയുടെ അടിസ്‌ഥാന യൂണിറ്റായി വില്ലേജുകളെ കണക്കാക്കേണ്ടതില്ല എന്നു തീരുമാനിച്ചാല്‍ എല്ലാ വിവാദങ്ങളും അവിടെ തീരും. മലയോര ജനതയോടും കര്‍ഷക സമൂഹത്തോടും ലവലേശമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ ഇ.എസ്‌.എയുടെ അടിസ്‌ഥാന യൂണിറ്റായി വില്ലേജുകളെ കണക്കാക്കരുതെന്നു കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളോട്‌ ആവശ്യപ്പെടുകയാണു വേണ്ടത്‌. പ്രസ്‌തുത ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ യു.പി.എ. സര്‍ക്കാര്‍ പുറപ്പെടുവിച്ച കരടുവിജ്‌ഞാപനം മലയോര ജനതയുടെ മാഗ്നാകാര്‍ട്ടയാണെന്ന്‌ ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലിനു സമ്മതിക്കേണ്ടി വരും, ഉറപ്പാണ്‌.

എസ്‌. അശോകന്‍

(ലേഖകന്‍ ഇടുക്കി ജില്ലാ മുന്‍ ഗവണ്‍മെന്റ്‌ പ്ലീഡറും പബ്ലിക്‌ പ്രോസിക്യുട്ടറുമാണ്‌)

Ads by Google
Sunday 19 Aug 2018 09.32 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW