Tuesday, September 25, 2018 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 19 Aug 2018 09.28 PM

ദുരിതത്തിലും ആഹ്ലാദം കണ്ടെത്തി അതിജീവനം

uploads/news/2018/08/242035/k13.jpg

മലപ്പുറം: ദുരിതാശ്വാസ ക്യാമ്പുകളിലെ വിവാഹങ്ങളും ജന്മദിനാഘോഷവും അതിജീവനത്തിനുള്ള വഴികളാക്കുയാണ്‌ ദുരിതബാധിതര്‍. മലപ്പുറം എം.എസ്‌.പി. എല്‍.പി.സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നെച്ചിക്കാട്ടിരി സുന്ദരന്റെ മകള്‍ അഞ്‌ജുവാണു വിവാഹിതയായത്‌.
തിരുനാവായ, നിലമ്പൂര്‍ ദുരിതാശ്വാസ ക്യാമ്പുകളിലും ഇന്നലെ വിവാഹങ്ങള്‍ നടന്നു. കുന്നംമംഗലം പെരുവഴിക്കടവ്‌ എല്‍.പി. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണു മനോജകുമാര്‍-സരിത ദമ്പതികളുടെ മകള്‍ തെന്നലിന്റെ ഒന്നാം ജന്മദിനം ആഘോഷിച്ചത്‌. ജാതി-മത-രാഷ്‌ട്രീയം മറന്നുള്ള ചടങ്ങുകളാണു ദുരിതാശ്വാസ ക്യാമ്പുകളില്‍ നടക്കുന്നത്‌.
നാലുദിവസം മുമ്പാണു അഞ്‌ജുവിന്റെ വീട്ടില്‍വെള്ളംകയറിയതും കുടുംബം ഒന്നടങ്കം ദുരിതാശ്വാസ ക്യാമ്പിലെത്തിയതും. വെള്ളപ്പൊക്കത്തില്‍ വീട്‌ പൂര്‍ണമായും മുങ്ങിയതോടെ നേരത്തെ തീരുമാനിച്ച വിവാഹം മാറ്റിവയ്‌ക്കാനാണ്‌ ആദ്യം ബന്ധുക്കള്‍ ആലോചിച്ചത്‌. പിന്നീട്‌ വിവാഹം മാറ്റിവയ്‌ക്കേണ്ടെന്നും ആഘോഷം ഒഴിവാക്കി ചടങ്ങു മാത്രമായി നടത്താനും തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി നേരത്തെ ബുക്ക്‌ ചെയ്‌തിരുന്ന ഓഡിറ്റോറിയം വേണ്ടെന്നു വച്ചു. മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തില്‍ ഇന്നലെ വേങ്ങര സ്വദേശി ഷൈജു താലികെട്ടി. ത്രിപുരാന്തക ക്ഷേത്ര ട്രസ്‌റ്റും നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും സഹായങ്ങളുമായി എത്തുകയും ചെയ്‌തു. അഞ്‌ജുവിന്റെ സ്‌കുള്‍ വിദ്യാഭ്യാസം ദുരിതാശ്വാസ ക്യാമ്പായ എം.എസ്‌.പി. എല്‍.പി.സ്‌കൂളിലായിരുന്നു.
പെരുവഴിക്കടവ്‌ എല്‍.പി. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ വീട്ടുകാര്‍ ക്യാമ്പ്‌ അംഗങ്ങള്‍ക്കു ബിരിയാണി എത്തിച്ചുകൊടുത്താണു തെന്നലിന്റെ പിറന്നാളാഘോഷം ഗംഭീരമാക്കിയത്‌. 45 കുടുംബങ്ങള്‍ താമസിക്കുന്ന ക്യാമ്പില്‍ കുന്നമംഗലം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലുള്ളവരാണുള്ളത്‌.
വാര്‍ഡംഗം എം.എം. സുധീഷ്‌കുമാറിന്റെ സാന്നിധ്യത്തിലാണു ഒരുവയസുകാരി തെന്നല്‍ തന്റെ ഒന്നാംജന്മദിനാഘോഷത്തിന്‌ കേക്ക്‌ മുറിച്ചത്‌. ക്യാമ്പംഗങ്ങളും തെന്നലിന്റെ പിതാവ്‌ മനോജ്‌കുമാറിന്റെ ബന്ധുക്കളും ആഘോഷത്തില്‍ പങ്കെടുത്തു. ഇതേ ക്യാമ്പില്‍ ക്യാമ്പംഗങ്ങള്‍ക്കുള്ള വാര്‍ധക്യപെന്‍ഷന്‍ വിതരണവും നടന്നു.
തിരുനാവായയില്‍ കഴിഞ്ഞദിവസം വിവാഹത്തലേന്ന്‌ വധുവിന്റെ വീട്‌ തകരുകയും വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്‌തിരുന്നു.
കുമാരന്റെ മകളുടെ വിവാഹം നടക്കാനിരിക്കെയാണു വീട്‌ തകര്‍ന്നത്‌. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ സൂക്ഷിച്ച രണ്ടുലക്ഷം രൂപ വീടു തകര്‍ന്ന്‌ മണ്ണിനടിയിലായി. തുടര്‍ന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫൈസല്‍ എടശേരിയുടെ നേതൃത്വത്തില്‍ കുമാരനെ സഹായിക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങി.

വി.പി. നിസാര്‍

Ads by Google
Sunday 19 Aug 2018 09.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW