Sunday, August 19, 2018 Last Updated 5 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 19 Aug 2018 08.13 PM

ദുരന്തഭൂമിയായി ആലപ്പുഴ; കുട്ടനാട്ടില്‍ രണ്ടര ലക്ഷത്തോളം ജനങ്ങളെ മോചിപ്പിച്ചു, രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍

uploads/news/2018/08/241947/alp-folld-3.jpg

ആലപ്പൂഴ: പ്രളയജലത്തില്‍ കുട്ടനാടും, അപ്പര്‍കുട്ടനാടും തകര്‍ന്ന് തരിപ്പണമായി. ജില്ലയുടെ മറ്റ് പ്രദേശങ്ങളിലും അതിരൂക്ഷമായ വെള്ളപ്പൊക്കം ശമനമില്ലാതെ തുടരുന്നു. പ്രളയക്കെടുതിയില്‍ കുട്ടനാട് ദുരിതക്കടലായി മാറി.രണ്ട് മാസമായി തുടരുന്ന വെള്ളപ്പൊക്കം അതിരൂക്ഷമായത് ദിവസങ്ങള്‍ക്ക് മുമ്പാണ്. അധികാരികളുടെ മുന്നറിയിപ്പും അവഗണിച്ച് വീട്ടില്‍ തന്നെ കഴിഞ്ഞിരുന്നവര്‍ അവസാനം പ്രാണരക്ഷാര്‍ത്ഥം പാലായനം ചെയ്യേണ്ട സ്ഥിതിയിലാവുകയായിരുന്നു. കുട്ടനാട്ടില്‍ നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ എത്തുന്ന കാഴ്ച ഹൃദയഭേദകമാണ്.
മൂന്ന് ദിവസമായി പതിനായിരക്കണക്കിനാളുകള്‍ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറിക്കഴിഞ്ഞു.

കുട്ടനാട്ടിലെ ജനങ്ങളെ പൂര്‍ണ്ണമായും ഒഴിപ്പിക്കാന്‍ ജില്ലാ ഭരണകൂടവും ,ദുരന്തനിവാരണ അതോറിട്ടിയും നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 200 ഓളം ബോട്ടുകളും, വള്ളങ്ങളും സജ്ജീകരിച്ചിരുന്നെങ്കിലും കുടുങ്ങി കിടക്കുന്നവരെ പൂര്‍ണ്ണമായും രക്ഷിക്കാനായില്ല. വീടും നാടും വിടില്ലെന്ന വാശിയില്‍ നിരവധി പേര്‍ ഇപ്പോഴും അവിടെയുണ്ട്.അവസാന ആളെയും രക്ഷപ്പെടുത്താനുള്ള പരിശ്രമം ഇപ്പോഴും തുടരുന്നു. മണിക്കൂറുകള്‍ കാത്ത് നിന്നാണ് ജനങ്ങള്‍ ആലപ്പുഴയിലേക്കും, കോട്ടയത്തേക്കും എത്തിയത്. സ്ത്രീകളും, കുട്ടികളും,വൃദ്ധജനങ്ങളും, രോഗികളും അടക്കമുള്ള ആയിരക്കണക്കിനാളുകള്‍ വിവരണാതീതമായ ദുരിതത്തിലാണ്.


വൈദ്യുതി ബന്ധവും, വാര്‍ത്താവിനിമയ സംവിധാനവും തകരാറിലായത് പ്രതിസന്ധി ഇരട്ടിയാക്കി. പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നൂറ് കണക്കിനാളുകളാണ് പങ്കെടുത്തത്.

ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടന്ന ആയിരക്കണക്കിന് ജനങ്ങളെ രണ്ട് ദിവസം കൊണ്ട് രക്ഷിച്ചു. നിരവധിപേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു. 6 ഹെലികോപ്റ്ററുകളും, കര- നാവിക സേനയും, പോലീസും, ഫയര്‍ഫോഴ്‌സും, മത്സ്യത്തൊഴിലാളികളും, നട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ കര്‍മ്മനിരതരായി.തീരദേശത്ത് നിന്നെത്തിയ മത്സ്യത്തൊഴിലാളികളുടെ സേവനമാണ് രക്ഷാപ്രവര്‍ത്തനത്തിന് കരുത്തായത്.
പ്രളയജലത്താല്‍ മുങ്ങിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനവും സങ്കീര്‍ണ്ണമാണ്. കരമാര്‍ഗ്ഗവും, ജലമാര്‍ഗ്ഗവും, വ്യോമ മാര്‍ഗ്ഗവും രക്ഷാപ്രവര്‍ത്തനം ക്രമീകരിച്ചിരുന്നെങ്കിലും വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ പൂര്‍ണ്ണമായി രക്ഷിക്കാനായിട്ടില്ല.

പാലായനം ചെയ്ത് എത്തിയ കുടുംബങ്ങളിലേറെയും ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും വീട് കളിലേക്കാണ് പോകുന്നത്. പ്രളയക്കെടുതിയില്‍ നിന്ന് പാലായനം ചെയ്ത് എത്തുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് എത്തിക്കുവാന്‍ ആലപ്പുഴ മാതാ ജെട്ടിയിലും പരിസര പ്രദേശങ്ങളിലുമായി വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ദേശീയ ദുരന്തനിവാരണസേനയും, നാവിക സേനയും, പോലീസും, ഫയര്‍ഫോഴ്‌സും, വിവിധ സന്നദ്ധ സേന പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്നു.

സ്വകാര്യ ബസ്സുകളും, സ്‌കൂള്‍ ബസ്സുകളും, വിവിധ വകുപ്പ് കളുടെ വാഹനങ്ങളും, ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് എത്തിക്കുന്നതില്‍
ശ്രദ്ധ കേന്ദ്രീകരിച്ചു. രോഗികളെ കൊണ്ട് പോകുന്നതിന് നിരവധി ആംബുലന്‍സുകളും സജ്ജമാണ്. ആലപ്പുഴ ജില്ലലെ വിവിധ സ്‌കൂളുകളിലും,
മറ്റ് കേന്ദ്രങ്ങളിലും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

ജില്ലയിലാകെ ആയിരലേറെ ദുരിതാശ്വാസ കേന്ദ്രങ്ങളിലായി മൂന്ന് ലക്ഷത്തോളം പേര്‍ കഴിയുന്നു. ഔദ്യോഗിക കണക്ക് മാത്രമാണിത്. ക്യാമ്പുകളിലെത്താത്തവര്‍ ഇതിന്റെ ഇരട്ടിയിലേറെ വരും. മന്ത്രിമാരായ തോമസ് ഐസക്കും, ജി.സുധാകരനും, ജെ.തിലോത്തമനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ചയോടെ പൂര്‍ത്തിയാകുമെന്നാണ് സൂചന.

-കെ.ടി.മധു

Ads by Google
Sunday 19 Aug 2018 08.13 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW