Friday, June 14, 2019 Last Updated 4 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 18 Aug 2018 11.06 PM

മൃദുഭാഷണം നയമാക്കിയ തന്ത്രജ്‌ഞന്‍

uploads/news/2018/08/241896/3.jpg

അച്‌ഛന്‍ ഘാനയിലെ പ്രവിശ്യാ ഗവര്‍ണര്‍, അമ്മ ഗോത്രത്തിന്റെ അധിപ... എന്നാല്‍, മൃദുഭാഷിയായ കോഫി അത്താ അന്നാനു നേതൃമികവില്ലെന്നു കരുതിയവരില്‍ സ്വന്തം കുടുംബക്കാര്‍ പോലുമുണ്ടായിരുന്നു. പുസ്‌തകപ്പുഴുവെന്ന വിശേഷണത്തിനപ്പുറം അത്ത വളര്‍ന്നു... ഐക്യരാഷ്‌ട്ര സംഘടനവരെ. പക്ഷേ, വാക്കുകള്‍ക്കുള്ള പിശുക്ക്‌ അവിടെയും അന്നാനു ശക്‌തിയും ദൗര്‍ബല്യവുമായി. പലപ്പോഴും ആ ശൈലി വിമര്‍ശിക്കപ്പെട്ടു. ചിലപ്പോഴൊക്കെ അത്‌ അനുഗ്രഹവുമായി.എങ്കിലും ആഫ്രിക്കന്‍ ഗോത്രവര്‍ഗക്കാരുടെ വീറും വാശിയും അദ്ദേഹത്തിന്‌ അന്യമായിരുന്നെന്നു പറയുന്നവരില്‍ പഴയ സഹപ്രവര്‍ത്തകരുമുണ്ട്‌.
അന്നാന്‌ ഒരു ഇരട്ട സഹോദരി കൂടിയുണ്ടായിരുന്നു- എഫുവ അത്ത. ഇരട്ടകളായി ജനിക്കുന്നവരുടെ പേരിന്റെകൂടെ "അത്ത" എന്നു ചേര്‍ക്കുന്നത്‌ ഘാനയിലെ പതിവായിരുന്നു. അകാന്‍ ഭാഷയില്‍ "ഇരട്ട" എന്നര്‍ഥമുള്ള അത്ത എന്നപേര്‌ അന്നനൊപ്പം കൂടിയത്‌ അങ്ങനെ.
ഐവറി കോസ്‌റ്റിനും ടോഗോയ്‌ക്കും മധ്യേയുള്ള കുമാസിയില്‍ 1938 ഏപ്രില്‍ എട്ടിനാണു അന്നാന്റെ ജനനം. അച്‌ഛന്‍ ഹെന്റി റെഗിനാള്‍ഡ്‌ അന്നാന്‍ ഘാനയിലെ പ്രവിശ്യാ ഗവര്‍ണറായിരുന്നു. അമ്മ വിക്‌ടോറിയ ഗോത്ര മേധാവിയും.
പഠനത്തിനായി അമേരിക്കയിലെത്തിയ കാലഘട്ടമാണു തന്നെ മാറ്റിമറിച്ചതെന്നു അന്നാന്‍ ആവര്‍ത്തിക്കും. 20 -ാം വയസില്‍ ഫോഡ്‌ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പോടെയാണ്‌ അദ്ദേഹം അമേരിക്കയിലേക്കു പോയത്‌.
ആദ്യ തലവേദന മിനസോണ സെന്റ്‌ പോള്‍സ്‌ കോളജ്‌ ക്യാമ്പസില്‍ തന്നെയായിരുന്നു. നടന്നുനടന്നു വഴി തെറ്റും. അതോടെ ക്യാമ്പസിനെ പഠിക്കാന്‍ തീരുമാനിച്ചു. "കണ്ണും കാതും കൂര്‍പ്പിച്ച്‌ നടന്നു. അല്ലെങ്കില്‍ തെറ്റുകള്‍ സംഭവിക്കും. നാട്ടുകാരെക്കാള്‍ നന്നായി ഞാന്‍ വഴികള്‍ പഠിച്ചു"- അദ്ദേഹം പിന്നീട്‌ പറഞ്ഞു. സാമ്പത്തിക ശാസ്‌ത്രമാണ്‌ അദ്ദേഹം സെന്റ്‌ പോള്‍സില്‍ പഠിച്ചത്‌.
എന്നാല്‍, അന്നേ അന്നാനില്‍ ഒരു നയതന്ത്രജ്‌ഞനെ കണ്ടെന്നായിരുന്നു അധ്യാപകനായിരുന്ന പ്രഫ. റോജര്‍ മോസ്‌വിക്‌ അനുസ്‌മരിച്ചത്‌. "ഈ പ്രപഞ്ചത്തില്‍ ആരോടും അന്നാന്‍ കോപിച്ചിട്ടുണ്ടാകില്ല. ഇവന്‍ മികച്ച നയതന്ത്രജ്‌ഞനാകുമെന്ന്‌ ഞാന്‍ മനസില്‍ പറഞ്ഞു".
ബിരുദത്തിനുശേഷം സാമ്പത്തിക ശാസ്‌ത്രം പഠിക്കാനാണു ജനീവയിലേക്കു നീങ്ങിയത്‌. പിന്നെ മസാച്യുസെറ്റ്‌സ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ ഫെലോഷിപ്പ്‌ ലഭിച്ചു. ഇവിടെനിന്നു മാനേജ്‌മെന്റില്‍ മാസ്‌റ്റര്‍ ഡിഗ്രി നേടി.
ജനീവയിലെ പ്രവര്‍ത്തനത്തിനിടെയാണു ലോകാരോഗ്യ സംഘടനയുടെ ഓഫീസില്‍ ജോലി തരപ്പെട്ടത്‌. വൈകാതെ ബജറ്റ്‌ ഓഫീസറായി.
ഇതിനിടെയാണു അന്നാന്റെ മോഹം പോലെ ആഫ്രിക്കയിലേക്കു മടക്കം ലഭിച്ചത്‌. എത്യോപ്യയിലെ ആഡിസ്‌ അബാബയിലേക്ക്‌ യു.എന്‍. പ്രതിനിധിയായാണു നിയമനം ലഭിച്ചത്‌. ഘാനയില്‍ ഇക്കാലത്ത്‌ അസ്‌ഥിരതയുടെ കാലമായിരുന്നു. അതിനാല്‍ അവിടെ അവസരം തേടാതെ ലോകം ചുറ്റിക്കണ്ടു.
1983 ലാണു യു.എന്‍. ആസ്‌ഥാനത്തേക്കു മടങ്ങിയത്‌. അഭയാര്‍ഥികളുടെ ഇടയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ലോകം ശ്രദ്ധിച്ചു. 1990 ല്‍ യു.എന്‍. സുരക്ഷാ കോര്‍ഡിനേറ്റര്‍ ആയതോടെ അദ്ദേഹത്തിന്റെ മികവ്‌ ലോകം ശ്രദ്ധിച്ചുതുടങ്ങി. കുവൈത്തില്‍ ഇറാഖ്‌ അധിനിവേശം നടത്തിയതോടെ അദ്ദേഹത്തിന്റെ വാക്കുകള്‍ ലോകം ശ്രദ്ധിച്ചുതുടങ്ങി. തൊട്ടുപിന്നാലെ യുഗോസ്‌ളോവിയയിലെയും മറ്റു രാജ്യങ്ങളിലെയും കലാപങ്ങള്‍ അന്നാനു മുന്നിലെത്തി.
യു.എന്‍. ഉദ്യോഗസ്‌ഥരില്‍ സെക്രട്ടറി ജനറലായ ആദ്യ വ്യക്‌തിയും അന്നാനാണ്‌. സെക്രട്ടറി ജനറലെന്ന നിലയില്‍ അംഗരാജ്യങ്ങള്‍ക്കെതിരേ ശക്‌തി പ്രയോഗിക്കുന്നതിനോട്‌ അന്നാന്‌ എതിര്‍പ്പായിരുന്നു. ശക്‌തിക്കും ഭീഷണിക്കുമപ്പുറം വാക്കുകള്‍ക്കു കരുത്തുണ്ടെന്നായിരുന്നു വാദം. ഇറാഖില്‍ ആ മാതൃക വിജയിപ്പിച്ചു കാണിക്കുകയും ചെയ്‌തു. 1998 ഫെബ്രുവരിയില്‍ ബാഗ്‌ദാദിലെത്തിയ അദ്ദേഹം സദ്ദാം ഹുസൈനെ സമാധാനപാതയിലെത്തിച്ചു. ഇറാഖിലെ ആയുധ കേന്ദ്രങ്ങളില്‍ യു.എന്‍. പരിശോധന നടത്താന്‍ സദ്ദാം അനുവദിച്ചതോടെയാണു യുദ്ധമേഘങ്ങള്‍ തല്‍ക്കാലത്തേക്കെങ്കിലും അയഞ്ഞത്‌. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റനുമായുള്ള ബന്ധവും അന്നാന്‍ അനുകൂലഘടകമാക്കി. എന്നാല്‍, പിന്നീട്‌ ഇറാഖിനെതിരേ അമേരിക്കയും സഖ്യകക്ഷികളും രംഗത്തെത്തിയതോടെ അദ്ദേഹം ദുര്‍ബലനാകുന്നതും ലോകം കണ്ടു. എങ്കിലും മനുഷ്യാവകാശം സംരക്ഷിക്കാനുള്ള നടപടിയുടെ പേരില്‍ 2001 ല്‍ അദ്ദേഹവും യു.എന്നും നൊബേല്‍ പുരസ്‌കാരം നേടി.
2006 ല്‍ യു.എന്നില്‍നിന്നു വിരമിച്ചശേഷവും അദ്ദേഹം സേവനം തുടര്‍ന്നു. 2007 ല്‍ കോഫി അന്നാന്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചു. ആഫ്രിക്കന്‍ വികസന സമിതിയുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. കെനിയയിലെ തെരഞ്ഞെടുപ്പ്‌ തര്‍ക്കം തീര്‍ക്കാനും സിറിയന്‍ പ്രശ്‌നം തീര്‍ക്കാനും അദ്ദേഹമെത്തി. ചെറിയകാലം ഘാനയിലും പ്രവര്‍ത്തിച്ചു. ഘാന സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്‌ഥാനം മാത്രമാണു നാട്ടിലെ അംഗീകാരം.
1965 ലായിരുന്നു ആദ്യ വിവാഹം. ടിറ്റി അലാല്‍കിജയാണ്‌ ആദ്യ ഭാര്യ. ഈ വിവാഹത്തില്‍ കോജോ, അമ എന്നിവര്‍ മക്കള്‍. 1983 ല്‍ വിവാഹമോചനം നേടി. 1984 ല്‍ നാനെയെ വിവാഹം ചെയ്‌തു. നിനയെന്ന വളര്‍ത്തുമകളാണ്‌ ഇരുവര്‍ക്കുമുള്ളത്‌.

Ads by Google
Saturday 18 Aug 2018 11.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW