Wednesday, November 21, 2018 Last Updated 2 Min 38 Sec ago English Edition
Todays E paper
Ads by Google
മുരളി തുമ്മാരുകുടി
Saturday 18 Aug 2018 11.06 PM

ഒറ്റയ്‌ക്ക്‌ വീട്ടിലേക്ക്‌ മടങ്ങരുത്‌

uploads/news/2018/08/241895/murali-thumma.jpg

മഴയുടെ ശക്‌തി കുറഞ്ഞതോടെ വെള്ളം പതുക്കെ ഇറങ്ങിത്തുടങ്ങുകയാണ്‌. ഇടുക്കിയില്‍നിന്നു കൂടുതല്‍ വെള്ളം വിട്ടില്ലെങ്കില്‍ ഇന്നു വൈകിട്ടോടെ ആലുവ തൊട്ടു പറവൂര്‍ വരെയുള്ള വെള്ളപ്പൊക്കത്തില്‍ നല്ല മാറ്റം ഉണ്ടാകണം. മറ്റു ചെറുപുഴകളുടെ കാര്യത്തില്‍ ഇപ്പോള്‍തന്നെ കുറവുണ്ടായിക്കാണണം.
വെള്ളം ശരിക്കിറങ്ങി, ഇനി ഉടന്‍ വേറെ വെള്ളപ്പൊക്കം വരുന്നില്ല എന്നുറപ്പു വരുത്തിയതിനുശേഷം വീട്ടിലേക്ക്‌ പോകുക എന്നതാണ്‌ ഏറ്റവും ശരിയായ കാര്യം. പക്ഷേ, കൂടുതല്‍പ്പേരും ആ ഉപദേശം സ്വീകരിക്കാന്‍ വഴിയില്ല. വെള്ളമിറങ്ങുന്നതോടെ ഉപേക്ഷിച്ചുപോന്ന വീട്ടിലേക്കു തിരിച്ചെത്താനുള്ള തിരക്കായിരിക്കും എല്ലാവര്‍ക്കും.

ഇതിന്‌ പല കാര്യങ്ങള്‍ ഉണ്ട്‌

1. ക്യാമ്പിലോ ബന്ധുവീട്ടിലോ എന്തിനു റിസോര്‍ട്ടില്‍ത്തന്നെയാണു താമസമെങ്കിലും അതു സ്വന്തം വീട്ടിലെപ്പോലെ ആകില്ല.
2. ഉപേക്ഷിച്ചുപോന്ന വീടിനോ വസ്‌തുവകള്‍ക്കോ നാശനഷ്‌ടം ഉണ്ടായിട്ടുണ്ടോ എന്ന പേടി.
3. വീട്ടില്‍ കള്ളന്മാരോ മറ്റോ കയറിയിട്ടുണ്ടോ എന്ന പേടി.
നമ്മള്‍ എത്ര നിര്‍ബന്ധിച്ചാലും ആളുകള്‍ വേഗത്തില്‍ വീട്ടിലേക്ക്‌ മടങ്ങും.
ഇക്കാര്യത്തില്‍ കുറച്ചു പ്രായോഗിക നിര്‍ദേശങ്ങള്‍ .
1. ഒറ്റക്കു വീട്ടിലേക്കു മടങ്ങരുത്‌. മുതിര്‍ന്നവര്‍ രണ്ടോ അതിലധികമോപേര്‍ ഒരുമിച്ചു പോകണം. എന്തെങ്കിലും കുഴപ്പം ഉണ്ടായാല്‍ പരസ്‌പരം സഹായിക്കാന്‍ പറ്റുമല്ലോ (സ്വന്തം വീടിന്റെ നാശം കണ്ട്‌ ഹൃദയസ്‌തംഭനം വരെ ഉണ്ടാകുന്നവരുണ്ട്‌).
2. ആദ്യമായി വീട്ടിലേക്ക്‌ തിരിച്ചുപോകുമ്പോള്‍ കുട്ടികളെ കൊണ്ടുപോകരുത്‌. എന്താണ്‌ അവിടെ കാണാന്‍ പോകുന്നതെന്നോ എന്തൊക്കെ അപകടങ്ങള്‍ ഉണ്ടെന്നോ പറയാന്‍ പറ്റില്ല, കുട്ടികള്‍ക്ക്‌ അപകടം ഉണ്ടായില്ലെങ്കിലും മാനസിക ആഘാതം ഉണ്ടാകും. ഒഴിവാക്കണം.
3. ഒരു കാരണവശാലും രാത്രിയില്‍ വീട്ടിലേക്കു ചെല്ലരുത്‌. വീടിനകത്ത്‌ പാമ്പു മുതല്‍ ഗ്യാസ്‌ ലീക്ക്‌ വരെ ഉണ്ടാകും. രാത്രി കയറിച്ചെല്ലുന്നത്‌ കൂടുതല്‍ അപകടം വിളിച്ചുവരുത്തും.
4. വീട്ടിലേക്കുള്ള വഴിയിലും വീടിന്റെ മുറ്റത്തുമെല്ലാം ഒരടിയോളം കനത്തില്‍ ചെളി ആയിരിക്കാനാണു സാധ്യത. ഗേറ്റ്‌ ഉണ്ടെങ്കില്‍ തുറക്കാന്‍ പ്രയാസപ്പെടും.
5. മതിലിന്റെ നിര്‍മാണം മിക്കവാറും നല്ല ബലത്തിലല്ല. അതുകൊണ്ടു തന്നെ ഗേറ്റ്‌ ശക്‌തമായി തള്ളിത്തുറക്കുന്നത്‌ മതിലിടിഞ്ഞ്‌ അപകടം ഉണ്ടാക്കും. സൂക്ഷിക്കണം.
6. റോഡിലോ മുറ്റത്തോ ചെളിയില്‍ തെന്നിവീഴാതെ നോക്കണം. പറ്റുമെങ്കില്‍ ചെളിയുടെ നിരപ്പിനുമുകളിലുള്ള ചെരുപ്പുകള്‍ ധരിക്കണം. വ്യക്‌തിസുരക്ഷക്ക്‌ വേണ്ടി മാസ്‌ക്‌ ഉപയോഗിക്കണം, അത്‌ ലഭ്യമല്ലെങ്കില്‍ ഒരു തോര്‍ത്ത്‌ മൂക്കിനു മുകളിലൂടെ ചുറ്റിക്കെട്ടണം. കൈയില്‍ കട്ടിയുള്ള കൈയുറകള്‍ ഉണ്ടെങ്കില്‍ നന്ന്‌.
7. വീടിന്റെ ചുറ്റും മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു പ്രതീക്ഷിക്കുക. അങ്ങനെയെങ്കില്‍ ഒരിക്കലും അതു കൈകൊണ്ടു തൊടരുത്‌. മനുഷ്യരുടെ മൃതദേഹം ആണെങ്കില്‍ പോലീസിനെ അറിയിക്കണം.
8. വീടിനകത്ത്‌ കയറുന്നതിനു മുമ്പ്‌ ഭിത്തിയില്‍ പ്രളയജലം എത്രമാത്രം എത്തിയിരുന്നു എന്നതിന്റെ അടയാളം കാണും. അതു കൂടുതല്‍ വ്യക്‌തമായി ചോക്കുകൊണ്ടോ പെയിന്റ്‌ കൊണ്ടോ മാര്‍ക്ക്‌ ചെയ്‌തു വയ്‌ക്കുക. ഒരു നൂറ്റാണ്ടില്‍ ഒരിക്കല്‍മാത്രം ഉണ്ടാകുന്ന വന്‍പ്രളയമാണ്‌ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്‌. 1924 ല്‍ ഉണ്ടായതുപോലെ ഒന്ന്‌. അന്നത്തെ പ്രളയം ആളുകള്‍ രേഖപ്പെടുത്തി വയ്‌ക്കാത്തതുകൊണ്ടാണു പ്രളയ സാധ്യതയുള്ള പുഴത്തീരങ്ങള്‍ ജനവാസ കേന്ദ്രമായത്‌. അത്തരം ഒരു തെറ്റ്‌ നാം നമ്മുടെ അടുത്ത തലമുറയോട്‌ കാണിക്കരുത്‌.
9. വീടിനകത്തേക്ക്‌ കയറുന്നതിന്‌ മുമ്പ്‌ വീടിന്റെ നാല്‌ ഭാഗത്തുനിന്നും ധാരാളം ചിത്രങ്ങള്‍ എടുത്തുവയ്‌ക്കണം. വെള്ളം എവിടെയെത്തി എന്ന മാര്‍ക്ക്‌ ഉള്‍പ്പെടെ. വീടിന്റെ ചുമരുകളും മേല്‍ക്കൂരയും ശക്‌തമാണോ നശിച്ചിട്ടുണ്ടോ എന്നു ശ്രദ്ധിക്കുക.
10. വീടിന്റെ ജനാലകള്‍ പുറത്തുനിന്നു തുറക്കാന്‍ പറ്റുമെങ്കില്‍ അവ തുറന്നിട്ട്‌ കുറച്ചു സമയം കഴിഞ്ഞുവേണം അകത്തു പ്രവേശിക്കാന്‍.
11. വീടിനകത്തും പുറത്തും ഇഴജന്തുക്കളെ പ്രതീക്ഷിക്കണം. 99 ലെ വെള്ളപ്പൊക്കം കഴിഞ്ഞപ്പോള്‍ പത്തായത്തില്‍നിന്നും വരാലിനെ കിട്ടിയ കഥ കേട്ടിട്ടുണ്ട്‌.
12. വീടിനകത്തേക്ക്‌ പ്രവേശിക്കുന്നതിന്‌ മുന്‍പ്‌ ഇലക്‌ട്രിക്കല്‍ മെയിന്‍ സ്വിച്ച്‌ ഓഫ്‌ ചെയ്യണം. ഇലക്‌ട്രിക്കല്‍ സേഫ്‌റ്റിയെ പറ്റി പിന്നാലെ പറയാം. വീടിനു പുറത്തു നിന്നും പൈപ്പ്‌ വഴിയാണ്‌ ഗ്യാസ്‌ സപ്ലൈ ചെയ്യുന്നതെങ്കില്‍ അഥവാ ഗ്യാസിന്റെ സിലിണ്ടര്‍ വീടിനു വെളിയിലാണെങ്കില്‍ അത്‌ ഓഫ്‌ ചെയ്യണം.
13. വീടിന്റെ വാതിലിന്റെ ഇരുവശവും ചെളി ആയതിനാല്‍ തുറക്കുക ശ്രമകരമാകാനാണു സാധ്യത. പഴയ വീടാണെങ്കില്‍ അത്‌ ഭിത്തിയെയോ മേല്‍ക്കൂരയെയോ അസ്‌ഥിരപ്പെടുത്താന്‍ വഴിയുണ്ട്‌, സൂക്ഷിക്കണം.
14. വീടിനകത്ത്‌ കയറുന്നതിന്‌ മുമ്പ്‌ ഏതെങ്കിലും തരത്തിലുള്ള ഗ്യാസ്‌ ലീക്ക്‌ ഉള്ളതായി (അസ്വാഭാവിക ഗന്ധം) തോന്നിയാല്‍ വാതില്‍ തുറന്നു കുറെ കഴിഞ്ഞിട്ട്‌ അകത്ത്‌ കയറിയാല്‍ മതി.
15. നമ്മള്‍ സൂക്ഷിച്ചുവച്ചിട്ടുപോയ വീടായിരിക്കില്ല അകത്ത്‌ കാണാന്‍ പോകുന്നത്‌. വെള്ളത്തില്‍ വസ്‌തുക്കള്‍ ഒഴുകി നടക്കും, പലതും ഫാനിന്റെ മുകളിലോ മറ്റോ തങ്ങിനിന്നു നമ്മുടെ തലയില്‍ വീഴാനുള്ള സാധ്യതയും മുന്നില്‍ കാണണം.
15. ഒരു കാരണവശാലും വീടിനകത്ത്‌ ലൈറ്റര്‍ ഉപയോഗിക്കരുത്‌, സിഗരറ്റോ മെഴുകുതിരിയോ കത്തിക്കുകയും അരുത്‌.
16. വീടിനകത്തെ എല്ലാ ഇലക്‌ട്രിക്കല്‍ ഉപകരണങ്ങളുടെയും പ്ലഗ്‌ സൂക്ഷിച്ച്‌ ഊരിയിടണം.
17. ഫ്രിഡ്‌ജില്‍ ഇറച്ചിയോ മീനോ ഉണ്ടായിരുന്നുവെങ്കില്‍ അത്‌ കേടായിക്കാണും, വലിയ ഫ്രീസര്‍ ആണെങ്കില്‍ മത്സ്യമാംസാദികള്‍ അഴുകി മീഥേന്‍ ഗ്യാസ്‌ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. ഫ്രീസര്‍ തുറക്കുമ്പോള്‍ ഈ ഗ്യാസ്‌ ശക്‌തമായി ഫ്രീസറിന്റെ മൂടിയെ തള്ളിത്തെറിപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട്‌.
18. വീട്ടില്‍ നഷ്‌ടം പറ്റിയ ഓരോ വസ്‌തുവിന്റെയും കണക്കെടുക്കുക, അതിന്റെ ഫോട്ടോ എടുക്കുക. ഇവ ഒരു നഷ്‌ടം സംബന്ധിച്ച കണക്കിനു സഹായിക്കും.
19. വീട്ടില്‍ ഫ്‌ളഷും വെള്ള പൈപ്പും വര്‍ക്ക്‌ ചെയ്യുന്നുണ്ടോ എന്ന്‌ പരിശോധിക്കുക. ഉണ്ടെകില്‍ അതിലൂടെ വരുന്നത്‌ ശുദ്ധജലമാണോ കലക്ക വെള്ളമാണോ എന്ന്‌ ശ്രദ്ധിക്കുക.
20. വീടിന്റെ അകത്തുള്ള മിക്കവാറും വസ്‌തുക്കള്‍ (ഫര്‍ണിച്ചര്‍, പുസ്‌തകങ്ങള്‍) എല്ലാം ചെളിയില്‍ മുങ്ങിയിരിക്കാനാണു സാധ്യത. ഇവയുടെ ചിത്രം എടുത്തുവയ്‌ക്കണം.
21. വീടിന്റെ വാതിലും ജനാലയും വെയിലുള്ള സമയത്ത്‌ തുറന്നിടുക. ശുദ്ധമായ വായു പ്രവഹിക്കട്ടെ.
വീടിനകവും പുറവും വൃത്തിയാക്കുക എന്നതാണ്‌ അടുത്ത കാര്യം. പക്ഷേ അക്കാര്യം ചെയ്യുന്നതിന്‌ മുന്‍പ്‌ മണ്ണ്‌ കയറി നാശമാക്കിയ വസ്‌തുക്കള്‍ എല്ലാം എവിടെ കൊണ്ടുപോയി കളയാം എന്നതില്‍ കുറച്ച്‌ അറിവ്‌ വേണം.
(യു.എന്‍. പരിസ്‌ഥിതി പ്രോഗ്രാമില്‍ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായ ലേഖകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്‌)

Ads by Google
മുരളി തുമ്മാരുകുടി
Saturday 18 Aug 2018 11.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW