Sunday, April 21, 2019 Last Updated 3 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 18 Aug 2018 11.06 PM

നേട്ടങ്ങള്‍ രാഷ്‌ട്രത്തിന്റേതാണ്‌; അത്‌ പൗരന്മാരുടെ രക്ഷയ്‌ക്ക് വേണ്ടിയാകണം

uploads/news/2018/08/241894/1.jpg

ഒരു രാഷ്‌ട്രത്തിന്റെ വിഭവങ്ങള്‍ ആ രാജ്യത്തെ പൗരന്മാരുടേതാണ്‌, അത്‌ അവര്‍ക്കു വേണ്ടിയുള്ളതാവണം. അവയുടെ നീതിനിഷ്‌ഠമായ വിതരണത്തിനാണ്‌ ഭരണാധികാരികളെ ജനാധിപത്യപ്രക്രിയയില്‍ തെരഞ്ഞെടുക്കുന്നത്‌. കേരളം സമാനതകളില്ലാത്ത ദുരന്തത്തിലുടെയാണ്‌ ഈ ദിവസങ്ങളില്‍ കടന്നുപോകുന്നത്‌. നാടും നാട്ടുകാരും തങ്ങള്‍ക്കാവുന്ന വിധത്തില്‍ സഹജീവികള്‍ക്കുവേണ്ടി ജീവന്‍ വെടിഞ്ഞുപോലും പ്രവര്‍ത്തിക്കുകയാണ്‌. തീരമേഖലയില്‍ നിന്ന്‌ മത്സ്യത്തൊഴിലാളികള്‍ ബോട്ടുകളുമായി വന്ന്‌ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നു. ഉള്ള വള്ളങ്ങളും വലിയ വാഹനങ്ങളുമായി ഓരോപ്രദേശത്തും ജനങ്ങള്‍ മനുഷ്യജീവനുകള്‍ കൈപിടിച്ചുകയറ്റുന്നു. അഞ്ഞൂറോളം മത്സ്യബന്ധന ബോട്ടുകളാണ്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ മത്സ്യത്തൊഴിലാളികള്‍ എത്തിച്ചത്‌. ആദ്യദിവസത്തെ ഇന്ധനവും മറ്റും അവരുടെ ചെലവിലായിരുന്നുതാനും. തുച്‌ഛ വരുമാനമുള്ള മത്സ്യത്തൊഴിലാളികള്‍ ദൈവങ്ങളായി മാറിയ രക്ഷാപ്രവര്‍ത്തനമാണ്‌ നടത്തുന്നത്‌. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജീവന്‍വെടിയുന്നവരുടെ വിവരങ്ങള്‍ പോലും അപ്രധാനമായിപ്പോകുന്ന ദുരന്തമാണ്‌ നമുക്കുമുന്നില്‍. ഇതുവരെ മുന്നൂറോളം മനുഷ്യരാണ്‌ വെള്ളപ്പൊക്കത്തിലും മലയിടിച്ചിലും ഉരുള്‍ പൊട്ടലിലും മരിച്ചുവീണത്‌.
ഇതരരാജ്യങ്ങളില്‍ നിന്നുള്ളവര്‍, മറ്റു സംസ്‌ഥാനങ്ങള്‍, വ്യവസായികള്‍, വ്യക്‌തികള്‍, സംഘടനകള്‍ എന്നുവേണ്ട ലോകമെമ്പാടുനിന്നും സാമ്പത്തിക വാഗ്‌ദാനങ്ങളും സഹായങ്ങളും പ്രവഹിക്കുകയാണ്‌. സാമ്പത്തികസഹായങ്ങളും നഷ്‌ടപ്പെട്ട വിഭവങ്ങളുടെ പുനര്‍നിര്‍മിതിയും രണ്ടാമത്തെ ഘടകംമാത്രമാണ്‌. ദുരന്തത്തില്‍ പെട്ടവരെ രക്ഷിക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. രക്ഷാപ്രവര്‍ത്തനത്തിനു വൈകുന്ന ഓരോനിമിഷവും നഷ്‌ടപ്പെടുത്തുന്നത്‌ നിരവധി മനുഷ്യജീവനുകളെയാണ്‌. അതു മനസിലാക്കി ഭരണ സംവിധാനം കുറേക്കൂടി ഉണരേണ്ടിയിരിക്കുന്നു.
ഹെലികോപ്‌റ്ററുകളുടെ ശേഷിയില്‍ ലോകത്ത്‌ അഞ്ചാം സ്‌ഥാനമാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌. നമ്മുടെ കരസേനയ്‌ക്കു മാത്രം 720 ഹെലികോപ്‌റ്ററുകള്‍ സ്വന്തമായുണ്ട്‌. കര്‍ത്തവ്യ നിഷ്‌ഠരും സുസജ്‌ജരുമായ പതിമൂന്നു ലക്ഷത്തിലേറെ സൈനികര്‍ നമുക്ക്‌ സ്വന്തമായുണ്ട്‌. ഇക്കാര്യത്തില്‍ ലോകത്ത്‌ നാം രണ്ടാം സ്‌ഥാനത്താണ്‌. നാവികശേഷിയില്‍ ലോകത്ത്‌ ഏഴാം സ്‌ഥാനവും നമുക്കുണ്ട്‌. ഇങ്ങനെ നമുക്ക്‌ അഭിമാനിക്കാവുന്ന നിരവധിഘടകങ്ങള്‍ നമുക്കു മുന്നിലുണ്ട്‌. എന്നാല്‍, രാജ്യത്തെ ജനങ്ങള്‍ ദുരന്തങ്ങളില്‍ പെട്ട്‌ പുഴുക്കളേപ്പോലെ മരിച്ചു വീഴുമ്പോള്‍ നമ്മുടെ നേട്ടങ്ങളൊന്നും കൈത്താങ്ങാകുന്നില്ലെങ്കില്‍ എവിടെ, എന്തില്‍ അഭിമാനിക്കാനാകും?
കേരളത്തില്‍ വെള്ളപ്പൊക്കത്തില്‍ പെട്ട്‌ രക്ഷതേടി നിലവിളിച്ച ആയിരങ്ങള്‍ക്ക്‌ രക്ഷകരായത്‌ നാട്ടുകാര്‍ മാത്രമാണെന്നു പറയാം. നമ്മുടെ സൈനികശക്‌തിയും വ്യോമ, നാവികശക്‌തിയും അവസരത്തിനൊത്തുയര്‍ന്ന്‌ വിനിയോഗിച്ചിരുന്നെങ്കില്‍ ദുരന്തം ഇത്രയും ഭീകരമാകുകയില്ലായിരുന്നുവെന്ന്‌ ജനങ്ങള്‍ ചിന്തിക്കുന്നിടത്ത്‌ അവരെ കുറ്റം പറയാനാകില്ല. കാലാവസ്‌ഥാ വ്യതിയാനം മുന്‍കൂട്ടിക്കണ്ട്‌ വരാന്‍പോകുന്ന ദുരന്തം തിരിച്ചറിയാനാകാത്തത്‌ ആദ്യത്തെ പാളിച്ചയായി. അതിന്‌ നമുക്കു വേണമെങ്കില്‍ സംവിധാനങ്ങളെയും ഉപകരണങ്ങളെയും പഴിചാരാം. എന്നാല്‍, തുറന്നു വിടുന്ന ജലസംഭരണികളിലെ ജലവും പേമാരിയും കൂടി മുക്കിക്കൊന്നുകൊണ്ടിരിക്കുന്ന മനുഷ്യരുടെ കാര്യത്തില്‍ നഷ്‌ടപ്പെടുന്ന ഓരോനിമിഷവും പ്രധാനപ്പെട്ടതാണെന്ന്‌ തിരിച്ചറിയുന്നിടത്താണ്‌ ഭരണാധികാരികളുടെ കര്‍ത്തവ്യബോധവും ഇച്‌ഛാശക്‌തിയുമിരിക്കുന്നത്‌. സഹായം തേടാനും നല്‍കാനും രാഷ്‌ട്രീയ മത്സരങ്ങളും പ്രോട്ടോക്കോളും തടസമാകാന്‍ പാടില്ല.
നമ്മുടെ നേട്ടങ്ങള്‍ ശത്രുരാജ്യങ്ങളെ ആക്രമിക്കാനും മനുഷ്യരെ കൊലപ്പെടുത്താനും മാത്രം ഉപയോഗിക്കുന്ന ഒന്നാകരുത്‌. ശത്രുരാജ്യങ്ങളെ പ്രതിരോധിക്കുന്നതും രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടിയാണ്‌. ആ അര്‍ഥത്തില്‍ രാജ്യത്തിനകത്തെ കെടുതികളില്‍ ഒരു ജീവനെങ്കിലും രക്ഷിക്കാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്കായാല്‍ അത്‌ ജനരക്ഷയാണ്‌. ജനരക്ഷ തന്നെയാണ്‌ രാജ്യരക്ഷ. ജനങ്ങളില്ലാതെ രാജ്യമില്ലെന്ന തിരിച്ചറിവ്‌ ഭരണാധികാരികള്‍ പുലര്‍ത്തണം. അത്‌ വിവേചനബുദ്ധിയോടെ വിവേകത്തോടെ വിനിയോഗിക്കണം.

Ads by Google
Saturday 18 Aug 2018 11.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW