ഇസ്ലാമാബാദ്: പാകിസ്താന് ക്രിക്കറ്റ് നായകനായിരുന്ന ഇമ്രാന് ഖാന് ഇനി പാകിസ്താനെ നയിക്കും. പാകിസ്താന്റെ 22-ാമതു പ്രധാനമന്ത്രിയാണ് ഇമ്രാന്.
ഇന്നലെ ഇസ്ലാമാബാദില് നടന്ന ലളിതമായ ചടങ്ങില്‍ പ്രസിഡന്റ് മംനൂണ്‍ ഹുസൈന് സത്യവാചകം ചൊല്ലിക്കൊടുത്തു. വെള്ളിയാഴ്ച ദേശീയ അസംബ്ലിയില്‍ ഇമ്രാന് ഭൂരിപക്ഷം തെളിയിച്ചിരുന്നു.
കേവല ഭൂരിപക്ഷത്തിന് 172 വോട്ട് ആവശ്യമുള്ള ദേശീയ അസംബ്ലിയില്‍ ഇമ്രാന് അനുകൂലമായി 176 വോട്ട് ലഭിച്ചു. പി.എം.എല്‍-എന്‍. അധ്യക്ഷനും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അനുജനുമായ ഷാബാസ് ഷെരീഫ് 96 വോട്ട് നേടി. മൂന്നാമത്തെ വലിയ കക്ഷിയായ പി.പി.പി. വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു.
കാവല്‍ പ്രധാനമന്ത്രി നസീറുള്‍ മുല്‍ക്ക്, ദേശീയ അസംബ്ലി സ്പീക്കര്‍ ആസാദ് കൈസര്‍, കരസേനാ മേധാവി കമര്‍ ജാവേദ് ബജ്വ, വ്യോമസേനാ മേധാവി മുജാഹിദ് അന്‍വര്‍ ഖാന്, നാവിസേനാ മേധാവി സഫര്‍ മഹ്മൂദ് അബ്ബാസി തുടങ്ങിയവര്‍ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ താരം നവ്ജ്യോത് സിങ് സിദ്ദു, പാക് ക്രിക്കറ്റ് താരങ്ങളായിരുന്ന റമീസ് രാജ, വസീം അക്രം, പഞ്ചാബ് പ്രവിശ്യാ അസംബ്ലി സ്പീക്കര്‍ ചൗധരി പര്‍വേസ് ഇലാഹി, ഗായകരായ സല്മാന് അഹമ്മദ്, അബ്രാറുള് ഹഖ് തുടങ്ങിയവരും ചടങ്ങിനു സാക്ഷികളായി.