Tuesday, June 25, 2019 Last Updated 54 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 17 Aug 2018 10.47 PM

കാലത്തിനു മുമ്പേ സഞ്ചരിച്ച നേതാവ്‌

uploads/news/2018/08/241785/3.jpg

കലഹത്തിന്റെയും വിഘടനത്തിന്റെയും കാലത്ത്‌ രാജ്യത്തിന്റെ നന്മ-തിന്മകളെക്കുറിച്ചു തീരുമാനിക്കാന്‍ കഴിയുന്ന, അതിനെ ചൈതന്യത്തോടെ മുന്നോട്ടു നയിച്ച്‌ കൃത്യമായ വീക്ഷണവും ലക്ഷ്യബോധവും ഐക്യബോധവും പ്രദാനം ചെയ്യുന്നതുമായ ഒരു നേതാവ്‌ ഏതൊരു രാജ്യത്തിന്റെയും അനുഗ്രഹമാണ്‌. അത്തരമൊരു ഘട്ടത്തില്‍, നൂറ്റാണ്ട്‌ മാറിമറിയുന്ന സമയത്ത്‌ ഇന്ത്യ അത്തരമൊരു നേതാവിനെ കണ്ടെത്തിയത്‌ അടല്‍ ബിഹാരി വാജ്‌പേയിയിലാണ്‌. ആത്മാവിനും ഹൃദയത്തിനും മനസിനും വരപ്രസാദം ലഭിച്ച നേതാവ്‌.
ആദ്യമായി കണ്ടുമുട്ടുന്നവരെപ്പോലും പ്രചോദിപ്പിക്കുകയും സ്‌പര്‍ശിക്കുകയും ചെയ്‌ത അസാധാരണനായ മനുഷ്യനായിരുന്നു അദ്ദേഹമെന്ന്‌ നമുക്കെല്ലാം അറിയാം. ആന്തരികമായി അദ്ദേഹം ആര്‍ദ്രചിത്തനും ആത്മാവില്‍ മഹാമനസ്‌കനും അളവിലധികം ഊഷ്‌മളവാനും തെറ്റുകളോട്‌ ദയകാട്ടുന്നവനുമായിരുന്നു. മറ്റുള്ളവരെ അതിയായി ബഹുമാനിച്ചിരുന്ന അദ്ദേഹത്തിന്‌ അസാധാരണമായ നര്‍മ്മബോധവുമുണ്ടായിരുന്നു. പലപ്പോഴും അദ്ദേഹം തന്നിലേക്കു ശ്രദ്ധതിരിക്കുന്നതിനും അതുപയോഗിച്ചിരുന്നു.
സമാനതകളില്ലാത്ത പ്രാസംഗികനായ അദ്ദേഹത്തിന്‌ നിരായുധമായ നര്‍മ്മത്തില്‍നിന്ന്‌ ഉന്നത കാഴ്‌ചപ്പാടിലേക്ക്‌ സുഗമമായി മാറാന്‍ കഴിയുമായിരുന്നു. വളരെ മൂര്‍ച്ചയേറിയ കാഴ്‌ചപ്പാടുണ്ടായിരുന്ന അദ്ദേഹത്തിന്‌ എത്ര സങ്കീര്‍ണമായ പ്രശ്‌നങ്ങളെപ്പോലും ഒറ്റവാചകത്തിലോ ഒരു ചോദ്യത്തിലോ ചുരുക്കികൊണ്ട്‌ ചര്‍ച്ച നടത്താനാകുമായിരുന്നു.
മധ്യപ്രദേശിലെ ഒരു ചെറുനഗരത്തില്‍നിന്നു വന്ന അദ്ദേഹം എളിമയും ഉന്നത ആശയങ്ങളും പുലര്‍ത്തുന്ന ഒരു കുടുംബത്തിലാണു ജനിച്ചത്‌. ജനസംഘത്തില്‍ ഒരു സാധാരണ കാര്യകര്‍ത്താവായി പൊതുജീവിതം ആരംഭിച്ച അദ്ദേഹം സ്വതന്ത്ര ഇന്ത്യയില്‍ രൂപീകരിക്കപ്പെട്ട യഥാര്‍ഥ ദേശീയതല പാര്‍ട്ടി സംഘടിപ്പിച്ചു. ശ്യാമപ്രസാദ്‌ മുഖര്‍ജിയുടെയും പണ്ഡിറ്റ്‌ ദീന്‍ദയാല്‍ ഉപാദ്ധ്യയുടെയും മരണത്തിന്‌ ശേഷം സംഘടനയുടെ ചുക്കാന്‍ ഏറ്റെടുത്തു.
നാലു പതിറ്റാണ്ട്‌ പാര്‍ലമെന്റില്‍ അദ്ദേഹം നേതൃത്വപരമായ പങ്കുവഹിച്ചു. അടിയന്തരാവസ്‌ഥയ്‌ക്കെതിരെയുള്ള പോരാട്ടം ആര്‍ക്കാണു മറക്കാന്‍ കഴിയുന്നത്‌. ഡല്‍ഹി രാംലീല മൈതാനത്തിലെ അവിസ്‌മരണിയമായ ആ റാലിയില്‍ അദ്ദേഹത്തിന്റെ പ്രസംഗം രാജ്യത്തിന്റെ ഗര്‍ജനമായി മാറി. തന്റെ പാര്‍ട്ടിയെ വളരെ അഭിവേശത്തോടെ അതിന്റെ കൃത്യതയോടെ പ്രതിനിധാനം ചെയ്യുമ്പോഴും എപ്പോഴും രാജ്യത്തിനു വേണ്ടിയാണ്‌ അദ്ദേഹം സംസാരിച്ചിരുന്നത്‌.
ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ ജീവചൈതന്യത്തെ നിര്‍വചിച്ചത്‌ അദ്ദേഹമാണ്‌. തന്റെ രാഷ്‌ട്രീയവിശ്വാസങ്ങളില്‍ അടിയുറച്ചുനിന്നെങ്കിലും എപ്പോഴും മറ്റുള്ളവരുടെ വീക്ഷണങ്ങളെ ഉള്‍ക്കൊള്ളാനും ബഹുമാനിക്കാനും അദ്ദേഹം തയാറായിരുന്നു. പാര്‍ലമെന്റിലെ ചര്‍ച്ചകളുടെ നിലവാരം ക്രമപ്പെടുത്തിയത്‌ അദ്ദേഹമായിരുന്നു. ആ ലാളിത്യവും സമഗ്രതയും കുലീനതയും സഹാനുഭൂതിയും സ്‌ഥാനങ്ങളോടുള്ള വ്യക്‌തിപരമായ താല്‍പര്യമില്ലായ്‌മയുംമൂലം അദ്ദേഹത്തെ യുവാക്കളുടെ പ്രചോദനമായി.
രാഷ്‌ട്രീയ അസ്‌ഥിരതയും അനിശ്‌ചിതത്വവും നിറഞ്ഞുനിന്ന ആഗോള പരിസ്‌ഥിതിയില്‍ അപ്പോഴും പ്രാരംഭഘട്ടത്തിലായിരുന്നു നമ്മുടെ സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍. 1990 കളിലെ സങ്കീര്‍ണവും പുരോഗതി തടസപ്പെടുത്തുന്നതുമായ സ്‌ഥിതിയില്‍നിന്നു രാജ്യത്തെ സമ്പദ്‌ഘടനയെ രക്ഷപ്പെടുത്തിയത്‌ അദ്ദേഹമായിരുന്നു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നാം അനുഭവിക്കുന്ന സാമ്പത്തിക വിജയത്തിന്റെ വിത്തുകള്‍ പാകിയത്‌ അദ്ദേഹമായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച്‌ വളര്‍ച്ചയെന്നത്‌ ദുര്‍ബലവിഭാഗങ്ങളെ ശാക്‌തീകരിക്കുന്നതിനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനുമുള്ള വഴിയായിരുന്നു. ആ വീക്ഷണമാണ്‌ നമ്മുടെ സര്‍ക്കാരിന്റെ നയങ്ങളേയും നയിച്ചുകൊണ്ടിരിക്കുന്നത്‌.
21-ാം നൂറ്റാണ്ടില്‍ ആഗോള നേതൃത്വത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ ഇന്ത്യയെ തയാറാക്കുന്നതിനുള്ള അടിത്തറയിട്ടത്‌ അടല്‍ജിയായിരുന്നു. ഭാവിയെമുന്നില്‍കണ്ടുള്ള അദ്ദേഹത്തിന്റെ ഗവണ്‍മെന്റിന്റെ സാമ്പത്തികനയങ്ങളും പരിഷ്‌ക്കാരങ്ങളും നിരവധി ഇന്ത്യാക്കാര്‍ക്കു സമ്പല്‍സമൃദ്ധി ഉറപ്പാക്കി. അടുത്തതലമുറ അടിസ്‌ഥാനസൗകര്യങ്ങളിലാണ്‌ അദ്ദേഹം വിശ്വസിച്ചിരുന്നത്‌. പ്രത്യേകിച്ചും റോഡുകള്‍ക്കും ടെലികോമിനും നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക ശാക്‌തീകരണത്തിന്‌ നല്‍കാന്‍ കഴിയുന്ന സംഭാവനയില്‍.
ലോകത്തില്‍ ഇന്ത്യയുടെ സ്‌ഥാനം അടല്‍ജി മാറ്റിയെടുത്തു. ഇന്ത്യയെ ഒരു ആണവശക്‌തിയാക്കുന്നതിന്‌ നമ്മുടെ രാജ്യത്തില്‍നിന്നുള്ള എതിര്‍പ്പും ഒറ്റപ്പെടുത്തുമെന്നുള്ള ലോകത്തിന്റെ ഭീഷണിയുമെല്ലാം അദ്ദേഹം മറികടന്നു.
വളരെ ലളിതമായി അദ്ദേഹമെടുത്ത തീരുമാനമായിരുന്നില്ല അത്‌. ഇന്ത്യയുടെ സുരക്ഷയ്‌ക്ക്‌ നേരെ ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന്‌ ഇതിനുള്ള പരമപ്രാധാന്യം അദ്ദേഹത്തിന്‌ അറിയാമായിരുന്നു. ഇന്ത്യയുടെ സുരക്ഷ അതിനുശേഷം അത്ര മോശമായില്ല. ദേശത്തിന്റെ അഭിമാനത്തില്‍ തിരയിളക്കുമുണ്ടായപ്പോള്‍ അദ്ദേഹത്തിന്റെ ശബ്‌ദം സംയമനത്തിന്റേതും ഉത്തരവാദിത്വത്തിന്റേയുമായിരുന്നു. സമാധാനത്തിന്റെ മനുഷ്യന്റെ യുക്‌തികളെ ലോകം ശ്രദ്ധിച്ചു.
ലോകകാര്യങ്ങളെക്കുറിച്ച്‌ അസാമാന്യമായ അറിവും ശക്‌തമായ നയതന്ത്ര കഴിവുകളുമാണ്‌ അദ്ദേഹത്തിനുണ്ടായിരുന്നത്‌. തന്ത്രപരമായ കഴിവുകള്‍ സൃഷ്‌ടിക്ക, ശക്‌തമായ സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുക, ബഹുദിശ നയന്ത്രം ഏറ്റെടുക്കുക, പ്രവാസികളുടെ ഊര്‍ജം ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ സംയോജിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പൈതൃകമാണ്‌ ഇന്ന്‌ ലോകത്തിലങ്ങളോമിങ്ങോളം നമുക്ക്‌ ലഭിക്കുന്ന ബഹുമാനത്തിന്റെ അടിസ്‌ഥാനം.
അഞ്ചു നൂറ്റാണ്ടുകളായി മോശമായിരുന്ന യു.എസുമായുള്ള ബന്ധം അഞ്ചുവര്‍ഷം കൊണ്ട്‌ മികച്ച തന്ത്രപരമായ പങ്കാളിത്തമാക്കി അദ്ദേഹം മാറ്റി. സോവിയറ്റ്‌ യൂണിയനു ശേഷമുള്ള റഷ്യയുമായി 2000ല്‍ തന്ത്രപരമായ പങ്കാളിത്തത്തിലൂടെ ഇന്ത്യയുടെ അഗാധമായ സൗഹൃദമാക്കി മാറ്റി. 2001 നവംബറില്‍ അദ്ദേഹത്തെ റഷ്യയില്‍ അനുഗമിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. അപ്പോഴാണ്‌ ഗുജറാത്തും ആസ്‌ട്രാഖാനുമായി ഒരു സഹോദര പ്രവിശ്യാകരാറില്‍ ഏര്‍പ്പെട്ടത്‌.
ചൈനയുമായി സമാധാനത്തിനുള്ള വളരെ ധീരമായ ഒരു പരിശ്രമമാണു ബുദ്ധിമുട്ടേറിയ ഭൂതകാലത്തെ മറികടക്കുന്നതിനായി അതിര്‍ത്തിചര്‍ച്ചകള്‍ക്കായിപ്രത്യേക പ്രതിനിധികളെ ഏര്‍പ്പെടുത്തിക്കൊണ്ട്‌ അദ്ദേഹം നടത്തിയത്‌. രണ്ടു പുരാതന സംസ്‌ക്കാരങ്ങള്‍- ഉയര്‍ന്നുവരുന്ന ശക്‌തികള്‍ക്ക്‌ ലോകത്തിന്റെ ഭാവിയെ രൂപീകരിക്കാന്‍ കഴിയുമെന്ന അടല്‍ജിയുടെ വിശ്വാസമാണ്‌ എന്റെ ചിന്തകളെ നയിക്കുന്നത്‌.
നമ്മുടെ അയല്‍ക്കാരായിരുന്നു അദ്ദേഹത്തിന്‌ മുന്‍ഗണന. പലവിധത്തില്‍, അദ്ദേഹമാണ്‌ നമ്മുടെ അയല്‍പക്ക ആദ്യ നയത്തിന്റെ പ്രചോദനവും വഴികാട്ടിയും. പ്രതിപക്ഷനേതാവ്‌ എന്ന നിലയില്‍ ബംഗ്ലാദേശിന്റെ രൂപീകരണത്തിന്‌ തടസമില്ലാത്ത പിന്തുണയാണ്‌ അദ്ദേഹം നല്‍കിയത്‌. സമാധാനം തേടി അദ്ദേഹം ലാഹോറില്‍ പോയി.
നിഷ്‌ഠയും ശുഭാപ്‌തിവിശ്വാസവുമായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം. അദ്ദേഹം സമാധാനത്തിന്‌ വേണ്ടി ശ്രമിക്കുകയും ജമ്മു കശ്‌മീരിന്റെ മുറിവുണക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. എന്നാല്‍ കാര്‍ഗില്‍ യുദ്ധം ജയിക്കണമെന്ന്‌ അദ്ദേഹത്തിന്‌ ദൃഢനിശ്‌ചയവുമുണ്ടായിരുന്നു. പാര്‍ലമെന്റ്‌ ആക്രമിക്കപ്പെട്ടപ്പോള്‍ ഇന്ത്യക്ക്‌ എതിരായുള്ള അതിര്‍ത്തികടന്നുള്ള തീവ്രവാദത്തിന്റെ ശരിയായ സ്രോതസ്‌ അദ്ദേഹം ലോകത്തെ അറിയിച്ചു.വ്യക്‌തിപരമായി അടല്‍ജി ഒരു ആദര്‍ശമാണ്‌. ഒരു ഗുരു. എന്നെ പ്രചോദിപ്പിച്ച മാതൃകാ പുരുഷനുമാണ്‌. അദ്ദേഹമാണ്‌ ഗുജറാത്തിലും ഒപ്പം ദേശീയതലത്തിലുമുള്ള ചുമതലകള്‍ എന്നെ വിശ്വസിപ്പിച്ച്‌ ഏല്‍പ്പിച്ചത്‌.
2001 ഒക്‌ടോബറിലെ ഒരു സായാഹ്‌നത്തില്‍ അദ്ദേഹം എന്നെ വിളിച്ച്‌ ഗുജറാത്തിലെ മുഖ്യമന്ത്രിയായി പോകാന്‍ നിര്‍ദേശിച്ചു. ഞാന്‍ അതുവരെ സംഘടനാതലത്തില്‍ മാത്രമാണു പ്രവര്‍ത്തിച്ചിരുന്നത്‌. എന്നാല്‍, ജനങ്ങളുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കാന്‍ എനിക്കാകുമെന്ന്‌ അദ്ദേഹത്തിനു വിശ്വാസമുണ്ടായിരുന്നു.
ഇന്ന്‌ നമ്മള്‍ സ്വയം ഉറപ്പുള്ള, പുരോഗമിക്കുന്ന രാജ്യമാണ്‌. നല്ലതും ഉത്തരവാദിത്വമുള്ളതുമായ ഒരു സര്‍ക്കാരിനു വേണ്ടി പരിശ്രമിക്കുകയാണ്‌. ലോകവുമായി തുല്യരും സമാധാനശീലരുമായി നാം ബന്ധപ്പെടുന്നു. നമ്മള്‍ തത്വാധിഷ്‌ഠിതമായി സംസാരിക്കുന്നു. മറ്റുള്ളവരുടെ അഭിലാഷങ്ങളെ പിന്തുണയ്‌ക്കുന്നു. അടല്‍ജി നമ്മെ കൊണ്ടുപോകാന്‍ ആഗ്രഹിച്ച പാതയിലാണ്‌ നമ്മള്‍. ചരിത്രത്തിലുള്ള ആഴത്തിലുള്ള അറിവുമൂലം അദ്ദേഹം കാലത്തിന്‌ അതീതനായിരുന്നു. നമ്മുടെ സംസ്‌കാരത്തിന്റെ ധര്‍മ്മചിന്തകളെ ഗ്രഹിക്കാനുള്ള കഴിവിലൂടെ അദ്ദേഹത്തിന്‌ ഇന്ത്യയുടെ ആത്മാവിലേക്ക്‌ കടന്നു നോക്കാനാകുമായിരുന്നു.
വെളിച്ചം നഷ്‌ടപ്പെടുമ്പോള്‍ പിന്തുടരുന്ന ദുഃഖത്തിന്റെ അളവിലല്ല, ഒരു ജീവിതത്തെ വിലയിരുത്തേണ്ടത്‌. ആ ജീവിതം ജനങ്ങളുടെ ജീവിതത്തില്‍ ആ കാലത്ത്‌ ഉണ്ടാക്കിയ ഗുണങ്ങളുടെ അടിസ്‌ഥാനത്തില്‍ കൂടിയാണ്‌. ആ അര്‍ഥത്തില്‍ അടല്‍ജി ഭാരതത്തിന്റെ ശരിയായ ഒരു രത്‌നമാണ്‌. അദ്ദേഹത്തിന്റെ ആത്മാവ്‌ അദ്ദേഹത്തിന്റെ സ്വപ്‌നത്തിലുള്ള ഒരു നവ ഇന്ത്യ സൃഷ്‌ടിക്കുന്നതിനു ഞങ്ങളെ നയിക്കും.

നരേന്ദ്ര മോഡി
(പ്രധാനമന്ത്രി)

Ads by Google
Friday 17 Aug 2018 10.47 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW