Saturday, July 20, 2019 Last Updated 52 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 17 Aug 2018 10.46 PM

പ്രകൃതി തരുന്ന പാഠം

uploads/news/2018/08/241784/2.jpg

കേരളത്തില്‍ എത്ര ഡാമുകളുണ്ടാകും? വന്‍കിട ഡാമുകളില്‍ അമ്പതെണ്ണം തുറന്നെന്നു ദുരന്ത റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ കണ്ടു. ചെറിയ ഡാമുകള്‍ വേറെ; നാട്ടുകാര്‍ തട്ടിക്കൂട്ടിയ ചെക്ക്‌ ഡാമുകള്‍ നൂറുകണക്കിന്‌. കേരളത്തില്‍ എത്ര കരിങ്കല്‍ ക്വാറികള്‍ കാണും? കേരളത്തില്‍ എത്ര ലക്ഷം ഓട്ടോറിക്ഷകള്‍ എന്നതിനു കണക്ക്‌ കൃത്യമല്ലാത്തതുപോലെ ഇതും. ഓരോ പഞ്ചായത്തിലും രണ്ടും മൂന്നും ക്വാറികള്‍ എന്ന നിലയില്‍ ആയിരത്തോളം പഞ്ചായത്തുകള്‍.
ഇത്തവണത്തെ ദുരന്തത്തിനു പ്രകൃതിക്ക്‌ ന്യായീകരണമുണ്ട്‌. പാതാളംവരെ തുരന്നുചെന്നാല്‍, അതേ, എക്‌സ്‌പ്ലോസീവ്‌ ലൈസന്‍സ്‌ തട്ടിക്കൂട്ടിയിട്ട്‌ മൈനിങ്‌ നടത്തിയാല്‍ തിരിച്ചും കിട്ടും. മണ്ണ്‌, പാറ, കരിങ്കല്ല്‌, തടി, വെള്ളം, ചതുപ്പുപ്രദേശം, തോടുകള്‍, കൈവഴികള്‍, കുന്നിന്‍ചെരിവുകള്‍, കൃഷിയിടങ്ങള്‍, പുഴയോരങ്ങള്‍, കടല്‍, ജലസ്രോതസുകള്‍ ഇവ മുഴുവന്‍ ഒന്നുകില്‍ കൊട്ടിയടയ്‌ക്കും അല്ലെങ്കില്‍ അടിച്ചുമാറ്റും. പ്രകൃതിതാണ്ഡവം എന്ന ശീര്‍ഷകം മാധ്യമങ്ങള്‍ ഉപയോഗിച്ചത്‌ തെറ്റാണ്‌; പ്രകൃതി പ്രതികരണം; അത്രേയുള്ളൂ.
ദുരന്തത്തില്‍ കരയുന്നവര്‍ സ്വന്തം വര്‍ഗത്തെയാണ്‌ ശപിക്കേണ്ടത്‌. പ്രകൃതിയെ നോക്കിയല്ല. ക്വാറി മുതലാളിമാരുടെയും മണ്ണ്‌ മാഫിയയുടെയും തടി കടത്തുകാരുടെയും കൈയേറ്റക്കാരുടെയും വീടുകള്‍ക്ക്‌ ഒരു കുഴപ്പവുമില്ല. അവര്‍ക്ക്‌ ഒളിഞ്ഞും തെളിഞ്ഞും ഒത്താശ ചെയ്യുന്ന നേതാക്കന്മാരും ഉദ്യോഗസ്‌ഥരും സുഖമായിരിക്കുന്നു.
ഏതെങ്കിലും ദുരിതാശ്വാസക്യാമ്പില്‍ ഇത്തരക്കാരെ കണ്ടിട്ടുണ്ടോ? ഇതാണ്‌ പ്രകൃതി നല്‍കിയ ഏറ്റവും ഉദാത്തമായ മറുപടി. നാട്ടുകാര്‍ ഇവര്‍ക്കെതിരേ സംഘടിക്കുക.
അല്ലെങ്കില്‍ ഇനിയും കിട്ടും. വികസനത്തിന്റെ പേരില്‍ പ്രകൃതിയെ കൊള്ളയടിക്കുന്നവരുടെ അവസാനകണ്ണിയെയും ഈ മണ്ണില്‍നിന്ന്‌ തൂത്തെറിയുംവരെ പ്രകൃതി തിരിച്ചുതന്നുകൊണ്ടേയിരിക്കും.

എന്തുകൊണ്ട്‌
ഇടുക്കി, വയനാട്‌?

കൈയേറ്റവും കുടിയേറ്റവും ഒരമ്മപെറ്റ മക്കളായി ജീവിക്കുന്ന ജില്ലകളാണ്‌ ഇടുക്കിയും വയനാടും. കൈയേറ്റക്കാരുടെ പറുദീസ. തട്ടുകടകള്‍ പോലെ റിസോര്‍ട്ടുകള്‍. കുരിശുകൃഷിക്കാരും വനം കൈയേറ്റക്കാരും ഒത്തൊരുമയോടെ കഴിയുന്നു. പള്ളിയുടെ പേരില്‍ കുരിശ്‌, കുരിശിന്റെ പേരില്‍ പള്ളി. മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാത്ത കൈയേറ്റക്കാരും കുറവല്ല. ഒരു സാമ്പില്‍ വെടിക്കെട്ടുപോലെ പ്രകൃതി ഇടുക്കിക്കും വയനാടിനും ചെറിയ പ്രഹരം തന്നു. ഇരുമ്പുകുരിശു നാട്ടി അയ്യായിരം ഏക്കര്‍ പതിച്ചെടുക്കുന്നവരെ വിശുദ്ധരായി പ്രഖ്യാപിച്ച രാഷ്‌്രടീയ നേതൃത്വമുള്ള നാടിന്‌ ഇതും ഇതിനപ്പുറവും കിട്ടും. പ്രകൃതിസംരക്ഷണം എന്നുകേട്ടാല്‍ ഇവര്‍ക്കു വിറയല്‍ വരും. അതെന്തോ മതമൗലികവാദം പോലെ. പരിസ്‌ഥിതിവാദം ഒരു ശാസ്‌ത്രമാണ്‌. അതു തിരിച്ചറിയുക. ശാസ്‌ത്രീയതയിലൂന്നിയ പരിസ്‌ഥിതി സംരക്ഷണംകൊണ്ടേ കാര്യമുള്ളൂ. പരിസ്‌ഥിതിദിനത്തില്‍ നാല്‌ തൈ നട്ട്‌ ഫോട്ടോ എടുക്കുന്നതല്ല പ്രകൃതിസംരക്ഷണം. കേരളത്തിലെ ഏറ്റവും ഹൃദയഹാരിയായ ജില്ലകളായിരുന്നു ഇടുക്കിയും വയനാടും. ഇന്നോ പത്രഭാഷയില്‍ പറഞ്ഞാല്‍ ദുരന്തഭൂമി.മാധവ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെ പുച്‌ഛിക്കാന്‍ കേരളത്തിലെ മുഴുവന്‍ രാഷ്‌ട്രീയ പാര്‍ട്ടികളും തമ്മില്‍ മത്സരിച്ചു. കസ്‌തൂരി രംഗനെ വരുത്തി അതില്‍ മായം ചേര്‍ത്തു; അതിനെയും വെല്ലുവിളിക്കാന്‍ രാഷ്‌ട്രീയക്കാര്‍ മത്സരിച്ചു. പശ്‌ചിമഘട്ടത്തെ അടുത്ത തലമുറയ്‌ക്കുവേണ്ടി സംരക്ഷിക്കാനുള്ള മിനിമം നിര്‍ദ്ദേശങ്ങളായിരുന്നു ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌. പള്ളിയും രൂപതയും മഹലും ശാഖായോഗവും ബ്രാഞ്ച്‌ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും ഗാഡ്‌ഗിലിനെ കിട്ടിയാല്‍ തല്ലുമെന്ന്‌ പ്രമേയം പാസാക്കി.
ഇപ്പോഴോ അന്നു വെല്ലുവിളിച്ചവരില്‍ പലരും വീട്ടില്‍ വെള്ളം കയറുമോയെന്ന്‌ പേടിച്ച്‌ ഉറക്കംകളയുന്നു. ഇതാണു സുഹൃത്തേ പ്രകൃതിനിയമം. പരിസ്‌ഥിതിശാസ്‌ത്രം ഒരു സത്യമാണ്‌. എം.എം. മണിയും ഇരുമ്പു കുരിശും റിസോര്‍ട്ടും അതിന്‌ ബദലാകില്ലെന്ന്‌ ദുരിതാശ്വാസ ക്യാമ്പുകള്‍ വിളിച്ചുപറയുന്നു.
റോഷി: ഇരുട്ടില്‍ ഒരു
നാളംപോലെ

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടില്‍ സത്യമുണ്ടെന്നു പറഞ്ഞ പി.ടി.തോമസിനെ സ്വന്തം പാര്‍ട്ടിയും പള്ളികളും തള്ളിപ്പറഞ്ഞു. മത്സരിച്ചാല്‍ തോല്‍പ്പിക്കുമെന്നു ഭീഷണിപ്പെടുത്തി.
പി.ടിക്ക്‌ കുഴപ്പമൊന്നുമില്ല. അദ്ദേഹം നിലപാട്‌ മയപ്പെടുത്താതെതന്നെ എം.എല്‍.എയായി. ഗാഡ്‌ഗിലിനെതിരേ തിരിഞ്ഞ ചാവേര്‍പ്പടയുടെ നായകന്‍ ജോയ്‌സ്‌ ജോര്‍ജിനെ പള്ളി പാലൂട്ടി വളര്‍ത്തി. പള്ളിയും പാര്‍ട്ടിയും തമ്മിലുള്ള പാലം ദുരന്തമുണ്ടായപ്പോള്‍ പള്ളിയും പാലവും ഒരുപോലെ തകര്‍ന്നു. ഇടുക്കിയിലെ ദുരന്തമുഖത്തേക്ക്‌ നോക്കൂ.
ചേറിലും മഴയിലും ഊണും ഉറക്കവും കളഞ്ഞ്‌ ഒരു ജനപ്രതിനിധി ഓടിനടക്കുന്നു. അയാള്‍ക്ക്‌ പ്രത്യേക അവകാശവാദങ്ങളൊന്നുമില്ല. ഒരു കുടിയേറ്റക്കാരന്റെ ഊര്‍ജം; എം.എല്‍.എയുടെ ചൈതന്യം; മറ്റെങ്ങും കാണാത്ത മനുഷ്യത്വം-റോഷി അഗസ്‌റ്റിന്‍. ദുരന്തവഴിയില്‍ അയാള്‍ക്ക്‌ മടുപ്പില്ല, വിശപ്പില്ല, ദാഹമില്ല, പള്ളിയില്ല, പാര്‍ട്ടിയില്ല. മണ്ണിലേക്കു മടങ്ങേണ്ടവന്‍ എന്ന ബോധ്യത്തില്‍ അയാള്‍ക്ക്‌ മണ്ണ്‌ മടുക്കുന്നില്ല. പ്രകൃതിയുടെ പ്രതിഷേധം വെളിച്ചംകെടുത്തുമ്പോള്‍ റോഷി അഗസ്‌റ്റിന്‍ ഇരുട്ടില്‍ ഒരു തിരി കൊളുത്തുന്നു.

Ads by Google
Friday 17 Aug 2018 10.46 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW