Tuesday, November 20, 2018 Last Updated 30 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 17 Aug 2018 10.46 PM

ഒന്നിച്ചു നേരിടാം

uploads/news/2018/08/241783/1.jpg

അതിഭീകരമായ പ്രളയത്തിന്റെ ഈ കാലത്ത്‌ കേരളം ഒരേ മനസ്സോടെ ഒന്നിച്ചു നില്‍ക്കുക എന്നത്‌ അത്യന്താപേക്ഷിതമാണ്‌. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ്‌ ഏറ്റവും പ്രധാനം. അതിനായി അധികൃതര്‍ എല്ലാ സന്നാഹങ്ങളുമൊരുക്കുന്നു. അപകടമുണ്ടാകാന്‍ നേരിയ സാധ്യതയെങ്കിലുമുള്ള സ്‌ഥലങ്ങളില്‍ നിന്ന്‌ വിട്ടുനില്‍ക്കുക എന്നതാണ്‌ ജനങ്ങള്‍ ചെയ്യേണ്ടത്‌. അധികൃതര്‍ മുന്‍കൂര്‍ അറിയിപ്പ്‌ നല്‍കിയപ്പോള്‍ വീടില്‍ നിന്ന്‌ ഒഴിഞ്ഞു പോകാതിരുന്ന പലരും കുടുങ്ങിക്കിടക്കുന്ന അവസ്‌ഥയുണ്ടായി. വെള്ളം എത്തില്ല എന്നു കരുതിയിരുന്ന സ്‌ഥലങ്ങള്‍ വരെ വെള്ളത്തിനടിയിലായ സ്‌ഥിതിയാണ്‌. ഇതു മൂലം, അധികൃതര്‍ തരുന്ന എല്ലാ നിര്‍ദേശങ്ങളും എല്ലാവരും നിര്‍ബന്ധമായി പാലിക്കണം.
നാടു മുഴുവന്‍ പ്രളയത്തില്‍ വലയുമ്പോഴും തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുവെന്നത്‌ അത്യന്തം അപലപനീയമാണ്‌. ജനങ്ങളെ സംഭീതരാക്കുന്ന സന്ദേശങ്ങളാണ്‌ പരത്തുന്നതില്‍ പലതും. ഇത്തരം സന്ദേശങ്ങള്‍ സൃഷ്‌ടിക്കുന്നവരുടെ മനോനില എന്താണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം സന്ദേശങ്ങള്‍ സൃഷ്‌ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന എല്ലാവരെയും നിയമപരമായി നെറിടുകയാണ്‌ വേണ്ടത്‌.
സ്വയം ഉറപ്പില്ലാത്ത ഒരു സന്ദേശവും പ്രചരിപ്പിക്കാതിരിക്കാന്‍ ഏവരും ശ്രദ്ധിക്കണം. ഇതിനൊപ്പം തന്നെ രാഷ്‌ട്രീയ എതിര്‍പ്പിന്റെ പേരില്‍ സമൂഹ മാധ്യമസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതുണ്ട്‌. ഇപ്പോള്‍ നാടിന്‌ ആവശ്യം കരുതലും സഹകരണവുമാണ്‌. അതിലാകണം ഏവരുടെയും ശ്രദ്ധ. സംസ്‌ഥാന, കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങള്‍ കരുതലോടെ ഒപ്പമുണ്ടെന്നത്‌ ദുരന്ത മേഖലയിലെ ഏവരും മനസ്സിലാക്കുക.
സൈന്യവും പോലീസും അഗ്നിശമന സേനാംഗങ്ങളും നാവികസേനയും മറ്റ്‌ സംസ്‌ഥാന ഉദ്യോഗസ്‌ഥരുമൊക്കെ ദുരിതാശ്വാസത്തിന്‌ ഒപ്പമുണ്ട്‌. ആശങ്കാ കുലരാകാതെ സമചിത്തതയോടെ വെല്ലുവിളികളെ അതിജീവിക്കുക എന്നതാണ്‌ ദുരന്തമേഖലയിലുള്ളവര്‍ ചെയ്യേണ്ടത്‌. അവരെ പരമാവധി പിന്‍തുണയ്‌ക്കാന്‍ കേരളസമൂഹം ഒപ്പം നില്‍ക്കുകയും വേണം.
കേരളം വെള്ളക്കെടുതിയില്‍ വലയുമ്പോഴും മുല്ലപ്പെരിയാര്‍ വെള്ളത്തിന്റെ പേരില്‍ രാഷ്‌ട്രീയം കളിക്കാന്‍ തമിഴ്‌നാട്‌ മടിക്കുന്നില്ല എന്നതും ആശ്‌ചര്യജനകമാണ്‌. മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ 142 അടിയില്‍ നിന്ന്‌ കുറയ്‌ക്കണമെന്ന്‌ കേരളം ആവശ്യപ്പെട്ടിട്ടും അതിനു തയാറല്ലെന്നാണ്‌ ഇന്നലെ തമിഴ്‌നാട്‌ വ്യക്‌തമാക്കിയത്‌. ഇതില്‍ തമിഴ്‌നാടിന്‌ രണ്ടു ലക്ഷ്യമുണ്ട്‌. ഒന്ന്‌, മുല്ലപ്പെരിയാറിന്‌ 142 അടി ജലം സംഭരിച്ചു നിര്‍ത്താനുള്ള ബലമുണ്ടെന്ന്‌ തെളിയുക്കുക, രണ്ട്‌ കേരളത്തിനു വേണ്ടി വെള്ളം തുറന്നു വിട്ടു എന്ന ആരോപണത്തില്‍ നിന്ന്‌ രക്ഷനേടുക. മുല്ലപ്പെരിയാര്‍ നിറഞ്ഞു കവിയുന്നത്‌ മലയാളിക്ക്‌ എന്നും ആശങ്ക നല്‍കുന്നതാണ്‌. സഹജീവികളുടെ ജീവനു വില കല്‍പിക്കാതെ രാഷ്‌ട്രീയ നേട്ടത്തില്‍ മാത്രം കണ്ണുവയ്‌ക്കുന്ന തമിഴ്‌നാടിന്റെ നിലപാട്‌ എതിര്‍ക്കപ്പെടേണ്ടതുണ്ട്‌.

Ads by Google
Friday 17 Aug 2018 10.46 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW