Friday, November 16, 2018 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 17 Aug 2018 07.01 PM

തൂതപ്പുഴ ഗതിമാറി ഒഴുകി: പ്രളയ ദുരിതത്തിന് താല്‍ക്കാലിക ശമനമായി മഴ കുറയുന്നു, ഇന്നു മാത്രം മരിച്ചത് എട്ടു പേര്‍

Kerala Floods

കോട്ടയം: പ്രളയ ദുരിതത്തിന് താല്‍ക്കാലിക ശമനമായി മഴ കുറഞ്ഞു തുടങ്ങി. എറണാകുളം, ഇടുക്കി, പത്തനംതിട്ട, തൃശ്ശൂര്‍ എന്നീ നാലു ജില്ലകളെയാണ് പ്രളയക്കെടുതി അതിരൂക്ഷമായി ബാധിച്ചിരിക്കുന്നത്. പെരിയാര്‍ ആര്‍ത്തലച്ചൊഴുകിയ ആലുവയിലും, ചാലക്കുടി, പത്തനംതിട്ടയിലും ആയിരക്കണക്കിനു പേര്‍ ഇപ്പോഴും കുടങ്ങിക്കിടക്കുകയാണ്.

പത്തനംതിട്ടയില്‍ റാന്നിയില്‍ പലയിടങ്ങളിലും വെള്ളമിറങ്ങി തുടങ്ങി. മലപ്പുറത്തും, കോഴിക്കോടും മഴ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. മഴ മാറി നില്‍ക്കുന്നുണ്ടെങ്കിലും പുഴകളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടില്ല. സംസ്ഥാനത്ത് ഇന്നു മാത്രം എട്ടു പേര്‍ മരിച്ചു. പാലക്കാട് മൂന്ന്, കണ്ണൂരില്‍ രണ്ട്, തൃശ്ശൂര്‍ ദേശമംഗലം, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് ഇന്ന് മരണം സംഭവിച്ചിരിക്കുന്നത്. ഇതോടെ വെള്ളപ്പൊക്കത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 170 ആയി.

പാലക്കാട്- മലപ്പുറം അതിര്‍ത്തിയില്‍ തൂതപ്പുഴ ഗതിമാറി ഒഴുകി. ഇതിനെ തുടര്‍ന്ന് ആനക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി, നിരവധി പേര്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. വിവിധയിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദുരന്തമുഖത്ത് കഴിഞ്ഞിരുന്ന 6050 പേരെ കഴിഞ്ഞ രണ്ടു ദിവസമായി എന്‍ഡിആര്‍എഫിന്റെയും നാവികസേനയുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെയും കനത്ത മഴയ്ക്കു സാധ്യതയുണ്ട്. രണ്ടു ജില്ലകളിലും അതീവ ജാഗ്രത നിര്‍ദേശം നാളെ വരെ നീട്ടിയിരിക്കുകയാണ്. തൃശ്ശൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലും ജാഗ്രത നിര്‍ദേശം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ചയോടെ മഴ ദുര്‍ബലമാകുമെന്നാണ് വിലയിരുത്തല്‍.

കോഴിക്കോട് ജില്ലയില്‍ മഴക്ക് ശമനമായിത്തുടങ്ങി. കോഴിക്കോട് നഗരത്തിലും മലയോര മേഖലയിലും കാലാവസ്ഥ അനുകൂലമാകുന്നത് ജനങ്ങളുടെ ഭീതി കുറയ്ക്കുന്നു. ജില്ലയില്‍ 266ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനസജ്ജം. ദുരന്തബാധിതര്‍ക്കും ഒറ്റപെട്ടു പോയവര്‍ക്കുമായി 266 ദുരിതാശ്വാസക്യാമ്പുകളാണ് കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ക്യാമ്പുകളില്‍ 6916കുടുംബങ്ങളിലെ 23726 ആളുകളാണ് നിലവില്‍ കഴിയുന്നത്.

തുടര്‍ച്ചായി പെയ്തിരുന്ന മഴയ്ക്ക് കോഴിക്കോട് ജില്ലയില്‍ അല്‍പം ശമനം ഉണ്ടായത് ജനങ്ങളിലെ ഭീതി ഒഴിയാന്‍ കരണമായിരിക്കുകയാണ്. മലയോര മേഖലയിലും നഗര പ്രദേശങ്ങളില്‍ ഒറ്റപെട്ടമഴ പെയ്യുന്നതെന്നല്ലാതെ ആശങ്ക വിട്ടുമാറിയിരിക്കുന്നു.

എന്‍ ഡി ആര്‍ എഫ്, സൈന്യം എന്നിവരുടെ നേതൃത്വത്തില്‍ നിലവില്‍ ഉരുള്‍പൊട്ടല്‍,മലവെള്ളപ്പാച്ചില്‍ ഭീഷണി ഉള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് പൂര്‍ണമായും മാറ്റിക്കഴിഞ്ഞു. ജില്ലയില്‍ മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അതേസമയം ജില്ലയില്‍ ഇന്ധനക്ഷാമം വളരെ രൂക്ഷമായിരിക്കുകയാണ്. നിരവധി പമ്പുകള്‍ ഇതിനോടകം അടച്ചിരിക്കുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW