Thursday, November 15, 2018 Last Updated 13 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 17 Aug 2018 05.09 PM

സ്മൃതിസ്ഥലില്‍ രാജ്യത്തിന്റെ യാത്രാമൊഴി: വാജ്‌പേയിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

 Atal Bihari Vajpayee, Funeral

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിക്ക് ഔദ്യോഗിക ബഹുമതികളോടെ രാജ്യം യാത്രാമൊഴിയേകി. യമുനാ തീരത്തെ സ്മൃതിസ്ഥലില്‍ വൈകിട്ട് നാലു മണിയോടെ തുടങ്ങിയ അന്ത്യ കര്‍മ്മങ്ങള്‍ക്കൊടുവില്‍ അഞ്ചു മണിയോടെ വാജ്‌പേയിയുടെ ഭൗതികദേഹം അഗ്നിയില്‍ അമര്‍ന്നു.

വാജ്‌പേയിയുടെ വളര്‍ത്തുമകള്‍ നമിത ഭട്ടാചാര്യയാണ് ചിതയ്ക്കു തീ കൊളുത്തിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന വാജ്‌പേയ് ഇന്നലെ വൈകിട്ട് 5.05 നാണ് വിടവാങ്ങിയത്. മൃതദേഹം രാവിലെ ഒമ്പതു മുതല്‍ ബിജെപി ആസ്ഥാനത്തു പൊതുദര്‍ശനത്തിനു വെച്ചു. ആയിരക്കണക്കിനു പേരാണ് വാജ്‌പേയിക്ക് യാത്രാമൊഴിയേകാന്‍ എത്തിയത്.

 Atal Bihari Vajpayee, Funeral

പൊതുദര്‍ശനത്തിനു ശേഷം വാജ്‌പേയിയുടെ മൃതദേഹം സംസ്‌കാര സ്ഥലമായ യമുനാതീരത്തെ സ്മൃതിസ്ഥലിലേക്ക് വിലാപയാത്രയായാണ് കൊണ്ടുവന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ വന്‍ ജനാവലി വിലാപയാത്രയിലും തുടര്‍ന്നുള്ള അന്ത്യ കര്‍മ്മങ്ങളിലും പങ്കെടുത്തു. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അഡ്വാനി, ഭൂട്ടാന്‍ രാജാവ് ജിഗ്‌മെ ഖേസര്‍ നാമ്‌ഗെയില്‍ വാങ്ചുക്, പാക്കിസ്ഥാന്‍ നിയമമന്ത്രി അലി സഫര്‍, അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ഉള്‍പ്പെടെ പ്രമുഖര്‍ വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കൂടാതെ കേരള ഗവര്‍ണര്‍ പി.സദാശിവം, തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതും വാജ്‌പേയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

മൂന്ന് തവണ പ്രധാനമന്ത്രി പദം അലങ്കരിച്ച വാജ്‌പേയി രാജ്യത്തിന്റെ പത്താമത്തെ പ്രധാനമന്ത്രിയാണ്. 2014ല്‍ രാജ്യം ഭാരതരത്‌ന നല്‍കി ആദരിച്ചിട്ടുണ്ട്. ജൂണ്‍ 11നാണ് വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം മുന്‍പ് ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായി. തുടര്‍ന്ന് യന്ത്രസഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

1996 മെയ് 16നാണ് അദ്ദേഹം ആദ്യമായി പ്രധാനമന്ത്രിയായത്. എന്നാല്‍ 13 ദിവസത്തിന് ശേഷം രാജിവയ്‌ക്കേണ്ടി വന്നു. 1998ല്‍ വീണ്ടും പ്രധാനമന്ത്രിയായി. എ.ഐ.എ.ഡി.എം.കെ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് 1999ല്‍ രാജിവയ്‌ക്കേണ്ടി വന്നു. 1999ലെ പൊതുതിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തില്‍ എത്തിയ വാജ്‌പേയ് 2004 വരെ അഞ്ച് വര്‍ഷം തികച്ചു ഭരിച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി രണ്ട് തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ് വാജ്‌പേയി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW