Tuesday, April 23, 2019 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 17 Aug 2018 12.31 AM

അടലിന്റെ കുടുംബം

uploads/news/2018/08/241668/4.jpg

രാഷ്‌ട്രീയത്തിനു വേണ്ടി ജീവിതം മാറ്റിവച്ചയാളായിരുന്നു എ.ബി. വാജ്‌പേയി. തിരക്കുകള്‍ക്കിടെ വിവാഹം കഴിക്കാന്‍ പോലും മറന്നു. പിന്നീട്‌ ദത്തെടുത്ത കുടുംബമായി അദ്ദേഹത്തിന്റെ കുടുംബം. ദത്തുമകള്‍ നമിത ഭട്ടാചാര്യയും അവരുടെ അമ്മയും വാജ്‌പേയിയുടെ സുഹൃത്തുമായ രാജ്‌കുമാരി കൗള്‍, മകളുടെ ഭര്‍ത്താവ്‌ രഞ്‌ജന്‍ ഭട്ടാചാര്യ, കൊച്ചുമക്കളായ നിഹാരികയും ബിസാരിയയും ചേര്‍ന്നതായിരുന്നു ആ കുടുംബം. പ്രൈവറ്റ്‌ സെക്രട്ടറി ശക്‌തി സിന്‍ഹ അകന്ന ബന്ധുവായിരുന്നു.
രാജ്‌കുമാരി കൗള്‍ ഹൃദയാഘാതത്തെ തുടര്‍ന്നു 2014 ലാണു മരിച്ചത്‌. വിക്‌ടോറിയ കോളജില്‍ സഹപാഠികളായിരുന്ന വാജ്‌പേയിയും രാജ്‌കുമാരിയും പിന്നീടു ഡല്‍ഹിയില്‍ കണ്ടുമുട്ടുകയായിരുന്നു. രാജ്‌മസ്‌ കോളജിലെ പ്രഫ. ബി.എന്‍. കൗളിന്റെ ഭാര്യയായ രാജ്‌കുമാരിയെയും കുടുംബത്തെയും കൗളിന്റെ മരണത്തെ തുടര്‍ന്നാണു വാജ്‌പേയി ദത്തെടുത്തത്‌.
വീട്ടില്‍ രാവിലെ ഏഴു മണിക്ക്‌ ചായയും ബിസ്‌കറ്റും. പിന്നെ അരമണിക്കൂര്‍ ഫിറ്റ്‌നസ്‌ സൈക്കിളില്‍ വ്യായാമം. ഇടയ്‌ക്കു ടിവി. ചാനലുകളില്‍ കണ്ണോടിക്കും. പിന്നെ ഇഡ്‌ഡ്ലിയോ ഉപ്പുമാവോ, മുളപ്പിച്ച ധാന്യം, പഴങ്ങള്‍ എന്നിവ പ്രാതല്‍. വാജ്‌പേയിയുടെ ഒരു ദിവസത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു. തീന്‍മേശയ്‌ക്കരികില്‍ വളര്‍ത്തുമകള്‍ നമിതയോ, മരുമകന്‍ രഞ്‌ജനോ അതല്ലെങ്കില്‍ ദേശീയ സുരക്ഷാ ഉപദേശകന്‍ ബ്രജേഷ്‌ മിശ്രയോ ഒക്കെ കൂട്ടിനുണ്ടാകും. നമിത ഡല്‍ഹി ശിവനികേതന്‍ സ്‌കൂളില്‍ അധ്യാപികയായിരുന്നു. രഞ്‌ജന്‍ ഹോട്ടല്‍ ബിസിനസുകാരനും. വാജ്‌പേയിയുടെ വസ്‌ത്രധാരണ കാര്യങ്ങളില്‍ നിര്‍ദേശം നല്‍കിയിരുന്നതുപോലും രഞ്‌ജനായിരുന്നു.
ആറു സഹോദരങ്ങളാണ്‌ അടലിനുണ്ടായിരുന്നത്‌. അടലിനെപ്പോലെ ജ്യേഷ്‌ഠന്‍ പ്രേം ബിഹാരി വാജ്‌പേയിയും രാഷ്‌ട്രീയത്തില്‍ ആകൃഷ്‌ഠനായിരുന്നു. 1942 ലെ ക്വിറ്റ്‌ ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അടലിനൊപ്പം ജ്യേഷ്‌ഠന്‍ പ്രേമും അറസ്‌റ്റിലായി. എന്നാല്‍, അന്നു കോടതിയില്‍ മാപ്പുസാക്ഷിയായി എന്ന ആരോപണം എതിരാളികള്‍ എന്നും അടലിനെതിരേ ആയുധമാക്കി.
പൊതുവേ ഭക്ഷണപ്രിയനായിരുന്നു അടല്‍. പൊരിച്ചതും കൊഴുപ്പേറിയതുമായുള്ള ഭക്ഷണത്തോടുള്ള പ്രിയം അദ്ദേഹത്തെ കൊളസ്‌ട്രോളിന്റെ പിടിയിലാക്കുകയും ചെയ്‌തു. അമ്പതുകളില്‍ അദ്വാനിയുമായി സഹമുറിയനായിരുന്ന ഘട്ടത്തില്‍ അടല്‍ പാചകം സ്വയം പരീക്ഷിച്ചു. കിച്ചടിയായിരുന്നു അദ്ദേഹത്തിന്റെ സ്‌പെഷല്‍. അദ്വാനി അതേറെ ആസ്വദിച്ചു കഴിക്കുകയും ചെയ്‌തു.

വാജ്‌പേയി -രാഷ്‌ട്രീയ ജീവിതം

1924 ഡിസംബര്‍ 25നു മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ജനനം
ബ്രിട്ടീഷ്‌ കോളനി ഭരണത്തെ എതിര്‍ത്തതിനെത്തുടര്‍ന്നു കൗമാരത്തില്‍ തന്നെ ജയില്‍വാസം അനുഭവിക്കേണ്ടിവന്നു.
ആര്‍.എസ്‌.എസിന്റെ മാസികയില്‍ പ്രവര്‍ത്തിക്കാനായി 1950കളില്‍ നിയമപഠനം അവസാനിപ്പിച്ചു.
1942-45 കാലഘട്ടത്തില്‍ ക്വിറ്റ്‌ ഇന്ത്യ സമരകാലത്ത്‌ സ്വാതന്ത്യസമരസേനാനി ആയാണു വാജ്‌പേയി രാഷ്‌ട്രീയജീവിതം തുടങ്ങുന്നത്‌. തുടക്കം കമ്യൂണിസ്‌റ്റുകാരനായിരുന്നു. എന്നാല്‍ ആര്‍.എസ്‌.എസില്‍ ചേരാനായി കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി വിട്ടു. 1942 ല്‍ ക്വിറ്റ്‌ ഇന്ത്യ സമരത്തിന്റെ പേരില്‍ സഹോദരന്‍ പ്രേമിനൊപ്പം ജയില്‍വാസമിട്ടു.

പിന്നീട്‌ ബി.ജെ.പിയുടെ മുന്‍രൂപമായ ഭാരതീയ ജന സംഘിന്റെ സ്‌ഥാപകന്‍ ശ്യാമപ്രസാദ്‌ മുഖര്‍ജിയുടെ അടുത്ത അനുയായി ആയി.
മുഖര്‍ജിയുടെ മരണത്തിനുശേഷം പാര്‍ലമെന്റിലേക്ക്‌ 1957ല്‍ പാര്‍ലമെന്റിലേക്കു മത്സരിച്ചു.
പത്തുതവണയാണു വാജ്‌പേയ്‌ ലോക്‌സഭാംഗമായത്‌. 1957 മുതല്‍ 2009 വരെ. രാജ്യസഭയിലെ സേവനം കൂടി പരിഗണിക്കുമ്പോള്‍ 47 വര്‍ഷം പാര്‍ലമെന്റ്‌ അംഗമായിരുന്നു.
മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ വിദേശകാര്യവകുപ്പ്‌ മന്ത്രിയായിരുന്ന വാജ്‌പേയി ഐക്യരാഷ്‌ട്രസഭയില്‍ ഹിന്ദിയില്‍ പ്രസംഗിച്ചത്‌ ഏറെ ശ്രദ്ധിക്കപ്പെട്ടു.
കോണ്‍ഗ്രസില്‍ നിന്നല്ലാതെ കേന്ദ്രസര്‍ക്കാരില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ സര്‍ക്കാരിനെ നയിച്ചത്‌ വാജ്‌പേയി ആണ്‌.
നാലുദശാബ്‌ദം പ്രതിപക്ഷത്തിരുന്ന ശേഷം 1996ലാണ്‌ വാജ്‌പേയി ആദ്യം പ്രധാനമന്ത്രിയാകുന്നത്‌. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നതിനെത്തുടര്‍ന്ന്‌ 13 ദിവസം കഴിഞ്ഞപ്പോള്‍ രാജിവച്ചു.
1998ല്‍ രണ്ടാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റെങ്കിലും അണ്ണാ ഡി.എം.കെ. പിന്തുണ പിന്‍വലിച്ചതോടെ പതിമൂന്നാം മാസം സ്‌ഥാനമൊഴിഞ്ഞു.
1999ല്‍ തെരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരമേറ്റ്‌ കാലാവധി പൂര്‍ത്തിയാക്കി.

മുന്‍ കമ്യൂണിസ്‌റ്റ്!

ആര്‍.എസ്‌.എസില്‍ ചേരുന്നതിനു മുമ്പ്‌ എ.ബി. വാജ്‌പേയി കമ്യൂണിസ്‌റ്റ് അനുഭാവിയായിരുന്നു. ഗ്വാളിയര്‍ ആര്യ കുമാര്‍ സഭയിലൂടെയാണു പൊതുപ്രവര്‍ത്തകനായത്‌.
ബാബാസാഹിബ്‌ ആപ്‌തേയാണ്‌ അദ്ദേഹത്തെ ആര്‍.എസ്‌.എസിലേക്കു നയിച്ചത്‌. 1939 ല്‍ അദ്ദേഹം ആര്‍.എസ്‌.എസില്‍ ചേര്‍ന്നു. 1947 ല്‍ പ്രചാരകനായി.
അച്‌ഛന്‍ സഹപാഠി
അച്‌ഛന്‍ കൃഷ്‌ണ ബിഹാരി വാജ്‌പേയിയും അടലും സഹപാഠികളായിരുന്നു. കാണ്‍പുര്‍ ലോ കോളജിലാണ്‌ ഇരുവരും ഒരുമിച്ചുപഠിച്ചത്‌. ഹോസ്‌റ്റലില്‍ ഒരു മുറിയിലായിരുന്നു ഇരുവരുടെയും താമസം.
ആഗ്രഹം പോലെ പത്രപ്രവര്‍ത്തകന്‍
ആര്‍.എസ്‌.എസില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോഴാണ്‌ അദ്ദേഹത്തിനു പത്രപ്രവര്‍ത്തകനാകാനുള്ള മോഹമുണ്ടായത്‌. അതു യാഥാര്‍ഥ്യമാക്കിയത്‌ ദീന്‍ദയാല്‍ ഉപാധ്യയുടെ ഇടപെടലാണ്‌. രാഷ്‌ട്രധര്‍മ(ഹിന്ദി മാസിക)യിലൂടെയാണു തുടക്കം. പാഞ്ച്‌ജന്യ വാരികയിലും പ്രവര്‍ത്തിച്ചു. പിന്നീട്‌ വീര്‍ അര്‍ജുന്‍, സ്വദേശ്‌ എന്നീ ദിനപത്രങ്ങളിലും പ്രവര്‍ത്തിച്ചു.
എനിക്കു നെഹ്‌റുവിനെ തിരിച്ചുതരൂ...
1977 ലെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു വാജ്‌പേയി. സൗത്ത്‌ ബ്ലോക്കിലെ വിദേശകാര്യമന്ത്രാലയത്തിലെത്തിയപ്പോഴാണു നെഹ്‌റുവിന്റെ 'അഭാവം' ശ്രദ്ധയില്‍പ്പെട്ടത്‌. മൊറാര്‍ജി മന്ത്രിസഭയായതിനാല്‍ ഉദ്യോഗസ്‌ഥര്‍ ചിത്രം നീക്കുകയായിരുന്നു. ഉദ്യോഗസ്‌ഥര്‍ക്കുള്ള ആദ്യനിര്‍ദേശം നെഹ്‌റുവിന്റെ ചിത്രം പുനഃസ്‌ഥാപിക്കാനുള്ളതായിരുന്നു. വാജ്‌പേയി ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമെന്ന ആദ്യ പ്രവചനവും നടത്തിയത്‌ നെഹ്‌റുവാണ്‌.
കൊഞ്ചുകറി പെരുത്തിഷ്‌ടം
ബ്രാഹ്‌മണനായ വാജ്‌പേയി നോണ്‍ വെജ്‌ വിഭവങ്ങള്‍ പ്രിയമായിരുന്നു. കൊഞ്ച്‌ കറിയായിരുന്നു ഏറ്റവും ഇഷ്‌ടം.

Ads by Google
Friday 17 Aug 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW