ഒരു കാലത്ത് വാജ്പേയിക്കെതിരേ ശബ്ദമുയര്‍ത്താന്‍പോലും ആര്.എസ്.എസില്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. ജനസംഘിലും ബി.ജെ.പിയിലുമൊക്കെ തലയെടുപ്പോടെ നിന്നവര്പ്പോലും. അതിനൊരു കാരണവുമുണ്ട്. ആര്.എസ്.എസിന്റെ കളരിയില്‍ ശരിക്കും പയറ്റിത്തെളിഞ്ഞയാളാണു വാജ്പേയ്. തന്റെ ഭരണത്തില്‍ പിടിമുറുക്കാനുള്ള ആര്.എസ്.എസ്. സമ്മര്‍ദങ്ങളെ ഒട്ടു വകവച്ചുകൊടുത്തതുമില്ല. പക്ഷേ, ഗുജറാത്ത് കലാപത്തോടെ കാര്യങ്ങളാകെ കുഴഞ്ഞുമറിയുന്നതാണു കണ്ടത്.
2002 ഫെബ്രുവരി 27 ന് 58 കര്‍സേവകരുടെ ജീവനെടുത്ത ഗോധ്ര സംഭവത്തിനു പിന്നാലെ ഗുജറാത്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപം ആയിരത്തിലേറെപ്പേരുടെ ജീവനെടുത്തു. കൊലയും കൊള്ളിവയ്പും മാനഭംഗവും കൂട്ടക്കുരുതിയും നടമാടി. അന്നു പ്രധാനമന്ത്രിയായിരുന്ന വാജ്പേയ് ഏപ്രില്‍ രണ്ടിനു നടത്തിയ ഗുജറാത്ത് സന്ദര്‍ശനത്തോടെയാണ് ആര്.എസ്.എസുമായുള്ള ഏറ്റുമുട്ടല്‍ ശക്തമായത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയെ അടുത്തിരുത്തി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കലാപത്തിനെതിരേ വാജ്പേയി ആഞ്ഞടിച്ചു. സര്‍ക്കാര്‍ രാജ്യധര്മ്മമാണു പാലിക്കേണ്ടത്. മതവും ജാതിയും ജനനവുമൊന്നും നോക്കി ആളുകളെ വിവേചിച്ചുകാണാന് ഭരണാധികാരികള്‍ ശ്രമിക്കരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. അതു തന്നെയാണു ഞങ്ങള്‍ ചെയ്യുന്നതെന്ന് എടുത്തടിച്ചപോലെ മോഡിയുടെ മറുപടി വന്നപ്പോള്‍ സദസിലുണ്ടായിരുന്നവര്‍ അടക്കം ഞെട്ടി.
ഒരാഴ്ച കഴിഞ്ഞു ഗോവയില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ എക്സിക്യൂട്ടിവ് കൗണ്‍സിലില്‍ മോഡിയുടെ ചിറകരിയാനായിരുന്നു തുടര്‍ന്നുള്ള നീക്കം. മോഡിയുടെ മുഖം രക്ഷിക്കാന്‍ അദ്ദേഹത്തിനു രാജി സമര്‍പ്പിക്കാമെന്നും ധാരണയായി. എന്നാല്‍, ഗോവയിലേക്കുള്ള വാജ്പേയിയുടെ വിമാനയാത്രയ്ക്കിടെ മോഡിയുടെ രാജി സ്വീകരിക്കരുതെന്ന് എല്‍.കെ. അദ്വാനി കടുത്ത സമ്മര്‍ദം ചെലുത്തി. രാജിക്കാര്യം പുറത്തായതിനു പിന്നാലെ മോഡി സമ്മേളനവേദിയില്‍ പ്രസംഗത്തിനായി എണീറ്റതും രാജി വേണ്ടെന്ന് യുവ- മധ്യനിര നേതാക്കള്‍ മുദ്രാവാക്യം മുഴക്കി. അതോടെ ഈ ശ്രമം പാളുകയായിരുന്നു.
തുടര്‍ന്നു വാജ്പേയി സര്‍ക്കാരിനെ വരുതിയിലാക്കാന്‍ ആര്.എസ്.എസ്. കച്ചകെട്ടി ഇറങ്ങിയതും സാമ്പത്തിക നയം, പാക് ബന്ധം, രാമക്ഷേമ നിര്‍മാണം തുടങ്ങിയ വിഷയങ്ങളില്‍ ഇടഞ്ഞതുമൊക്കെ മറ്റൊരു ചരിത്രം.
അപ്പോഴും ഗുജറാത്ത് കലാപം പിഴവാണെന്ന് ഏറ്റുപറയാന്‍ വാജ്പേയി മടിച്ചില്ല. "ഗുജറാത്ത് മേം ഹംസേ കുച്ച് ഗല്‍ത്തി ഹോ ഗയി" എന്നായിരുന്നു കലാപത്തെപ്പറ്റിയുള്ള വാജ്പേയിയുടെ പ്രതികരണമെന്ന് റോ മുന്‍ തലവനും കശ്മീര്‍ പ്രശ്നത്തില്‍ പി.എം.ഒയുടെ ഉപദേഷ്ടാവുമായിരുന്ന എ.എസ്. ദുലാത്ത് പിന്നീട് അഭിമുഖങ്ങളില്‍ വെളിപ്പെടുത്തുകയുണ്ടായി. കശ്മീര്‍- ദ് വാജ്പേയി ഇയേഴ്സ് എന്ന പേരില്‍ ദുലാത്ത് പിന്നീട് പുസ്തകവുമിറക്കി.