Friday, April 19, 2019 Last Updated 45 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 17 Aug 2018 12.30 AM

ശാന്തം, പ്രക്ഷുബ്‌ധം... സാഗരം പോലെ 'ഭാരതരത്നം'

uploads/news/2018/08/241666/2.jpg

ചിലപ്പോള്‍ ശാന്തം, മറ്റു ചിലപ്പോള്‍ കടല്‍പോലെ പ്രക്ഷുബ്‌ധം... പാകിസ്‌താനുമായുള്ള നയതന്ത്ര ബന്ധങ്ങളില്‍ വാജ്‌പേയി പുറത്തെടുത്തതു മെയ്‌വഴക്കത്തിന്റെ വ്യത്യസ്‌ത ശൈലികളായിരുന്നു. എന്നും സമാധാനമായിരുന്നു ആ മനസ്‌ സ്വപ്‌നം കണ്ടത്‌. പക്ഷേ, അതിന്റെ പേരില്‍ വാനോളം താഴാനും രാജ്യത്തിന്റെ ആത്മാഭിമാനത്തിനു മുറിവേല്‍ക്കാനും അനുവദിച്ചില്ല. അലിയേണ്ടപ്പോള്‍ അലിഞ്ഞും ഇടയേണ്ടപ്പോള്‍ ഇടഞ്ഞും ആടിയുലയുന്ന നയതന്ത്രബന്ധങ്ങളെ അദ്ദേഹം ഒരു കരയ്‌ക്കടുപ്പിച്ചു.
ഇന്ത്യ- പാക്‌ ബന്ധം ഏറെ വഷളായ ഈ ഘട്ടത്തിലും പലരും എടുത്തുപറയുന്നത്‌ വാജ്‌പേയിയുടെ വേറിട്ട നയതന്ത്ര സമീപനങ്ങളാണ്‌. അതിനൊരു കാരണവുമുണ്ട്‌. ഇരു രാജ്യങ്ങളുമായുള്ള സംഘര്‍ഷത്തിന്‌ ഒരു മേശയ്‌ക്ക് അപ്പുറത്തു പരിഹാരമുണ്ടെന്ന്‌ ഉറച്ചുവിശ്വസിച്ച നേതാവായിരുന്നു അദ്ദേഹം. അലതല്ലുന്ന "ഭീകര"തിരയിലും ശാന്തിയുടെ മണല്‍ത്തരികളില്‍ ഉറച്ചുനില്‍ക്കാന്‍ വാജ്‌പേയിയുടെ പിന്തുടര്‍ച്ചക്കാരായ നേതാക്കള്‍ക്കു പ്രചോദനമാകുന്നതും ഈ തിരിച്ചറിവുതന്നെ.
...............................................................................

1999 ഫെബ്രുവരി 21. ആണവ തീക്കളിയ്‌ക്കു ശക്‌തിയുണ്ടെന്നു ഇരു രാജ്യങ്ങളും കൂടെക്കൂടെ ഗോഗ്വാ വിളിക്കുന്ന സമയം. അന്നു പാകിസ്‌താനിലെ ലാഹോറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും പാക്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫും ഒരു മേശയ്‌ക്ക് അപ്പുറമിപ്പുറമിരുന്നു സൗഹൃദത്തിന്റെ കരങ്ങള്‍ നീട്ടി. സമാധാനത്തിന്റെ വഴികള്‍ പരസ്‌പരം ആരാഞ്ഞു. കടുംപിടുത്തങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഇരു രാജ്യങ്ങളും തല്‍ക്കാലിക വിരാമമിട്ടപ്പോള്‍ അന്നവിടെയുണ്ടായത്‌ ചരിത്രപരമായ ഒരു ഉടമ്പടിയായിരുന്നു. ആണവ ദുരന്തങ്ങള്‍ ഒഴിവാക്കാനും ആണവവികസന കാര്യത്തില്‍ കൃത്യമായ ധാരണയിലെത്താനും അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക്‌ അയവു വരുത്താനുമുള്ള ലാഹോര്‍ പ്രഖ്യാപനം. ഇരു രാജ്യങ്ങളുടെയും പാര്‍ലമെന്റുകള്‍ അംഗീകരിച്ച്‌ ഉടമ്പടിക്കു സാധുതയും നല്‍കി. പക്ഷേ, പിന്നാലെയുണ്ടായ കാര്‍ഗില്‍ കൈയേറ്റവും യുദ്ധവും അതൊക്കെ മാറ്റിമറിയ്‌ക്കുന്നതായിരുന്നു.
കാര്‍ഗിലില്‍ പാകിസ്‌താന്‍ കൈയേറ്റം നടത്തിയപ്പോള്‍ വാജ്‌പേയിയും ഇന്ത്യയും സ്വരം മാറ്റി. സമാധാനം കാംക്ഷിക്കുമ്പോഴും തോക്കെടുക്കേണ്ടിടത്തു തോക്കെടുക്കാനുള്ള ആര്‍ജ്‌ജവം കാട്ടി. ഇന്ത്യന്‍ ഭാഗങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശക്‌തമായ പിന്തുണയാണു സര്‍ക്കാര്‍ അന്നു സൈന്യത്തിനു കൊടുത്തത്‌. അതോടെ പാക്‌ പട്ടാളത്തെ തുരത്തി ഇന്ത്യന്‍ പോസ്‌റ്റുകള്‍ നമ്മള്‍ തിരിച്ചുപിടിക്കുകയും ചെയ്‌തു.
2001 ജൂലൈ. യുദ്ധാനന്തരം തെല്ലൊന്നു ശാന്തമായപ്പോള്‍ വാജ്‌പേയി സര്‍ക്കാരും പാകിസ്‌താനും വീണ്ടും ചര്‍ച്ചയുടെ വഴിക്കെത്തി. ന്യൂഡല്‍ഹിയില്‍ മുന്‍ സൈനിക മേധാവിയും പാക്‌ പ്രസിഡന്റുമായിരുന്ന ജനറല്‍ പര്‍വേസ്‌ മുഷാറഫും വാജ്‌പേയിയുമായി നടത്തിയ ആഗ്ര ചര്‍ച്ച ഏറെക്കുറെ പ്രതീക്ഷകള്‍ക്കു വഴിമാറി. കശ്‌മീര്‍ പ്രശ്‌നം, അതിര്‍ത്തി കടന്നുള്ള തീവ്രവാദം, ആണവ ആശങ്ക പരിഹരിക്കല്‍, യുദ്ധത്തടവുകാരുടെ മോചനം, ഉഭയകക്ഷി വാണിജ്യം എന്നീ വിഷയങ്ങളില്‍ ഇരുനേതാക്കളും മണിക്കൂറുകള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകളാണു നടത്തിയത്‌. ശുഭാപ്‌തി, തുറന്ന കാഴ്‌ചപ്പാട്‌ എന്നീ വാക്കുകള്‍ മുഷാറഫിന്റെ പ്രതികരണങ്ങളില്‍ ഇടംപിടിച്ചതോടെ മഞ്ഞുരുകിയെന്ന വാര്‍ത്തകളാണു പുറത്തുവന്നത്‌.
പക്ഷേ, ഇന്ത്യയുടെ എതിര്‍പ്പ്‌ അവഗണിച്ചു ഹുറീയത്ത്‌ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തില്‍ കശ്‌മീരി വിഘടനവാദികളുമായും മുഷാറഫ്‌ ചര്‍ച്ച നടത്തിയതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. കശ്‌മീരില്ലാതെ എന്തു ചര്‍ച്ചയെന്ന ചോദ്യമാണ്‌ ഒടുവില്‍ മുഷാറഫ്‌ ഉയര്‍ത്തിയത്‌. ഇതോടെ ചര്‍ച്ച മുഷാറഫ്‌ അട്ടിമറിച്ചതാണെന്നും മുഷാറഫിനെ ഇന്ത്യ വിശ്വാസത്തിലെടുത്തില്ലെന്നും ലാഹോര്‍ ഉടമ്പടി അട്ടിമറിച്ചതുപോലും മുഷാറഫ്‌ ആണെന്നുമൊക്കെ പിന്നീട്‌ പലതും പറഞ്ഞുകേട്ടു. അതല്ല, അധോലോക നേതാവ്‌ ദാവൂദ്‌ ഇബ്രഹാമിനെ വിട്ടുകിട്ടണമെന്ന എല്‍.കെ. അദ്വാനിയുടെ പിടിവാശിയിലാണ്‌ പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും അതൊന്നുമല്ല, ഇന്ത്യന്‍ കശ്‌മീരില്‍ പ്രാദേശിക തെരഞ്ഞെടുപ്പു നടത്താനുള്ള സര്‍ക്കാരിന്റെ നീക്കവും ചര്‍ച്ച പൊളിയാന്‍ കാരണമായെന്നുമൊക്കെ വിലയിരുത്തലുകകള്‍ പലതും പുറത്തുവന്നു.
രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ അങ്ങനെ പരാജയമടഞ്ഞെങ്കിലും ഭിന്നത മറന്ന്‌ ഇരു രാജ്യങ്ങളും സമാധാനത്തിന്റെ പാതയിലെത്തണമെന്നു വാജ്‌പേയിയും മുഷാറഫും സംയുക്‌ത പ്രസ്‌താവന നടത്തി. ഒടുവില്‍ സമാധാന കാംക്ഷിയായ വാജ്‌പേയിയെ പാകിസ്‌താനിലേക്കു ക്ഷണിച്ചാണു മുഷാറഫ്‌ മടങ്ങിയതും.
2001 ഡിസംബര്‍ 13 നു പാര്‍ലമെന്റിലേക്കു ഭീകരാക്രമണം നടന്നപ്പോള്‍ വാജ്‌പേയിയുടെ മനസിളകി. പാര്‍ലമെന്റിന്റെ ഒരു സമ്മേളനത്തില്‍നിന്നു പോലും വിട്ടുനില്‍ക്കാത്ത പ്രധാനമന്ത്രി പക്ഷേ സമചിത്തതോടെയാണ്‌ അപ്പോഴും കാര്യങ്ങള്‍ നീക്കിയത്‌.
ഇരു രാജ്യങ്ങളും യുദ്ധത്തിന്റെ വക്കോളമെത്തിയപ്പോള്‍, കൈയില്‍ വലിയ വടിയുമായി മൃദുവായി സംസാരിക്കുന്ന രീതിയാണു വാജ്‌പേയി പുറത്തെടുത്തതും. പിന്നീട്‌ 2003 ല്‍ കശ്‌മീര്‍ സന്ദര്‍ശനവേളയിലടക്കം പാകിസ്‌താനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി തുടര്‍ന്നത്‌. സിയാച്ചിനില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടുകയും ചെയ്‌തു. "സുഹൃത്തുക്കളെ മാറ്റാം, പക്ഷേ അയല്‍പക്കക്കാരെ മാറ്റാനാവില്ല...." എന്ന വ്യക്‌തമായ കാഴ്‌ചപ്പാടായിരുന്നു ഇതിനൊക്കെ പിന്നില്‍.

''വാജ്‌പേയീ, നിങ്ങളൊരു
നല്ല മനുഷ്യനാണ്‌...''

ഉറച്ച സാമ്പത്തിക നയങ്ങളും കരുത്തുറ്റ നയതന്ത്രങ്ങളുമാണ്‌ വാജ്‌പേയി സര്‍ക്കാരിനെ നയിച്ചത്‌. വിദേശനയത്തിന്റെ കാര്യത്തില്‍ അടലിനു വ്യക്‌തമായ കാഴ്‌ചപ്പാടുകളുണ്ടായിരുന്നു. തള്ളേണ്ടതിനെ തള്ളാനും കൊള്ളേണ്ടതിനെ കൊള്ളാനും പാകത്തില്‍ വിദേശനയത്തെ അദ്ദേഹം പരുവപ്പെടുത്തി. ലോകവുമായുള്ള ഇന്ത്യയുടെ വാതിലുകള്‍ തുറന്നിട്ട വാജ്‌പേയി, അമേരിക്കയുമായുള്‍പ്പെടെ മികച്ച ബന്ധമാണ്‌ ആഗ്രഹിച്ചത്‌. ജസ്വന്ത്‌ സിങ്‌- സ്‌ട്രോബ്‌ ടാല്‍ബട്ട്‌ സംഭാഷണങ്ങള്‍ ആ ബന്ധം തിരുത്തിയെഴുതുകയും ചെയ്‌തു.
രണ്ടായിരത്തില്‍ യു.എസ്‌ പ്രസിഡന്റ്‌ ബില്‍ ക്ലിന്റണ്‍ ഇന്ത്യ സന്ദര്‍ശിച്ചു. ഇന്ത്യയ്‌ക്കു മെച്ചപ്പെട്ട സാങ്കേതികവിദ്യ ലഭ്യമായി. ജോര്‍ജ്‌ ബുഷിന്റെ ഭീകരവിരുദ്ധ പോരാട്ടത്തിലും മിസൈല്‍ പ്രതിരോധത്തിനുമൊക്കെ ഇന്ത്യ പിന്തുണയേകി.
പക്ഷേ അപ്പോഴും ഇറാഖിലേക്ക്‌ ഇന്ത്യന്‍ സൈന്യത്തെ അയയ്‌ക്കില്ലെന്നു തുറന്നുപറയാനുള്ള ആര്‍ജ്‌ജവം വാജ്‌പേയി കാട്ടി. അമേരിക്ക ദുഷ്‌ടശക്‌തിയായി കണ്ടിട്ടും ഇറാനുമായുള്ള ചങ്ങാത്തം വെടിയാന്‍ ഇന്ത്യ തയാറായതുമില്ല.
റഷ്യയുമായുള്ള ബന്ധവും വാജ്‌പേയിയുടെ ഭരണത്തില്‍ തളിര്‍ത്തു. ദക്ഷിണ പൂര്‍വേഷ്യയുമായി ഇന്ത്യ കൂടുതല്‍ അടുത്തു. ഇസ്രയേലുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ച്‌ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണെ ഇന്ത്യയില്‍ ക്ഷണിച്ചുവരുത്തുകയും ചെയ്‌തു. സാര്‍സ്‌ പകര്‍ച്ചവ്യാധി ഭീഷണിക്കു നടുവിലും ബെയ്‌ജിങ്ങിലെത്തി അതിര്‍ത്തി ചര്‍ച്ച പുനരാരംഭിക്കാന്‍ പ്രസിഡന്റ്‌ ഹൂ ജിന്റാവോയെ വാജ്‌പേയി നിര്‍ബന്ധിക്കുകയും ചെയ്‌തു.
സെന്റ്‌പിറ്റേഴ്‌സ്ബര്‍ഗില്‍ ബുഷിനൊപ്പം വാജ്‌പേയിയെ റഷ്യന്‍ പ്രധാനമന്ത്രി ക്ഷണിച്ചു. ന്യൂയോര്‍ക്കില്‍ വാജ്‌പേയിക്കൊപ്പം ബുഷ്‌ അത്താഴമുണ്ടു
നിങ്ങള്‍ ഒരു നല്ല മനഷ്യനാണ്‌ എന്നു ബുഷ്‌ ഒരിക്കന്‍ വാജ്‌പേയിയോടു പറയുകയുമുണ്ടായി.

Ads by Google
Friday 17 Aug 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW