അടല്‍ ബിഹാരി വാജ്പേയിയും അരങ്ങൊഴിയുന്നതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയൊരു കാലഘട്ടത്തിന് അന്ത്യമാവുകയാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായി രാഷ്ട്രീയ രംഗത്തെത്തിയ വാജ്പേയി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ചില നിര്‍ണായക ചുവടു വയ്പുകള്‍ക്ക് ചുക്കാന്‍ പിടിച്ചതിലൂടെ ചരിത്രത്തില്‍ സ്വന്തം സ്ഥാനം നേടിയ വ്യക്തിത്വമാണ്. ഭാരതീയ ജനസംഘത്തിന്റെയും ഭാരതീയ ജനതാ പാര്‍ട്ടിയുടെയും സ്ഥാപക നേതാവായ അദ്ദേഹം രണ്ടാം ലോക്സഭ മുതല്‍ ഒന്‍പതു തവണ പാര്‍ലമെന്റംഗമായി. അടിയന്തിരാവസ്ഥയ്ക്കുശേഷം മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ പാര്‍ട്ടി മന്ത്രിസഭയില്‍ അംഗമായിരുന്ന അദ്ദേഹം, ആ മന്ത്രിസഭ രാജിവച്ച ശേഷം തന്റെ കൂടി നേതൃത്വത്തില്‍ രൂപീകരിച്ച ഭാരതീയ ജനതാ പാര്‍ട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ഇന്ത്യ ഭരിക്കുന്നതും കണ്ടശേഷമാണ് വിടവാങ്ങുന്നത്.
പൊഖ്റാന്‍ അണ്വായുധപരീക്ഷണം, പാകിസ്താനുമായുള്ള സമാധാന കരാര്‍, പാകിസ്താനിലേക്കുള്ള പ്രശസ്തമായ ബസ് യാത്ര എന്നിവ വാജ്പേയിയുടെ ഭരണകാലയളവിലെ സുപ്രധാന ചുവടുവയ്പുകളായിരുന്നു. ഇന്ത്യക്കും പാകിസ്താനുമിടയില്‍ സഞ്ചാരത്തിനായി വാജ്പേയി തുടങ്ങി വച്ച ബസ് സര്‍വീസ് ഇന്ന് ഇരു രാജ്യങ്ങളുടെയും ബന്ധത്തിലെ നിര്‍ണായക കണ്ണിയായി തുടരുന്നു. ഇതേ മാതൃക പിന്തുടര്ന്ന് പിന്നീട് ബംഗ്ലാദേശിലേക്കും ഇന്ത്യ ബസ് സര്‍വീസ് തുടങ്ങി. എന്നാല്‍, പൊഖ്റാന്‍ ആണവ പരീക്ഷണമായിരുന്നു വാജ്പേയിയുടെ ഭരണത്തെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമാക്കിയത്. ഇന്ത്യയിലെ ഏറ്റവും ഉന്നതരായ ഏതാനും പേര്‍ക്കു മാത്രമേ ആണവ പരീക്ഷണത്തേക്കുറിച്ച് അറിയുമായിരുന്നുള്ളൂ. ഇന്ത്യയുടെ പരീക്ഷണത്തിനു തൊട്ടു പിന്നാലെ പാകിസ്താനും ആണവായുധം പരീക്ഷിച്ചതോടെ ഈ മേഖല സംഘര്‍ഷഭരിതമായി. തുടര്‍ന്ന് അമേരിക്കയടക്കമുള്ള വിവിധ രാജ്യങ്ങളുടെ ഉപരോധത്തിനും ഇന്ത്യ വിധേയമായി. ഉപരോധത്തിന്റെ നിഴലില്‍ നിന്ന് ഇന്ത്യ മോചിതമാകാന്‍ ഏറെ വര്‍ഷങ്ങള്‍ വേണ്ടിവന്നെങ്കിലും ആണവശക്തി എന്ന നിലയിലേക്ക് ഇന്ത്യയെ വളര്‍ത്താന്‍ ഈ പരീക്ഷണം വഴി സാധിച്ചു.
കശ്മീരിലെ കാര്‍ഗില്‍ പ്രദേശത്ത് നുഴഞ്ഞു കയറിയ പാക് പട്ടാള-തീവ്രവാദി സഖ്യത്തെ തുരത്തിവിട്ട് വിജയം നേടിയതും വാജ്പേയിയുടെ ഭരണകാലത്താണ്. പാകിസ്താന്റെ പിന്തുണയുള്ള രണ്ടു പ്രധാന ആക്രമണങ്ങളും വാജ്പേയിയുടെ ഭരണകാലത്ത് ഇന്ത്യക്ക് നേരിടേണ്ടി വന്നു. 2001 ഡിസംബര്‍ 13-ലെ പാര്‍ലമെന്റ് ആക്രമണം തീവ്രവാദി ആക്രമണം സംബന്ധിച്ച് ഇന്ത്യയുടെ ധാരണയെല്ലാം തെറ്റിക്കുന്നതായിരുന്നു. പാകിസ്താനുമായി വാജ്പേയി മുന്‍കൈയെടുത്ത് ഉറപ്പാക്കിയ സൗഹൃദം ഈ ആക്രമണത്തോടെ കാറ്റില്‍ പറന്നു. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് പാക് തീവ്രവാദികള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടു പോയതും അദ്ദേഹത്തിന്റെ ഭരണകാലത്തിനു കരിനിഴല്‍ വീഴ്ത്തി. മൗലാന മസൂദ് അസര്‍ അടക്കമുള്ള മൂന്നു തീവ്രവാദി നേതാക്കളെ കാണ്ഡഹാറില്‍ കൊണ്ടു പോയി മോചിപ്പിച്ച ശേഷമാണ് ഇന്ത്യക്ക് വിമാനം വിട്ടുകിട്ടിയത്.
കവി എന്ന നിലയിലും പ്രശസ്തനായിരുന്ന വാജ്പേയി തികഞ്ഞൊരു ആസ്വാദകനും കൂടിയായിരുന്നു. സദസ്സുകളെ പിടിച്ചു കുലുക്കുന്ന വാഗ്ധോരണികളില്ലെങ്കിലും പ്രഭാഷകന്‍ എന്ന നിലയില്‍ അദ്ദേഹം സ്വതസിദ്ധമായ ശൈലിയിലൂടെ ശ്രദ്ധേയനായി. പതിഞ്ഞ സ്വരത്തിനും പതിഞ്ഞ സംസാര രീതിക്കും ഉടമയെങ്കിലും വാജ്പേയിയുടെ പ്രസംഗത്തിന് ഇന്ത്യന്‍ പാര്‍ലമെന്റടക്കം എന്നും കാതുകൂര്‍പ്പിച്ചു. രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായ ഒരു നയതന്ത്രജ്ഞന് കൂടിയാണ് വിടവാങ്ങിയിരിക്കുന്നത്. അദ്ദേഹത്തിന് ആദരാഞ്ജലികള്‍.