Saturday, June 22, 2019 Last Updated 19 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 02.10 PM

നോര്‍മലല്ല ഈ സിസേറിയനുകള്‍... ഞെട്ടിക്കുന്ന ചില സത്യങ്ങള്‍

സംസ്ഥാനത്ത് സിസേറിയനുകള്‍ ക്രമാതീതമായി പെരുകുന്നതിന് പിന്നിലെ ഞെട്ടിക്കുന്ന ചില സത്യങ്ങള്‍...
uploads/news/2018/08/241539/SHOCKINGREPORT150818a.jpg

സംസ്ഥാനത്ത് പെരുകുന്ന സിസേറിയനുകളുടെ കണക്കുകള്‍ ചില സത്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയാണ്. അടുത്തിടെ സര്‍ക്കാര്‍ തന്നെ സമ്മതിച്ച ചില കണക്കുകളിലൂടെ സ്ഥിതിഗതികള്‍ എത്ര ഭീകരമാണെന്ന് തിരിച്ചറിയാനാകും. 100 പ്രസവം നടക്കുമ്പോള്‍ അതില്‍ എണ്‍പത്തഞ്ചും സുഖപ്രസവമായിരിക്കണമെന്നതാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശം. സിസേറിയന്‍ നിരക്ക് 15 ശതമാനമായി കുറയ്ക്കണമെന്ന് സാരം.

സിസേറിയന്റെ കാര്യത്തില്‍ ദേശീയ ശരാ ശരി 17.20% ആണ്. എന്നാല്‍ നമ്മുടെ കൊച്ചു കേരളത്തില്‍ സിസേറിയനുകളുടെ കണക്കു കള്‍ ആരെയും ഞെട്ടിപ്പിക്കും. 42 %. 2012 മുത ല്‍ 2017 വരെ കേരളത്തില്‍ 42% പ്രസവവും സിസേറിയനായിരുന്നു! അടുത്തിടെ നിയമസഭയില്‍ വച്ച കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടിലൂടെയാണ് കേരളത്തെ ഞെട്ടിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ കണക്കുകള്‍ പുറത്തറിഞ്ഞത്. കണക്കെടുത്ത അഞ്ച് വര്‍ഷങ്ങളില്‍ 25 ലക്ഷത്തിനടുത്ത് സ്ത്രീകളാണ് പ്രസവത്തിനായി ആശുപത്രികളില്‍ എത്തിയത്. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഒന്നുപോലെ സിസേറിയന്‍ വര്‍ദ്ധിക്കാന്‍ കാരണമെന്താണ്? ഒരു അന്വേഷണം.

മാറേണ്ടത് കാഴ്ചപ്പാടുകള്‍


കേരളത്തിലെ ജനങ്ങളുടെ ജീവിത ശൈ ലി ആകെ മാറിയിരിക്കുന്നു. പുതിയ ജീവിത സാഹചര്യങ്ങളുടെ ഫലമായി ഗര്‍ഭകാലത്ത് സങ്കീര്‍ണ്ണതകളുണ്ടാവുന്നതും സുഖപ്രസവം അസാധ്യമായിത്തീരുന്നതും പതിവായിട്ടുണ്ട്. ആശുപത്രികളിലെത്തുന്ന ഭൂരിഭാഗം ഗര്‍ഭിണികളും പ്രസവ സമയത്ത് മരണകാരണമായേക്കാവുന്ന ഏതെങ്കിലും ഒരു രോഗവുമായാണ് എത്തുന്നത്.

കൂടുതല്‍ റിസ്‌കെടുക്കാതെ കുഞ്ഞിനെ കൈയ്യില്‍ കിട്ടിയാല്‍ മതിയെന്ന കാഴ്ചപ്പാടുമായി വരുന്ന ഗര്‍ഭിണികളും വീട്ടുകാരും തന്നെ സിസേറിയന്‍ മതിയെന്ന് പറയുകയാണെന്ന് ഡോക്ടര്‍മാര്‍ ഒരേ സ്വരത്തില്‍ പറയുന്നു. വിഷമയമായ ഭക്ഷ്യവസ്തുക്കളും രോഗാതുരമായ ചുറ്റുപാടും മലിനമായ വായുവും വെള്ളവുമെല്ലാം ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് പലവിധ രോഗങ്ങള്‍ നല്‍കുകയാണ്. പണ്ട് കാലത്തെ അപേക്ഷിച്ച് ഷുഗര്‍, പ്രഷര്‍ തുടങ്ങിയ രോഗങ്ങള്‍ എത്രയോ ഇരട്ടിയായി വര്‍ദ്ധിച്ചു. 80 % പേരിലും ഇത് കാണപ്പെടുന്നു. പ്രസവസമയത്ത് കുഞ്ഞിന്റെയോ അമ്മയുടേയോ മരണത്തിന് വരെ കാരണമായേക്കാവുന്നതാണിതെല്ലാം. അതുകൊണ്ട് നോര്‍മല്‍ ഡെലിവറിയെക്കാള്‍ സുരക്ഷിതമായി സിസേറിയന്‍ തെരഞ്ഞെടുക്കാന്‍ വീട്ടുകാരും ഡോക്ടര്‍മാരും നിര്‍ബന്ധിതരാകുന്നു.

നഗരത്തിലെന്നല്ല നാട്ടിന്‍പുറങ്ങളിലും സിസേറിയന്റെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതായാണ് കണക്ക്. പ്രസവവേദന പേടിയോടെ നേരിടുന്നവര്‍ വളരെ കൂളായി സിസേറിയന്‍ സ്വയം തെരഞ്ഞെടുക്കുന്നു. ഇന്നത്തെ ചുറ്റുപാടില്‍ സ്ത്രീകള്‍ ഗര്‍ഭകാലത്ത് പോലും സ്‌കൂട്ടര്‍, ബസ് യാത്രകളുള്‍പ്പടെ ചെയ്യുന്നുണ്ട്. ഗര്‍ഭകാലത്ത് ലഭിക്കേണ്ട പരിചരണം വേണ്ട വിധത്തില്‍ ലഭിക്കാതെ വരുന്നത് കൊണ്ടും പലപ്പോഴും സുഖപ്രസവം സാധ്യമാകാതെ വരാറുണ്ട്.

ഇതിനേക്കാളെല്ലാം ഭീകരവും രസകരുമായ മറ്റൊരു വസ്തുത കൂടിയുണ്ട്. പ്രസവം എപ്പോള്‍ വേണമെന്ന് തീരുമാനിച്ചു ഡോക്ടറോട് ദിവസവും സമയവും നാഴികയും ഒക്കെ പറയുന്ന 'അഭ്യസ്തവിദ്യരും' കേരളത്തിലുണ്ട് എന്നത് വേദനാജനകമാണെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നു. ശുഭമുഹൂര്‍ത്തവും നല്ല നാള്‍ നോക്കി സിസേറിയന്‍ നടത്താനുള്ള ശുപാര്‍ശയുമായാണ് പലരുടെയും വരവ്. ചില ആശുപത്രികളില്‍ 'നല്ല നാള്‍' ദിവസം സിസേറിയന്‍ ചാകരയാണ്. പ്രധാന ഡോക്ടറുടെ സാന്നിധ്യത്തില്‍ തന്നെ പ്രസവം നടക്കണമെന്നുള്ളതിനാല്‍ സിസേറിയന്‍ മതിയെ ന്ന് പറയുന്നവരും കുറവല്ല. നോര്‍മല്‍ ഡെലിവറിയെക്കാള്‍ സുരക്ഷിതമാണ് സിസേറിയന്‍ എന്ന കാഴ്ചപ്പാട് കൂടി വരുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ആദ്യ പ്രസവം തന്നെ സിസേറിയന്‍ തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുമ്പോള്‍ രണ്ടാമത്തേതും സ്വാഭാവികമായും സിസേറിയന്‍ തന്നെ ചെയ്യേണ്ടി വരും. ഇക്കാരണങ്ങളെല്ലാം സിസേറിയന്റെ കണക്കുകള്‍ കൂട്ടാന്‍ കാരണമാകുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

uploads/news/2018/08/241539/SHOCKINGREPORT150818b.jpg

മാറേണ്ടത് ആതുരാലയങ്ങള്‍


സിസേറിയന്‍ കൂടുന്നതിനു പിന്നില്‍ ശാസ്ത്രീയമായ പല കാരണങ്ങളുണ്ടെങ്കിലും, സാധാരണക്കാര്‍ക്കിടയിലെ ചില ധാരണകള്‍ അപ്പാടെ തള്ളിക്കളയാനാകില്ല.പ്രസവത്തിനായാലും ചികിത്സയ്ക്കായാലും കേരളത്തിലെ ജനങ്ങളില്‍ 70 ശതമാനത്തിലധികംപേരും തെരഞ്ഞെടുക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്.സംസ്ഥാനത്ത് സിസേറിയനുകള്‍ പെരുകുന്നതിന് പിന്നില്‍ സ്വകാര്യ ആശുപത്രികളുടെ കച്ചവട താല്പര്യം കൂടിയുണ്ടെന്ന കാഴ്ചപ്പാട് സമൂഹത്തിലുണ്ട്. നോര്‍മല്‍ ഡെലിവറിയേക്കാള്‍ ആശുപത്രിക്ക് ലാഭം സിസേറിയനാണ്. ഓപ്പറേഷന്‍ ചാര്‍ജ്, അനസ്‌തേഷ്യ വിഭാഗത്തിന്റെ ഫീസ്, കുറഞ്ഞത് അഞ്ച് ദിവസത്തെയെങ്കിലും മുറി വാടക, മരുന്ന്, ബില്ല് തുടങ്ങി നല്ലൊരു വരുമാന മാര്‍ഗ്ഗമാണ് സിസേറിയന്‍. സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ക്ക് ഡ്യൂട്ടി ദിവസം പരമാവധി കേസുകള്‍ കൈകാര്യം ചെയ്യണം. നോര്‍മല്‍ പ്രസവത്തിന് 12 മണിക്കൂ ര്‍ വരെ കാത്ത് നില്‍ക്കേണ്ട സാഹചര്യം വരും. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ സിസേറിയന്‍ നടത്തി തീര്‍പ്പാക്കാം. ഡ്യൂട്ടി കഴിഞ്ഞും, അര്‍ദ്ധരാത്രിയും ഒക്കെ ലേബര്‍ റൂമിലെത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ ചില ഡോക്ടര്‍മാര്‍ സിസേറിയന്‍ ചെയ്യാറുണ്ടെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഒരേ സമയം ഒന്നിലേറെ ആശുപത്രികളില്‍ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാര്‍ തങ്ങളുടെ ഡ്യൂട്ടി ദിവസം പരമാവധി കേസുകള്‍ക്ക് തീര്‍പ്പുണ്ടാക്കും. അതായത് ഡോക്ടര്‍ ഡ്യൂട്ടിയിലുെണ്ടങ്കില്‍ പ്രസവം ഏത് വിധേനയും നടത്തിയിരിക്കും. ആതുരാലയങ്ങള്‍ കച്ചവടകേന്ദ്രങ്ങളായി മാറുന്ന സാഹചര്യത്തിലാണ് ഇത്തരം പ്രവണതകള്‍ കൂടുന്നതെന്ന് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ചിലര്‍ അഭിപ്രായപ്പെടുന്നു.

പക്ഷേ ആശുപത്രിയിലെത്തുന്ന ഗര്‍ഭിണിക്കോ കുഞ്ഞിനോ സ്വാഭാവികമായി സംഭവിക്കുന്ന അപകടങ്ങള്‍ക്ക് പോലും ഡോക്ടറും ആശുപത്രിയും പ്രതിസ്ഥാനത്ത് വരുന്ന സാഹചര്യം ഇന്നുണ്ട്. അതുകൊണ്ട് റിസ്‌കെടുക്കാന്‍ നില്‍ക്കാതെ അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ സംരക്ഷിക്കാന്‍ ഏറ്റവും സുരക്ഷിതമാര്‍ഗമെന്ന നിലയില്‍ സ്വകാര്യ ഡോക്ടര്‍മാരും സിസേറിയനെ കാണുന്നു. പ്രസവത്തിനെത്തുന്നവരും ഒരു പരീക്ഷണത്തിന് മുതിരാതെ അതിന് പൂര്‍ണ്ണസമ്മതം മൂളുന്നതുകൊണ്ടാണ് സ്വകാര്യ ആശുപത്രികളില്‍ സിസേറിയന്‍ പെരുകുന്നതെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ തങ്ങളുടെ സൗകര്യം പോലെയാണ് കാര്യങ്ങളെന്നാണ് ജനസംസാരം. കൂട്ട സിസേറിയന്റെ പേരില്‍ പലപ്പോഴും ചീത്തപ്പേര് കേള്‍ക്കേണ്ടി വന്നിട്ടുള്ളതു സര്‍ക്കാര്‍ ആശുപത്രികള്‍ക്കാണ്. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് നിയന്ത്രണമുണ്ടെങ്കിലും ആശുപത്രി പടിക്കല്‍ തന്നെ അത് നിര്‍ബാധം തുടരുന്നു എന്നത് പുതിയ കാര്യമല്ല. ആശുപത്രി ഡ്യൂട്ടിക്കെത്തുമ്പോള്‍ പ്രസവം നടന്നില്ലെങ്കില്‍ സ്വകാര്യ പ്രാക്ടീസ് മുടങ്ങുമെന്നതിനാല്‍ പലരും അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് സിസേറിയന്‍ നടത്താറുള്ളതായി പറയപ്പെടുന്നു. പല സര്‍ക്കാര്‍ ആശുപത്രികളിലും പ്രസവം കഴിഞ്ഞാല്‍ ഡോക്ടറെയും അനസ്തറ്റിസ്റ്റിനെയും റൂമില്‍ പോയി പ്രത്യേകം കാണണം. ഓരോ സിസേറിയന്‍ കഴിയുമ്പോഴും 2000 മുതല്‍ 5000 രൂപ വരെയാണ് ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ട് സാമ്പത്തിക താല്പര്യവും സിസേറിയനു പിന്നിലുണ്ടെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ചിലര്‍ പറയുന്നു.

ഡോക്ടര്‍ ദീര്‍ഘാവധി എടുക്കുന്നതിന് മുന്നോടിയായി 'കേസുകള്‍ തീര്‍പ്പാക്കുന്ന' പതിവും ചില ആശുപത്രികളിലുണ്ട്. ലേബര്‍ റൂമുകളെ അണു വിമുക്തമാക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഫ്യൂമിഗേറ്റ് ചെയ്യാറുണ്ട്. വാഷിംഗ് ഡേ എന്നറിയപ്പെടുന്ന ഈ ദിവസം ലേബര്‍ റൂമിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. അതു കാരണം ഗര്‍ഭിണികളെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയോ സിസേറിയന്‍ ചെയ്യുകയോ ആണ് പതിവ്. ഇത്തരം താല്പര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ സിസേറിയന്‍ പെരുകുന്നത് സ്വാഭാവികമാണെന്ന കാഴ്ചപ്പാടാണ് സാധാരണക്കാര്‍ക്കുള്ളത്.

അനാവശ്യ സിസേറിയനുകള്‍ കുറയ്ക്കണം ( കെ.കെ ശൈലജ , ആരോഗ്യവകുപ്പ് മന്ത്രി)


നമ്മുടെ ജീവിത ശൈലിയില്‍ വന്ന മാറ്റം ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡെലിവറിയുടെ അളവില്‍ വലിയ വര്‍ദ്ധനവുണ്ടാക്കിയിട്ടുണ്ട്. മഹാഭൂരിപക്ഷം സ്ത്രീകളും ആശുപത്രികളിലാണ് പ്രസവിക്കുന്നത് എന്നത് കേരളത്തിന്റെ പ്രത്യേകതയാണ്. ആശുപത്രികളിലെ സൗകര്യങ്ങളില്‍ ഉണ്ടായ വള ര്‍ച്ച കാരണം സിസേറിയന്‍ തെരഞ്ഞെടുക്കുന്നവരുണ്ട്. റിസ്‌കിന് തയ്യാറാകാതെ സിസേറിയന്‍ ചെയ്യേണ്ട സാഹചര്യങ്ങളുമുണ്ട്.

സ്ഥാപനത്തിലാണ് പ്രസവം നടക്കുന്നത് എന്നുള്ളത് കൊണ്ട് കേരളത്തില്‍ കൃത്യമായ കണക്കുകള്‍ ഉണ്ട് എന്നതാണ് മറ്റൊരു പ്രധാന കാര്യം. അതേ സമയം സ്വകാര്യ ആശുപത്രികളില്‍ അനാവശ്യമായി സിസേറിയന്‍ ചെയ്യുന്നു എന്ന ആരോപണവും സ്വാഭാവികമായി ഉണ്ടാകുന്നുണ്ട്. അത് അന്വേഷിക്കേണ്ട വിഷയമാണ്. പൊതുവേ ഈ പ്രശ്‌നത്തെ പറ്റി പറയുന്നുണ്ടെങ്കിലും ആരും രേഖാമൂലം ഇതുവരെ പരാതി നല്‍കിയിട്ടില്ല.

ജനങ്ങളുടെ ജീവിതരീതിയിലും മനോഭാവത്തിലും വന്ന മാറ്റവും സിസേറിയന്റെ കണക്കുകളെ ബാധിക്കുന്നുണ്ട്. മാതൃമരണവും നവജാത ശിശുമരണവും ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. അതുകൊണ്ട് സിസേറിയന്‍ ശരാശരി ഉയര്‍ന്നു എന്നുള്ളത് ഒരു നെഗറ്റീവായി കാണുന്നില്ല. അതാവശ്യഘട്ടങ്ങളിലല്ലാതെയുള്ള സിസേറിയനുകള്‍ കുറയ്ക്കണം എന്ന അഭിപ്രായം തന്നെയാണ് എനിക്കുള്ളത്. കേരളത്തില്‍ ഏറ്റവുമധികം പ്രസവങ്ങള്‍ നടക്കുന്ന 66 ഡെലിവറി പോയിന്റുകളുണ്ട്. ഈ കേന്ദ്രങ്ങളെയെല്ലാം അന്ത്യന്താധുനികമായി മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

uploads/news/2018/08/241539/SHOCKINGREPORT150818c.jpg

ലക്ഷ്യ എന്ന ഈ പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പ്രാവര്‍ത്തികമാക്കും. അതോടെ പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിക്കാനുള്ള സൗകര്യം ലഭിക്കും. ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ സംവിധാനങ്ങളാണ് ഇതിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുക. ലക്ഷ്യ നടപ്പിലാകുന്നതോടെ അനാവശ്യ സിസേറിയനുകളുടെ എണ്ണം കുറയുമെന്ന് തന്നെയാണ് കണക്കാക്കാം. അതോടൊപ്പം സാധാരണക്കാരായ ജനങ്ങള്‍ ഈ സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും വേണം.

പ്രസവമരണങ്ങള്‍ ഏറ്റവും കുറവ് (ഡോ. സുല്‍ഫി. എന്‍, സംസ്ഥാന സെക്രട്ടറി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍)

കേരളത്തില്‍ സിസേറിയന്‍ ശരാശരി കൂടുതലാണ് എന്നത് സത്യമാണ്. എന്നാല്‍ അതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. പ്രസവമരണങ്ങള്‍ ഏറ്റവും കുറവ് കേരളത്തിലാണ്. ശരാശരി എടുക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കപ്പെടില്ല. മറ്റ് സ്ഥലങ്ങളില്‍ പ്രസവമരണനിരക്ക് എത്രയോ കൂടുതലാണ്. നിര്‍ബന്ധിതമായി സിസേറിയന്‍ ചെയ്യേണ്ട കേസുകളും, സിസേറിയന്‍ മതിയെന്ന് പറഞ്ഞ് വരുന്നവരും ഇന്നുണ്ട്.

സിസേറിയന്‍ തന്നെ രണ്ടു കാരണങ്ങള്‍ കൊണ്ട് ചെയ്യും. ശ്വാസതടസം പോലെ കുഞ്ഞിന്റെയോ അമ്മയുടെയോ ജീവന് ഭീഷണിയാകുമ്പോള്‍ അടിയന്തരമായി ചെയ്യുന്നതും, ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന്റെ കിടപ്പ് ശരിയല്ലാത്തതു പോലുള്ള സാഹചര്യത്തില്‍ പ്ലാന്‍ ചെയ്തും സിസേറിയന്‍ ചെയ്യാറുണ്ട്. ഇങ്ങനെ പ്ലാന്‍ ചെയ്യുന്ന സിസേറിയനിലാണ് വര്‍ദ്ധനവ്. ചെറിയ റിസ്കു പോലും ഏറ്റെടുക്കാന്‍ മനസില്ലാതെ സ്വയം സിസേറിയന്‍ തെരഞ്ഞെടുക്കുന്നവരും, കുഞ്ഞ് ആ ദിവസം തന്നെ ജനിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നവരും കാരണമാണ്. പണ്ട് വീട്ടില്‍ പ്രസവിച്ചിരുന്നപ്പോള്‍ ഉള്ളതിനേക്കള്‍ മരണനിരക്ക് കുറയാന്‍ കാരണം പ്രസവം ഡോക്ടറുടെ മേല്‍നോട്ടത്തിലായി എന്നത് കൊണ്ടാണ്.

ഇന്ന് ജനങ്ങള്‍ക്ക് അറിവുണ്ട്. നിയമ സംവിധാനങ്ങളുണ്ട്. ഡോക്ടറുടെ തീരുമാനം അടിച്ചേല്‍പ്പിക്കാനൊന്നും കഴിയില്ല. പ്രസവം എന്നത് ശാരീരിക പ്രക്രിയയാണെങ്കിലും നിലവിലെ സാഹചര്യങ്ങളെല്ലാം കണക്കാക്കുമ്പോള്‍ ആത്യന്തികമായി സുഖ പ്രസവത്തേക്കാള്‍ സുരക്ഷിതം സിസേറിയനാണ്. അതു കൊണ്ടു തന്നെ ഒരു ബിസിനസ് താല്പര്യം ഇതിന് പിന്നിലുണ്ടെന്നും തോന്നുന്നില്ല.

മാനദണ്ഡങ്ങള്‍ മാറി ( ഡോ. സി. നിര്‍മ്മല എസ്.എ.ടി ഹോസ്പിറ്റല്‍ , തിരുവനന്തപുരം)


സിസേറിയന്‍ ശരാശരി 15 ശതമാനമാക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ ദേശമൊക്കെ മാറിയിട്ട് കാലങ്ങളായി. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്ക് സിസേറിയന്റെ എണ്ണം കണക്കിലെടുക്കേണ്ട എന്ന് 2016ല്‍ അവരുടെ തന്നെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. അതെല്ലാം മറച്ചുവച്ചാണ് ഇത്തരത്തില്‍ കണക്കുകൂട്ടലുകള്‍. പ്രസവിക്കാന്‍ ആശുപത്രിയില്‍ പോലും വരാത്തവരുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സിസേറിയന്‍ ശരാശരി കൂടു തലായിരിക്കാം. പക്ഷേ പ്രസവമരണ നിരക്കിലെ കുറവുകള്‍ ആരും പരിഗണിക്കുന്നില്ല. പ്രസവത്തോടനുബന്ധിച്ചുള്ള അമ്മമാരുടെ മരണനിരക്ക് ലക്ഷത്തില്‍ 46 മാത്രമാണ്.

ദേശീയ ശരാശരി 130 ആണെന്നോര്‍ക്കണം. പല സംസ്ഥാനങ്ങളിലും 240 250 വരെയാണ്. നവജാത ശിശു മരണനിരക്ക് ഇവിടെ പത്തില്‍ താഴെ മാത്രമാണ്. മറ്റ് സ്ഥലങ്ങളില്‍ 2526 ഒക്കെയാണ്. കേരളത്തില്‍ ആശുപത്രി പ്രസവങ്ങള്‍ 99 ശതമാനമാണെന്നും ശ്രദ്ധിക്കണം. മാതൃമരണവും ശിശുമരണവും കുറച്ചു കൊ ണ്ടു വരുന്നത് മാജിക്കിലൂടെയല്ല, ഗൈനക്കോളജിസ്റ്റുകള്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ്. ഒരു ഭാഗം മാത്രം കണക്കിലെടുത്ത് കാര്യങ്ങളെ വിശകലനം ചെയ്യുന്നത് ശരിയല്ല.

നാല് പതിറ്റാണ്ടു കൊണ്ട് ഗര്‍ഭകാല പ്രശ്‌നങ്ങളുമായി ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ആറിരട്ടിയോളമായി. വിഷം നിറഞ്ഞ ആഹാരം കഴിച്ച്, മലിനജലം കുടിച്ച്, അശുദ്ധവായു ശ്വസിച്ച് മരണത്തെപ്പോലും മുന്നില്‍ കണ്ടാണ് ഇന്ന് കേരളത്തിലെ ഓരോ ഗര്‍ഭിണിയും ഡോക്ടര്‍മാരുടെ അടുത്തെത്തു ന്നത്. പ്രസവ സമയത്തെ അതിജീവിക്കാന്‍ സ്ത്രീക്ക് ആരോഗ്യം നിര്‍ബന്ധമാണ്. അത് ഇന്നില്ല. അമ്മയെ മാത്രമല്ല അത് കുഞ്ഞിനെയും ബാധിക്കും. അമ്മയുടെയും കുഞ്ഞിന്റെയും ജീവന്റെ കാര്യം മുന്നില്‍ നില്‍ക്കുമ്പോള്‍ സിസേറിയന്റെ കണക്കോ ശ
രാശരി യോ ഒന്നും ചിന്തിക്കാന്‍ കഴിയില്ല.

എന്തെങ്കിലും ആപത്ത് സംഭവിക്കുമ്പോള്‍ കുറ്റം മുഴുവന്‍ ഏല്‍ക്കേണ്ടി വരുന്നത് ഡോക്ടറാണ്. പൈസയുണ്ടാക്കാന്‍ വേണ്ടി മാത്രം ജോലി ചെയ്യുന്നവരല്ല ഗൈനക്കോളജിസ്റ്റുകള്‍. പ്രസവം കഴിഞ്ഞ് അമ്മയേയും കുഞ്ഞി നയും ആരോഗ്യത്തോടെ ലഭിക്കുംവരെ ഞങ്ങളനുഭവിക്കുന്ന സമ്മര്‍ദ്ദം ചില്ലറയല്ല. അപ്രതീക്ഷിതമായ പല അപകടങ്ങളും വെല്ലുവിളികളും ഓരോ നിമിഷവും നേരിടേണ്ടി വരും. ഇത്തരം സ്വാഭാവികവെല്ലുവിളികളെക്കാള്‍ ഭീകരമാണ് ജനങ്ങളുടെ മനോഭാവം.

നാളും തീയതിയും നേരത്തേ കുറച്ച് കുഞ്ഞിനെ ജനിപ്പിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെടുന്നത് എത്ര വേദനാജനകമാണ്! ജനങ്ങളുടെ ക്ഷമയില്ലായ്മ കൊണ്ട് നേരി ടുന്ന പ്രശ്‌നങ്ങളും അതിലേറെയുണ്ട്. പ്രസവവേദന വന്ന് അര മണിക്കൂറിനുള്ളില്‍ ഗര്‍ഭിണി പ്രസവിച്ചില്ലെങ്കില്‍ കൂടെയുള്ളവര്‍ ഡോക്ടറെ തല്ലുന്ന അവസ്ഥ. സ്വാഭാവികമായി അമ്മയ്‌ക്കോ കുഞ്ഞിനോ എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാലും തടി കേടാകുന്നത് ഡോക്ടറുടേത് തന്നെ. ഡോക്ടര്‍മാരും മനുഷ്യരാണ്.

ക്ഷമയില്ലാത്ത സമൂഹത്തിന് നടുവില്‍ നില്‍ക്കുമ്പോള്‍ പ്രതിരോധമെന്ന നിലയില്‍ സിസേറിയന്‍ ചെയ്യാന്‍ ചിലപ്പോഴെങ്കിലും അവര്‍ നിര്‍ബന്ധിതരാകും. മുന്നില്‍ കിടക്കുന്നയാളിന്റെ ജീവന്‍ രക്ഷിക്കാന്‍ കഷ്ടപ്പെടുന്ന ഒരു ഡോക്ടര്‍ക്ക് പ്രാണഭയമില്ലാതെ ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യം വലിയ അപകടമാണ്. മാറാന്‍ ജനങ്ങളും സംവിധാനങ്ങളും തയ്യാറാവണം. കണക്കുകളല്ല, ഞങ്ങളുടെ മുന്നിലുള്ളത് മനുഷ്യജീവനാണെന്ന് ഓര്‍ക്കണം.

ദീപു ചന്ദ്രന്‍

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW