Friday, November 16, 2018 Last Updated 3 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 01.59 AM

മഴ ദുരന്തം: പ്രത്യേക പാക്കേജ്‌ വേണം

uploads/news/2018/08/241435/editorial.jpg

കുറയും എന്നു കരുതിയ മഴ പൂര്‍വാധികം ശക്‌തി പ്രാപിക്കുന്നതും കണ്ടുകൊണ്ടാണ്‌ 72-ാമത്‌ സ്വാതന്ത്ര്യ ദിനത്തിലേക്ക്‌ കേരളം എത്തുന്നത്‌. ന്യൂനമര്‍ദ്ദം ശക്‌തി പ്രാപിക്കുകയും മഴ വീണ്ടും ദുരിതം വിതയ്‌ക്കുകയുമാണ്‌. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും ഉരുള്‍പൊട്ടി.

വീണ്ടും നാശനഷ്‌ടങ്ങളുണ്ടാവുകയും ധാരാളം പേരുടെ സ്വത്തുവകകള്‍ നശിക്കുകയും ചെയ്‌തു. രാജ്യമൊട്ടാകെ ശ്രദ്ധ നേടി തുറന്ന ഇടുക്കി ജലസംഭരണിയിലെ ഷട്ടറുകള്‍ അടച്ച്‌ ജലമൊഴുക്കിക്കളയുന്നതു കുറച്ചപ്പോള്‍ മറ്റു പല അണക്കെട്ടുകളുംതുറക്കുന്നതാണ്‌ കാണുന്നത്‌. കാലവര്‍ഷം തുടങ്ങും മുന്‍പേ മഴക്കെടുതിയില്‍ വലഞ്ഞ മലബാര്‍ മേഖലകളില്‍ വീണ്ടും മഴയെത്തിയത്‌ ജനങ്ങളില്‍ ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്‌. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ വെള്ളത്തില്‍ മുങ്ങിയ കുട്ടനാട്‌ ആകട്ടെ മധ്യകേരളത്തിലെ പല ഡാമുകളും തുറന്നതോടെ വീണ്ടും വെള്ളപ്പൊക്ക ദുരിതത്തിന്റെ ഭീഷണിയിലുമാണ്‌.

തിങ്കളാഴ്‌ച വരെ കാലവര്‍ഷക്കെടുതിയുടെ നഷ്‌ടം 8316 കോടി രൂപയുടേതാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്‌തമാക്കിയിട്ടുണ്ട്‌. ഇരുപതിനായിരത്തോളം വീടുകള്‍ പൂര്‍ണമായി നശിച്ചു. വീണ്ടും മഴ കനക്കുകയാണെങ്കില്‍ ഈ നഷ്‌ടം പതിന്മടങ്ങാകും. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അതിശക്‌തമായ പിന്തുണയാണ്‌ കേരളത്തിന്‌ ആവശ്യം. കേരളസര്‍ക്കാര്‍ ദുരിതാശ്വാസ നിധിയുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്‌. കേരളത്തിനകത്തും പുറത്തുമുള്ള സംഘടനകളും വ്യക്‌തികളും സഹായഹസ്‌തം നീട്ടിയിട്ടുണ്ട്‌. എങ്കിലും അതൊന്നും അതിഭീമമായ ഈ നഷ്‌ടം നേരിടാന്‍ പര്യാപ്‌തമാവുകയില്ല. നേരത്തേ പറഞ്ഞതടക്കം ഇതു വരെ 260.50 കോടി രൂപ മാത്രമാണ്‌ കേന്ദ്രം വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. ഇതു തീര്‍ത്തും തുച്‌ഛമായതിനാല്‍ കേരളത്തിന്‌ പ്രത്യേക പാക്കേജ്‌ അനുവദിക്കുകയാണ്‌ വേണ്ടത്‌. ഇതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്‌.

ഇത്തവണത്തെ പ്രളയത്തില്‍ നിന്ന്‌ കേരളീയര്‍ ഏറെ പഠിക്കേണ്ടതുണ്ട്‌. തണ്ണീര്‍ത്തടങ്ങളൊക്കെ പാഴ്‌നിലങ്ങള്‍ എന്ന മട്ടില്‍ നികത്തി കെട്ടിടം പണിയാനും മറ്റും ഉപയോഗിച്ചത്‌ കേരളത്തിനു തിരിച്ചടിയായിരിക്കുകയാണെന്ന്‌ ഇതിനകം ഏവര്‍ക്കും വ്യക്‌തമായിട്ടുണ്ടാവും. മഴപെയ്യുമ്പോഴും പുഴകള്‍ കരകവിയുമ്പോഴും ആ വെള്ളം മുഴുവന്‍ സ്വീകരിച്ച്‌ തടഞ്ഞു നിര്‍ത്തിയിരുന്ന നെല്‍പാടങ്ങളും തണ്ണീര്‍ തടങ്ങളുമൊക്കെ ഇല്ലാതായതിന്റെ ദുരിതം ഇത്തവണ കേരളം അനുഭവിച്ചു. ഒട്ടും ജനവാസ യോഗ്യമല്ലെന്ന്‌ കണ്ടെത്തിയ, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്‌ഥലങ്ങള്‍ കേരളത്തില്‍ 14.4 ശതമാനമുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌ ഉണ്ടെങ്കിലും അവിടെയൊക്കെ മുന്‍കരുതല്‍ എടുക്കുന്നതില്‍ പിന്നാക്കം പോയതും വിനയായി. ഈ ദുരന്തം ഭാവിയിലേക്കുള്ള ചൂണ്ടു പലകയായാണ്‌ ഏവരും കരുതേണ്ടത്‌. ഇനി ഇങ്ങനെയൊരു മഴക്കെടുതി ഒരു പക്ഷേ, വര്‍ഷങ്ങള്‍ക്കു ശേഷമേ ഉണ്ടാവുകയുള്ളു. അന്ന്‌ ദുരന്തത്തെ അതിജീവിക്കാനുള്ള ഒരു മാസ്‌റ്റര്‍ പ്ലാന്‍ തയാറാക്കേണ്ടതുണ്ട്‌. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതിയായിരിക്കണം അത്‌.

Ads by Google
Wednesday 15 Aug 2018 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW