Wednesday, April 24, 2019 Last Updated 17 Min 20 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 15 Aug 2018 01.56 AM

നിസഹായരായ ജനങ്ങളില്ലാത്ത നാടാകണം ഭാരതം

uploads/news/2018/08/241434/bft1.jpg

ഒരു സ്വാതന്ത്യദിനം കൂടി ഇന്ന്‌ ആഘോഷിക്കുന്നു. ഈ ആഘോഷവേളയില്‍ ഇതുവരെ കൈവരിച്ച നിരവധി നേട്ടങ്ങളെക്കുറിച്ച്‌ നമുക്കു വാചാലരാകാനാവും. തീര്‍ച്ചയായും ലോകരാഷ്‌ട്രങ്ങളുടെ മുന്നില്‍ അത്തരത്തിലൊരു പ്രതിച്‌ഛായതന്നെയാണു ഭാരതത്തിനുള്ളത്‌. ഇന്ത്യയെ പോലെയുള്ള ബൃഹത്തായ രാജ്യത്തു പ്രശ്‌നങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുന്ന കാലം ഉണ്ടാകില്ല. എന്നാലും ജനകീയപ്രശ്‌നങ്ങള്‍ കഴിയുന്നിടത്തോളം പരിഹരിക്കാന്‍ കഴിയുമെന്ന ശുഭാപ്‌തി വിശ്വാസമാണ്‌ ഈ സ്വാതന്ത്ര്യദിനത്തില്‍ നാം സ്വീകരിക്കേണ്ടത്‌.
ഭാരതത്തെ അത്ഭുതത്തോടെയാണ്‌ രാഷ്‌ട്രീയനിരീക്ഷകര്‍ നോക്കിക്കാണുന്നത്‌. അനവധി മതങ്ങള്‍, ജാതികള്‍, ഭാഷാസമൂഹങ്ങള്‍, വംശീയ വിഭാഗങ്ങള്‍... അവയ്‌ക്ക്‌ ഓരോന്നിനും അവരുടേതായ സാംസ്‌കാരികരീതികള്‍, അവരുടേതായ ആരാധനാക്രമങ്ങള്‍, അനുഷ്‌ഠാനങ്ങള്‍ എന്നിങ്ങനെ വൈജാത്യങ്ങള്‍ ഇടകലര്‍ന്ന സങ്കീര്‍ണരാജ്യം. ലോകനിലവാരത്തില്‍തന്നെ മെച്ചപ്പെട്ട ജനാധിപത്യഘടനയോടുകൂടിയ ബൃഹത്‌ രാജ്യം. ഇത്രയൊക്കെ വൈജാത്യങ്ങളുണ്ടെങ്കിലും അഭിപ്രായഭിന്നതകളും ആശയസംഘട്ടനങ്ങളും പ്രക്ഷോഭങ്ങളും ചര്‍ച്ചകളും ഉണ്ടെങ്കിലും ഇന്നും ഭാരതം അതിന്റെ ബഹുസ്വരതയില്‍ വിട്ടുവീഴ്‌ചയില്ലാതെ തുടരുന്നു.
നമ്മുടെ അയല്‍രാജ്യങ്ങളിലെല്ലാം ജനജീവിതം അസ്വസ്‌ഥതകളില്‍ മുങ്ങിയിരിക്കുന്നു. പാകിസ്‌താന്‍ ജനത ഇതുവരെ സ്വസ്‌ഥത അനുഭവിച്ചിട്ടില്ലെന്നുതന്നെ പറയാം. അഫ്‌ഗാനിസ്‌ഥാനും ബംഗ്ലാദേശും കലുഷിതമാണ്‌. രണ്ടു ഭാഷകള്‍ മാത്രമുള്ള ശ്രീലങ്കയില്‍ ദീര്‍ഘകാലം ആഭ്യന്തരയുദ്ധം നടന്നു. ഇന്ത്യയില്‍ നൂറിലധികം ഭാഷയാണ്‌ സംസാരിക്കുന്നത്‌. ഓരോ സംസ്‌ഥാനത്തിനും പ്രത്യേക ഔദ്യോഗികഭാഷയുണ്ട്‌. ദൗര്‍ബല്യങ്ങള്‍ പലതും സജീവമാണെങ്കിലും രാജ്യത്തെ വൈജാത്യങ്ങളെ ഏകോപിപ്പിച്ചു നിര്‍ത്തുന്നതു നമുക്കുള്ള ജനാധിപത്യ ഫെഡറല്‍ ഘടനയാണ്‌. അതിനു കരുത്തു പകരുന്നതു ശക്‌തമായ ഭരണഘടനയും.

ജീവന്‍ പണയംവച്ച്‌ പോരാടുന്ന സൈനികര്‍

സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ടതു സൈനികരെയാണ്‌. മഞ്ഞിലും മഴയിലും ചൂടിലും രാത്രിയും പകലും സദാ കണ്ണുതുറന്നിരുന്നു ജാഗ്രത പുലര്‍ത്തുന്ന പ്രിയ സോദരങ്ങളെ മറന്നുള്ള സ്വാതന്ത്ര്യദിനാഘോഷത്തെക്കുറിച്ച്‌ ചിന്തിക്കുകപോലും പാടില്ലാത്തതാണ്‌. കഴിഞ്ഞ 71 വര്‍ഷമായി നമുക്കു സ്വസ്‌ഥമായി ഉറങ്ങാനും ഉണ്ണാനും സഞ്ചരിക്കാനും ആടാനും പാടാനും കഴിയുന്നത്‌ അവര്‍ നമുക്കായി ഉറങ്ങാതെ കാവലിരിക്കുന്നതുകൊണ്ടാണ്‌. ജീവന്‍ പണയംവച്ച്‌ അതിര്‍ത്തി കാക്കുകയും രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ കര്‍മ്മനിരതരായിരിക്കുകയും ചെയ്യുന്ന സൈനികരെ നമ്മള്‍ എത്രമാത്രം സ്‌മരിക്കുന്നുണ്ട്‌?
അതിര്‍ത്തി സംരക്ഷിക്കുകയും ശത്രുരാജ്യത്തോടു യുദ്ധംചെയ്യുകയും മാത്രമല്ല സൈന്യം ചെയ്യുന്നത്‌. അടിയന്തരഘട്ടങ്ങളില്‍ ജീവന്‍ പോലും പണയംവച്ച്‌ ജനങ്ങളുടെ സുരക്ഷയും സംരക്ഷണവും അവര്‍ ഏറ്റെടുക്കുന്നുണ്ട്‌. കേരളം ഇപ്പോള്‍ അനുഭവിക്കുന്ന മഴക്കെടുതിയില്‍ സൈനികര്‍ ചെയ്‌തുകൊണ്ടിരിക്കുന്നതുതന്നെ ഉദാഹരണം. ഓരോ സൈനികനും പ്രത്യേകം സല്യൂട്ട്‌ നല്‍കി ഈ ദിവസം ആദരിക്കാം.

അടിത്തറയിലൂന്നിയ ഫെഡറല്‍ സംവിധാനം

നമ്മുടെ ഭരണഘടനയുടെ അടിസ്‌ഥാനപ്രമാണങ്ങളില്‍ സുപ്രധാനമാണു ഫെഡറല്‍ സംവിധാനം. ബഹുസ്വരതയുടെ ഇന്ത്യ ഐക്യപ്പെട്ടു മുന്നേറുന്നതു ഫെഡറലിസത്തിന്റെ കരുത്തിലാണ്‌. കേന്ദ്ര-സംസ്‌ഥാന ബന്ധങ്ങള്‍ ജനാധിപത്യപരമായി സംവിധാനം ചെയ്‌തിട്ടുള്ളതാണ്‌ ഭരണഘടന. നിയമ നിര്‍മാണമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രത്തിന്റെയും സംസ്‌ഥാനത്തിന്റെയും അധികാരങ്ങള്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്‌. ആ വിഭജനം ആരോഗ്യകരമായി പ്രയോഗത്തില്‍ വരുത്താനുള്ള തുടര്‍ച്ചയായ ശ്രമങ്ങളും നടന്നിട്ടുണ്ട്‌. അതു തകര്‍ക്കാനുള്ള ചെറിയ നീക്കംപോലും രാജ്യത്തിനു ഭീഷണിയാണ്‌. സംസ്‌ഥാനങ്ങളുടെ അധികാരങ്ങളില്‍ കേന്ദ്ര ഭരണകൂടം ഇടപെടുന്നു എന്ന ആരോപണം പലപ്പോഴും ഉയരാറുണ്ട്‌. തെരഞ്ഞെടുക്കപ്പെട്ട സംസ്‌ഥാന സര്‍ക്കാരുകളെ കേന്ദ്ര ഭരണകൂടം പിരിച്ചുവിട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ബ്രിട്ടീഷുകാരുണ്ടാക്കിയ 1935 ലെ ഗവണ്‍മെന്റ്‌ ഓഫ്‌ ഇന്ത്യാ ആക്‌ടിലെ ഒരു വ്യവസ്‌ഥ സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയിലും ഉള്‍പ്പെടുത്തി. ആദ്യകാലങ്ങളില്‍ ഇതു വ്യാപകമായി ദുരുപയോഗം ചെയ്യുകയും ഉണ്ടായി. സുപ്രീം കോടതി ഈ വകുപ്പിന്റെ ഉപയോഗം സംബന്ധിച്ചു ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയശേഷം ആ പ്രവണത ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്‌.

സ്വതന്ത്ര ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍

ഗുരുതരമായ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടാണ്‌ ഇന്ത്യ മുന്നോട്ടുനീങ്ങുന്നത്‌. ഇതില്‍ ചിലത്‌ ആഗോളതലത്തില്‍തന്നെ അഭിമുഖീകരിക്കുന്നവയാണ്‌. പലതും നമുക്കു പരിഹരിക്കാന്‍ കഴിയുന്നവയാണ്‌. ഭരണകൂടവും രാഷ്‌ട്രീയനേതൃത്വങ്ങളും ഒന്നുണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഇല്ലാതാക്കാവുന്നവയാണ്‌.
നാം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളില്‍ ഒന്ന്‌ ഭീകരപ്രവര്‍ത്തനമാണ്‌. ഇത്‌ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജനതയുടെ സ്വാതന്ത്ര്യത്തിന്‌ അതിര്‍വരമ്പു നിശ്‌ചയിക്കുന്നു. കശ്‌മീര്‍ ഇന്നും സംഘര്‍ഷഭരിതമാണ്‌. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 35 പ്രകാരമുള്ള പ്രത്യേക അധികാരം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഈ വിഷയം ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്‌. അതിര്‍ത്തിയില്‍ ശത്രുക്കള്‍ പ്രകോപനം തുടരുന്നു. ഭീകരപ്രവര്‍ത്തനങ്ങളും അത്തരത്തിലുള്ള മറ്റു പ്രവര്‍ത്തനങ്ങളും ഒരു രാജ്യത്തെയും മുന്നോട്ടുനയിക്കില്ല. മതത്തിന്റെ പേരില്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍ പ്രത്യേകസംഘങ്ങള്‍ പരിശ്രമിക്കുന്നുണ്ട്‌.

കര്‍ഷകദുരിതം

ഇന്ത്യ കര്‍ഷകരാജ്യമാണെങ്കിലും കര്‍ഷകര്‍ ദുരിതക്കയത്തിലാണ്‌. അവരുടെ ജീവിതം മെച്ചപ്പെട്ടിട്ടില്ല. കര്‍ഷകന്‌ ഉല്‍പ്പന്നങ്ങള്‍ക്കു ന്യായമായ വില ലഭിക്കുന്നില്ല. പലപ്പോഴും ഉല്‍പ്പാദനച്ചെലവിനേക്കാള്‍ താഴ്‌ന്ന വിലയാണ്‌ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക്‌.
കൃഷിച്ചെലവിനൊപ്പം അതിന്റെ 50 ശതമാനം കൂടി ഉള്‍പ്പെടുത്തി കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില നിശ്‌ചയിക്കണമെന്നായിരുന്നു സ്വാമിനാഥന്‍ കമ്മിഷന്റെ 2006ലെ ശിപാര്‍ശ. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കുമെന്നായിരുന്നു വാഗ്‌ദാനം. എന്നാല്‍, അതു നടപ്പിലാക്കിയിട്ടില്ല. കാര്‍ഷികരാജ്യം എന്ന പേരു മാറ്റി കൃഷിക്കാര്‍ ആത്മഹത്യചെയ്യുന്ന രാജ്യം എന്ന അവസ്‌ഥയിലേക്കെത്തിയിരിക്കുന്നു. സമീപനാളുകളില്‍ നടന്ന കര്‍ഷകപ്രക്ഷോഭങ്ങള്‍ കാര്‍ഷികമേഖലയിലെ ഗുരുതര അവസ്‌ഥ വെളിപ്പെടുത്തുന്നതായിരുന്നു.

ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍

രാജ്യത്ത്‌ ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ വര്‍ധിച്ചുവരികയാണ്‌. നിസഹായരായ പാവങ്ങളെ ആള്‍ക്കൂട്ടം വളഞ്ഞിട്ടു തല്ലികൊല്ലുന്നതു പുരോഗമന സമൂഹത്തിനു ചേര്‍ന്നതല്ല. മനുഷ്യനേക്കാള്‍ സംരക്ഷണവും സ്‌നേഹവും മൃഗങ്ങള്‍ക്കു കല്‍പ്പിക്കുന്ന ഭ്രാന്തന്‍ ചിന്താഗതികളും വിശ്വാസങ്ങളുമാണ്‌ ഇവിടെ വില്ലനാകുന്നത്‌. അന്ധമായ വിശ്വാസത്തിന്റെ പേരില്‍ കൂട്ടക്കൊല നടക്കുന്നെന്നു പറയുന്നതുതന്നെ രാജ്യത്തിന്റെ ദുഃസ്‌ഥിതിയാണ്‌ കാട്ടുന്നത്‌.
ഗോരക്ഷയുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ടക്കൊലപാതകം നാലിരട്ടി വര്‍ധിച്ചെന്നാണ്‌ കണക്ക്‌. 2010 ലെ അഞ്ച്‌ ശതമാനമെന്നത്‌ 2017 ആകുമ്പോഴേക്കും 20 ശതമാനമായി. 2010 നും 2017 നും ഇടയില്‍ ഗോസംരക്ഷണവുമായി ബന്ധപ്പെട്ട്‌ 25 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്‌ കണക്ക്‌. ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരേയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്‌.

വെല്ലുവിളികള്‍തിരിച്ചറിണം

ഏതു ഭക്ഷണം കഴിക്കണം, ഏതു വസ്‌ത്രം ധരിക്കണം, എന്ത്‌ എഴുതണം, എവിടെ പോകണം തുടങ്ങിയവ തീരുമാനിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നമുക്കുണ്ട്‌. ചില മതങ്ങളും സംഘടകളും ഇതില്‍ ഇടപെട്ടുകഴിഞ്ഞിരിക്കുന്നു. സമൂഹത്തില്‍ മതങ്ങളുടെയും മതനേതാക്കളുടെയും അമിതമായ ഇടപെടല്‍ ഭൂഷണമല്ല.
ഈ അവസ്‌ഥയിലാണ്‌ നാം ഇന്നു സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്‌. മനുഷ്യരെ മതത്തിനും ജാതിക്കും വര്‍ഗത്തിനുമപ്പുറം ഏക സഹോദരങ്ങളായി കാണാന്‍ കഴിയുന്ന രാജ്യത്തിനേ പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന്‌ അവകാശപ്പെടാന്‍ കഴിയൂ. ഭാരതീയരില്‍ ഭൂരിഭാഗവും സാധാരണക്കാരായ പാവങ്ങളാണ്‌. ഇവരുടെ ജീവിതസംതൃപ്‌തിയാണ്‌ ഉണ്ടാകേണ്ടത്‌. അല്ലാതെ ഡിജിറ്റല്‍ യുഗമെന്നൊക്കെ പറഞ്ഞിട്ടു കാര്യമില്ല.

സ്‌ത്രീസ്വാതന്ത്ര്യം

നിയന്ത്രണങ്ങളില്ലാത്ത അവസ്‌ഥയാണ്‌ സ്വാതന്ത്ര്യം. എന്നാല്‍, ഇന്ത്യയിലെ സ്‌ത്രീകള്‍ക്ക്‌ ഇന്നും നിയന്ത്രണങ്ങളുണ്ട്‌. ആചാരാനുഷ്‌ഠാനങ്ങളുടെ പേരില്‍, ഭക്‌തിയുടെ പേരില്‍, കുലീനത്വത്തിന്റെ പേരില്‍, മതത്തോടും സമൂഹത്തോടുമുള്ള ഭയത്തിന്റെ പേരില്‍ എല്ലാം പിന്തിരിഞ്ഞുനില്‍ക്കുന്ന സ്‌ത്രീ സമൂഹമാണ്‌ ഇന്ത്യയിലുണ്ടായിരുന്നത്‌.
മുസ്ലിം സ്‌ത്രീകള്‍ക്കിടയില്‍ ഇപ്പോഴും അതു ചില കേന്ദ്രങ്ങളില്‍ നിലനില്‍ക്കുന്നു. വനിതാനുകൂല നിയമങ്ങള്‍ കൊണ്ടുവരുകയും സ്‌ത്രീ അനുകൂല പ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും മിക്ക പാര്‍ട്ടികളും അവരുടെ നയരൂപീകരണ, അധികാര സമിതികളില്‍ സ്‌ത്രീകള്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടില്ല. വിവിധ ഇടങ്ങളില്‍ സ്‌ത്രീകളും ബാലികമാരും പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകളാണ്‌ ദിനവും പുറത്തുവരുന്നത്‌. ഇതൊന്നിനും നിയന്ത്രണം കൊണ്ടുവരാന്‍ ഭരണകൂടത്തിനാകുന്നില്ല.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 15 Aug 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW