Tuesday, November 06, 2018 Last Updated 16 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 03.19 PM

യാഗങ്ങള്‍ അഥവാ യജ്ഞങ്ങള്‍ എന്നാല്‍ എന്താണ്‌ ?

uploads/news/2018/08/241315/joythi140818a.jpg

സഹസ്രാബ്ദങ്ങളായി ഭാരതമൊട്ടാകെ നിലവിലുള്ള വൈദിക കര്‍മ്മങ്ങളെയാണ് യാഗങ്ങള്‍ അഥവാ യജ്ഞങ്ങളെന്ന് പറയുന്നത്. ഈ ആധുനിക കാലഘട്ടത്തില്‍പ്പോലും ഇവയുടെ ശക്തി വിളിച്ചറിയിക്കുന്നു.

'യജ്' എന്ന ധാതുവില്‍ നിന്നാണ് 'യാഗ' മെന്ന പദത്തിന്റെ ഉല്പത്തി. കൂടാതെ ഹോമം, സവം, ക്രുതു, അധ്വരം, മഖം, ആഹവം, ഇഷ്ടി, സവനം, ഹവം, ഹവനം, അഭിഷബം, മഹം തുടങ്ങിയവയും യാഗത്തിന്റെ പര്യായങ്ങളാണ്. സദ്ഫലങ്ങള്‍ ഉണ്ടാക്കുക എന്നതാണ് യാഗത്തിന്റെ ലക്ഷ്യം.

നെയ്യ്, സോമരസം, വപ (മൃഗങ്ങളുടെ മേദസ്സ്) എന്നിവ അഗ്നിയില്‍ ആഹുതി ചെയ്യപ്പെടുകയും, അഗ്നി അവയെ ദേവന്മാര്‍ക്കെത്തിച്ചു കൊടുക്കുകയും ചെയ്യുന്നു. ഈ വസ്തുക്കള്‍ അന്തരീക്ഷത്തേയും ഭൂമിയേയും യഥാക്രമം നീരാവിയാലും മഴ മൂലവും ശുദ്ധീകരിക്കുന്നു. ഇതാണ് യാഗത്തെക്കുറിച്ചുള്ള സങ്കല്പം.

യാഗങ്ങള്‍ പലവിധമുണ്ട്. ഓരോ വിഭാഗത്തിനും ഉപവിഭാഗങ്ങളുണ്ട്. ചില വിഭജനങ്ങള്‍ താഴെപ്പറയും പ്രകാരമാണ്.
ശ്രൗതം, സ്മാര്‍ത്തം എന്നിങ്ങനെ രണ്ടുതരം യാഗങ്ങള്‍. ശ്രുതിയെ സംബന്ധിക്കുന്നതിനെ ശ്രൗതം എന്നും സ്മൃതിയെ സംബന്ധിക്കുന്നതിനെ സ്മാര്‍ത്തം എന്നും പറയുന്നു.

പാക്‌യജ്ഞം, ഹവിര്‍യജ്ഞം, സോമയജ്ഞം എന്നിങ്ങനെ മൂന്നുതരം യജ്ഞങ്ങള്‍. ഇവയില്‍ പാക്‌യജ്ഞങ്ങള്‍ സ്മാര്‍ത്തങ്ങളും ഹവിര്‍ സോമയജ്ഞങ്ങള്‍ ശ്രൗതങ്ങളുമാണ്. ഇവ മൂന്നില്‍ ഓരോന്നിനും ഏഴ് ഉപവിഭാഗങ്ങളുണ്ട്.

ഔപാസനം, വൈശ്വദേവം, പാര്‍വണം, അഷ്ടകശ്രാദ്ധം, സര്‍പ്പബലി, ഈശാനബലി എന്നിവയെ പാക്‌യജ്ഞങ്ങള്‍ എന്ന് പറയുന്നു.
അഗ്നിഷ്‌ടോമം, ത്യഗ്നിഷ്‌ടോമം, ഉകത്ഥ്യം, ഷോഡരി, വാജപേയം, അതിരാത്രം, അപ്‌തോര്‍യാമം എന്നിവയാണ് ഹവിര്‍സോമയജ്ഞങ്ങള്‍.
നിത്യം, നൈമിത്തികം, കാമ്യം എന്നിങ്ങനെ മൂന്നുതരം യജ്ഞങ്ങളും ഉണ്ട്.

ബ്രഹ്മയജ്ഞം, പിതൃയജ്ഞം, ദൈവയജ്ഞം, ഭൂതയജ്ഞം, നൃയജ്ഞം എന്നിങ്ങനെ പഞ്ചയജ്ഞങ്ങള്‍, ഗരുഡപുരാണ പ്രകാരമാണീ വിഭജനം.

കര്‍മ്മയജ്ഞം, തപോയജ്ഞം, ജപയജ്ഞം, ധ്യാനയജ്ഞം, ജ്ഞാനയജ്ഞം എന്നിങ്ങനെയും പഞ്ചയജ്ഞങ്ങളുണ്ട്. ശിവപുരാണ പ്രകാരമാണീ വിഭജനം.
അശ്വമേധം, അജമേധം, മഹിഷമേധം, ഗോമേധം, പുരുഷമേധം എന്നിങ്ങനെ മറ്റൊരു പഞ്ചയജ്ഞ വിഭജനവും ഉണ്ട്.

ക്ഷത്രിയര്‍ക്ക് ചെയ്യാവുന്നതും ബ്രാഹ്മണര്‍ക്ക് ചെയ്യാവുന്നതുമായ യാഗങ്ങളെന്നൊരുവിഭജനം കൂടിയുണ്ട്. അശ്വമേധം, രാജസൂയം, സര്‍പ്പസത്രം തുടങ്ങിയവ ക്ഷത്രിയര്‍ക്കും, അതിരാത്രം, സോമയാഗം, പുത്രകാമേഷ്ടി, സര്‍വ്വകാമേഷ്ടി തുടങ്ങിയവ ബ്രാഹ്മണര്‍ക്കും ചെയ്യാന്‍ വിധിച്ചിട്ടുള്ള യാഗങ്ങളാണ്.

ബ്രഹ്മയജ്ഞം എന്നുവച്ചാല്‍ ജ്ഞാനയജ്ഞമാണ്. അതായത് അറിവ് നേടാനുള്ള യത്‌നം.മരിച്ചുപോയവരുടെ ആത്മാവിനുവേണ്ടി ചെയ്യുന്ന കര്‍മ്മമാണ് പിതൃയജ്ഞം.

ഈശ്വരപ്രീതി സമ്പാദിക്കുവാന്‍ വേണ്ടി നടത്തുന്ന കര്‍മ്മമാണ് ദൈവയജ്ഞം.

പ്രാണികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനെയാണ് ഭൂതയജ്ഞം എന്ന് പറയുന്നത്. മനുഷ്യന്‍ മനുഷ്യനുവേണ്ടി ചെയ്യുന്ന കര്‍മ്മമാണ് നൃയജ്ഞം.
കലിയുഗ വാസികളുടെ വരദാനമാണ് നാമജപയജ്ഞം.

തരവത്ത് ശങ്കരനുണ്ണി
മൊ: 9847118340

Ads by Google
Tuesday 14 Aug 2018 03.19 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW