Tuesday, July 16, 2019 Last Updated 12 Min 58 Sec ago English Edition
Todays E paper
Ads by Google
ബീന സെബാസ്റ്റിയന്‍
Tuesday 14 Aug 2018 12.02 PM

ബിഷപ്പ് ഹൗസ് ആത്മവിശ്വാസത്തില്‍; ഫ്രാങ്കോയുടെ അറസ്റ്റുണ്ടാവില്ലെന്ന് ഉറപ്പ് നല്‍കി; കന്യാസ്ത്രീയുടെ മൊഴികള്‍ അട്ടിമറിക്കുന്ന രേഖകളുമായി ബിഷപ്പ്

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് രൂപതയുടെ തന്നെ നിയന്ത്രണത്തിലുള്ള സെക്യുരിറ്റി കമ്പനിയിലെ അംഗങ്ങളാണെന്നും വ്യക്തമാണ്.
bishop franco mulayckal

കോട്ടയം: കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായപ്പോള്‍ ബിഷപ്പ് ഹൗസ് വലിയ ആശ്വാസത്തിലും ആത്മവിശ്വാസത്തിലും. ബിഷപ്പിനെ അറസ്റ്റു ചെയ്യാന്‍ പറ്റുന്ന ഒരു തെളിവും പോലീസിന് ലഭിച്ചിട്ടില്ലെന്നും തന്റെ ഭാഗം കൃത്യമായി വിശദീകരിക്കാന്‍ ബിഷപ്പിന് കഴിഞ്ഞുവെന്നും പോലീസിന് അത് ബോധ്യപ്പെട്ടുവെന്നുമാണ് ബിഷപ്പ് പറയുന്നത്. ബിഷപ്പിന്റെ മൊഴി എങ്ങനെപോകുമെന്നും അതില്‍ പോലീസ് എന്തുനടപടി സ്വീകരിക്കുമെന്ന ആശങ്കയിലായിരുന്നു ഒരു രാത്രി മുഴുവന്‍ ബിഷപ്പ് ഹൗസ് വൃത്തങ്ങള്‍. പോലീസ് പോയതോടെ ആശങ്ക ഒഴിഞ്ഞ ആശ്വാസത്തിലും ആഹ്‌ളാദത്തിലുമാണ് ബിഷപ്പ് ഹൗസ്.

അതേസമയം, ബിഷപ്പിനെ അറസ്റ്റു ചെയ്യില്ലെന്ന് അന്വേഷണ സംഘം ബിഷപ്പ് ഹൗസ് പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതായാണ് സൂചന. ഇന്നലെ ഉച്ചയോടെ ബിഷപ്പ് ഹൗസില്‍ നിന്ന് മുങ്ങിയ ബിഷപ്പും നാല് വൈദികരും മടങ്ങിയെത്തിയത് ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്. അറസ്റ്റിനു സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ രാവിലെ വ്യക്തമാക്കിയതിനു പിന്നാലെയാണ് പഞ്ചാബ് പോലീസ് ബിഷപ്പ് ഹൗസിനു മുന്നില്‍ സായുധസേനയെ വിന്യസിക്കുകയും ബാരിക്കേഡ് വയ്ക്കുകയും ചെയ്തത്.

എന്നാല്‍ ഇതിനിടെ പഞ്ചാബ് പോലീസിലെ തന്നെ ചിലരുടെ സഹായത്തോടെ ബിഷപ്പ് പുറത്തുകടന്നതായാണ് വിവരം. ചോദ്യം ചെയ്യാന്‍ തനിക്ക് നോട്ടീസ് നല്‍കിയിട്ടില്ലെന്ന ന്യായം കേരള പോലീസിനെ അറിയിക്കാന്‍ ചണ്ഡിഗഢ് ഹൈക്കോടതിയിലെ ക്രിമിനല്‍ അഭിഭാഷകനെ പറഞ്ഞേല്‍പ്പിച്ച ശേഷമാണ് ബിഷപ്പും സംഘവും മുങ്ങിയത്. സമീപത്തുള്ള ഒരു മഠത്തില്‍ കുര്‍ബാന ചൊല്ലി ഉച്ചഭക്ഷണവും കഴിച്ച ശേഷം 20 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു മഠത്തിലേക്ക് സംഘം പോകുകയായിരുന്നു.

ബിഷപ്പ് സ്ഥലത്തില്ലെന്ന് പോലീസ് സംഘം ശരിക്കും അറിഞ്ഞത് വൈകിട്ട് 6.30 ഓടെയായിരുന്നുവെന്നും ചില വൈദികര്‍ പറയുന്നു. അതുവരെ മറ്റു വൈദികരില്‍ നിന്നുമൊഴിയെടുത്തും രേഖകള്‍ പരിശോധിച്ചും ഇരുന്ന പോലീസ് ബിഷപ്പിനെ തിരക്കിയ പോലുമില്ല എന്നാണ് ഇവരുടെ ആക്ഷേപം. ബിഷപ്പ് സ്ഥലത്തില്ലെന്ന് അറിഞ്ഞതോടെ അന്വേഷണസംഘത്തിന്റെ മട്ടുമാറി. ബിഷപ്പിനെ കാണാതെ പുറത്തുപോകില്ലെന്ന കടുത്തനിലപാടിലേക്ക് മാറിയതോടെ പഞ്ചാബ് പോലീസിന് അദ്ദേഹത്തെ തിരികെ വിളിക്കേണ്ടിവന്നു. അറസ്റ്റ് ചെയ്യില്ല എന്ന് ഉറപ്പ് നല്‍കിയതോടെയാണ് ബിഷപ്പ് തിരിച്ചെത്തിയതെന്നാണ് വിവരം.

ബിഷപ്പിനെ ചോദ്യം ചെയ്യാതെ മടങ്ങേണ്ടിവന്നാലുള്ള നാണക്കേടും നേരിടാന്‍ പോകുന്ന വിമര്‍ശനവും മുന്നില്‍ കണ്ടാണ് പോലീസ് ബിഷപ്പ് ഹൗസില്‍ തന്നെയിരുന്നത്. തുടര്‍ന്ന് എട്ടു മണിയോടെ ബിഷപ്പ് ഹൗസില്‍ എത്തിയ ഫ്രാങ്കോ മുളയ്ക്കലിനെ ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തു. പുലര്‍ച്ചെ അഞ്ചു മണി വരെ നീണ്ട ചോദ്യംചെയ്യലിനും തെളിവു ശേഖരണത്തിനും ശേഷമാണ് പോലീസ് മടങ്ങിയത്.

അതിനിടെ, കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍ പറഞ്ഞ തീയതികളില്‍ ബിഷപ്പിന്റെ മൊഴിയുമായി വൈരുദ്ധ്യമുണ്ടെന്ന പോലീസ് വെളിപ്പെടുത്തല്‍ ആശങ്കയോടെയാണ് ഇരയുടെ പക്ഷത്തുള്ളവര്‍ കാണുന്നത്. കാരണം, ബിഷപ്പുമായി ബന്ധപ്പെട്ടവര്‍ അരമനയിലിരുന്ന് കന്യാസ്ത്രീയുടെ മൊഴികളും തെളിവുകളും അട്ടിമറിക്കുന്ന കൃത്രിമ രേഖകള്‍ സൃഷ്ടിക്കുന്നതായി 'മംഗളം ഓണ്‍ലൈന്‍' നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്ന വിധത്തില്‍ കന്യാസ്ത്രീക്കെതിരെ കൃത്രിമ രേഖകളുടെ കൂമ്പാരവുമായി ഒരു സംഘം ആളുകള്‍ കേരളത്തില്‍ എത്തുകയും ചെയ്തിരുന്നു.

കുറവിലങ്ങാട് മഠത്തില്‍ ബിഷപ്പ് എത്തിയെന്ന് പറയുന്ന തീയതികളില്‍ ബിഷപ്പ് മറ്റിടങ്ങളിലായിരുന്നു എന്നു കാണിക്കാന്‍ കൃത്രിമ രേഖകള്‍ ഉണ്ടാക്കാന്‍ ഇടയുണ്ടെന്ന് കന്യാസ്ത്രീയുമായി ബന്ധപ്പെട്ടവര്‍ നേരത്തെ മുതല്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ബിഷപ്പ് ഹൗസിലെ കമ്പ്യൂട്ടറുകള്‍ സൈബര്‍ വിദഗ്ധന്‍ പരിശോധിച്ചാല്‍ മാത്രമേ ഇത് കണ്ടെത്താന്‍ കഴിയൂ എന്നാണ് ഇവരുടെ നിലപാട്. ഈ രേഖകള്‍ വച്ച് ബിഷപ്പ് പോലീസിനെ തെറ്റിദ്ധരിപ്പിച്ചിരിക്കാമെന്നാണ് ഇവര്‍ ഇപ്പോള്‍ സംശയിക്കുന്നത്. വ്യക്തമായ തെളിവുകളും സാക്ഷിമൊഴികളും ഉള്ള കേസില്‍ പോലീസ് എന്തിനാണ് ബിഷപ്പിന്റെ രേഖകള്‍ പരിശോധിച്ചു സമയം കളയുന്നത്, അവര്‍ അത് കോടതിയില്‍ ഹാജരാക്കി നിരപരാധിത്വം തെളിയിക്കട്ടെ എന്നാണ് ഇവരുടെ നിലപാട്.

ബിഷപ്പ് തിരിച്ച് അരമനയിലേക്ക് എത്തുന്ന രംഗം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് രൂപതയുടെ തന്നെ നിയന്ത്രണത്തിലുള്ള സെക്യുരിറ്റി കമ്പനിയിലെ അംഗങ്ങളാണെന്നും വ്യക്തമാണ്. രൂപതയുടെ വിദ്യാഭ്യാസ, ആശുപത്രി, മറ്റ് സ്ഥാപനങ്ങളുടെ സംരക്ഷണത്തിന് രൂപീകരിച്ച സെക്യുരിറ്റി കമ്പനിയാണിത്. ഇതിലെ അംഗങ്ങള്‍ മുഴുവന്‍ തന്നെ കത്തോലിക്കാ വിശ്വാസികളുമാണ്. പഞ്ചാബിലെ തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ആശയം മുന്നോട്ടുവച്ചാണ് ഈ ഏജന്‍സി തുടങ്ങിയതെങ്കിലും ഇവരുടെ പ്രധാന ജോലി എതിരാളികളെ അടിച്ചൊതുക്കുകയും അസഭ്യം പറഞ്ഞ് നിശബ്ദരാക്കുകയുമാണ്. ബിഷപ്പിന്റെ വലംകൈയായ ഒരു വൈദികന്‍ ആണ് ഈ കമ്പനിയുടെ ഇന്‍ ചാര്‍ജ്. ഇദ്ദേഹത്തെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW