കുമളി: ആശങ്ക ഉയര്‍ത്തി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. 136 അടിയാണ് നിലവിലെ ജലനിരപ്പ്. 142 അടിയാണ് അണക്കെട്ടിന്റെ സംഭരണശേഷി. ഇതോടെ ആദ്യഘട്ട ജാഗ്രതാ നിര്‍ദേശം നല്കി. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിനും വര്‍ധനയുണ്ട്.
സംഭരണശേഷിയില്‍ എത്തിയാല്‍ കൂടുതല്‍ വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുക്കും. തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ സാധിക്കാത്തവിധം മഴ കൂടിയാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി ഇടുക്കി അണക്കെട്ടിലേക്ക് വെള്ളമൊഴുക്കാന്‍ തമിഴ്നാട് നടപടി സ്വീകരിക്കുമെന്നാണ് സൂചന. 400 ഘനയടി വീതം വെള്ളംകൊണ്ടുപോകാന്‍ ശേഷിയുള്ള നാല് പെന്‍സ്റ്റോക്ക് പൈപ്പുകളിലൂടെയാണ് തമിഴ്നാട് ആദ്യം കൂടുതല്‍ വെള്ളം കൊണ്ടുപോകുക. പിന്നീട് വേണ്ടിവന്നാല്‍ ഇറച്ചിപ്പാലം കനാലിലൂടെ കൂടുതല്‍ വെള്ളം ഒഴുക്കും.
142 അടിയില്‍ നിന്നും 152 അടിയാക്കി മുല്ലപ്പെരിയാറിന്റെ സംഭരണശേഷി ഉയര്‍ത്തണമെന്ന ആവശ്യത്തിലാണ് ഇപ്പോള്‍ തമിഴ്നാട് സര്‍ക്കാര്‍. ജലനിരപ്പ്136 അടിയില്‍ നിന്നും 142 അടിയിലേക്കും തുടര്‍ന്ന് 152 അടിയിലേക്കും ഉയര്‍ത്തണമെന്നായിരുന്നു തമിഴ്നാടിന്റെ ആവശ്യം. 2014ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് സംഭരണശേഷി 142 അടിയാക്കി ഉയര്‍ത്തിയത്.