Monday, September 24, 2018 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 02.12 AM

വിഭാഗീയത മറന്ന സഹവര്‍ത്തിത്വം

uploads/news/2018/08/241238/editorial.jpg

സര്‍ക്കാര്‍ ചെയ്യുന്നതെന്തിനെയും കണ്ണുപൂട്ടി എതിര്‍ക്കുക എന്നതാണ്‌ പ്രതിപക്ഷത്തിന്റെ കടമ എന്ന ചിന്തയാണ്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പൊതുവായുള്ളത്‌. നാടിന്റെ പൊതുവായ ഗുണത്തിനുള്ള കാര്യമായാലും സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തെയും നടപടിയെയും പ്രതിപക്ഷം എതിര്‍ക്കുകയും പ്രതിരോധിക്കുകയും ചെയ്യും. പിന്നീട്‌ ഇതേ പ്രതിപക്ഷം അധികാരത്തിലെത്തിയാല്‍ മുന്‍പ്‌ എതിര്‍ത്ത കാര്യങ്ങള്‍ നടപ്പാക്കുന്നതും കാണാം. ഇതിന്‌ കേരളത്തില്‍ തന്നെ അനേകം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാകും.

കേരളത്തില്‍ ഒരു സര്‍ക്കാര്‍ നടപ്പാക്കാന്‍ ആഗ്രഹിച്ച പ്രീഡിഗ്രി ബോര്‍ഡ്‌ സംവിധാനത്തെ അന്നത്തെ പ്രതിപക്ഷം അതിശക്‌തമായി എതിര്‍ത്തു, പിന്നീട്‌ അവര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇത്‌ മറ്റൊരു രൂപത്തില്‍ നടപ്പാക്കി. വൈകിയതുകൊണ്ടുള്ള നഷ്‌ടം വളരെ വലുതായിരുന്നു. നെടുമ്പാശേരിയില്‍ രാജ്യാന്തര വിമാനത്താവളം സ്‌ഥാപിക്കുന്നതിനെ അതിശക്‌തമായി എതിര്‍ത്ത പ്രതിപക്ഷനേതാക്കള്‍ പിന്നീട്‌ വിമാനത്താവളത്തിന്റെ പ്രധാന ചുമതലകള്‍ പലവട്ടം വഹിച്ചു.

വര്‍ഷങ്ങളായി കണ്ടുവരുന്ന ഈ നിലപാടില്‍ നിന്ന്‌ വ്യത്യസ്‌തമായ നിലപാടാണ്‌ ഇക്കഴിഞ്ഞ പ്രളയ ദിനങ്ങളില്‍ കേരളത്തിലെ പ്രതിപക്ഷ നേതൃത്വം കൈക്കൊണ്ടത്‌. സമീപകാലത്ത്‌ കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരിതം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും ഒരേ ഹെലികോപ്‌ടറില്‍ സഞ്ചരിച്ചത്‌ ദുരന്ത സമയത്ത്‌ രാഷ്‌ട്രീയമായ നിലപാടുകള്‍ക്ക്‌ നിലനില്‍പ്പില്ല എന്ന സന്ദേശം വിളിച്ചോതുന്നതായിരുന്നു. ദുരന്തമുഖം സന്ദര്‍ശിക്കാനുള്ള യാത്രയിലേക്ക്‌ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുകയായിരുന്നു. ഇത്‌ സ്വീകരിച്ച്‌ പ്രതിപക്ഷനേതാവ്‌ ഒപ്പം യാത്രയ്‌ക്ക്‌ തയാറായി. ദുരന്തവേളയില്‍ വീഴ്‌ചകളുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അവസരം കിട്ടുമായിരുന്നിരിക്കേയായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഈ യാത്ര. കേരളത്തിലെ പൊതുരീതിയനുസരിച്ച്‌ സര്‍ക്കാരും പ്രതിപക്ഷവും ദുരന്തമുഖത്തേക്കു രണ്ടു സംഘമായി പോകേണ്ടതായിരുന്നു. എന്നാല്‍, ഇവിടെ അതുണ്ടായില്ല. നിരീക്ഷണയാത്രയിലേക്കു പ്രതിപക്ഷത്തെ ക്ഷണിച്ച മുഖ്യമന്ത്രി പിണറായി വിജയനും അതു സ്വീകരിച്ച്‌ ഒപ്പം പോയ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും അഭിനന്ദനം അര്‍ഹിക്കുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം നല്‍കാന്‍ പ്രതിപക്ഷ നേതാവ്‌ ആഹ്വാനം ചെയ്‌തതും മാതൃകാപരമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ പണം നല്‍കുന്നതിനെതിരേ വിഭാഗീയ ചിന്തകളോടെ പ്രചാരണം നടക്കുന്നതിനിടയിലാണ്‌ പ്രതിപക്ഷനേതാവ്‌ ഈ ആഹ്വാനം ചെയ്‌തത്‌ എന്നതു ശ്രദ്ധേയമാണ്‌. മുന്‍പ്‌ ഓഖി ചുഴലിക്കാറ്റിന്റെ സമയത്തും നിപ പനിബാധയുടെ സമയത്തും രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രിയെ കണ്ട്‌ ദുരിതാശ്വാസം സംബന്ധിച്ച്‌ ചര്‍ച്ച നടത്തിയിരുന്നു. ഭാവിയിലും പൊതുവായ ആവശ്യത്തിനുവേണ്ടി പ്രതിപക്ഷം ഈ നിലപാട്‌ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കാം. ഭാവിയില്‍ വരുന്ന പ്രതിപക്ഷകക്ഷികളും പ്രതിപക്ഷനേതാക്കളും ഈ മാതൃക പിന്തുടരുമെന്ന്‌ പ്രത്യാശിക്കാം. രാഷ്‌ട്രീയമോ പാര്‍ട്ടികളുടെയും നേതാക്കളുടെയും താന്‍പോരിമയോ അല്ല, നാടാണ്‌ വലുത്‌ എന്ന്‌ വ്യക്‌തമാക്കുന്ന നടപടി രാഷ്‌ട്രീയപാര്‍ട്ടികളും നേതാക്കളും കൈക്കൊള്ളണം.

Ads by Google
Tuesday 14 Aug 2018 02.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW