Thursday, June 13, 2019 Last Updated 3 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 02.12 AM

സോമനാഥിനെ കാവലേല്‍പ്പിച്ചശേഷം മന്‍മോഹന്‍ സിങ്‌ പറഞ്ഞു...'ഞാന്‍ സുഖമായി ഉറങ്ങും'

uploads/news/2018/08/241237/bft1.jpg

ഡോ. മന്‍മോഹന്‍ സിങ്ങിനു സോമനാഥ്‌ ചാറ്റര്‍ജി ഗുരുപുത്രനാണ്‌. സഖ്യസര്‍ക്കാരെന്ന വലിയ വെല്ലുവിളി വന്നപ്പോള്‍ മന്‍മോഹന്‍ സിങ്ങിന്റെ മനസില്‍ ഉയര്‍ന്നുവന്നത്‌ സോമനാഥ്‌ ചാറ്റര്‍ജിയുടെ പേരാണ്‌, ഗുരു എന്‍.സി. ചാറ്റര്‍ജിയുടെ മകന്‍. സ്‌പീക്കര്‍ തെരഞ്ഞെടുപ്പിനുശേഷം സോമനാഥിനോട്‌ മന്‍മോഹന്‍ പറഞ്ഞു...
"ഇനി എനിക്ക്‌ സമാധാനത്തോടെ ഉറങ്ങാം, അങ്ങ്‌ മികച്ച സ്‌പീക്കറാകുമെന്ന്‌ ഉറപ്പുണ്ട്‌". സോമനാഥ്‌ മികച്ച സ്‌പീക്കറായി. വൈകാതെ അദ്ദേഹത്തിന്‌ ഉറക്കവും നഷ്‌ടമായി. അല്‍പം കഴിഞ്ഞപ്പോള്‍ മാതൃപാര്‍ട്ടിയായ സി.പി.എം. പോലും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. എങ്കിലും മികച്ച സ്‌പീക്കര്‍മാരില്‍ ഒരാളായി സോമനാഥ്‌ ചാറ്റര്‍ജി ഇപ്പോഴും ജനമനസുകളിലുണ്ട്‌.
2004 ജൂണിലാണ്‌ അദ്ദേഹം ലോക്‌സഭാ സ്‌പീക്കറായത്‌. മന്‍മോഹന്‍ സിങ്ങും ചാറ്റര്‍ജി കുടുംബവുമായുള്ള ബന്ധം പല കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും അറിഞ്ഞുകൂടായിരുന്നു! 1947 ല്‍ അമൃത്സറിലെ ഹിന്ദു കോളജില്‍ എക്കണോമിക്‌സ്‌ വിദ്യാര്‍ഥിയായിരുന്നു മന്‍മോഹന്‍. അന്നു കോളജിന്റെ ചെയര്‍മാനായിരുന്നു സോമനാഥിന്റെ പിതാവ്‌ എന്‍.സി. ചാറ്റര്‍ജി.
ചാറ്റര്‍ജിയുടെ കാര്യത്തില്‍ സി.പി.എം. "ചരിത്രമായ മണ്ടത്തരം" കാട്ടിയെന്നു പറഞ്ഞവരില്‍ കോണ്‍ഗ്രസ്‌ നേതാക്കളുണ്ട്‌. അദ്ദേഹവും അങ്ങനെ തന്നെ വിശ്വസിച്ചു. 2008ല്‍ ഉപരാഷ്‌ട്രപതി സ്‌ഥാനത്തേക്ക്‌ ഭരണസഖ്യം(യു.പി.എ.) പരിഗണിച്ച പേരുകളിലൊന്നു സോമനാഥിന്റേതായിരുന്നു. കോണ്‍ഗ്രസിനും ഭരണസഖ്യത്തിനുമുള്ള കടപ്പാടായിരുന്നു പ്രധാന കാരണം. 2003 ല്‍ ബി.ജെ.പി, ഇതര പ്രതിപക്ഷത്തെ യോജിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക്‌ വഹിച്ചത്‌ അദ്ദേഹമായിരുന്നു. സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ യു.പി.എയ്‌ക്ക്‌ തുടക്കമായത്‌. എന്നാല്‍, ഉപരാഷ്‌ട്രപതി പദ വാഗ്‌ദാനത്തെ സി.പി.എം. നേതൃത്വം സംശയത്തോടെ തള്ളി. (1996 ല്‍ ജ്യോതിബസുവിനു പ്രധാനമന്ത്രി പദം വാഗ്‌ദാനം ചെയ്യപ്പെട്ടപ്പോഴും പാര്‍ട്ടിയുടെ നിലപാട്‌ അതായിരുന്നു.) കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണു സോമനാഥിനു സി.പി.എം. അംഗത്വം നഷ്‌ടമായത്‌.
പിതാവ്‌ എന്‍.സി. ചാറ്റര്‍ജി അഖില ഭാരതീയ ഹിന്ദുമഹാസഭ നേതാവായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ രാഷ്‌ട്രീയത്തോട്‌ എന്നും സോമനാഥിന്‌ അകല്‍ച്ചയായിരുന്നു. കല്‍ക്കട്ട പ്രസിഡന്‍സി കോളജിലും പിന്നീട്‌ കേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റിയിലുമായിരുന്നു പഠനം. കല്‍ക്കട്ട ഹൈക്കോടതിയില്‍ അഭിഭാഷനായിരിക്കേയാണു സി.പി.എമ്മില്‍ ചേര്‍ന്നത്‌. പിതാവിന്റെ രാഷ്‌ട്രീയ ലൈനിനോടുള്ള വിയോജിപ്പ്‌ ഈ അടുത്തകാലത്തും സോമനാഥ്‌ ആവര്‍ത്തിച്ചിരുന്നു. ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി. അധികാരം പിടിച്ചതിനു പിന്നാലെയാണു സോമനാഥിന്റെ വാക്കുകള്‍ ദേശീയ മാധ്യമത്തില്‍ ഇടംപിടിച്ചത്‌. "പ്രധാനമന്ത്രി നരേന്ദ്ര മോഡി മികച്ച ഷോമാനാണ്‌. ജനങ്ങളെ അദ്ദേഹം കൂടെക്കൂട്ടുന്നുണ്ട്‌. തെരഞ്ഞെടുപ്പുകള്‍ ജയിക്കുന്നുമുണ്ട്‌. പക്ഷേ, ആ രാഷ്‌ട്രീയം അപകടമാണ്‌. ഇതു രാജ്യത്തെ സഹായിക്കില്ല". രാജ്യത്തെ വര്‍ത്തമാനകാല രാഷ്‌ട്രീയത്തെ അദ്ദേഹം വിലയിരുത്തിയത്‌ ഇങ്ങനെ.
"വിഭജന രാഷ്‌ട്രീയം രാജ്യത്തിന്‌ അപകടമാണ്‌. മതത്തിന്റെ അടിസ്‌ഥാനത്തില്‍ വികസനം വിലയിരുത്താനാകില്ല. ഭാഷയുടെയും മേഖലകളുടെയും അടിസ്‌ഥാനത്തില്‍ വിഭജനം പാടില്ല". എന്‍.സി. ചാറ്റര്‍ജിയുടെ നിലപാടുകളോടുള്ള വിയോജിപ്പ്‌ അറിയിക്കാന്‍ ഒരുകാര്യംകൂടി അദ്ദേഹം തുറന്നുപറഞ്ഞു. "മതത്തെയും രാഷ്‌ട്രീയത്തെയും ബന്ധിപ്പിക്കരുത്‌. മതത്തിന്റെ പേരുപറഞ്ഞാല്‍ ആളുകൂടുമായിരിക്കും. ഭാവിയില്‍ ഈ ശൈലി ദോഷമാകും. ഒരു ദിവസം ബി.ജെ.പി. ബംഗാളില്‍ അധികാരത്തിലെത്തിയേക്കാം. എന്നാല്‍, അക്കാലത്ത്‌ ഞാന്‍ ജീവനോടെ ഉണ്ടായിരിക്കരുത്‌".
മരണത്തെക്കുറിച്ചും അദ്ദേഹം മനസു തുറന്നു. "അല്‍പം നിരാശയോടെയാകും ഞാന്‍ മരണത്തെ പൂകുക. മോഹങ്ങളില്‍നിന്നു മുക്‌തനാണു ഞാന്‍, എങ്കിലും, എന്റെ പാര്‍ട്ടിയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നേതൃത്വം ഇല്ലാത്തതിനാല്‍ നിരാശനാണ്‌".
മാതൃപാര്‍ട്ടിയായ സി.പി.എമ്മില്‍നിന്നു സോമനാഥ്‌ പുറത്തായിട്ട്‌ ഒരു പതിറ്റാണ്ടു പിന്നിട്ടു കഴിഞ്ഞു. എങ്കിലും, ബംഗാളിലെ പാര്‍ട്ടിയുടെ തകര്‍ച്ച എന്നും അദ്ദേഹത്തിനു വേദനയായിരുന്നു.
2008 ജൂലൈയിലാണു സോമനാഥ്‌ ചാറ്റര്‍ജിയെ പുറത്താക്കാന്‍ സി.പി.എം. പോളിറ്റ്‌ ബ്യൂറോ തീരുമാനിച്ചത്‌. ഇന്ത്യ- അമേരിക്ക ആണവ കരാറില്‍ പ്രതിഷേധിച്ചു ലോക്‌സഭാ സ്‌പീക്കര്‍ സ്‌ഥാനം രാജിവയ്‌ക്കാന്‍ അദ്ദേഹം വിസമ്മതിച്ചതാണു പാര്‍ട്ടിയില്‍നിന്നു പുറത്താകാന്‍ കാരണമായത്‌.
രാജി ആവശ്യപ്പെട്ട്‌ പലരും അദ്ദേഹത്തെ കണ്ടു. എന്നാല്‍, ഒരു സഹപ്രവര്‍ത്തകന്റെ വാക്കുകള്‍ ഏറെ വേദനിപ്പിച്ചതായി അദ്ദേഹം പീന്നീട്‌ കുറിച്ചു. "നമ്മുടെ പാര്‍ട്ടി ഒരു കുടുംബമാണ്‌. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കണം". -അതായിരുന്നു പ്രധാന ഉപദേശം. പാര്‍ട്ടിയില്‍നിന്നു പുറത്തായതിനെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ സംഭവങ്ങളിലൊന്നായാണു സോമനാഥ്‌ വിലയിരുത്തിയത്‌. അതിനു പിന്നില്‍ പ്രകാശ്‌ കാരാട്ടാണെന്ന്‌ അദ്ദേഹം വിശ്വസിച്ചുപോന്നു.
പിന്നീട്‌, പാര്‍ട്ടിയിലേക്കു സോമനാഥിനെ മടക്കിക്കൊണ്ടുവരാന്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്രമം നടത്തിയിരുന്നു. പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ടവര്‍ക്കു മടങ്ങണമെങ്കില്‍ പ്രത്യേക അപേക്ഷ നല്‍കണം. എന്നാല്‍, തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അതിനാല്‍, സ്വന്തം പാര്‍ട്ടിയിലേക്കു മടങ്ങാന്‍ അപേക്ഷയൊന്നും കൊടുക്കാന്‍ മുതിര്‍ന്നില്ല.
എങ്കിലും മനസെപ്പോഴും ഇടതുപക്ഷത്തായിരുന്നു. 1989 മുതല്‍ 2004 വരെ സി.പി.എം. ലോക്‌സഭാ കക്ഷി നേതാവായിരുന്നു. 2009 ല്‍ സജീവരാഷ്‌ട്രീയം വിടിട്ടും താന്‍ ഇടതുപക്ഷത്താണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌.
"യഥാര്‍ഥത്തില്‍ നേതൃത്വത്തിന്റെ പരാജയമാണു പാര്‍ട്ടി അനുഭവിക്കുന്നത്‌. ജനറല്‍ സെക്രട്ടറിയായി പ്രകാശ്‌ കാരാട്ട്‌ വന്നതോടെയാണു പാര്‍ട്ടി പരാജയത്തിലേക്കു വീണുതുടങ്ങിയത്‌. ജനങ്ങളെക്കാള്‍ നേതാക്കള്‍ക്കു പ്രാധാന്യം ലഭിച്ചു. സാധാരണക്കാരന്‍ അവഗണിക്കപ്പെട്ടു. അതാണു ബംഗാളില്‍ പാര്‍ട്ടിയെ തകര്‍ത്തത്‌. ജ്യോതി ബസുവിന്റെയും പ്രമോദ്‌ ദാസ്‌ഗുപ്‌തയുടെയും വിയോഗം പാര്‍ട്ടിക്കു നഷ്‌ടമായി. സി.പി.എം. എന്ന പാര്‍ട്ടി ജനങ്ങളുടെ സുഹൃത്താണെന്നാണ്‌ ഈ നേതാക്കള്‍ പഠിപ്പിച്ചത്‌. ഇന്ന്‌ ആ നിലയില്‍ പ്രവര്‍ത്തിക്കാന്‍ ആളില്ല". അദ്ദേഹത്തിന്റെ വിശര്‍ശനം കൂടുതല്‍ ഏറ്റുവാങ്ങിയതും കാരാട്ടായിരുന്നു. "പാര്‍ട്ടിയെ തെറ്റായ ദിശയിലേക്ക്‌ നയിച്ച നേതാവ്‌" എന്നു പലവുരു കാരാട്ടിനെ സോമനാഥ്‌ വിശേഷിപ്പിച്ചു.
ബംഗാളില്‍ നേതാക്കളുടെ പ്രവര്‍ത്തന ശൈലിയെയാണ്‌ അദ്ദേഹം വിമര്‍ശിച്ചത്‌. "സിംഗൂര്‍ പ്രശ്‌നം രണ്ടു ദിവസം കൊണ്ടു പരിഹരിക്കാമായിരുന്നു. ജനങ്ങളിലേക്കിറങ്ങിച്ചെന്നു പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബ്‌ ഭട്ടാചാര്യയോട്‌ നിര്‍ദേശിച്ചാണ്‌. പക്ഷേ, അദ്ദേഹം വഴങ്ങിയില്ല. അതൊരു വിശ്വാസത്തകര്‍ച്ചയുടെ തുടക്കംകൂടിയായിരുന്നു. കേരളത്തില്‍ ഇ.എം.എസും എ.കെ.ജിയുമിട്ട അടിത്തറ ശക്‌തമാണ്‌. യുവനേതാക്കളാണ്‌ ഇതിനു കാരണം".
മാറ്റങ്ങളോട്‌ മുഖംതിരിക്കാത്ത കമ്യൂണിസ്‌റ്റ്‌ നേതാവ്‌ എന്ന വിശേഷണമാണ്‌ അദ്ദേഹം ഇഷ്‌ടപ്പെട്ടിരുന്നത്‌. അദ്ദേഹം സ്‌പീക്കറായിരുന്ന കാലത്താണു പാര്‍ലമെന്റിലെ ദൃശ്യങ്ങള്‍ ടിവി ചാനലുകളില്‍ സംപ്രേക്ഷണം ചെയ്‌തു തുടങ്ങിയത്‌. 2006 ലായിരുന്നു ആ തീരുമാനം.
മാറ്റങ്ങള്‍ സ്വീകരിക്കുമ്പോഴും അദ്ദേഹം ഒത്തുതീര്‍പ്പുകള്‍ക്കു തയാറായില്ല. എം.പിമാരെ പുറത്താക്കിയിന്റെ പേരില്‍ നോട്ടീസ്‌ അയച്ച സുപ്രീംകോ2തി "ലക്ഷ്‌മണരേഖ" ലംഘിച്ചെന്നാണ്‌ അദ്ദേഹം വിമര്‍ശിച്ചത്‌. "എന്റെ മേഖലയില്‍ ഞാനാണ്‌ സുപ്രീം" എന്നും അദ്ദേഹം മുന്നറിയിപ്പിന്റെ ഭാഷയില്‍ പറഞ്ഞു.

ആശുപത്രിയില്‍ അന്ത്യവിശ്രമം; ജ്യോതിബസുവിനൊപ്പം സോമനാഥും

സോമനാഥിന്റെ കണ്ണുകള്‍ സഹജീവികള്‍ക്കു പ്രകാശമാകും; ശരീരം ശാസ്‌ത്ര ഗവേഷണങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെടും. ഇക്കാര്യത്തില്‍ ജ്യോതിബസുവിന്റെ മൃതദേഹം ഗവേഷണത്തിനു വിനിയോഗിച്ച മാതൃകയാകും സ്വീകരിക്കുകയെന്നു കൊല്‍ക്കത്ത എസ്‌.എസ്‌.കെ.എം. ആശുപത്രിയിലെ അനാറ്റമി വിഭാഗം തലവന്‍ ഡോ. ആശിഷ്‌ ഗോശാല്‍ അറിയിച്ചു.
നിയമസഭയില്‍ അന്തിമോപചാരം അര്‍പ്പിച്ചശേഷമാണ്‌ ആശുപത്രി അധികൃതര്‍ മൃതദേഹം ഏറ്റുവാങ്ങിയത്‌. ഫോര്‍മാല്‍ഡിഹൈഡ്‌, 500 മില്ലിമീറ്റര്‍ ഗ്ലിസറിന്‍, 500 മില്ലിലിറ്റര്‍ ആല്‍ക്കഹോള്‍, മെര്‍ക്കുറിക്‌ സള്‍ഫൈഡ്‌ എന്നിവ എംബാമിങ്‌ മെഷീന്റെ സഹായത്തോടെ ശരീരത്തിലേക്കു കടത്തിവിടും. തുടര്‍ന്നു സ്‌റ്റോറേജ്‌ ടാങ്കിലേക്കു ശരീരം മാറ്റും. ദീര്‍ഘകാലം സൂക്ഷിക്കണമെങ്കില്‍ മെര്‍ക്കുറി കൂളറിന്റെ സഹായം തേടും.
പഠനാവശ്യത്തിന്‌ എം.ഡി, എം.ബി.ബി.എസ്‌., നഴ്‌സിങ്‌ വിദ്യാര്‍ഥികള്‍ക്കാകും ശരീരം അനുവദിക്കുക. ഇക്കാര്യത്തില്‍ സാധാരണക്കാര്‍ക്കു ലഭിക്കുന്ന പരിഗണനയേ സോമനാഥിനും ലഭിക്കുകയുള്ളൂവെന്ന്‌ ഡോ. ആശിഷ്‌ അറിയിച്ചു.
2003 ഏപ്രില്‍ നാലിനാണു കാലശേഷം ശരീരം മെഡിക്കല്‍ ആവശ്യങ്ങള്‍ക്കു വിട്ടുകൊടുക്കാന്‍ ജ്യോതി ബസു തീരുമാനിച്ചത്‌. ഒരു വര്‍ഷത്തിനുശേഷമാണു സോമനാഥ്‌ ചാറ്റര്‍ജിയും സമാന തീരുമാനം പ്രഖ്യാപിച്ചത്‌.

Ads by Google
Tuesday 14 Aug 2018 02.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW