നാലു ദശകത്തോളം ഒപ്പമുണ്ടായിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ പാര്‍ട്ടി ബന്ധം പറയാതെ സി.പി.എമ്മിന്റെ അനുശോചനം. വിവാദങ്ങള്ക്കിടടെ രാജ ബസന്ത റോഡിലെ അദ്ദേഹത്തിന്റെ വസതിയില്‍ അനുശോചിക്കാനെത്തിയ നേതാക്കളോട് മടങ്ങിപ്പോകാന്‍ മകന് പ്രതാപിന്റെ നിര്‍ദേശം. സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ സി.പി.എം. പാര്‍ട്ടി ആസ്ഥാനത്ത് മൃതദേഹം എത്തിക്കാന്‍ അനുമതി നല്കി തര്‍ക്കങ്ങള്‍ തീര്‍പ്പാക്കി. ഇന്നലെ രാവിലെ 8.15 നു കൊല്ക്കത്തയില്വച്ചായിരുന്നു ചാറ്റര്‍ജിയുടെ അന്ത്യം. ഉച്ചയ്ക്കു ശേഷം 1.45 നാണു സി.പി.എമ്മിന്റെ അനുശോചന സന്ദേശം മാധ്യമങ്ങള്‍ക്കു ലഭിച്ചത്. പാര്‍ട്ടി അനുശോചിക്കാന്‍ വൈകിയതും വാര്‍ത്തയായിരുന്നു.
മുന്‍ ലോക്സഭാ സ്പീക്കറും പത്തു തവണ ലോക്സഭാംഗവുമായിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി സി.പി.എം. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മുതിര്‍ന്ന പാര്ലമെന്റേറിയനായിരുന്ന ചാറ്റര്‍ജി ഭരണഘടനയുടെ ആധാരശിലകള്‍, വിശേഷിച്ച് മതേതര ജനാധിപത്യ അടിത്തറയും ഫെഡറലിസവും, സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. മികച്ച അഭിഭാഷകനായിരുന്നെന്നും തൊഴിലാളി വര്‍ഗത്തിനും പാവപ്പെട്ടവര്‍ക്കും നീതി ലഭ്യമാക്കാന്‍ അദ്ദേഹം പരിശ്രമിച്ചെന്നും അനുശോചന സന്ദേശത്തില്‍ പറയുന്നു. എന്നാല്‍, സി.പി.എമ്മുമായും പാര്‍ട്ടിയുടെ വിവിധ ബഹുജനസംഘടനകളുമായും ട്രേഡ് യൂണിയനുകളുമായും അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധത്തെപ്പറ്റി അനുശോചന സന്ദേശത്തില്‍ പരാമര്‍ശമില്ല.
മൃതദേഹം കൊല്ക്കത്തയിലെത്തിയതോടെയാണു വീണ്ടും തര്‍ക്കം തുടങ്ങിയത്. ചാറ്റര്‍ജിയുടെ വസതിയിലെത്തിയ ഇടതു മുന്നണി ചെയര്മാന് ബിമന്‍ ബോസിനെ സോമനാഥിന്റെ മകന് പ്രതാപ് മടക്കിയയച്ചു. പിന്നീട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം അന്തിമോപചാരം അര്‍പ്പിക്കാന്‍ ബിമനെത്തി. "നിങ്ങളെ ഇവിടെ ആവശ്യമില്ല" എന്നായിരുന്നു പ്രതാപിന്റെ നിലപാട്.
പിന്നീട്, മൃതദേഹം കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്തു പൊതുദര്‍ശനത്തിനു വയ്ക്കണമെന്ന പാര്‍ട്ടിയുടെ അഭ്യര്‍ഥന സോമനാഥ് ചാറ്റര്‍ജിയുടെ കുടുംബം അംഗീകരിച്ചു. എന്നാല്‍, മൃതദേഹത്തില്‍ പാര്‍ട്ടി പതാക പുതപ്പിക്കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ഥന നിരസിച്ചതായി അദ്ദേഹത്തിന്റെ മകള്‍ അനുശീല അറിയിച്ചു. അനുശോചന സന്ദേശത്തില്‍ കമ്യൂണിസ്റ്റ് നേതാവെന്ന വിശേഷണം ചേര്‍ക്കാന്‍ സി.പി.ഐ. മറന്നില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമര്‍ത്ഥനായ നേതാക്കളില്‍ ഒരാളായിരുന്നു സോമനാഥ് ചാറ്റര്‍ജിയെന്നു സി.പി.ഐ. ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി പറഞ്ഞു. സാധാരണ ജീവിതം നയിച്ച ബുദ്ധിമാനായ വ്യക്തയായിരുന്നു അദ്ദേഹമെന്നും റെഡ്ഡി പറഞ്ഞു.