Friday, April 26, 2019 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 02.10 AM

ആത്മീയതയില്‍ നുഴഞ്ഞുകയറുന്ന ഭൗതികത

റോബിന്‍ വടക്കുംചേരിക്കുശേഷം വീണ്ടും സ്‌ത്രീപീഡനക്കേസില്‍ വൈദികര്‍ അറസ്‌റ്റിലായി. വിശ്വാസികളായവരും അല്ലാത്തവരുമായ ജനക്കൂട്ടം കൂവിവിളിക്കുന്നു. ടിവി ചാനലുകളുടെ അന്തിചര്‍ച്ചകള്‍ക്ക്‌ ആകര്‍ഷകമായ ഒരു വിഷയം വീണുകിട്ടി. ഇടയശ്രേഷ്‌ഠന്മാര്‍ക്കു നേരെയും ആരോപണങ്ങളുടെ കുന്തമുനകള്‍ ഉയരുന്നു. ക്രിസ്‌റ്റ്യാനിറ്റി സാമൂഹിക മാധ്യമങ്ങളില്‍ അവഹേളനം ഏറ്റുവാങ്ങുന്നു. സാമൂഹിക പ്രശ്‌നങ്ങളില്‍ നേതൃത്വമേറ്റെടുത്ത്‌ വലിയ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവച്ച ആത്മീയ നേതാക്കളും സാമ്പത്തിക തിരിമറിയുടെ പേരില്‍ അറസ്‌റ്റിലാകുന്നു.
കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത്‌ മുന്നേറ്റമുണ്ടാക്കിയ ചാവറയച്ചന്‍, യാതൊരു പ്രതിഫലവും ലാഭവുമിച്‌ഛിക്കാതെ വൃക്കദാനം ചെയ്‌ത ഫാ. ഡേവിഡ്‌ ചിറമേല്‍ തുടങ്ങിയവരും ദൈവത്തില്‍ മനസര്‍പ്പിച്ച്‌ നിസ്വാര്‍ഥ സേവനം ചെയ്യുന്ന പതിനായിരക്കണക്കിനു വൈദികരും കന്യാസ്‌ത്രീകളും ഈ പ്രത്യേക സാഹചര്യത്തില്‍ നിഷ്‌പ്രഭരായതുപോലെ തോന്നുന്നു. അതിഭൗതീകത ആത്മീയതയെ കടന്നാക്രമിച്ച്‌ അധീശത്വം നേടിയോ എന്നുള്ള സംശയം വിശ്വാസികളില്‍ ബലപ്പെട്ടിരിക്കുന്നു.
ആത്മീയാചാര്യന്മാര്‍ അറസ്‌റ്റിലാകുന്നതും ശിക്ഷിക്കപ്പെടുന്നതും ആദ്യമായല്ല. കേരളത്തില്‍ കോളിളക്കം സൃഷ്‌ടിച്ച മാടത്തരുവി കൊലക്കേസില്‍ കുമ്പസാര രഹസ്യം വെളിയില്‍വിടാതിരുന്നതുകൊണ്ടാണ്‌ വൈദികന്‍ ജയില്‍ശിക്ഷ ഏറ്റുവാങ്ങിയത്‌. കുറ്റവാളിയുടെ തകര്‍ന്ന കുടുംബം പിന്നീട്‌ തെറ്റ്‌ ഏറ്റുപറഞ്ഞു. ഇപ്പോഴത്തെ അറസ്‌റ്റ്‌ കുമ്പസാര രഹസ്യം ചൂഷണത്തിനുപയോഗിച്ചതിന്റെ പേരില്‍. സന്ന്യാസി സന്തോഷ്‌ മാധവന്‍ ജയിലിലായത്‌ മലയാളി മറന്നിട്ടില്ല. കോടികളുടെ അധിപനായ ആത്മീയാചാര്യനായ ആസാറാം ബാപ്പു സ്‌ത്രീപീഡനക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നു. ആശ്രമത്തിലെ രണ്ട്‌ അന്തേവാസികള്‍ കൊലചെയ്യപ്പെട്ട കേസുമുണ്ട്‌.
ഓത്തുപള്ളികളിലും പള്ളിമേടകളിലും കുട്ടികളെ ലൈംഗിക ചൂഷണം നടത്തിയ വാര്‍ത്തകളും വെളിയില്‍ വരുന്നു. ഭിന്ദ്രന്‍വാല സിക്കുകാരുടെ ഏറ്റവും വലിയ പുണ്യകേന്ദ്രമായ സുവര്‍ണ്ണക്ഷേത്രം ഭീകരകേന്ദ്രമാക്കിയതാണ്‌ പട്ടാളത്തിന്റെ കടന്നുകയറ്റത്തിനും പിന്നീട്‌ ഇന്ദിരാഗാന്ധിയുടെ മരണത്തിനും വഴിമരുന്നിട്ടത്‌. ഹിന്ദു ബുദ്ധമത വിശ്വാസങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ ഷോക്കോ അസഹാര ജപ്പാനില്‍ ഓം ഷിന്റോക്യോ മതത്തിനു രൂപംകൊടുത്തു. (1987) ലോകാവസാനമുള്‍പ്പെടെയുള്ള പ്രവചനങ്ങള്‍ നടത്തി ജനങ്ങളെ ആകര്‍ഷിച്ചു.
1995-ല്‍ സരിന്‍ വിഷവാതകമുപയോഗിച്ച്‌ ടോക്യോയിലെ തിരക്കേറിയ ഭൂഗര്‍ഭ റെയില്‍പ്പാതയില്‍ ജനങ്ങളെ കൊല ചെയ്‌തതിനും 6,000 പേരെ പരുക്കേല്‍പ്പിച്ചതിനും അദ്ദേഹത്തേയും 12 അനുയായികളെയും തൂക്കിലേറ്റി. ആത്മീയ കേന്ദ്രങ്ങളില്‍ കുമിഞ്ഞുകൂടുന്ന പണവും ആര്‍ഭാടവും അധികാരകേന്ദ്രങ്ങളുമായുള്ള അടുപ്പവും ആത്മീയ നേതാക്കളെ വഴിതെറ്റിച്ച്‌ പ്രതികാര രാജാക്കന്മാരാക്കി മാറ്റുന്നു. കുറ്റവാളികളായി മാറാനും കുറ്റവാളികളെ സംരക്ഷിക്കാനും ഈ പണം ചെലവഴിക്കുന്നു.
2018 ഏപ്രില്‍ മാസത്തില്‍ അഹമ്മദാബാദിലെ 24-കാരനായ കോടീശ്വരനും ചാര്‍ട്ടേഡ്‌ അക്കൗണ്ടുമായ മോക്‌സേത്ത്‌ സകല സൗഭാഗ്യങ്ങളും ത്യജിച്ച്‌ ജൈനമുനിയായി മാറി നാട്ടുകാരേയും വീട്ടുകാരേയും അമ്പരപ്പിച്ചു. ലണ്ടനില്‍ ക്യാപിറ്റല്‍ ബാങ്കിന്റെ യൂറോപ്യന്‍ യൂണിയന്‍ ഡിവിഷനില്‍ ക്രഡിറ്റ്‌ ഡസ്‌ക്‌ അനലിസ്‌റ്റായി 40 ലക്ഷം രൂപ ശമ്പളം വാങ്ങിക്കൊണ്ടിരുന്ന വിദേശമലയാളി കെന്‍സി ജോസഫ്‌ 2007-ല്‍ ആത്മീയ ചിന്തയിലേക്കു വന്ന്‌ വൈദിക പഠനത്തിനു ചേര്‍ന്നു. ഈയിടെ ലണ്ടനിലെ സെന്റ്‌ ഇഗ്‌നേഷ്യസ്‌ ദേവാലയത്തില്‍വച്ച്‌ വൈദികപട്ടം സ്വീകരിക്കുകയും ചെയ്‌തു. ഇതുപോലെ പ്രായപൂര്‍ത്തിയായശേഷം ഉറച്ചതീരുമാനത്തോടെ സന്യാസത്തിലേക്കു വരുന്നതാണ്‌ കൂടുതല്‍ ഉചിതമെന്ന്‌ സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. കൂടുതല്‍ കഴിവുള്ളവര്‍ക്ക്‌ ആത്മീയരംഗത്തും ഉന്നതസ്‌ഥാനങ്ങളും അധികാരങ്ങളും ലഭിക്കും. അധികം ബുദ്ധിമുട്ടാതെ അടിച്ചുപൊളിക്കാനായി ആത്മീയത മറയാക്കിയവരാണ്‌ സന്തോഷ്‌ മാധവനും റോബിന്‍ വടക്കുംചേരിയുമൊക്കെ. സന്ന്യാസജീവിതം തേടി വരുന്നവരെ കൂടുതല്‍ നിരീക്ഷണത്തിനു വിധേയമാക്കി തെരഞ്ഞെടുക്കണം.
ഫ്രഞ്ച്‌ ദാര്‍ശനികനും ആത്മീയ ഗുരുവുമായ ഓംറാം മിഖായേല്‍ ഐവനോവ്‌ (1900-1986) ചിന്തയുടെ പ്രഭാവങ്ങള്‍ എന്ന പുസ്‌തകത്തില്‍ പറയുന്നു. "ആധ്യാത്മിക ചിന്തകള്‍ക്ക്‌ അപകടസാധ്യത നിലനില്‍ക്കുന്നു. ചിന്തകളുടേയും വികാരങ്ങളുടേയും ദിശമാറാനും സങ്കടം ആനന്ദത്തിലേക്കും നിരാശ പ്രത്യാശയിലേക്കും രൂപാന്തരപ്പെടുത്തുവാനും അവര്‍ക്കു ത്രാണിയുണ്ടെന്ന അറിവ്‌, ബാഹ്യമായ ലോകവും അനായാസേന മാറ്റാവുന്നതാണെന്ന്‌ സങ്കല്‍പ്പിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. അതിനെ നിയന്ത്രിക്കുകയും ആധിപത്യം സ്‌ഥാപിക്കുകയും അവരുടെ ഗുണത്തിനുവേണ്ടി യത്‌നിപ്പിക്കുകയും ചെയ്യുമ്പോള്‍ അവരില്‍ ഉണ്ടായിരുന്ന വിസ്‌മയാവഹമായ ചൈതന്യം അവര്‍ ഇല്ലാതാക്കുന്നു."
ആത്മീയ ജീവിതം നയിക്കുന്നവര്‍ രാഷ്‌ട്രീയത്തിലും ഭൗതിക കാര്യങ്ങളിലും അമിതമായി ഇടപെട്ട്‌ അപമാനിതരാകരുത്‌. വിശ്വാസികളെ ആത്മീയതയുടെ ഉയര്‍ന്നതലങ്ങളില്‍ എത്തിക്കുക എന്നതായിരിക്കണം പ്രധാന ലക്ഷ്യം. ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളിലും ആത്മീയതയുടെ പരിവേഷം നിലനിര്‍ത്തണം.
ചികിത്സാരംഗം വ്യവസായമായി മാറിയിരിക്കുന്ന പശ്‌ചാത്തലത്തില്‍ ശാരീരിക, മാനസിക രോഗങ്ങള്‍ ചികിത്സിക്കുന്ന സ്‌പെഷ്യലിസ്‌റ്റുകള്‍ ഉള്‍പ്പെടെ സന്ന്യാസികളില്‍നിന്ന്‌ ഉയര്‍ന്നുവരണം. അങ്ങനെ ഉയര്‍ന്നുവരുന്ന ആശുപത്രികള്‍ വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും ആശ്വാസ കേന്ദ്രങ്ങളായി രൂപപ്പെടുത്തണം. പുട്ടപര്‍ത്തിയിലെയും ബാംഗ്ലൂരിലെയും സത്യസായി ആശുപത്രികള്‍ ആത്മീയ മേഖലയിലെ നിസ്വാര്‍ഥ സേവനത്തിന്റെ ഉദാഹരണമാണ്‌. സത്യസായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റല്‍ ഒരു ആരാധനാലയത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നു.
ജനാധിപത്യത്തിന്റെയും മതത്തിന്റെയും ശാന്തികേന്ദ്രം അന്തിമമായി ജനങ്ങള്‍തന്നെയാണെന്ന സത്യം വിസ്‌മരിച്ചാല്‍ വലിയ വില നല്‍കേണ്ടിവരും. വൈദികരും ബിഷപ്പുമാരും ആര്‍ച്ചുബിഷപ്പുമാരും ശിക്ഷാ നടപടികള്‍ക്കു വിധേയരായിട്ടുണ്ട്‌. മതവിശ്വാസമുപേക്ഷിച്ചവരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു എന്നതും റഷ്യയില്‍ ഭൂരിപക്ഷം ജനങ്ങളും കമ്മ്യൂണിസ്‌റ്റ്‌ ചിന്താഗതി ഉപേക്ഷിച്ചുവെന്നതും കൂട്ടിവായിക്കേണ്ടതാണ്‌. വിശ്വാസത്തില്‍ സാമാന്യ യുക്‌തിയും സാമാന്യബോധവും കടന്നുവന്നിരിക്കുന്നു. എങ്ങോട്ടു പോകണമെന്നറിയാതെ നിലവിളിച്ച്‌ ഹൃദയം വിങ്ങുന്ന അവസ്‌ഥ ഒരു വിശ്വാസിക്കും ഉണ്ടാകരുത്‌.
"മതത്തിന്റെയും ആത്മീയതയുടെയും കാപട്യക്കാരായ നിയമജ്‌ഞരേ, നിങ്ങള്‍ക്കു ദുരിതം. നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ ദൈവരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല. പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല." (മത്തായി 23: 13-16.) മതത്തിന്റെ പേരില്‍ ചൂഷണവും വിദ്വേഷവും അക്രമവും കൊലപാതകവും ചെയ്യാന്‍ പ്രേരിപ്പിക്കുന്ന എല്ലാ നേതാക്കള്‍ക്കും വേണ്ടി അനേകം വര്‍ഷം മുമ്പ്‌ യേശു പറഞ്ഞതാണിത്‌.
ലൈംഗികാരോപണങ്ങളില്‍ തെറ്റ്‌ ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശിക്ഷയനുഭവിച്ചേ തീരൂ. എന്നാല്‍ നിരപരാധി ഒരിക്കലും ശിക്ഷിക്കപ്പെടാനും പാടില്ല. സന്ന്യാസ ജീവിതം തെരഞ്ഞെടുത്തവര്‍ക്ക്‌ ആ മഹത്തായ ജീവിതം നയിക്കുന്നതിനുള്ള സാഹചര്യമൊരുക്കിയേ തീരൂ.

ഡോ. ഏബ്രഹാം ജോസഫ്‌

Ads by Google
Tuesday 14 Aug 2018 02.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW