കൊച്ചി: കന്യാസ്ത്രീ നല്കിയ ബലാത്സംഗ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്‍ നിലപാട് മാറ്റി സര്‍ക്കാര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന് ഹൈക്കോടതിയില്‍. ബിഷപ്പിനെ അറസ്റ്റു ചെയ്യണമോ വേണ്ടയോ എന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷമായിരിക്കും അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുക.
രാവിലെ കേസ് പരിഗണിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരായ സര്‍ക്കാര്‍ അഭിഭാഷകന്, ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതിന് തെളിവുണ്ടെന്നും ചോദ്യം ചെയ്യലും അറസ്റ്റും ഇന്നുണ്ടായേക്കുമെന്നും വ്യക്തമാക്കിയിരുന്നു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും നല്കി. ഇതറിഞ്ഞതോടെ ബിഷപ്പ് ഹൗസ് പരിസരത്ത് പഞ്ചാബ് പോലീസിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു. സായുധ പോലീസിനെ വിന്യാസിക്കുകയും ബിഷപ്പ് ഹൗസ് പരിസരം ബാരിക്കേഡ് വച്ച് വളയുകയും ചെയ്തിരുന്നു. ബിഷപ്പ് ഹൗസ് പള്ളിയില്‍ ഉണ്ടായിരുന്ന വിശ്വാസികളോട് പ്രശ്നമുണ്ടാക്കരുതെന്നും പള്ളിയില്‍ നിന്ന് പുറത്തിറങ്ങരുതെന്നും നിര്‍ദേശം നല്കി. വിശ്വാസികള്‍ ബിഷപ്പ് ഹൗസിലേക്ക് കടക്കാതിരിക്കാന്‍ വടംകെട്ടി വേര്‍തിരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കേരള പോലീസിന്റെ തന്ത്രപരവും രഹസ്യസ്വഭാവമുള്ളതുമായ നീക്കങ്ങള്‍ പലതും പഞ്ചാബ് പോലീസിനെ അറിയിക്കാതെയാണ്. ഇത് പാലിക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന് പാളിച്ചപറ്റിയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് നിര്‍ദേശം ലഭിച്ചതോടെയാണ് കോടതിയില്‍ അദ്ദേഹം നിലപാട് മാറ്റിയത്. അറസ്റ്റ് പോലീസിന്റെ വിവേചനാധികാരമാണെന്നാണ് ഇദ്ദേഹം 1.45ന് ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോള്‍ വ്യക്തമാക്കിയത്.
എന്നാല്‍ 2014 മേയ് മുതല്‍ 2016 വരെ ബിഷപ്പ് കുറവിലങ്ങാട് മഠത്തില്‍ എത്തി കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തതിനു വ്യക്തമായ തെളിവുകള്‍ ലഭിച്ചുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കുറവിലങ്ങാട് മഠത്തിലെ ഗസ്റ്റ് റൂം ആയ 20ാം നമ്പര്‍ മുറിയിലാണ് പീഡനം നടന്നത്. തുടര്‍ച്ചയായി കന്യാസ്ത്രീ പീഡനത്തിന് ഇരയായി. തൃശൂര്‍ രജിസ്ട്രേഷനിലുള്ള ഒരു കാറിലാണ് ബിഷപ്പ് വന്നിരുന്നത്. ഈ കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് തുടങ്ങിയ വിവരങ്ങളും സര്‍ക്കാര്‍ അഭിഭാഷകന് കൈമാറി.
അതേസമയം, കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ബിഷപ്പ് ശ്രമിക്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് അഡ്വ.മന്ദീപ് സിംഗ് അറിയിച്ചു. പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമുണ്ട്. ബിഷപ്പ് തെറ്റുകാരനല്ലെന്ന് ഉറപ്പുണ്ട്. ചണ്ഡിഗഢ് ഹൈക്കോടതിയിലോ ജലന്ധര്‍ മജിസ്ട്രേറ്റ് കോടതിയിലോ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ലെന്നാണ് അഭിഭാഷകന് അിറയിച്ചത്. പോലീസ് ബിഷപ്പിന്റെ വിശ്വസ്തരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ .പ്രമുഖ ക്രമിനല്‍ അഭിഭാഷക സംഘം ബിഷപ്പിനെ സന്ദര്‍ശിച്ച ചര്‍ച്ച നടത്തി.