ഷവോമിയുടെ ഏറ്റവും പുതിയ ഫിറ്റ്നസ് ബാന്‍ഡ് ആയ ഹേ+ ബാന്‍ഡ് പുറത്തിറങ്ങി. മി ബാന്‍ഡ് 3-നെ അപേക്ഷിച്ച് ധാരാളം ഫീച്ചറുകൾ ഇതിലുണ്ട്. സാധാരണക്കാര്‍ക്ക് പോലും താങ്ങാവുന്ന വിലയാണ് ഹേ + ബാന്‍ഡിന്റെ ഏറ്റവും വലിയ പ്രത്യേകത.
229 യുവാന്‍ (ഏകദേശം 2300 രൂപ) ആണ് വില. ചൈനീസ് വിപണിയിലാണ് നിലവിൽ ഹേ+ ഇപ്പോള്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഓഗസ്റ്റ് 20 മുതല്‍ ഇത് ഷവോമി യുപിന്‍ (YouPin) വെബ്സൈറ്റില്‍ നിന്ന് വാങ്ങാന്‍ കഴിയും. ഹേ+ ബാന്‍ഡ് എന്ന് ഇന്ത്യയിലെത്തുമെന്ന കാര്യത്തില്‍ ഒരു വിവരവും ലഭ്യമായിട്ടില്ല.
0.95 ഇഞ്ച് കളര്‍ OLED ഡിസ്പ്ലേയാണ് ഹേ + ല്‍ ഉള്ളത്. 240X120 പിക്സലാണ് സ്ക്രീനിന്റെ റെസല്യൂഷന്‍. NFC കണക്ടിവിറ്റി ഉള്ളതിനാല്‍ ചൈനയില്‍ ഇതുപയോഗിച്ച് മി പേയ്മെന്റ് നടത്താന്‍ കഴിയും. ബ്ലൂടൂത്ത് 4.2 LE കണക്ടിവിറ്റി ഉപയോഗിച്ച് ഷവോമി Mi-Fit ആപ്പിന്റെ സഹായത്തോടെ ഹേ + ബാന്‍ഡ് ആന്‍ഡ്രോയ്ഡ് അല്ലെങ്കില്‍ iOS സ്മാര്‍ട്ട്ഫോണുമായി പെയര്‍ ചെയ്യാനാകും. ഇതുവഴി വ്യായാമത്തെയും ഉറക്കത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഫോണില്‍ അറിയാന്‍ സാധിക്കുമെന്നാണ് സൂചന. ഷവോമി ഹോം ഓട്ടോമേഷന്‍ സംവിധാനവുമായി ബന്ധിപ്പിക്കാൻ കഴിയും.