Wednesday, July 17, 2019 Last Updated 32 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 02.27 AM

ഒറ്റക്കെട്ടായി നേരിടാം ഈ ദുരന്തത്തെ

uploads/news/2018/08/240955/editorial.jpg

ഇതുവരെ അഭിമുഖീകരിക്കാത്ത പ്രകൃതിക്ഷോഭത്തിലൂടെയാണു സംസ്‌ഥാനം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്‌. കാലാവസ്‌ഥാ പ്രവചനങ്ങള്‍ക്കതീതമായി പെയ്‌തുകൊണ്ടിരിക്കുന്ന മഴ, വീശിയടിക്കുന്ന കൊടുങ്കാറ്റ്‌, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, നിറഞ്ഞു കവിയുന്ന ജലസംഭരണികള്‍ തുടങ്ങി ജനജീവിതമാകെ ദുസഹമാക്കുന്ന രീതിയില്‍ പ്രകൃതി താണ്ഡവമാടുകയാണ്‌. പ്രകൃതിക്ഷോഭത്തില്‍ ഇരുനൂറോളം പേരേയാണു നാടിനു നഷ്‌ടപ്പെട്ടത്‌.

അതിന്റെ ദുരിതങ്ങളും അവശതകളും പേറുന്നവര്‍ ആയിരങ്ങളാണ്‌. ഭൂമിയും വീടും കൃഷിയും വളര്‍ത്തുമൃഗങ്ങളുമടക്കം ഒരായുസുകൊണ്ട്‌ അധ്വാനിച്ചുണ്ടാക്കിയതൊക്കെ പൊയ്‌പ്പോയവരുടെ വിലാപങ്ങളാണു പ്രളയഭൂമിയിലൊട്ടാകെ. മാത്രമല്ല, മഴയുടെ ഭീഷണി ഇനിയും കേരളത്തെ വിട്ടുമാറിയിട്ടില്ല. ഒരാഴ്‌ചകൂടി കനത്ത മഴതുടരുമെന്ന സൂചനയാണു കാലാവസ്‌ഥാവിഭാഗം നല്‍കുന്നത്‌. കൂടാതെ സംസ്‌ഥാനത്തുടനീളം റോഡുകള്‍ തകര്‍ന്നു ഗതാഗതയോഗ്യമല്ലാതായി മാറി. ശുദ്ധജല വിതരണ സംവിധാനങ്ങള്‍ താളംതെറ്റി. നഗര നാട്ടിന്‍പുറഭേദമില്ലാതെ കേരളമാകെ ദുരിതത്തിലാണ്‌.

ഇനി ഈ ദുരന്തത്തെ നേരിടുകയാണു വേണ്ടത്‌. ജനങ്ങളും സര്‍ക്കാരും അതിനുള്ള ശ്രമത്തിലാണ്‌. ഗൃഹത്തിന്റെ ആലംബമില്ലാതായവര്‍ക്കു കൈത്താങ്ങാകണം, വീടു നഷ്‌ടപ്പെട്ടവര്‍ക്ക്‌ വീടുണ്ടാക്കണം, കൃഷിയും സമ്പാദ്യങ്ങളുമില്ലാതായവര്‍ക്കു ജീവിതമൊരുക്കിക്കൊടുക്കണം... അങ്ങനെ നിരവധി കടമകളാണു നമുക്കു മുന്നിലുള്ളത്‌. ഏതാനും ദിവസങ്ങള്‍കൊണ്ട്‌ പ്രകൃതി കവര്‍ന്നെടുത്തതെല്ലാം പുനഃസ്‌ഥാപിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണു സര്‍ക്കാരിനു മുന്നിലുള്ളത്‌. പരിമിതമായ വിഭവങ്ങള്‍കൊണ്ട്‌ വീണ്ടെടുക്കാനാവുന്ന നാശനഷ്‌ടങ്ങളല്ല ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ടുണ്ടായത്‌. തകര്‍ച്ചയില്‍ സര്‍ക്കാരിനൊപ്പം പുനഃസൃഷ്‌ടിക്ക്‌ ഒരുമിച്ചു നില്‍ക്കുകയെന്നതാണു നമുക്കു ചെയ്യാനാവുന്നത്‌. അവിടെ അഭിപ്രായഭിന്നതകളും കക്ഷിരാഷ്‌ട്രീയ വ്യത്യാസങ്ങളും മറന്ന്‌ എല്ലാ കക്ഷികളും സര്‍ക്കാരിനൊപ്പം നില്‍ക്കുക എന്നതാണ്‌ അവര്‍ക്കു ചെയ്യാനുള്ളത്‌. കാരണം എല്ലാ ദുരന്തങ്ങളും കക്ഷിരാഷ്‌ട്രീയ ഭേദമെന്യേ ആത്യന്തികമായി മനുഷ്യനു സംഭവിക്കുന്നവയാണ്‌ എന്നതുതന്നെ. അവിടെ സമീപനത്തിന്റെ ഏകമുഖമുദ്ര മാനുഷികതയായിരിക്കണം. കേന്ദ്രസര്‍ക്കാരില്‍നിന്ന്‌ അര്‍ഹതപ്പെട്ട സഹായങ്ങള്‍ നേടിയെടുക്കാന്‍ ഒറ്റക്കെട്ടായ പരിശ്രമം അത്യാവശ്യമാണ്‌.

കേന്ദ്രസഹായവും സംസ്‌ഥാനത്തിന്റെ വിഹിതവും ഒക്കെച്ചേര്‍ത്താല്‍ പോലും കൂട്ടിമുട്ടിക്കാനാവുന്ന ആവശ്യങ്ങളല്ല നമുക്കു മുന്നിലുള്ളത്‌. നാടിന്റെ പുനഃസൃഷ്‌ടിക്ക്‌ നാം ഒരുമിച്ചു നില്‍ക്കേണ്ട അവസ്‌ഥയാണുള്ളത്‌. ഓരോരുത്തരും നല്‍കുന്ന ഓരോ പൈസയും വിലപ്പെട്ടതാണ്‌. മുന്‍പ്‌ സമാനമായ എല്ലാ പ്രതിസന്ധികളിലും സര്‍ക്കാരിനൊപ്പംനിന്ന്‌ അവയെ അതിജീവിക്കാന്‍ കരുത്തുനല്‍കിയവരാണു നമ്മുടെ നാട്ടുകാര്‍. ഇപ്പോള്‍ തന്നെ സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക്‌ ഒഴുകിയെത്തുന്ന കോടികള്‍ അതിന്റെ തെളിവാണ്‌.
അതിനൊപ്പം സര്‍ക്കാരിനും ചില കടമകളുണ്ട്‌. ദുരിതാശ്വാസത്തിനായി എത്തുന്ന ഓരോ രൂപയും അര്‍ഹതപ്പെട്ടവരില്‍ തന്നെ എത്തുന്നുവെന്ന്‌ ഉറപ്പുവരുത്തേണ്ട ബാധ്യത. സഹജീവിയുടെ ദുരിതത്തില്‍ വേദനപൂണ്ട്‌ ഓരോരുത്തരും നല്‍കുന്ന പണമാണ്‌ ഇതെന്ന ബോധ്യം അതു കൈകാര്യം ചെയ്യുന്നവര്‍ക്കുണ്ടാകണം. മുമ്പ്‌ സമാനമായ സാഹചര്യങ്ങളില്‍ ദുരിതാശ്വാസനിധി കൈകാര്യം ചെയ്‌തപ്പോളുയര്‍ന്ന ആരോപണങ്ങളും കൈകാര്യപ്പിഴവുകളും കേരളം മറന്നിട്ടില്ല. ഇത്തരം കൈകാര്യപ്പിഴവുകള്‍ നഷ്‌ടപ്പെടുത്തുന്ന വിശ്വാസ്യത വീണ്ടെടുക്കുക ശ്രമകരമാണ്‌. അതുണ്ടാക്കുന്ന നഷ്‌ടം സര്‍ക്കാരിനോ ഉദ്യോഗസ്‌ഥര്‍ക്കോ അല്ല. അര്‍ഹതപ്പെട്ട നിരാലംബര്‍ക്കായിരിക്കുമെന്ന ഓര്‍മ അധികൃതര്‍ പുലര്‍ത്തുക.

Ads by Google
Monday 13 Aug 2018 02.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW