Thursday, January 17, 2019 Last Updated 4 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 02.27 AM

സ്വന്തംകുഴി തോണ്ടുന്ന കോര്‍പറേഷന്‍

uploads/news/2018/08/240954/bft1.jpg

35 കൊല്ലം മുമ്പുള്ള ഒരു ബസ്‌ യാത്ര. ആലുവ - മൂന്നാര്‍ റോഡിലൂടെ കുഞ്ചിത്തണ്ണിയിലെ ബന്ധു വീട്ടിലേക്ക്‌, കൂടെ അനുജനും രണ്ട്‌ അഭിഭാഷക സുഹൃത്തുക്കളുമുണ്ട്‌. പി.പി.കെ. ബസിലാണ്‌ യാത്ര. അനുജനു ഭയങ്കര വണ്ടി ഭ്രാന്താണ്‌. ഞങ്ങളുടെ റൂട്ടില്‍ ഓടുന്ന എല്ലാ സ്വാകാര്യ ബസുകളുടേയും രജിസ്‌ട്രേഷന്‍ നമ്പര്‍ കാണാപ്പാഠം! ഇന്നത്തെ ആലൂവ - മൂന്നാര്‍ റോഡല്ല പഴയ ആലൂവ - മൂന്നാര്‍ റോഡ്‌. വീതി കുറഞ്ഞു കയറ്റങ്ങളും വളവുകളുമായി ദുര്‍ഘടമായ റോഡ്‌.
യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും അനിയനും ഞങ്ങളുടെ അഭിഭാഷക സുഹൃത്തുക്കളും ബസ്‌ ജീവനക്കാരുമായി കൂട്ടായി. ഇടയ്‌ക്ക്‌ ബസ്‌ നിര്‍ത്തിയപ്പോള്‍ കൂടെയുള്ള അഭിഭാഷക സുഹൃത്തുക്കളില്‍ ഒരാളെ കാണാനില്ല. അന്വേഷിച്ചപ്പോള്‍ അദ്ദേഹം ഗിയര്‍ ബോക്‌സിന്റെ അടുത്തിരിക്കുന്നു. ഗിയര്‍ ലിവറില്‍ ബലത്തില്‍ പിടിച്ച്‌ അങ്ങിനെ ഒറ്റ ഇരുപ്പാണ്‌.ക്ല ീനര്‍ ഊട്‌ വയ്‌ക്കാന്‍ ബസിനു പുറത്ത്‌ വലിയ കല്ലു തിരയുന്ന തിരക്കിലും. കല്ലു തിരയുന്ന തിരക്കില്‍ക്ല ീനര്‍ വിളിച്ചു പറഞ്ഞു... "ആശാനെ മുറക്കെ പിടിച്ചോണേ". ലിവറില്‍ ബലമായി പിടിച്ചു കൊണ്ടിരുന്നില്ലെങ്കില്‍ ഗിയര്‍ സ്ലിപ്പായി ബസ്‌ കൊക്കയിലേക്ക്‌ ഉരുണ്ടു വീഴും. അന്നൊക്കെ സ്വകാര്യ ബസ്‌ യാത്രകളിലെ പതിവ്‌ സൗഹൃദക്കാഴ്‌ചകളായിരുന്നു വിവരിച്ചത്‌.
സ്വകാര്യ ബസുകളിലെ കണ്ടക്‌ടര്‍മാരും ഡ്രൈവര്‍മാരും യാത്രക്കാരും ചങ്ങാത്തത്തിന്റെ വണ്ടി യാത്രയാണു നടത്തുന്നത്‌. ഇതിനിടെ കെ.എസ്‌.ആര്‍.ടി.സി. ബസുകളുടെ പരിഗണിക്കുന്നവര്‍ കുറവ്‌. കെ.എസ്‌.ആര്‍.ടി.സി. കണ്ടക്‌ടര്‍മാരും ഡ്രൈവര്‍മാരും വി.ഐ.പി. പരിവേഷത്തിലാണ്‌. ഇന്നത്തെ പോലെ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ തീരെക്കുറവ്‌. എന്നാലും ഗമയ്‌ക്കു കുറവില്ല. കാക്കി യൂണിഫോം കൂടി ആയപ്പോള്‍ പോലീസിനേക്കാള്‍ പത്രാസ്‌. വി.വി.ഐ.പി. സ്‌റ്റാറ്റസാണ്‌ ഫാസ്‌റ്റ്‌ പാസഞ്ചറുകള്‍ക്ക്‌. ചില്ലറ കൊടുത്തില്ലെങ്കില്‍ വഴക്ക്‌. ഇരിക്കാന്‍ സീറ്റില്ലെങ്കില്‍ ഇറക്കിവിടും. ബസ്‌ സ്‌റ്റോപ്പുകളില്‍ നിര്‍ത്താന്‍ മടിയുള്ള ഡ്രൈവര്‍മാര്‍. യാത്രക്കാരെ മുമ്പാട്ടും പുറകോട്ടും ഓടിക്കാന്‍ സ്‌റ്റോപ്പിനു മുന്നോട്ടും പിറകോട്ടും സൗകര്യം പോലെ മാറ്റി നിര്‍ത്തും. ഓടിയെത്തുമ്പോഴേക്കും ഡബിള്‍ ബെല്ല്‌ അടിക്കുന്ന കണ്ടക്‌ടര്‍മാര്‍.
സ്വകാര്യ ബസിലെ ജീവനക്കാരാകാട്ടെ നാട്ടുകാരുടെ ഹൃദയം തൊട്ടറിയുന്നവരും!. കെ.എസ്‌.ആര്‍.ടി.സി. ബസുകളും സ്വകാര്യ ബസുകളും തമ്മിലുള്ള അന്തരം അതായിരുന്നു. കണ്ടക്‌ടര്‍ ആകാന്‍ ബിരുദവും ബിരുദാനന്തര ബിരുദവും പ്രഫഷണല്‍ ഡിഗ്രികളും ഒക്കെ ഉള്ളവര്‍ ക്യു നില്‍ക്കുന്ന സ്‌ഥിതി വന്നതോടെ കഥമാറി. സിനിമ പോലെയാണ്‌ ഇപ്പോഴത്തെ കെ.എസ്‌.ആര്‍.ടി.സി. വിശേഷങ്ങള്‍. ഇപ്പോഴത്തെ കെ.എസ്‌.ആര്‍.ടി.സി. എം.ഡി. ടോമിന്‍ തച്ചങ്കരി ഒരോ ദിവസവും ഓരോരോ വേഷങ്ങള്‍ അഭിനയിക്കുന്നത്‌ മാധ്യമങ്ങള്‍ ആഘോഷമാക്കുന്നു. ഒരു ദിവസം കണ്ടക്‌ടര്‍ വേഷമാണെങ്കില്‍ അടുത്ത ദിവസം സ്‌േറ്റഷന്‍ മാസ്‌റ്റര്‍. ഡ്രൈവര്‍ റോള്‍ കൂടി ചെയ്യുവാനുള്ള തയാറെടുപ്പിലാണത്ര അദ്ദേഹം. എം.ഡി. മാത്രം അഭിനയിച്ചാല്‍ പോരല്ലോ!. കെ.എസ്‌.ആര്‍.ടി.സിയെ നന്നാക്കാനും രക്ഷപെടുത്താനും ഇത്തരം പൊടിക്കൈകള്‍ പോരാ.
കെ.എസ്‌.ആര്‍.ടി.സി. രക്ഷപ്പെടണമെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക്‌ സാമാന്യ ബോധവും യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കാന്‍ മനസുമുണ്ടാകണം. എല്ലാ നിയോജക മണ്‌ഡലങ്ങളിലും ചുരുങ്ങിയത്‌ ഒരു ഓപ്പറേറ്റിങ്‌ സ്‌റ്റേഷനും വിശാലമായ ഗ്യാര്യേജുകളും.
കോടിക്കണക്കിന്‌ രൂപ മുടക്കി ഏറ്റെടുത്ത സ്‌ഥലത്തു ലക്ഷങ്ങളും കോടികളും മുടക്കി നിര്‍മിച്ച സ്‌റ്റേഷനുകള്‍, ആവശ്യത്തിലധികം ജീവനക്കാര്‍, ഒരു ജോലിയും ചെയ്യാതെ ശമ്പളം പറ്റുന്ന ജീവനക്കാര്‍, ജീവനക്കാരുടെ ഏതു പിടവാശിയും സാധിപ്പിക്കുന്ന യൂണിയനുകള്‍. ഇവരാണു കെ.എസ്‌.ആര്‍.ടി.സിയെ നശിപ്പിക്കുന്നത്‌.
തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളുടെ കീഴില്‍ നിലവിലുള്ള ബസ്‌ സ്‌റ്റാന്‍ഡുകള്‍ ഉപയോഗിച്ച്‌ കെ.എസ്‌.ആര്‍.ടി.സി. ബസുകളും സര്‍വീസ്‌ നടത്തിയാല്‍ എന്താണു കുഴപ്പം.
ആവശ്യമുള്ളത്ര ജീവനക്കാര്‍ മതിയെന്നു തീരുമാനിച്ചാല്‍ കെ.എസ്‌.ആര്‍.ടി.സിയുടെ നല്ല നേരം തെളിയും. വണ്ടി കഴുകാനും അറ്റകുറ്റപ്പണികള്‍ നടത്താനും ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാത്തപ്പോഴാണു ഭരണ വിഭാഗത്തിലെ ഉദ്യോഗസ്‌ഥ പെരുപ്പം.

അഡ്വ. എസ്‌. അശോകന്‍

(ലേഖകന്‍ മുന്‍ ഇടുക്കി ജില്ലാ ഗവണ്‍മെന്റ്‌ പ്ലീഡറാണ്‌ - നമ്പര്‍: 9447105700. Email- avd.s.asokan.associatesgmail.com).

Ads by Google
Monday 13 Aug 2018 02.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW